കുറേയധികം നാളുകൾക്കു ശേഷം ജീവിതത്തിൽ അസ്വസ്ഥതകൾ വീണ്ടും തല പൊക്കി തുടങ്ങിയ വർഷമാണ് 2020. വളരെ ശാന്തമായി, അച്ചടക്കത്തോടു കൂടി ഒഴുകുന്ന പുഴയിലേക്ക് മല വെള്ളം പാഞ്ഞിറങ്ങിയാൽ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കുറച്ചധികം മാസങ്ങൾ എടുക്കില്ലേ? അതിനൊപ്പം തുടർച്ചയായ ഉരുൾ പൊട്ടലുകൾ കൂടി വന്നാലോ? ഇത്രേം നാൾ നെയ്തുണ്ടാക്കിയതത്രേം അടിവേര് തോണ്ടി ഒഴുകി പോകും. അങ്ങനെ കടന്നു പോയ കുറച്ചു വർഷങ്ങൾ ഇന്ന് ഞങ്ങളെ നോക്കി പല്ലിളിക്കുന്നുണ്ട്.
ആദ്യത്തെ അനുഭവത്തിലേക്ക് വരാം.
കോവിഡ് തുടങ്ങി കുറച്ചു മുന്നോട്ട് വന്ന സമയമാണ്. അവിടേം ഇവിടെയുമൊക്കെയായി ചേട്ടൻ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യ സമയത്ത് വീട്ടിലേക്കു കക്ഷി വന്നേ ഇല്ല. അങ്ങനെ ഇരിക്കെ, 2020 ആദ്യത്തിൽ അമ്മച്ചിയുടെ ഒരു ആങ്ങളക്ക് ( മാമച്ചിക്ക് ) ശക്തമായ പുറം വേദനയും ഗ്യാസും തുടങ്ങി. മാമച്ചി ഡ്രൈവർ ആണ്. കുറേ നാളുകളായി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ട്. ’20 വർഷങ്ങൾക്കു മുമ്പ് എപ്പോഴോ ഒരു ആക്സിഡന്റ് സംഭവിച്ചതുമായി ബന്ധപ്പെട്ടു ദേഹത്ത് കുറേ ചതവുകൾ ഉണ്ടായിട്ടുണ്ട്. അന്നു മുതലാണ് ഈ പ്രശ്നങ്ങൾ ഒക്കെ’ എന്നു പറഞ്ഞു ഡോക്ടറെ കാണിക്കാൻ പറയുമ്പോൾ കക്ഷി രക്ഷപ്പെടും. വേദന ശക്തമായ സമയത്ത് കോട്ടയം മെഡിക്കൽ കോളേജിലെ മാത്രമല്ല, കേരളത്തിലെ തന്നെ പ്രശസ്ത കാർഡിയോളജിസ്റ് ആയ ഡോ. ജയകുമാർ സാറിനെ കൺസൾട്ട് ചെയ്യാൻ മാമച്ചിയും ഭാര്യയും പോയി. ആദ്യം ഇ. സി. ജി, എക്സ് റേ, ബ്ലഡ് ടെസ്റ്റുകൾ, ശേഷം സി. എസ്. ടി. (കാർഡിയാക് സ്ട്രെസ്സ് ടെസ്റ്റ് അല്ലെങ്കിൽ ട്രഡ് മിൽ ടെസ്റ്റ് – ഒരുതരത്തിൽ നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത അളക്കുന്നതിനുള്ള ടെസ്റ്റ് ആണെന്ന് പറയാം ). എല്ലാ ടെസ്റ്റിനും ശേഷം ഹൃദയത്തിൻ കാര്യമായി എന്തോ തകരാറ് ഉണ്ടെന്നു ബോധ്യപ്പെട്ടു. വീണ്ടും ഡോക്ടറെ കൺസൾട്ട് ചെയ്യുന്നു. “ആൻജിയോഗ്രാം പോരാ. നമുക്ക് ആൻജിയോ പ്ലാസ്റ്റി വേണ്ടി വരും” എന്നു പറഞ്ഞു ഡോക്ടർ ഒരു ഡേറ്റ് തന്നു, കൃത്യമായി ഫോളോ ചെയ്യേണ്ട ഭക്ഷണ ക്രമങ്ങളും നിർദേശിച്ചു പറഞ്ഞു വിട്ടു.
