അറിവിന്റെ പ്രകാശം പരത്തുന്ന ഓരോ വ്യക്തിക്കും അധ്യാപക ദിനാശംസകൾ…
ഗൂഗിൾ ഭഗവതി ഉൾപ്പെടെ ! 😁😀
എന്റെ അമ്മ ഒരു എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്നു – അധ്യാപനം വളരെ ഇഷ്ടമായിരുന്ന ഒരു അക്കാദമിഷ്യൻ! അമ്മ നൂറുകണക്കിന് വിദ്യാർത്ഥികളുമായി ഇടപഴകുന്നത് കണ്ടാണ് ഞാൻ വളർന്നത്. അമ്മയ്ക്ക് ചുറ്റുമുള്ള ചെറുപ്പക്കാരെപ്പോലെ, എപ്പോഴും യുവത്വം നിറഞ്ഞ positive ആയ ഒരു സ്ത്രീയായിരുന്നു അമ്മ. അറിവോ ഉപദേശമോ നൽകാൻ എപ്പോഴും തയ്യാറായ ഒരാൾ. എന്റെ ഭർത്താവിന്റെ മാതാപിതാക്കളും കോളേജ് അധ്യാപകർ ആയിരുന്നു…
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ് – “ടീച്ചർ ഉദ്യോഗം പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണ്. വലിയ ജോലിയോ സമ്മർദ്ദമോ ഒന്നുമില്ല. പോണം ക്ലാസ് എടുക്കണം തിരിച്ചുവരണം. 9 മുതൽ 3 വരെയേ ജോലി ഉണ്ടാവൂ, പിന്നെ 2 മാസം സമ്മർ വെക്കേഷൻ. വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ഒക്കെ നോക്കാൻ സമയം കിട്ടും. സുഖ ജീവിതമല്ലേ?”
പക്ഷേ, അദ്ധ്യാപനം ഒരു കരിയർ എന്ന നിലയിൽ പരിഗണിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല….
അത് എന്റെ “കോപ്പയിലെ ചായ” ആയിരുന്നില്ല!
അദ്ധ്യാപകരോടുള്ള എല്ലാ ബഹുമാനത്തോടും കൂടി ഞാൻ പറയട്ടെ … അദ്ധ്യാപനം എനിക്ക് വളരെ ബോറടിപ്പിക്കുന്ന, ഏകതാനമായ (monotonous) ഒരു ജോലിയായിട്ടാണ് തോന്നിയിട്ടുള്ളത്. എല്ലാ വർഷവും ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും പഠിപ്പിക്കുന്നു, ആ ജോലിയിൽ സർഗ്ഗാത്മകതയോ വെല്ലുവിളിയോ ഇല്ല എന്നതായിരുന്നു എന്റെ വീക്ഷണം. അതിൽ ഒരു രസമോ പ്രയാസമോ ഇല്ലെന്ന് തോന്നി.
പക്ഷേ, എന്നെ “ഒരു പാഠം പഠിപ്പിക്കാൻ” വിധിക്ക് പദ്ധതിയുണ്ടെന്ന് ഞാനറിഞ്ഞില്ല !
ക്യാമ്പസ് സെലക്ഷനിലൂടെ എനിക്ക് ഇഷ്ടപ്പെട്ട “ഡ്രീം കമ്പനി” യിൽ ജോലിക്ക് സെലക്ട് ചെയ്യപ്പെട്ടു. പക്ഷേ, ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ കാരണം എനിക്ക് ആ ജോലിയിൽ പ്രവേശിക്കാനായില്ല. 2001 സെപ്തംബർ 11 നു നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണം കാരണമുണ്ടായ സാമ്പത്തിക പ്രശ്നം… ഐടി മാന്ദ്യമായിരുന്നു എന്റെ ജീവിതത്തിലെ വില്ലനായി കയറി വന്നത്.
