അക്ബര്‍ എറണാംകുളത് നിന്നും പപ്പട പണി മതിയാക്കി തിരിച്ചു വന്നിരിക്കുന്നു.
കൂടെ ശംസുവും.
അവിടെ മര്യാദക്ക് ഒരു ജ്യൂസ് കടയില്‍ പണിയെടുത്തു കഴിഞ്ഞിരുന്ന ശംസുവിനെ സകാഫി എന്ന അക്ബര്‍ യാദൃശ്ചികമായി കണ്ടു മുട്ടിയിടത്ത് നിന്നാണ് ഈ കഥ തുടങ്ങുന്നത്.
സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് അതും സ്വന്തം നാട്ടില്‍… ഈയൊരു ചിന്ത ഇരുവരെയും അലട്ടി കൊണ്ടിരുന്നു. സ്വന്തമായി ഒരു ആശയമില്ലാത്തതിനാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രിക്കറ്റ് കളിച്ചു നടക്കുന്ന ഞങ്ങളെ കൂടി അവര്‍ ചര്‍ച്ചക്ക് വിളിച്ചു. പ്രധാന അജണ്ടയ്ക്കു മുന്‍പ് ഇരുവരുടെയും എറണാകുളം വിശേഷങ്ങള്‍ കേള്‍ക്കാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം .
ശംസുവാണ് തുടങ്ങി വെച്ചത് സിനിമാ നടന് ജയസൂര്യ പതിവായി ജ്യൂസ് കുടിക്കാരുള്ളത് ഷംസു ജോലിക്ക് നിന്നിരുന്ന കടയില്‍ നിന്നാണത്രേ ! ചിലപ്പോള്‍ തോളത്തു തട്ടി ഒരഭിനന്ദനം, അല്ലെങ്ങില്‍ പത്തോ ഇരുപതോ രൂപ ടിപ്. ഇതിനും പുറമേ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ചാന്‍സ് തരാമെന്നുള്ള മോഹന വാഗ്ദാനവും ജയസൂര്യ ശംസുവിനു നല്‍കിയിട്ടുണ്ട്.
ഒരു ദിവസം പുറത്തു എവിടെയോ പോയി തിരിച്ചു വന്ന ഷംസു തന്റെ മുതലാളിയുടെ മുഖത്തെ വിഷാദ ഭാവം കണ്ടു കാരണം തിരക്കി.
“നീ പോയതിനു ശേഷം ഇവിടെ ജയസൂര്യ വന്നിരുന്നു നിന്നെ തിരക്കി. നീ ഇല്ലെന്നറിഞ്ഞപ്പോള്‍ ‘ശംസിയില്ലെങ്ങില് എനിക്ക് ജ്യൂസ് വേണ്ടാ’ എന്ന് പറഞ്ഞു ജയസൂര്യ ഇറങ്ങി പോയി”
തന്റെ മുതലാളിയുടെ വിവരണം കേട്ട് ഷംസു ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു പോയെത്രെ!
അന്നത്തെ അവന്റെ അവസ്ഥ എന്തു തന്നെ ആയിരുന്നാലും ഇത് കേട്ട ഞങ്ങള്‍ക്ക് ആ അവസ്ഥ ശരിക്കും വന്നു.
അടുത്ത ഊഴം അക്ബറിന്റെതായിരുന്നു.
അക്ബറിന് പറയാനുണ്ടായിരുന്നത് അധ്യാപകര്‍ മുതല്‍ എന്‍ജിനീയര്‍മാര്‍ വരെ തന്റെ അടുക്കല്‍ പപ്പട പണി പഠിക്കാന്‍ വന്ന കഥ.
തന്റെ ശിഷ്യന്മാരെ കുറിച്ച് അക്ബറിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല
വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ?
ഡി പി ഇ പി കാലമല്ലേ!
എന്തായാലും ഷംസുവിന്റെ ജ്യൂസ് കുടിച്ചും സകാഫിയുടെ പപ്പടം തിന്നും വയറു നിറഞ്ഞ ഞങ്ങള്‍ക്ക് അവിടെ നിന്നു ഓടിപോരാന്‍ തോന്നിയെങ്ങിലും പ്രധാന അജണ്ടയിലേക്ക് പെട്ടെന്ന് തന്നെ യോഗം കടന്നപ്പോള്‍ എന്തു പണ്ടാരമെങ്ങിലും ആകട്ടെ എന്ന് കരുതി അവിടെ തന്നെ കുറ്റിയടിച്ച് ഇരുന്നു.