അങ്ങനെ പറഞ്ഞ ഡേറ്റിൽ അവർ ആൻജിയോപ്ലാസ്റ്റിക്ക് റെഡി ആയി ആശുപത്രിയിൽ പോകുന്നു. ആ സമയത്ത് കോവിഡ് വ്യാപിച്ചു തുടങ്ങിയിരുന്നു. കോവിഡ് സമയത്ത് മെഡിക്കൽ കോളേജിന്റെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ! ആശുപത്രിയിൽ ചെന്ന് ആൻജിയോപ്ലസ്റ്റി ചെയ്യുന്ന വഴി ഡോക്ടർ ബൈസ്റ്റാൻഡറെ റൂമിലേക്ക് വിളിപ്പിക്കുന്നു. (കൂട്ടു കുടുംബമായതു കൊണ്ടും കൂടെപ്പിറപ്പുകൾ തമ്മിൽ നല്ല സഹകരണം ഉള്ളതു കൊണ്ടും എന്താവശ്യത്തിനും കൂടെ ഒരു വണ്ടി ആളുകൾ ഉണ്ടാകും. അതൊരു വലിയ അനുഗ്രഹമാണെന്ന് നന്നായി മനസ്സിലാക്കണമെങ്കിൽ നമുക്കെല്ലാവർക്കും ആരോഗ്യം കൊണ്ടുള്ള പരീക്ഷണങ്ങൾ ജീവിതത്തിൽ ഉണ്ടാകണം. അല്ലാത്തവരെ സംബന്ധിച്ചു എന്ത് വന്നാലും/ അല്ലെങ്കിൽ എവിടെ പോയാലും ഒരു ലോറി ആളുകൾ കൂടെ ഉണ്ടാകും എന്ന കമന്റ് ആയിരിക്കും ആദ്യം മനസ്സിൽ വരിക. )
അങ്ങനെ ദിലീപിന്റെ ബൈസ്റ്റാൻഡർ ഡോക്ടറുടെ റൂമിലേക്ക് കയറി ചെന്നു. ഡോക്ടർ പറഞ്ഞു തുടങ്ങി ” രോഗിയുടെ ഹൃദയത്തിൽ 5 ബ്ലോക്കുകൾ ഉണ്ട്. അതിൽ രണ്ടെണ്ണം അല്പം വലുതാണ്. ആൻജിയോപ്ലാസ്റ്റി ചെയ്താൽ ബ്ലോക്കുകൾ പൂർണ്ണമായി മാറ്റാൻ കഴിയില്ല. അത് മാത്രമല്ല ഇത്തരം ബ്ലോക്കുകൾ വീണ്ടും ഉണ്ടാകാൻ ഉള്ള സാദ്ധ്യതകൾ കൂടുതലാണ്. അത്കൊണ്ട് നമുക്ക് ബൈപാസ് സർജറി തന്നെ വേണ്ടി വരും. ദിലീപിനിപ്പോൾ.”
ഓ. പി. ടിക്കറ്റിലേക്ക് നോക്കി ഡോക്ടർ പറയുന്നു ” 47 വയസ്സായി. ഈ പ്രായത്തിൽ നമുക്ക് കയ്യോടെ ബൈപാസ് ചെയ്തു ബ്ലോക്കുകൾ മാറ്റുന്നതാണ് എന്തുകൊണ്ടും ഉചിതം. അത്കൊണ്ട് അതിലേക്ക് നമുക്ക് കടക്കാം. “
പറയുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധൻമാരിലൊരാളായ ഡോക്ടറാണ്. കൂടെ ഉണ്ടായിരുന്ന ഭാര്യ എല്ലാം കേട്ടു കൊണ്ടിരുന്നു. കക്ഷിക്ക് അതിനെക്കുറിച്ചു വലിയ ധാരണ ഒന്നും ഇല്ല. റൂമിൽ നിന്നും പുറത്തിറങ്ങി മറ്റുള്ളവരോട് കാര്യം പറഞ്ഞു. മുമ്പോട്ട് പോകാൻ തീരുമാനിച്ചു, ഡോക്ടറുടെ നിർദേശങ്ങളും കേട്ട് അവർ വീട്ടിലേക്ക് തിരിച്ചു പോന്നു.