ആകെ അനിശ്ചിതത്വമായിരുന്നു അന്ന് മുന്നിൽ കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വളരെ വിഷമിച്ചു. ജോലിയില്ലാതെ വീട്ടിൽ “വെറുതെ” ഇരിക്കുന്തോറും നിരാശ കൂടിക്കൂടി വരുന്ന സമയം. അങ്ങനെ വട്ടു പിടിക്കുമെന്നായപ്പോൾ ഞാൻ ഒരു ജോലിയ്ക്ക് പോകാൻ നിർബന്ധിതയായി.
എന്റെ തൊഴിൽ ജീവിതത്തിലെ ആദ്യത്തെ ഉദ്യോഗമായി എനിക്ക് തിരഞ്ഞെടുക്കേണ്ടി വന്നത്, ഞാൻ ഒട്ടും ഇഷ്ടപ്പെടാത്ത അധ്യാപന ജോലി തന്നെ ആയിരുന്നു – ദൈവത്തിന്റെ വികൃതികൾ എന്നല്ലാതെ എന്തുപറയാൻ !
അങ്ങനെ ഞാൻ പഠിച്ച കോളേജിൽ തന്നെ ഒരു ഗസ്റ്റ് ലക്ചററായി ഞാൻ എന്റെ കരിയർ ആരംഭിച്ചു …
എന്നിരുന്നാലും, എന്റെ ജോലിക്കും ഉത്തരവാദിത്തങ്ങൾക്കും ഞാൻ പരമാവധി ശ്രദ്ധ കൊടുത്തിരുന്നു. വിദ്യാർത്ഥികൾ എന്റെ ജൂനിയർ കുട്ടികൾ ആയതിനാൽ, ഞാൻ അവരുടെ ഒരു നല്ല സുഹൃത്ത് പോലെയായിരുന്നു. എന്താവശ്യത്തിനും എന്നെ സമീപിക്കാനാവുന്ന വിധം കുട്ടികളുമായി അടുപ്പം നിലനിർത്തണം എന്നത് എനിക്ക് നിർബന്ധമായിരുന്നു; അല്ലാതെ പുസ്തകം മാത്രം പഠിപ്പിച്ചു പോകുന്ന യാഥാസ്ഥിതിരീതിയിലുള്ള അധ്യാപികയാകരുത് എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. എന്റെ “കുട്ടികൾ” അതുപോലെ എന്നോടും അടുപ്പം കാണിച്ചിരുന്നതിനാൽ ആ രീതി തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. (പ്രിൻസിപ്പൽ നിരോധിച്ചിട്ടു കൂടി മൂന്ന് ക്ലാസ്സുകളിലെ പിള്ളേരെ 3 ദിവസത്തെ ടൂറിനു ധൈര്യമായി ഒളിച്ചു കൊണ്ട് പോയ ആളാണ് ഞാൻ – ചാൾസ് ശോഭരാജിനുണ്ടോ ഈ ധൈര്യം ? )
ഞാൻ അധ്യാപികയായി ആകെ 6 മാസം മാത്രമേ ജോലി ചെയ്തുള്ളൂ. പക്ഷേ, അപ്പോഴേക്കും ഞാൻ ഒരു പുതിയ വ്യക്തിയായി മാറിയിരുന്നു. അധ്യാപികയാകുന്നത് എത്ര അത്ഭുതകരമാണെന്ന് എനിക്ക് മനസ്സിലായി. മറ്റുള്ളവരുടെ ജീവിതത്തിൽ നമുക്ക് ഒരു മാറ്റം വരുത്താൻ കഴിയുമെന്നും, അത് വളരെ സന്തോഷകരമായ ഒരു അനുഭവമാണെന്നും എനിക്ക് തോന്നി.
ചെറുതെങ്കിൽക്കൂടി ലോകത്തിൽ ഒരു മാറ്റം സൃഷ്ടിച്ചുവെന്ന് തിരിച്ചറിയുന്നതും, ആരെങ്കിലുമൊക്കെ നമ്മളെ ബഹുമാനത്തോടെ നോക്കിക്കാണുന്നുവെന്ന് മനസ്സിലാക്കുന്നതും എല്ലാം പറയാനാവാത്ത സംതൃപ്തിയാണ്.
