വില്ലുപാലത്തിൽനിന്ന് നേരെ ഇറങ്ങിയത് ഇരുട്ടിലേക്കാണ്. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത അധികം ഒച്ചയില്ലാത്ത ആളനക്കങ്ങളൊഴിഞ്ഞ പ്രദേശം.അവിടവിടെയായി തെരുവുവിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. മുൻപോട്ടു പോകാൻതക്ക വെളിച്ചം ഇല്ലാതിരുന്നിട്ടും ഇരുളിനെ ഭേദിച്ച്, ധൈര്യം സംഭരിച്ചു നടന്നു. ചൂടും തണുപ്പും കലർന്ന കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരുന്നു. എന്നോ കണ്ടുമറന്ന പ്രേതചലച്ചിത്രത്തിലെ ഓർമ്മവന്നതും നെഞ്ചിടിപ്പ് കൂടി. ഇങ്ങനെ ഒരനുഭവം മുൻപെങ്ങും ഉണ്ടായിട്ടില്ല. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും ദൂരമുണ്ടെന്ന ബോധ്യം നടത്തത്തിന്റെ വേഗം കൂട്ടി.
പലേടത്തും നീളൻതൂണുകളിൽ വിളക്കുകൾ ഉണ്ടെങ്കിലും അവയിൽ പകുതിയിലേറെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു. ഏതെങ്കിലും തരത്തിൽ സഞ്ചാരത്തിന് വിഘ്നമായേക്കാവുന്ന അന്തരീക്ഷമാണോ അവിടുള്ളതെന്ന് അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു. ഒരു സ്ത്രീ തനിയെ നിശാസഞ്ചാരം പാടില്ലെന്ന ചാതുർവർണ്യ വ്യവസ്ഥിതിയിലെ അലിഖിത നിയമത്തെ വെല്ലുവിളിച്ചാണല്ലോ പോക്ക്. വിവാദവും വിമർശനവും ഒഴിഞ്ഞ, അക്രമരഹിതമായ കിനാശ്ശേരിയാണ് സ്വപ്നം കാണുന്നതെങ്കിലും ഉണ്ടായേക്കാവുന്ന ആപത്തുകളുടെ എണ്ണം മനസ്സ് അക്കമിട്ട് നിരത്തി ഭയം ഊതിക്കത്തിച്ചുകൊണ്ടിരുന്നു. സമാധാനകാംക്ഷി ആയതിനാൽ അനിഷ്ടങ്ങളൊന്നും ഉണ്ടാവില്ലെന്ന് മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിച്ചു. ഇരുട്ടിനെ ഗാഢംപുണർന്ന നിരത്തിനെ സജീവമാക്കാൻ എണ്ണംപറഞ്ഞ ഓട്ടോറിക്ഷകളും ചരക്കു ലോറികളും ഇരുച്ചക്രവാഹനങ്ങളും കഠിനമായി പ്രയത്നിക്കുന്നുണ്ട്. ചുറ്റിത്തിരിയുന്നതിനിടയ്ക്ക് കൂടുതൽ ഊരാക്കുടുക്കുകൾ ഉണ്ടാകരുതെന്ന മുൻകരുതലോടെ കഴുത്തിലും കാതിലും തപ്പി.
“ഹാവൂ! ഒരുതരി മഞ്ഞലോഹമില്ല.
അത്ര വലുതല്ലാത്ത വരവ് ആഭരണങ്ങൾ പേരിനു മാത്രം.”
പുറകെ ആരോ വരുന്നുണ്ടെന്ന തോന്നലിൽ നെറ്റിയിലെ കുരിശുവര നിർത്തിയില്ല. കുരിശു വരച്ചാൽ ശല്യപ്പെടുത്താൻ വരുന്ന സകല വിനാശകാരികളും ഒഴിഞ്ഞുപോകുമെന്ന് ചെറുപ്പത്തിൽ അമ്മ തന്ന ഉപദേശം കൃത്യമായി പാലിച്ചു. തൊണ്ടക്കുഴിയിൽനിന്ന് എന്തൊക്കെയോ ശബ്ദം പുറത്തുവരാൻ വെമ്പൽപൂണ്ടൂ. പക്ഷേ, എല്ലാം ഓട്ടത്തിന്റെ കിതപ്പിലലിഞ്ഞു. ഇതിനിടെ തലയിലെ ഷാളും കൈയിലെ പൊതിയും താഴെ വീഴുന്നില്ലെന്ന് ഉറപ്പുവരുത്തി. വഴിവക്കിലൂടെ ഏകയായി ഓടുന്ന സ്ത്രീയെ സംശയദൃഷ്ടിയോടെ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ വീക്ഷിക്കുന്നത് കണ്ടില്ലെന്നു നടിച്ച് സമചിത്തതയോടെ മുന്നോട്ടു നീങ്ങി.