കോവിഡ് കണ്ടമാനം വ്യാപിച്ചു തുടങ്ങിയിരുന്നു. നമുക്ക് പറഞ്ഞ ഡേറ്റുകൾ പലതും മാറിക്കൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം മെഡിക്കൽ കോളേജിൽ നിന്നും അഡ്മിറ്റ് ആകാൻ വിളി വന്നു. എല്ലാ തയ്യാറെടുപ്പുകളോടും കൂടി 23 /08/ 2020 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ബൈപാസ് സർജറിക്ക് മാമച്ചി അഡ്മിറ്റ് ആയി.
എല്ലാവരും ആകെ ടെൻഷനിൽ ആണ്. എത്രയാണെകിലും ഭയം ഉണ്ടാകാതിരിക്കില്ലലോ! നെഞ്ച് തുറന്നുള്ള സർജറി. ഹൈ റിസ്ക്. അത് മാത്രമല്ല കുടുംബത്തിൽ മിക്കവർക്കും കാർഡിയാക് പ്രശ്നങ്ങൾ പാരമ്പര്യമായിട്ടുണ്ട്. ഭാര്യയും പെങ്ങളും കൂടെ ഉണ്ട്. പുറത്ത് അനിയനുമുണ്ട്. ബ്ലഡ് കൊടുക്കാൻ ഉള്ള ആളുകളും എല്ലാ റിപ്പോർട്ടുകളും റെഡി ആണ്. അടുത്ത ദിവസം രാവിലെ സർജറി. ഭർത്താവ് ഉച്ചക്ക് തന്നെ എത്തിയിട്ടുണ്ട്. അങ്ങനെ എല്ലാം റെഡി ആക്കി ഞങ്ങൾ എല്ലാവരും രാവിലെ തന്നെ എത്തിച്ചേരാം എന്നു പറഞ്ഞു വൈകീട്ട് തിരിച്ചു പൊന്നു.
ഡോക്ടറുടെ നിർദേശ പ്രകാരം രാവിലെ കുളിച്ചൊരുങ്ങി സർജറി ടേബിളിലേക്ക്. പുറത്തു നിൽക്കുന്ന നമുക്ക് ഒന്നിനെക്കുറിച്ചും അറിയില്ല. ഒരുദിവസം തന്നെ പലർക്കും സർജറി നടക്കുന്നുണ്ട്. പുറത്തു നോമ്പും ദുആയുമായി എല്ലാവരും കാത്തിരിക്കുന്നു.
ഉച്ച ആയി. ഒന്നും അറിയുന്നില്ല. സമയങ്ങൾ കടന്നു പോകുന്നു. വൈകീട്ട് ഡോക്ടർ പെട്ടെന്നു ബൈസ്റ്റാൻഡറെ വിളിപ്പിച്ചു. ഞങ്ങൾ ചെന്നു. “ദിലീപിനു ക്രിട്ടിക്കൽ ആണ്. ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. പ്രതീക്ഷിക്കേണ്ട. എന്തായാലും നിങ്ങൾ നന്നായി പ്രാർത്ഥിക്കൂ. ” ഇത്രേം പറഞ്ഞു ഡോക്ടർ കടന്നു പോയി. അവിടം മുതൽ കഥ മാറി.
എന്താണ് പ്രശ്നമെന്നോ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നോ ഒന്നും ഒരു അറിവുമില്ല. അന്നത്തെ സാഹചര്യത്തിൽ ഡോക്ടറെ കാണാനും പറ്റില്ല. കൂടുതൽ വ്യക്തമായി ഡോക്ടർ ഒന്നും പറയുന്നുമില്ല. എല്ലാവരും പുറത്തു കാത്തുനിൽക്കുകയാണ്. ഞാനും മറ്റൊരാളും അകത്തേക്ക് ചെന്ന് ‘ഡോക്ടറെ കാണാൻ പറ്റുമോ’ എന്നു ഒരു സിസ്റ്ററോടു ചോദിച്ചു. ‘ഇപ്പോൾ പറ്റില്ല. സർ ഇവിടില്ല. അസിസ്റ്റന്റിനെ കാണാം’ എന്നു മറുപടി. ഞങ്ങൾ അവിടെ കാത്തിരുന്നു.