ഒരു അധ്യാപികയായി ജോലി ചെയ്ത ഓരോ നിമിഷവും എനിക്ക് ഇഷ്ടമായിരുന്നു എന്ന് സത്യസന്ധമായി സമ്മതിക്കുന്നു.
കഥ അവിടെ അവസാനിക്കുന്നില്ല…
പിന്നീട് ഞാൻ എന്റെ പഴയ ജോലിയിലേക്ക്, ഐടി തൊഴിൽ മേഖലയിലേക്ക് ചേക്കേറി. പക്ഷേ, അധ്യാപനം എന്റെ ജീവിതത്തിൽ നിന്ന് മാറിയില്ല. ഞാൻ പലതരത്തിലുള്ള അധ്യാപന ജോലികൾ ചെയ്തു. ഞാൻ ഒരു ട്രെയിനറായി, ട്യൂഷൻ ടീച്ചറായി, മെന്ററായി, സ്റ്റുഡന്റ് കോർഡിനേറ്ററായി, കണ്ടന്റ് എഴുത്തുകാരിയായി ഒക്കെ ജോലി ചെയ്തു. ഈ എല്ലാ ജോലികളിലും ഞാൻ എന്റെ എന്റെ അറിവും അനുഭവങ്ങളും (കുറച്ചൊക്കെയേ ഉള്ളുവെങ്കിലും) മറ്റുള്ളവർക്ക് പകർന്നു നൽകി. എന്തു രീതിയിൽ ആണെങ്കിലും മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നവരെല്ലാം അധ്യാപകർ തന്നെയാണ്, അല്ലേ ?
ഞാൻ പഠിപ്പിച്ച കുട്ടികൾ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും. ഞാൻ ഉപദേശം നൽകിയ ഒരു വീട്ടമ്മ, അവർക്ക് ഒരു നല്ല ജോലി ലഭിക്കുമ്പോഴോ, ഒരു ഇന്റർവ്യൂവിൽ വിജയിക്കുമ്പോഴോ, അല്ലെങ്കിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുമ്പോഴോ എനിക്ക് വളരെ അഭിമാനം തോന്നും. ആ ആനന്ദമാണ് ഏറ്റവും മനോഹരമായ വികാരം.
എനിക്ക് എല്ലാ കുട്ടികളോടും വളരെ അടുപ്പം തോന്നുന്നതിനുള്ള ഒരു കാരണം, എനിക്ക് ഒരു അമ്മയെ പോലെ എല്ലാവരെയും സ്നേഹിക്കാൻ ഇഷ്ടമാണ് എന്നതായിരിക്കാം.
എന്റെ അധ്യാപന ജീവിതത്തിന്റെ 6 മാസത്തിനിടയ്ക്കു നടന്ന രസകരമായ രണ്ടു സംഭവങ്ങൾ ഇവിടെ കുറിക്കട്ടെ:
- വിധി എത്ര ക്രൂരനായ അധ്യാപകനാണ് എന്നറിയാമോ ??