“എന്താണ് ഇതുവരെ സ്ഥലം എത്താത്തത്?”
സ്വരം താഴ്ത്തി സ്വയം പറയുന്നതിനിടെ വിളക്കിൻക്കാലുകളിലൊന്നിൽ ഊക്കോടെ ഇടിച്ച് ഓട്ടം നിന്നു. നോക്കി നടക്കാത്തതിൻ്റെ കുഴപ്പമാണെന്ന അശരീരി എവിടെനിന്നോ കേൾക്കാം. അങ്ങനെയല്ല ഇരുട്ടത്ത് കണ്ണുകാണാൻ പറ്റിയില്ലെന്ന് പറയാൻ തുനിഞ്ഞെങ്കിലും അവിടെയെങ്ങും ആരെയും കണ്ടില്ല. ഇടിയുടെ ആഘാതത്തിലുണ്ടായ നെറ്റിയിലെ മുഴ തിരുമ്മി നേരെയാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആശ്വസിച്ചതിനു കാരണമുണ്ട്.
“ഭാഗ്യം മുറിഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ എവിടെപ്പോയി വൃത്തിയാക്കുമായിരുന്നു?”
പിന്നീട്, പ്രധാന വഴിയുടെ ഇടത്തോട്ട് തിരിയുന്ന ഭാഗത്തേക്ക് വെച്ചുപിടിച്ചു. ആദ്യം കാണുന്ന ഇരുനില കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള മുറിയാണ് ഉന്നം.
രണ്ടായി പകുത്ത ഒറ്റമുറിയുടെ മുൻപിലെത്തിയതും പിടിച്ചുകെട്ടിയതുപോലെ നിന്നു. അകത്ത് സീറോ ബൾബ് കത്തുന്നുണ്ട്. പക്ഷേ, മുറിയിലാകമാനം പ്രകാശം കൊടുക്കത്തക്ക ഊർജ്ജമില്ലാതെയുള്ള അതിന്റെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും നിലയ്ക്കാം. പൂട്ടിയിട്ടില്ലാത്ത മുൻവാതിലിൽ പലതവണ മുട്ടി. ഒരാളും പുറത്തേക്കു വന്നില്ല. ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ അകത്തേക്കു കയറാതെ പടിയിൽത്തന്നെ നിലയുറപ്പിച്ചു. നില്പ് കാലുകളെ ബാധിച്ച് കുഴഞ്ഞു വീണേക്കുമെന്ന് തോന്നിയതിനാൽ അവിടെ ഇരുപ്പുറപ്പിച്ചു. ദൂരെനിന്ന് ആരോ വരുന്നത് അവ്യക്തമായി കണ്ടു.
തോളിനു തൊട്ടുതാഴെവരെ കോലൻമുടിയുള്ള, ചുണ്ടിൻ്റെ ആകൃതി നഷ്ടപ്പെടുത്താതെ ചുണ്ടിൽ ചെമപ്പു വീഞ്ഞുനിറത്തിലെ ലിപ്സ്റ്റിക്ക് പുരട്ടിയ, മെറൂൺ ചുരിദാറിട്ട കൊലുന്നനെയുള്ള പെൺകുട്ടി ചുറുചുറുക്കോടെ പടികൾ കയറി അരികിലെത്തി.
“സമാധാനമായി. കൂട്ടായല്ലോ.”
ആശ്വാസത്തിന്റെ അന്തർഗതം പീലിവിടർത്തുക മാത്രമല്ല നൃത്തവും ആടി.
“ഇതുവരെ വന്നില്ലേ? കൊടുത്തിട്ട് ഒരാഴ്ച കഴിഞ്ഞു. ഇന്നലെ തരാമെന്ന് ഉറപ്പു പറഞ്ഞതാണ്.”
ആരെയും കാണാത്തതിനാൽ പെൺകുട്ടിയുടെ ഗൗരവത്തോടെയുള്ള ചോദ്യം സ്വാഭാവികമായും അവിടെ ഇരിക്കുന്ന ആളോട് ആയിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
“അറിയില്ല. കുറച്ചു നേരമായി ഞാനും ഇവിടെ ഇരിക്കുകയാണ്.”
“സമയം പന്ത്രണ്ടര കഴിഞ്ഞു. അയാളെ ഞാനൊന്നു വിളിക്കട്ടേ.”