പലരും പല ആശയങ്ങള്‍ പങ്കു വെച്ചെങ്കിലും വന്‍ കയ്യടിയോടെ അംഗീകരിക്കപെട്ട ആശയം വളപ്പ് നൌഷാദിന്റെ ഹോട്ടല്‍ എന്ന ആശയത്തിനായിരുന്നു
വിശ്വ പ്രസിദ്ധമായ സുലൈമാന്‍ക്ക ചായക്കട, ഹോട്ടല്‍ താഹിറ, ഹോട്ടല്‍ ഷീബ എന്നിവയ്ക്ക് ശേഷം
വീണ്ടും മന്നലംകുന്നു നാട്ടില്‍ ഒരു ഹോട്ടല്‍.
ബഡ്ജറ്റിനെ കുറിച്ചുള്ള പ്രശ്നം നൌഷാദിനെ കൂടി ഷെയര്‍ ചേര്‍ത്തതോടെ രമ്യമായി പരിഹരിക്കപെട്ടു.
“ഹോട്ടല്‍ വിധി പോലെ ”
എന്ന പേരും വന്‍ കയ്യടിയോടു കൂടി സ്വീകരിക്കപെട്ടു.
ആ യോഗത്തിന്റെ അവസാനം ഷംസുവിന്റെ സ്പെഷ്യല്‍ ജൂസും ഉണ്ടായിരുന്നു.
അത് കുടിച്ചു കഴിഞ്ഞു ഇസഹാക്ക് എന്റെ ചെവിയില്‍ പറഞ്ഞു.
” എന്നാലും ഇത് കുടിക്കുന്ന ജയസൂര്യയെ സമ്മതിക്കണം അല്ലേ ”
ഉത്ഘാടനം….
മന്നലംകുന്നിലെ പ്രശസ്തരായ ചില വ്യക്തികള്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്
കൂടാതെ മമ്മൂട്ടി ബദരൂ, ചെലാടന്, വളപ്പ് സുലൈമു എന്നീ പ്രത്യേക ക്ഷണിതാക്കളും എത്തിയിട്ടുണ്ട്.
ഉദ്ഘാടനം ഭംഗിയായി കഴിഞ്ഞു
ഇനി അതിന്റെ ഭാഗമായുള്ള ചായ വിതരണമാണ്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിളിച്ചും വിളിക്കാതെയും ചായ സല്‍ക്കാരം പൊടി പൊടിക്കുകയാണ്.
രണ്ടു ദിവസം മുമ്പത്തെ ജ്യുസിന്റെ ഓര്മയുള്ളത് കൊണ്ട് ഞങ്ങള്‍ മൂന്ന് നാല് പേര് ചായ ഒഴിവാക്കി ഹോട്ടലിന്റെ പ്രവര്‍ത്തനം എത്രമാത്രം കാര്യക്ഷമമാണെന്ന് നിരീക്ഷിക്കുകയാണ്.
ഹോട്ടല്‍ അവരുടെ സ്വന്തമാണ് എങ്കിലും നമുക്ക് നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് പാടില്ലല്ലോ….
രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ അവിടെ കയറി കടം പറയേണ്ടതല്ലേ !
ആ സമയത്താണ് സൈദുക്ക ആ വഴി വന്നത്.
മന്നലംകുന്നിന്റെ സമീപ പ്രദേശമായ പാപ്പാളിയിലെ അറിയപെടുന്ന ഒരു വ്യക്തിയാണ് സൈദുക്ക. ഷംസു അദ്ദേഹത്തെ വിളിച്ചു. ആ വിളിയില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് സൈദുക്കയുമായുള്ള അവന്റെ വ്യക്തിപരമായ അടുപ്പം ഞങ്ങളെ കൊണ്ട് അംഗീകരിപ്പിക്കണം. മറ്റൊന്ന് എല്ലാവര്ക്കും അറിയാവുന്നത് പോലെ ഹോട്ടലിന്റെ ഉത്ഘാടനവുമായി ബന്ധപെട്ടും.