എനിക്ക് കോളേജിൽ വളരെ ബുദ്ധിമുട്ട് തോന്നിയ ഒരു വിഷയമായിരുന്നു ഇലക്ട്രോണിക്സ്. ഈ വിഷയത്തിൽ എനിക്ക് “സപ്ലി” പരീക്ഷ എഴുതാേണ്ടി വന്നു. അത് തന്നെയാണ്, എനിക്ക് പഠിപ്പിക്കാൻ നിശ്ചയിക്കപ്പെട്ടത് !! എല്ലാ ദിവസവും ക്ലാസ്സിൽ പഠിപ്പിക്കാൻ ഞാൻ വളരെ കഠിനമായി പഠിക്കേണ്ടി വന്നു. 4-5 പുസ്തകങ്ങളും നോട്ട്ബുക്കുകളും എന്റെ മുന്നിൽ നിരത്തി വച്ചിട്ട് ഞാൻ പഠിക്കുമായിരുന്നു. കുട്ടികൾ ചോദ്യം ചോദിച്ചാൽ ഉത്തരം പറയാനാവാതെ പോയാലോ എന്ന് എനിക്ക് പേടിയായിരുന്നു, സത്യമായിട്ടും !! അതുകൊണ്ട് ഞാൻ പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് നന്നായി മുന്നൊരുക്കം നടത്തുമായിരുന്നു. ഒരു ദിവസം ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള പുസ്തകങ്ങളുടെയും നോട്ടുകളുടെയും പേപ്പറുകളുടെയും “ബാഹുല്യം” കണ്ട് എന്റെ അമ്മ ഒരു ഡയലോഗ്, “കോളേജിൽ പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് ഇങ്ങനൊക്കെ പഠിച്ചിരുന്നേൽ ഇന്ന് എവിടെയോ എത്തിയേനെ !” (എന്ത് പറയാൻ അല്ലേ!!! അമ്മമാർ, എല്ലാവരും ഒരുപോലെ തന്നെ !!)
- “പ്രോക്സി” കേട്ടിട്ടുണ്ടോ ?
കോളേജിൽ ഒരു രസകരമായ കാര്യം ഉണ്ടായിരുന്നു. അത് പ്രോക്സി എന്നൊരു സംഭവമാണ്. ക്ലാസിൽ ഹാജർ വിളിക്കുമ്പോൾ, ക്ലാസ്സിൽ ഇല്ലാത്ത ഒരാൾക്ക് “അറ്റന്റൻസ്” നഷ്ടപ്പെടാതിരിക്കാൻ, ഒരു സുഹൃത്ത് അയാളുടെ റോൾ നമ്പർ വിളിച്ചുപറയുന്നു. ടീച്ചറിന് എല്ലാവരുടെയും മുഖം ഓർമ്മ നിൽക്കാത്തതിനാൽ അങ്ങനെ അയാൾക്ക് ഹാജർ കിട്ടും.
ഇനി എന്റെ സ്റ്റൈൽ – ഹാജർ വിളിക്കുമ്പോൾ എല്ലാവരെയും ശ്രദ്ധയോടെ നോക്കിയിരിക്കും. പിന്നെ ചില കുട്ടികളുടെ നമ്പറുകൾ ഓർത്തുവച്ച് അവരെ എഴുന്നേൽക്കാൻ പറയും. പലപ്പോഴും ഈ കുട്ടികൾ ക്ലാസിൽ ഉണ്ടാവില്ല. അങ്ങനെ ഞാൻ പ്രോക്സി ചെയ്യുന്നവരെ പിടിക്കും. അതായത്, ഹാജരാകാത്തവരെ കണ്ടുപിടിക്കാനുള്ള “അപാര കഴിവ്” എനിക്കുണ്ടായിരുന്നു ! ചിലപ്പോഴൊക്കെ പ്രോക്സി വിളിച്ച സുഹൃത്തുക്കളെയും ഞാൻ കയ്യോടെ പൊക്കാറുണ്ടായിരുന്നു !
എനിക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയുന്നു? ഈ പ്രോക്സികളെ ഞാൻ എങ്ങനെയാണ് പിടികൂടിയത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? സിംപിൾൾൾ !!! എന്റെ സുഹൃത്തുക്കൾക്ക് ഞാൻ ഒരു പ്രോക്സി ആയിരുന്നു !! 😉 അതുകൊണ്ട് പ്രോക്സി ചെയ്യുന്നവരെ എങ്ങനെ പിടിക്കണമെന്ന് എനിക്കറിയാം.