ചുരിദാർടോപ്പിന്റെ ഒരുവശത്തെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൾ ഡയൽ ചെയ്ത് പൂർത്തിയാക്കും മുമ്പുതന്നെ അയാളെത്തി.
ഏകദേശം അറുപത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാൾ. നന്നേ ക്ഷീണിതൻ. ഒറ്റനോട്ടത്തിൽ ആഹാരം കഴിച്ചിട്ട് ദീർഘനാളുകളായെന്നു തോന്നും. മെല്ലെ വാതിൽത്തുറന്ന് അകത്തുകയറി സ്വിച്ചുകൾ ഒന്നൊന്നായി അമർത്തി. പൊടുന്നനെ വെളിച്ചം പടർന്നു. പങ്കകൾ കറങ്ങി. ഇയാൾക്ക് മാന്ത്രിക ശക്തിയുണ്ടോ എന്ന് അമ്പരന്നു!
“വിസയില്ല അതുകൊണ്ട് പഴയ മുതലാളിയുടെ അടുത്തൂന്ന് മാറി. ഇപ്പോൾ ഒറ്റയ്ക്കാണ്. നടൂവേദന കുറയുന്നില്ലന്നെ. അവൾക്കും തീരെവയ്യാ.”
“സ്വന്തം നാട്ടിൽ വിസ എന്തിന്?”
പൊന്തി വന്ന സംശയം ദൂരീകരിക്കണമെന്നുണ്ടെങ്കിലും അയാൾക്കെന്ത് തോന്നുമെന്ന് വിചാരിച്ച് കമാന്നൊരക്ഷരം ഉരിയാടിയില്ല.അയാളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ ഉള്ളിലേക്കു പ്രവേശിച്ചു.
നടുവിന് കെട്ടിയിരുന്ന ബെൽറ്റ് അഴിച്ചുമാറ്റി വൃദ്ധൻ സമീപത്തെ അയയിൽ തൂക്കി. അവളെന്നു സൂചിപ്പിച്ചത് ഭാര്യയെ ആയിരിക്കുമെന്ന് ഊഹിച്ചു. ഒരു അഭിനേതാവിന്റെ മുഖത്തോടു നല്ല സാദൃശ്യമുള്ള മുഖത്ത് നിസ്സഹായത നിഴലിച്ചിരുന്നു. സമീപത്തെ ചെറിയമേശ പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറെടുത്തുമാറ്റി
പൊടിതുടച്ചശേഷം അയാൾ കസേരയിൽ അമർന്നിരുന്നു.
“മോൾക്ക് എന്താ തയ്ക്കാൻ ഉള്ളത്?”
“സാരി ബ്ലൗസ്. അളവ് കൊണ്ടുവന്നിട്ടുണ്ട്.”
കൈയിലെ പൊതി വൃദ്ധന് നേർക്കു നീട്ടി.
“ഞാൻ അത്യാവശ്യമാണെന്ന് പറഞ്ഞതാണല്ലോ എൻ്റെ ബ്ലൗസ് എവിടെ?”
പെൺകുട്ടി പെട്ടന്ന് ചൊടിച്ചു. വൃദ്ധൻ എഴുന്നേറ്റു. കൈകളും കാലുകളും വിറയ്ക്കുന്നുണ്ട്. പിഞ്ചിയ ഷർട്ടിന്റെ കൈകൾ മടക്കിവെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. ഏറെ പണിപ്പെട്ടാണ് മുറിയുടെ അങ്ങേ മൂലയ്ക്കിരുന്ന കവറുകൾ അടുക്കിവെച്ചിരുന്ന ഷെൽഫിനടുത്തെത്തിയത്. അതിലൊരു കവർ പെൺകുട്ടിയെ ഏൽപ്പിച്ചു. ഏറെ ബദ്ധപ്പെട്ട് തിരികെ മെഷീനു മുന്നിൽ വന്നിരുന്നു. ദുർബലരോട് സഹാനുഭൂതി കാട്ടണമെന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും പെൺകുട്ടി നിമിഷ നേരംകൊണ്ട് വെളിയിലിറങ്ങി.
” ഒറ്റയ്ക്ക് ബുദ്ധിമുട്ടാവില്ലേ? ഞാൻ എന്തെങ്കിലും….”
വൃദ്ധനെ സഹായിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തോടെയാണ് പറഞ്ഞത്.
“തയ്ച്ചത് ഒരാഴ്ച കഴിഞ്ഞു തരാം.”