ഉത്സവങ്ങളില്‍ കളിക്കോപ്പുകള്‍ വില്‍ക്കുന്ന ജോലിയാണ് സൈദുക്കാക്ക്.
തലേ ദിവസത്തെ കച്ചവടം കഴിഞ്ഞു ഉറക്ക ക്ഷീണത്തോട് കൂടി പോകുകയായിരുന്ന സൈദുക്ക സ്നേഹപൂര്‍വ്വം ഷംസുവിന്റെ ക്ഷണം നിരസിച്ചു.
പക്ഷെ ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു.
ചായ കുടി കഴിഞ്ഞു ഒരു ദീര്‍ഘ നിശ്വാസം വിട്ട് എണീറ്റ സൈദുക്കയോട് ഷംസുവിന്റെ ചോദ്യം,
“എങ്ങിനെയുണ്ട് ഇക്കാ ചായ?”
“മോനെ ആ നേരിയ ചൂടും കൂടിയില്ലെങ്ങില് അത് കൊണ്ട്…….. (അൺപാർലിമെന്ററി) കഴുകാമായിരുന്നു”
ചിരി അമര്‍ത്താന്‍ പാട് പെട്ട് ഞങ്ങള്‍ ശംസുവിനെ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ചമ്മിയ ചിരിയോടെ സകാഫിയോടു പൊറോട്ടക്കു മൈദ എത്ര വാങ്ങണം എന്ന് തിരക്കുകയായിരുന്നു ഷംസു.
പൊറോട്ട പണി തുടങ്ങി പടച്ചവന്റെ ഖുധുറത്ത് കൊണ്ട് രാവിലെ പത്തു പതിനഞ്ചു പൊറോട്ട കുഴപ്പമില്ലാതെ ചുട്ടെടുത്തു. സകാഫിയാണ് പൊറോട്ടയുടെ മേല്‍ നോട്ടക്കാരന്.
മാന്യനായ ഒരാള്‍ ഹോട്ടലില്‍ കയറി വന്നു നൂറു പൊറോട്ടക്കു ഓര്‍ഡര്‍ കൊടുത്തു.
വൈകീട്ട് നാല് മണിക്ക് കിട്ടണം..
സകാഫിയുടെ പൊറോട്ടക്ക് ആദ്യമായി കിട്ടിയ അംഗീകാരം.
തല്കാലം പാലപെട്ടിക്കാരന്റെ പലചരക്ക് കടയില്‍ നിന്നും മൈദ കടം വാങ്ങി സകാഫിയും ശംസുവും മെനക്കെട്ട് പണി തുടങ്ങി
ഒരു കാര്യവുമില്ലെങ്ങിലും വൈകീട്ട് വരാം എന്ന യാത്ര മൊഴിയോടെ ഞങ്ങളും അവിടെ നിന്നു മടങ്ങി. ഉച്ചയൂണും കഴിഞ്ഞു നേരത്തെ തന്നെ ഹൈദര്ക്കയുടെ പീടിക തിണ്ണയില്‍ വന്നിരുന്നു. വേറൊന്നിനുമല്ല, വായില്‍ നോക്കാന്‍ തന്നെ.
സമയം കഴിഞ്ഞു പോകുന്നു നൌഫല്‍ ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നുണ്ട്.
അമല്‍ സ്കൂള്‍ ബസും പ്രതീക്ഷിച്ചാണ് അവന് ഇരിക്കുന്നത്.
ഏകദേശം മൂന്നു മൂന്നര ആയിട്ടുണ്ടാകും, ഷംസു സൈക്ലില്‍ പാഞ്ഞു വന്നു.
ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു.
“എന്തു പറ്റി ശംസൂ?”
“ആകെ പ്രശ്നമായി”
നിങ്ങള്‍ എന്റെ കൂട്ടുകാരാനെങ്കില് ഇപ്പോള്‍ സഹായിക്കണം.
ഒരാള്‍ സഹായം ആവശ്യപെടാതെ തന്നെ അങ്ങോട്ട് കയറി സഹായിക്കുന്ന ഞങ്ങളോട് സഹായം ചോദിക്കേണ്ട വല്ല ആവശ്യവുമുണ്ടോ?