പണ്ട് ആരോ പറഞ്ഞ പഴമൊഴി പോലെ, ഒരു കള്ളന് മാത്രമേ മറ്റൊരു കള്ളനെ തിരിച്ചറിയാൻ കഴിയൂ! 😆🤣
തമാശകളൊക്കെ അവിടെ നിൽക്കട്ടെ… അദ്ധ്യാപനം ഒരു 2-വേ പ്രക്രിയയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അധ്യാപനം എന്നത് ഒരാൾ മറ്റൊരാളെ പഠിപ്പിക്കുന്ന പ്രക്രിയ മാത്രമല്ല. പഠിപ്പിക്കുന്ന ആളും അതേ സമയം പഠിക്കുകയാണ്. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകനും വളരുന്നു; പഠിപ്പിക്കുമ്പോൾ വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകനും പഠിക്കുന്നു.
ടീച്ചർ എന്ന നാണയത്തിന്റെ ഇരുവശങ്ങളിലും ഇരുന്നതിന്റെ അനുഭവം എനിക്കുണ്ട്. അധ്യാപകയും വിദ്യാർത്ഥിയുമായിരിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു.
എന്റെ ജീവിതത്തിലുടനീളം എനിക്ക് അധ്യാപകരും ഉപദേഷ്ടാക്കളും ഉണ്ടായിരുന്നു – എന്റെ കഴിവുകളിൽ വിശ്വസിച്ച, എന്നെ പ്രോത്സാഹിപ്പിച്ച, എന്നെ ഒരു മെച്ചപ്പെട്ട മനുഷ്യനാക്കിയ, ഇന്നത്തെ ഞാൻ എന്ന വ്യക്തിയായി എന്നെ വാർത്തെടുത്തവർ.
എല്ലാ ദിവസവും ഞാൻ നേടുന്ന പഠനങ്ങളിൽ നിന്നും മെച്ചപ്പെടുന്ന ഒരു ആജീവനാന്ത വിദ്യാർത്ഥിയാണ് ഞാൻ. (ഉദാ: എന്റെ കൗമാരക്കാരിയായ മകൾ എന്നെ ചില ഫോൺ കാര്യങ്ങൾ പഠിപ്പിക്കുമ്പോൾ എനിക്ക് “ബൂമർ നിമിഷങ്ങൾ” ഉണ്ടാവാറുണ്ട്.) 😼🤷♀️ ഞാൻ മറ്റുള്ളവർക്ക് പഠിപ്പിക്കുന്നതുപോലെ, മറ്റുള്ളവർ എന്നെ പഠിപ്പിക്കുകയും ചെയ്യുന്നു.
ഞാൻ ഒരു ക്ലാസ്സിൽ പഠിപ്പിക്കുന്ന പരമ്പരാഗത നിർവചനത്തിലുള്ള അധ്യാപികയല്ല. പക്ഷേ, ഞാൻ എന്റെ ജീവിതത്തിലൂടെയും മറ്റുള്ളവരുമായി സംസാരിക്കുന്നതിലൂടെയും , ഞാൻ പല കാര്യങ്ങളും പഠിപ്പിക്കുന്നു.
പഠനം തുടരുക; നിങ്ങളുടെ അറിവ് പങ്കിടുന്നത് തുടരുക – അങ്ങനെയാണ് നമ്മൾ നല്ല മനുഷ്യരാകുന്നത്.🙂
ഏവർക്കും അധ്യാപക ദിന ആശംസകൾ !!
– ദീപ പെരുമാൾ
.
.
4 Comments
നല്ലെഴുത്ത്🌷👌❤️
thank you dear !
എന്റെ കുഞ്ഞു വല്യ ടീച്ചറേ ❤️❤️❤️ വായിച്ചുകഴിഞ്ഞപ്പോൾ ഒരു ടീച്ചറാകാൻ കഴിഞ്ഞില്ലല്ലോ എന്നൊരു കുണ്ഠിതം 😞
heheheheh !! iniyum time undallo koche ❤️❤️❤️