ഓഫ് ഡേയാണ് പിറ്റേ ദിവസം. അർമാദിക്കാൻ പിന്നെ വേറൊരു കാരണം തേടി പോകണ്ടല്ലോ. എനിക്ക് പണ്ടുമുതലേ ഓഫ് ഡേ യേക്കാളും ഇഷ്ടമാണ് തലേദിവസം. വിശേഷദിവസങ്ങളുടെ, അതിപ്പോ ഓണമാകട്ടെ, വിഷുവാകട്ടെ,ദീപാവലിയാവട്ടെ, ക്രിസ്മസ്, ഉൽസവം അങ്ങനെ ഏതുമാവട്ടെ തലേ ദിവസമാണ് എൻ്റെ ഹൈലൈറ്റ്. ആയുസിൻ്റെ പകുതി തീർന്നിട്ടും ഇപ്പോഴും അതിനൊരു മാറ്റവുമില്ല.
അപ്പോ പറഞ്ഞുവന്നത് ഇതാണ്. ആ ദിവസം ബിയർ കഴിക്കാനൊരാഗ്രഹം. ആഗ്രഹം തോന്നിയാൽ പിന്നെ ശുഭസ്യ ശ്രീഘ്രം എന്നാണല്ലോ. കൂട്ടുകാരൻ വന്നപ്പോ രണ്ടു കുപ്പി വാങ്ങി, sച്ചിങ്ങ്സും. അങ്ങനെ കുളിച്ച് ഫ്രഷായി ഓപ്പൺ ബാൽക്കണിയിൽ ഇടയ്ക്കിടെ രസംകൊല്ലികളായെത്തുന്ന കൊതുകുകളെ തുരത്താനായി ഗുഡ്നൈറ്റ് ഒക്കെ കത്തിച്ചു വെച്ച്, മെയിൻ ബൾബ് ഓഫാക്കി ബാൽക്കണിഗാർഡനിൽ ഞറുങ്ങനെ പിറുങ്ങനെ കയറി പോയ ക്രീപ്പറുകളിലൊന്നിൽ സീറോ വാട്ടിലുള്ള ഒരു ഫാൻസി ബൾബും തൂക്കി പശ്ചാത്തല സൗകര്യമൊരുക്കി. ഫിറ്റായി തുടങ്ങിയാൽ എനിക്ക് ഫാസ്റ്റ് നമ്പറുകളും കൂട്ടുകാരന് മരണമെത്തുന്ന നേരത്ത് നീയെൻ്റെയരികിലിത്തിരി നേരമിരിക്കണേ ടൈപ്പ് പാട്ടുകളുമാണ് ചോയ്സ്. സഹവാസം തുടങ്ങീട്ട് കാലം കുറച്ചായതുകൊണ്ട് ഇതൊക്കെ നേരത്തേകണ്ട് ഞാൻ റെഡിയാക്കി വെച്ചിരുന്നു.
മൂന്നാംനിലയിലാണ് ഞങ്ങളുടെ ഫ്ലാറ്റ്. തൊട്ടു മുന്നിൽ നീർമരുത് നിറയെ പൂത്തിരിക്കുന്നു. അതിനും മുകളിൽ പൂർണ ചന്ദ്രനുദിച്ചുനിൽക്കുന്നു. ആകപ്പാടെ റൊമാൻ്റിക് ആവാൻ പറ്റിയ കാലാവസ്ഥയും സാഹചര്യവും. അപ്പോഴാണ് തൊട്ടെതിർ വശത്തുള്ള ഫ്ലാറ്റിൽ ഒരു കുഞ്ഞുവാവയുടെ കരച്ചിൽ കേട്ടത്. താരതമ്യേന പുതിയ താമസക്കാരാണ്. രാത്രി ഞങ്ങൾ ഫ്ലാറ്റ് കോമ്പൗണ്ടിൽ നടക്കാൻ പോകുമ്പോൾ കണ്ടിട്ടുണ്ട്. വലിയ വയറും താങ്ങി ആ പെൺകുട്ടിയും ഭർത്താവും കാറ്റു കൊള്ളാനെത്താറുണ്ടായിരുന്നു. ഒരുമാസമായതേയുള്ളു പ്രസവിച്ചിട്ട്. കുഞ്ഞിനെ കാണാൻ പോണമെന്നു വിചാരിച്ചിട്ട് ഇതുവരെ പറ്റിയിട്ടില്ല. നാളെ പറ്റിയിലൊന്നു പോണം ഒരു കുഞ്ഞുടുപ്പും വാങ്ങാം – ഞാൻ വിചാരിച്ചു.