അത് അയാൾ ശ്രദ്ധിച്ചതേയില്ല. ചുളുങ്ങിയ മുഖത്ത് പുഞ്ചിരി വരുത്തി മറ്റൊന്നും പറയാതെ വൃദ്ധൻ പണിയിൽ വ്യാപൃതനായി. അതു് ശരിവെച്ച് വീണ്ടും ഇരുട്ടിലേക്കിറങ്ങി. രണ്ടാം പടിവരെ എത്തിയതേയുള്ളൂ, വലതുതോളിൽ ആരുടെയോ കരസ്പർശം. തിരിഞ്ഞു നോക്കാതെ തട്ടിമാറ്റി. അന്നേരം വലതു കൈയിൽ പിടുത്തം മുറുകി. പിടിവിടുവിച്ച് സർവ്വശക്തിയും സംഭരിച്ച് മുന്നോട്ടാഞ്ഞു.
“പേടിക്കണ്ട ഞാനാ.”
മുൻപ് കണ്ട പെൺകുട്ടി. ഭീതി മനസ്സിലായിട്ടെന്നോണം
അവൾ കൈയിലെ പിടുത്തമയച്ചു. ഒന്നു വിളിച്ചാൽ പോരായിരുന്നോ ഇവൾക്കെന്ന് ഉള്ളിൽ പറഞ്ഞെങ്കിലും പുറമെ അനിഷ്ടമൊന്നും പ്രകടിപ്പിച്ചില്ല.
“ഈ രാത്രിയിൽ എങ്ങോട്ട് പോകാനാണ്? എൻ്റെ വീട്ടിൽ താമസിച്ചോളൂ. മാസവാടക തന്നാൽ മതി.”
പെൺകുട്ടി തീർത്തും സൗമ്യയായി. ഒരേയൊരു ദിവസത്തേക്ക് ഒരു മാസത്തെ വാടക ചോദിച്ചത് എന്തിനാണെന്ന ചോദ്യം അകമെ ഉയർന്നു.
“പേരെന്താ?”
പെൺകുട്ടി പേരു് പറഞ്ഞു.
വാതോരാതെ സംസാരിച്ച് അവൾ അപരിചിതത്വത്തിന്റെ അകലം കുറച്ചു. പിന്നീടുള്ള പെരുമാറ്റത്തിൽ അപാകം തോന്നിയതുമില്ല.
“ഫേസ്ബുക്കിൽ ഉണ്ടോ?”
“ഉണ്ട്.”
“ഞാൻ റിക്വസ്റ്റ് അയക്കാം.”
അയച്ചോളുവെന്ന മട്ടിൽ അവൾ വെളുക്കെ ചിരിച്ചു. ഫേസ്ബുക്കിന്റെ തിരയൽ ബട്ടണിൽ വിരലുകൾ അമർന്നു. അന്നേരമാണ് വിവാഹിതയാണെന്ന് അറിഞ്ഞത്. ഭർത്താവിന്റെയും അവളുടെയും പേരുകൾ കണ്ട് മിശ്രവിവാഹിതരെന്ന് മനസ്സിലാക്കി. സാമർത്ഥ്യം അപാരം എന്ന് സ്വയംപുകഴ്ന്നു. അയച്ച സൗഹൃദാഭ്യർത്ഥന അവൾ താമസംവിനാ സ്വീകരിച്ചു.
നടന്നാണ് അവളുടെ വീട്ടിലെത്തിയത്. മുറി കാണിച്ചുതന്ന ശേഷം അവളുടെ മുറിയിലേക്ക് പോയി. പിറ്റേന്നു വെട്ടം വീണപ്പോളാണ് വീടിനു പുറത്തിറങ്ങിയത്. മുൻഭാഗത്ത് വെള്ളാരംക്കല്ലുകൾ നിറച്ച മനുഷ്യനിർമ്മിതമായ കുളത്തിലെ ചെറിയ ജലധാരകളിലെ വെള്ളം പളുങ്ക് മണികളായി ഉയർന്ന് തിരികെ കുളത്തിലേക്ക് പതിക്കുകയും ചെയ്യുന്നു. മുറ്റത്തിന്റെ പല ഭാഗങ്ങളും
അലങ്കാരപ്പണികളാൽ മോടി പിടിപ്പിച്ചിട്ടുണ്ട്. പച്ചപ്പുല്ലുപാകിയ നിലത്ത് ചാരനിറത്തിൽ കണ്ട കൂടാരത്തിനടുത്ത് മൂന്നു വെള്ളച്ചാക്കുകൾ കെട്ടിവെച്ചിരിക്കുന്നു. അതിലൊന്ന് കൗതുകത്തോടെ തുറന്നു നോക്കിയതും എന്തോ ശബ്ദം കേട്ടു. അതു് ശ്രദ്ധിക്കാതെ പഴുത്ത തൊലികളഞ്ഞ ആഞ്ഞിലിക്കായ്കൾ കൊതിയൂറി ഒരെണ്ണം വായിലിടാൻ എടുത്തതേയുള്ളൂ. എവിടെനിന്നോ ടെഡി ബിയറിനെക്കാളും അല്പംകൂടി ഉയരമുള്ള ചാരയന്ത്രമനുഷ്യർ പാഞ്ഞ് തൊട്ടടുത്ത് വന്നുനിന്നു. പുറകെ റിമോട്ട്കൺട്രോളുമായി അവളും.