അവസാനം ഡോക്ടറുടെ ടേബിളിലേക്ക് ഞങ്ങൾ എത്തി. ഡോക്ടർ പറഞ്ഞു തുടങ്ങുന്നു. ” ദിലീപിനു സർജറി തുടങ്ങുമ്പോൾ എല്ലാം നോർമൽ ആയിരുന്നു. പക്ഷേ, സർജറി പകുതി എത്തിയപ്പോൾ ബി. പി. ലോ ആകാൻ തുടങ്ങി. സർജറി സർ കംപ്ലീറ്റ് ചെയ്തു. പക്ഷേ, ശരീരം വീണ്ടും തുന്നി കെട്ടാൻ കഴിഞ്ഞിട്ടില്ല. ബി. പി. കുറഞ്ഞു കുറഞ്ഞു പോയി. അത്കൊണ്ട് ബോഡി പാരലൈസ് ചെയ്തു വെന്റിലേറ്റ് ചെയ്തു കിടത്തിയിരിക്കുകയാണ്. കുറച്ചെങ്കിലും ബി. പി. സ്റ്റേബിൾ ആയാൽ ബോഡി സ്റ്റിച് ചെയ്യും. സാറും വെയിറ്റ് ചെയ്യുകയാണ്. നിങ്ങൾ നന്നായി പ്രാർത്ഥിക്കൂ. “
തകർന്ന മനസ്സോടെ ആണ് ഇത് ഞങ്ങൾ കേട്ടോണ്ടിരുന്നത്. ബൈപാസ് ചെയ്യാൻ തുറന്ന ശരീരം തുന്നി ചേർക്കാതെ വെന്റിലേറ്റ് ചെയ്യുകയോ? ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം കേൾക്കുന്നത്. അങ്ങനെ തുറന്നിരുന്നാൽ എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടാകുമോ? ഇനി പഴയ പോലെ ജീവിതത്തിലേക്ക് തിരിച്ചു വരുമോ? ഏറ്റവും വലിയ സർജറി ബൈപാസ് ആണെന്ന് കേട്ടിട്ടുണ്ട്. നമ്മുടെ നെഞ്ചിൻകൂട് (sternum) പൊട്ടിച്ചാണ് അത് ചെയ്യുന്നതെന്നും അറിയാം. അങ്ങനെ ഒരു അവസ്ഥയിൽ ഇനി എങ്ങനെ മുമ്പോട്ട് എന്ന ചിന്ത വല്ലാതെ ഭയപ്പെടുത്തി.