പ്രശ്നം ഇതാണ് പൊറോട്ട ചുടുന്നതിനായി കുഴച്ചു അടിച്ചു പരത്തി പൊറോട്ട എന്ന് പറയാവുന്ന തരത്തില്‍ വെച്ചിരിക്കുന്ന ആ സാധനം ചട്ടിയുടെ ചൂട് തട്ടുമ്പോഴേക്കും ചുരുണ്ട് പോകുന്നു.
സകാഫി ഒരു ഉപായം കണ്ടു പിടിച്ചിട്ടുണ്ട്.
അതിനാണ് ഞങ്ങളുടെ സഹായം ഞങ്ങള്‍ നാല് പേര്‍ക്കും ഓരോ പപ്പട കോല് തന്നിട്ട് പൊറോട്ടയുടെ നാല് വശത്തും കുത്തി പിടിച്ചു നില്ക്കാന് പറഞ്ഞു.
അങ്ങനെ പൊറോട്ട ചുടാന്‍ തുടങ്ങി.
കൃത്യം നാല് മണിക്ക് പൊറോട്ട വാങ്ങാനായി ഒരു പയ്യന് വന്നു.
ഒരു അമ്പതു പൊറോട്ട പയ്യന് വശം കൊടുത്തയച്ചു ബാക്കി ഒരു മണിക്കൂറിനുള്ളില്‍ എത്തിക്കാം എന്നുള്ള വ്യവസ്ഥയില്‍…
വീണ്ടും തിരക്കിട്ട പണി. ഇവരുടെ ആദ്യ സംരംഭത്തില്‍ തന്നെ പങ്കാളികളാകാന്‍ കഴിഞ്ഞതിന്റെ ആത്മ നിര്‍വൃതിയില്‍ ഞങ്ങളും.
രാവിലെ ഓര്‍ഡര്‍ ചെയ്യാനെത്തിയ ആള് വീണ്ടും വന്നു.
അയാളുടെ കയ്യില്‍ പയ്യന് കൊണ്ട് പോയ പൊതിയും.
“ഇതാണോ പൊറോട്ടാ….?” എന്ന് ചോദിച്ചു കൊണ്ട് അയാള്‍ കൊടുങ്ങല്ലൂരിനെയും വെല്ലുന്ന തരത്തിലുള്ള പൂരപാട്ട് തുടങ്ങി.
സംഗതി ശരിയാണ് അയാള്‍ പറയുന്നതിനകത്തു വാസ്തവമുണ്ട്.
കടിച്ചാലും പിടിച്ചു വലിച്ചാലും ഒരു അനക്കവുമില്ലാത്ത സാധനം ജയറാമിന്റെ സിനിമയിലെ “ദോഡ്ഡലി” പോലെ ഒടുവില്‍ അപ്പുറത്തും ഇപ്പുറത്തുമുള്ള തരക്കേടില്ലാതെ നടക്കുന്ന ഹോട്ടലുകളില്‍ നിന്നു പൊറോട്ട വാങ്ങി കൊടുത്തു.
പ്രശ്നം രമ്യമായി പരിഹരിച്ചു .
സാരമില്ല ആദ്യ ദിവസമല്ലേ?
ഇതൊക്കെ ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ്, ഇങ്ങനെയൊക്കെയാണ് പലതും പഠിക്കുക.
അന്ന് രാത്രി ചര്‍ച്ചക്കായി ഞങ്ങള്‍ വീണ്ടും ഒത്തു കൂടി.
ലാഭവും നഷ്ടവും കൂട്ടി കിഴിച്ച് നോക്കി.
ആദ്യ ദിനം, നൂറ്റി പതിമൂന്നു രൂപ പാലപെട്ടിക്കാരന്റെ കടയില്‍ കൊടുക്കാനുണ്ട് ,
ഒരു ചെറിയ നഷ്ടം
എന്തെങ്കിലുമോന്നു നഷ്ടപെടാതെ മറ്റെന്തെങ്ങിലും നേടാന്‍ കഴിയുമോ? കൂട്ടത്തിലെ ഉപദേശകന് തകര്‍ക്കുകയാണ്
ചര്‍ച്ചകള്‍ക്കൊടുവില്‍ ലോകത്തെമ്പാടുമുള്ള മലയാളികളുടെ വിശിഷ്ട ഭക്ഷണമായ പൊറോട്ടയെ ഹോട്ടലില്‍ നിന്നും പുറത്താക്കി പകരം അവിടെ കൊള്ളിയും ബോട്ടിയും സ്ഥാനം പിടിച്ചു .
