അന്ന് അനിയൻ നമ്പൂരിമാഷ് ഉണ്ണിക്ക് ട്യൂഷനെടുക്കാൻ വന്നത് എനിക്കൊരു സമ്മാനവുമായിട്ടായിരുന്നു.
ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരം ഒരു സമ്മാനം എനിക്ക് കിട്ടുന്നത്. നല്ല ഇളം മഞ്ഞച്ചട്ടയിൽ കേരള പാഠാവലി എന്നെഴുതിയ ഒന്നാം ക്ലാസ്സിലെ മലയാളപുസ്തകം !
അത് തുറന്നപ്പോൾ എന്റെ നാസികയിലൂടെ കയറിയ സുഗന്ധത്തിനായി ഇന്നും ഓരോ പുസ്തകവും കയ്യിൽ കിട്ടിയാൽ ഒന്ന് വാസനിച്ചു നോക്കാറുണ്ട്.
ഏട്ടന് ട്യൂഷനെടുക്കുമ്പോൾ അടുത്ത് പോയി നില്കുന്നത് കണ്ടിട്ടായിരിക്കും സ്കൂളിൽ പുതിയ വർഷം തുടങ്ങിയപ്പോൾ ഒരു പുസ്തകം മാഷ് എനിക്കായി കരുതിയത്. എന്റെ അക്ഷരപ്രണയത്തിന് തിരികൊളുത്തിയ അനിയൻ നമ്പൂരിമാഷ് തന്നെ ഓരോ പേജിലേയും അക്ഷരങ്ങളും വാക്കുകളും വായിച്ചും എഴുതിയും പഠിപ്പിച്ച് എന്റെ ആദ്യ അധ്യാപകനായി.
മടിയിലിരുത്തി സ്ലേറ്റിൽ അക്ഷരങ്ങൾ എഴുതിക്കുമ്പോൾ പലപ്പോഴും മാഷുടെ ചെവിയുടെ പിറകിലുള്ള തെച്ചിപ്പൂവിലായിരിക്കും എന്റെ ശ്രദ്ധ. എത്ര ക്ഷമയോടെയായിരുന്നു “അ ” എന്ന അക്ഷരം എന്റെ കൈപിടിച്ച് എഴുതിച്ചിരുന്നത്. പിന്നീട് ഒരു വർഷം കഴിഞ്ഞ് സ്കൂളിൽ ചേർത്തപ്പോഴും അതേ പുസ്തകം തന്നെയാണ് അംബികടീച്ചറും പഠിപ്പിച്ചു തന്നത്.
ഒരു നാലുവയസ്സുകാരിയുടെ കൈകളിൽ ആ പുസ്തകം വെച്ചുകൊടുക്കുമ്പോൾ അദ്ദേഹം ഒരിക്കലും കരുതിയിരിക്കില്ല അവളുടെ ജീവിതത്തിൽ അവൾക് എന്നും ഏറെ പ്രിയപ്പെട്ട സമ്മാനമാണ് താൻ നൽകുന്നതെന്ന്.
ഓരോ അദ്ധ്യായനവർഷാരംഭത്തിലും മക്കളുടെ പുസ്തകം കയ്യിൽകിട്ടിയാൽ എന്നിലെ ആ നാലുവയസ്സുകാരി കൗതുകത്തോടെ വന്ന് എത്തിനോക്കും. പിന്നെ മെല്ലെ മഷിത്തണ്ടും പിടിച്ചൊരു യാത്രയാണ്.. പഠിച്ചിറങ്ങിയ ഓരോ വിദ്യാലയങ്ങളും കയറിയിറങ്ങും. ഓരോ പ്രിയപ്പെട്ട അധ്യാപകരെയും മനസ്സിൽ ധ്യാനിക്കും. ഒരിക്കലും അണഞ്ഞു പോകാത്ത വർണ്ണ ദീപങ്ങളായി അവരങ്ങനെ ഓർമകളിൽ ജ്വലിച്ചു നിൽക്കും…
2 Comments
❤️❤️❤️
Nostu <3