ഡോക്ടറുടെ അടുത്തു നിന്നും തിരിച്ചിറങ്ങി വളരെ പ്രിയപ്പെട്ട മറ്റൊരാളെ വിളിച്ചു കാര്യം പറഞ്ഞു. ഭാര്യയെ ഇപ്പോൾ അറിയിക്കേണ്ട എന്നും തീരുമാനിച്ചു. ഫൈസലിക്കയോടും സനൂപിനോടും കാര്യങ്ങൾ പറഞ്ഞു. കുടുംബത്തിൽ എല്ലാവരും ചേർന്ന് അടുത്ത ദിവസം നോമ്പ് എടുക്കാൻ നീയത്ത് വെച്ചു. ( ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രാർത്ഥനകളിൽ ഒന്ന് കുടുംബത്തിൽ എല്ലാവരും ചേർന്നുള്ള നോമ്പും ഒരു ലക്ഷം ദിക്റും സ്വലാത്തും. ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അത് തുടരാറാണ് പതിവ്. അതിന്റെ റിസൾട്ട് ഒന്നിലേൽ ഹൈറ് അല്ലെങ്കിൽ… )
അങ്ങനെ മണിക്കൂറുകൾക്ക് മാസങ്ങളുടെ ദൈർഘ്യം. സമയം കടന്നു പോകുന്നില്ല. ആരും ഒന്നും പറയുന്നുമില്ല. കഴിയുന്നത്ര ബന്ധങ്ങൾ ഉപയോഗിച്ചു നിലവിലെ അവസ്ഥ അറിയാൻ ശ്രമിക്കുന്നുണ്ട്. പല ബന്ധുക്കളും, സുഹൃത്തുക്കളും, വിദ്യാർത്ഥികളും മെഡിക്കൽ കോളേജിൽ പല ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്നുണ്ട്. വാപ്പിച്ചിക്കും ഉമ്മച്ചിക്കും കാർഡിയോളജി, നഫ്റോളജി വിഭാഗങ്ങളിലെ മിക്ക ഡോക്ടർമാരും സ്റ്റാഫുകളുമായി അടുത്ത സൗഹൃദവുമുണ്ട്. എല്ലാവരും പല വഴിയിൽ അന്വേഷണം നടത്തുന്നു. പലരും പല തരത്തിൽ വിവരങ്ങൾ പറയുന്നുണ്ട്. എല്ലാത്തിലും പൊതുവായ കാര്യം കിട്ടുന്ന ഒരു റിപ്പോർട്ടും ശുഭകരമല്ല എന്നതാണ്.
അങ്ങനെ എല്ലാവരും കാത്തിരിക്കുന്നു. രാത്രി ആയിട്ടും വേറെ ഒരു അപ്ഡേറ്റും ഇല്ല. വെളിയിൽ ഇളയ അമ്മാവൻ കാത്തിരിക്കുന്നുണ്ട്. ഭാര്യയും പെങ്ങളും ഓപ്പറേഷൻ തിയേറ്ററിനു മുമ്പിൽ ഉണ്ട്. കൊറോണയുടെ സമയം ആണ്. കൊറോണ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഹോസ്പിറ്റലിൽ കയറാൻ പറ്റൂ. ബൈസ്റ്റാൻഡേഴ്സ് മാറാൻ പാടില്ല. വേറെ ആർക്കും പ്രവേശനവുമില്ല. നിൽക്കുന്നവർ പുറത്തേക്ക് പോകണോ മറ്റുള്ളവരുമായി സഹകരിക്കാനോ പാടില്ല. അങ്ങനെ മൊത്തത്തിൽ പ്രതിസന്ധികൾ ആണ്.
ഞാനും ഫൈസൽ ഇക്കയും പുറത്തു കാറിൽ ഉണ്ട്. എന്തും ഇപ്പോൾ വേണമെങ്കിലും സംഭവിക്കാം. വീട്ടിലുള്ളവർ മൊത്തം കരച്ചിലും നിലവിളിയുമാണ്. കൂട്ടുകുടുംബമാണ്. എല്ലാവരും അടുത്തടുത്ത വീടുകളിൽ ആണ് താമസം. ഒരു വീട്ടിൽ എന്തെങ്കിലും ഉണ്ടാക്കിയാൽ അടുത്ത 2 വീടുകളിലേക്കും ഞങ്ങളുടെ വീട്ടിലേക്കും പങ്ക് എത്തിക്കാതെ കഴിച്ചു പോലും ശീലമില്ല. അങ്ങനെ ഉള്ള സാഹചര്യത്തിൽ എങ്ങനെ ഇത്തരം ഒരു കാര്യം കൈകാര്യം ചെയ്യണമെന്ന് ഒരു ധാരണയുമില്ല.
കാത്തിരിപ്പ് തുടരുന്നു.