“മോഷണം നടത്താനാണോ ഇങ്ങോട്ടു വന്നത്? നിങ്ങൾക്കൊരു സഹായം ചെയ്തത് വലിയ പുലിവാലായല്ലോ. ഇക്കാലത്ത് ആരെയും സഹായിക്കാനോ വിശ്വസിക്കാനോ പാടില്ല.”
മുറി തരപ്പെടുത്തിതന്നത് അങ്ങോട്ട് ആവശ്യപ്പെടാതെ നീട്ടിയ സഹായമാണ്. അതുകൊണ്ടുതന്നെ അവളുടെ പ്രതികരണം തളർത്തി. എന്തായാലും ഇവിടെ നിന്നും ഉടൻ മടങ്ങണമെന്ന തീരുമാനമെടുത്തു എടുക്കാൻ യാതൊന്നും ഇല്ലാത്തതിനാൽ തിടുക്കത്തിൽ മുറിപൂട്ടി വെളിയിലിറങ്ങി. കൊടുക്കാനുള്ള തുകയ്ക്കായും യാത്രപറയാനായും പെൺകുട്ടിയെ അന്വേഷിച്ചുവെങ്കിലും എവിടെയും കണ്ടില്ല. അവളുടെ ഭർത്താവ് മുറ്റത്ത് നിൽപ്പുണ്ട്. പുതുമോടിയാണെന്ന് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി മനസ്സിലാക്കിയിരുന്നു.
“താക്കോലും ഒരു ദിവസത്തെ വാടകയും ഉണ്ട്.”
ചെറുപ്പക്കാരൻ അതു് വാങ്ങി വീടിനുള്ളിലേക്ക് നീങ്ങി. അതേ നിമിഷം എവിടെനിന്നോ ശരവേഗത്തിൽ അവളെത്തി.
“മുറിയുടെ താക്കോൽ എന്നെ ഏൽപ്പിക്കണമെന്നല്ലേ പറഞ്ഞിരുന്നത്. വശീകരിക്കാൻ ഇറങ്ങിയിരിക്കുന്നു.”
ഞെട്ടി ഒന്നല്ല പലതവണ. രാവിലെ എഴുന്നേറ്റ് കണ്ണുതിരുമ്മി ഏറെനേരം ആലോചനയിലാണ്ടു. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പെൺകുട്ടിയുടെ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു. പിന്നെയാ വൃദ്ധനായ തയ്യൽക്കാരന്റെയും. ഗൂഗിളിൽ തിരഞ്ഞ് നടൻ്റെ പേര് കണ്ടെത്താൻ ശ്രമം നടത്തി. എല്ലാം വിഫലമായി.
“സ്വപ്നങ്ങള് സ്വപ്നങ്ങളേ നിങ്ങള്
സ്വര്ഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയില് ഇല്ലായിരുന്നെങ്കില്
നിശ്ചലം ശൂന്യമീ ലോകം..”
പശ്ചാത്തലവുമായി ബന്ധമില്ലെങ്കിലും വയലാറിന്റെ വരികളാണ് ഓർമ്മവന്നത്. പ്രഭാതഭക്ഷണത്തിനായി
ഗോതമ്പ് കുഴയ്ക്കുമ്പോൾ,
പരത്തുമ്പോൾ, ചുടുമ്പോൾ, കറി ഉണ്ടാക്കുമ്പോൾ ഒക്കെ കഴിഞ്ഞ നിശയിലെ ഏകാന്തസഞ്ചാരം വിടാതെ പിന്തുടർന്നു. ഇതൊക്കെ തലച്ചോർ എങ്ങനെ കാണിക്കുന്നുവെന്ന അമ്പരപ്പിനിയും വിട്ടുമാറിയിട്ടില്ല.
✏️✍️📖✍️📖✍️📖✍️📖✍️📖✍️🖊️
സാറാ വർഗ്ഗീസ്.
ചിത്രത്തിന് കടപ്പാട് ഗൂഗിൾ
adobe.com