ആ കിടപ്പുമുറിയുടെ ജനൽ തുറന്നിട്ടുണ്ട്. നെറ്റ് കൊണ്ടുണ്ടാക്കിയ പാളി മാത്രമാണ് അടച്ചിരിക്കുന്നത്. അതുകൊണ്ട് ഒച്ചത്തിൽ സംസാരിച്ചാൽ ഞങ്ങൾക്ക് കേൾക്കാം. അവിടുന്ന് ശബ്ദം ഉയർന്നുകേൾക്കാൻ തുടങ്ങി. നിനക്കിതൊക്കെയല്ലാതെ വേറെയെന്താണ് ഇവിടെ പണി എന്നൊരലർച്ചയും, തൊട്ടുപുറകേ എന്തൊക്കെയോ എറിഞ്ഞുടയ്ക്കുന്ന ശബ്ദവും. റൊമാൻ്റിക് ആവാൻ നിന്ന ഞങ്ങൾ കിടുങ്ങിപ്പോയി. കുഞ്ഞിൻ്റെ കരച്ചിൽ പിന്നെയുമുയർന്നു. വാക്കുതർക്കങ്ങൾ തുടർന്നു. ഫ്ലാറ്റുകളിൽ നിന്ന് പല തലകൾ വെളിയിലേക്ക് നീണ്ടുവന്നു.
ഒരുനിമിഷം കൊണ്ട് ഞാൻ നാഗവല്ലിയായി. ‘ഇയാൾ എന്തതിക്രമമാണ് ഈ കാണിക്കുന്നത്? ആ പെണ്ണ് പ്രസവിച്ചിട്ട് ഒരു മാസമായതേയുള്ളു, എന്ത് കാരണം കൊണ്ടായാലും ഇങ്ങനെ സീനാക്കേണ്ട കാര്യമൊന്നുമില്ല. ഞാനൊന്നു പോയി നോക്കട്ടെ. എൻ്റെ ഫോണെടുക്ക്, പോലീസിനെ വിളിക്ക്’ ഞാൻ നിന്നു തുള്ളി. മൊത്തം സാഹചര്യം അത്ര പന്തിയില്ലെന്ന് കണ്ട കൂട്ടുകാരൻ്റെ കെട്ട് ഇറക്കത്തിൽ വണ്ടിയെന്ന പോലെ പെട്ടെന്നിറങ്ങി. ആളെന്നെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
പെട്ടെന്നവിടെ നിന്ന് വേറെന്തോ ശബ്ദം. അതോടെ ഞാൻ അഞ്ചാമത്തെ ഗിയറിലായി. ‘അവനെതിരെ ഞാൻ വനിതാ കമ്മീഷനിലും പരാതി കൊടുക്കും, എന്തൊരു മാനസിക പീഡനമാണിത്…” പറഞ്ഞവസാനിക്കും മുമ്പേ കുഞ്ഞിൻ്റെ കരച്ചിലിനെക്കാളുച്ചത്തിൽ വേറൊരു കരച്ചിൽ. കൂടെയൊരു ഡയലോഗും” നീ എന്നെ തല്ലി അല്ലേടീ, ഇനീം തല്ലിയാൽ ഞാനിറങ്ങി പോകും.. ”
‘ഏഹ്?’
ഞാനും കൂട്ടുകാരനും ഒഴിഞ്ഞ ബിയർക്കുപ്പികളും പിടിച്ച് മുഖത്തോടുമുഖം നോക്കി.
‘ നീ ഇപ്പോത്തന്നെ വനിതാ കമ്മീഷനിൽ പരാതി കൊടുക്കുന്നുണ്ടോ അതോ നാളെയാണോ?’ കൂട്ടുകാരൻ ചോദിച്ചുകൊണ്ട് പാട്ട് ഓൺ ചെയ്തു.
‘പുളിയിലക്കരയോലും പുടവ ചുറ്റീ’ കെ.ജെ യേശുദാസ് ഞങ്ങളുടെ ബാൽക്കണിയിൽ നിറഞ്ഞൊഴുകി, അവിടെ കരച്ചിലും.
1 Comment
👌