രണ്ടാമത്തെ ദിവസം സകാഫിയുടെ വീട്ടില്‍ നിന്നു കൊള്ളിയും ഷംസുവിന്റെ വീട്ടില്‍ നിന്നു ബോട്ടിയും ഉണ്ടാക്കി കൊണ്ട് വന്നു.
അന്നത്തെ ദിവസം ഒരു പ്ലേറ്റ് പത്തു രൂപ എന്ന നിരക്കില്‍ കുഴപ്പമില്ലാതെ കച്ചവടം നടന്നു.
മൂന്നാം ദിനം രാവിലെ തന്നെ തിരക്കിട്ട പണി തുടങ്ങി.
കൊള്ളിയും ബോട്ടിയും ഹോട്ടലില്‍ തന്നെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഷംസു രാവിലെ തന്നെ ഒരു തടികഷണം കൊണ്ട് വന്നിട്ടുണ്ട് ബോട്ടി വെട്ടുന്നതിനുള്ള മുട്ടിയാണ് അത്.
പണ്ടും മരങ്ങളുമായി ശംസുവിനു അഭേദ്യ ബന്ധമുണ്ട്.
പിലാക്കകാട് വെട്ടി മൈതാനമാക്കുന്നതില്‍ ഷംസു വഹിച്ച പങ്കു നിസ്തുലമാണ്.
പറങ്കി മാവില്‍ നിന്നു വീണു കയ്യോടിഞ്ഞതും തേര് മരം വെട്ടിയപ്പോള്‍ നീരെടുത്ത് വീങ്ങിയതും ഒടുവില്‍ താണിമരം അവനെ കടാക്ഷിച്ചതുമൊക്കെ അതില്‍ ഉള്‍പെടുന്നു. അങ്ങനെ കൊള്ളിയുടെയും ബോട്ടിയുടെയും പാചകം പുരോഗമിക്കുകയാണ്.
ഒടുവില്‍ പാചകം പൂര്‍ത്തിയാക്കി ടേസ്റ്റ് നോക്കിയ സകാഫി ഞെട്ടിപ്പോയി ബോട്ടിക്ക് ഭയങ്കരമായ കയ്പ്പ് രസം.
ഇതെങ്ങനെ സംഭവിച്ചു?
അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ആ സത്യം മനസിലായി.
ഷംസു കൊണ്ട് വന്ന മുട്ടി കാഞ്ഞിര മരത്തിന്റെതായിരുന്നു.
ആ മുട്ടിയിലാണ് ഇന്ന് ബോട്ടി വെട്ടി ശരിയാക്കിയത്.
അങ്ങനെ മൂന്ന് ദിവസം കൊണ്ട് ഹോട്ടല്‍ വിധി പോലെ എന്നതിന്റെ ഉത്ഘാടനവും സമാപനവും എല്ലാം കഴിഞ്ഞു.
സകാഫി തിരിച്ചു എറണാകുളത്തെ പപ്പട പണിയിലേക്കും ഷംസു ഞങ്ങളുടെ കൂടെ പാടത്ത് ക്രിക്കറ്റ് കളിക്കാനും ആരംഭിച്ചു.
ഇപ്പോള്‍ ഞങ്ങളില്‍ പലരും ലോകത്തിന്റെ പലയിടത്തായി പല ജോലികള്‍ ചെയ്തു കഴിയുന്നു. എന്നിരുന്നാലും സകാഫിക്ക് ഒരു വട്ടം കൂടി പുതിയതായി എന്തെങ്കിലും ഐഡിയ തോന്നി ചര്‍ച്ചക്കായി ഞങ്ങളെ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ ഞങ്ങള്‍ ഒരുക്കമാണ് എന്നറിയിച്ചു കൊണ്ട് ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു
ഫൈസൽ മന്ദലംകുന്ന്
2 Comments
രസകരമായ എഴുത്ത്. ഉടനീളം വാരിവിതറിയ നർമം ശരിക്കും ഏറ്റു.
👌
Joyce varghese… Thank u🥰