പിറ്റേന്ന് നേരം വെളുത്തു. ഒന്നും സംഭവിച്ചില്ല. മണിക്കൂറുകൾ ഇടവിട്ട് എന്തൊക്കെയോ ടെസ്റ്റുകൾക്ക് ചിലപ്പോ ബ്ലഡ് ലാബിലേക്ക് തന്നു വിടും. അല്ലെങ്കിൽ എന്തെങ്കിലും മെഡിസിൻ. ചിലപ്പോ മറ്റെന്തെങ്കിലും വാങ്ങാൻ. അങ്ങനെ മാത്രമാണ് കമ്മ്യൂണിക്കേഷൻ. അല്ലാതെ മറ്റു ചിലവുകൾ ഒന്നും തന്നെ ഇല്ല.
അന്നു വൈകീട്ട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. “എടി, മരിച്ചെന്നാണ് കേൾക്കുന്നത്. ശരീരം തളർത്തി വെന്റിലേറ്റ് ചെയ്തേക്കുകയാണ്. അകത്തെ വെന്റിലേറ്ററിൽ വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിക്കുകയാണ്. ആർക്കും പ്രതീക്ഷ ഇല്ല. ഇത് വരെ സ്റ്റിച്ച് ചെയ്തിട്ടുമില്ല. ” ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥ.
സമയം നേരത്തോട് നേരം കഴിഞ്ഞു. നമുക്ക് അറിയാൻ വയ്യാത്ത മേഖല ആണ്. എന്നാലും തുറന്ന ശരീരം അടക്കാതെ ഇങ്ങനെ എത്ര നാൾ വെക്കാൻ കഴിയും എന്ന ചിന്ത വല്ലാതെ പേടിപ്പിച്ചു. ഡോക്ടർമാർ ഒന്നും വ്യക്തമായി പറയുന്നുമില്ല. “ഒന്നും പറയാറായിട്ടില്ല. പ്രാർത്ഥിക്കാൻ” മാത്രം പറഞ്ഞു കടന്നു പോകുന്നു.
ഈ രണ്ടു ദിവസത്തിനിടയിൽ മെഡിക്കൽ കോളേജിൽ കുറേ മരണങ്ങൾ നടന്നു. അതും നമ്മളെ വല്ലാതെ ഭയപ്പെടുത്തി. രണ്ടാഴ്ച മുമ്പ് ബൈപാസ് കഴിഞ്ഞവരും, കൊറോണ വന്നവരുമൊക്കെ അതിൽ ഉൾപെടും. അവർക്കൊന്നും ഇത്തരത്തിലെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുമില്ല. നോമ്പ്, ദിക്ർ, ദുആഹ്. ഇതിൽ മാത്രം എല്ലാവരും വിശ്വസിച്ചു.
മൂന്നാം ദിവസമായി. ഒച്ചിഴയുന്ന പോലെ സമയം പോകുന്നു. ജയകുമാർ സാറിനെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. അസിസ്റ്റന്റ്സിനെ ആണ് കാണുന്നത്. അവർ ആണെങ്കിൽ എന്നെ കാണുമ്പോ തന്നെ ” ക്രിട്ടിക്കൽ സ്റ്റേജ് ആണ്. ഒന്നും പറയാറായിട്ടില്ല” എന്നു പറഞ്ഞു കടന്നു പോകും.
മൊത്തം പ്രതിസന്ധികൾ ആണ്. നല്ലതാണോ ചീത്ത ആണോ എന്നു നമുക്ക് അറിയില്ലലോ! അങ്ങനെ നാലാം ദിവസമായി. ഉണ്ണാതേം ഉറങ്ങാതേം കാത്തിരിപ്പ് തുടരുന്നു. ഇതുവരേം നെഞ്ചിൻകൂട് തുന്നിയിട്ടില്ല. ആലോചിക്കുമ്പോ തന്നെ ഉള്ളിൽ വല്ലാത്ത ആളൽ. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ്. അത് കൃത്യമായി അറിയാവുന്നത് കൊണ്ട് ഭർത്താവ് മുഴുവൻ സമയവും കൂടെ തന്നെ ഉണ്ട്. ഇന്നും ഒന്നും നടന്നില്ലെങ്കിൽ നാളെ ഞാൻ എങ്ങനെ എങ്കിലും ജയകുമാർ സാറിനെ കാണുമെന്നു ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞു ഹോസ്പിറ്റലിൽ വന്നു കാത്തിരിക്കുകയാണ്. ഇടക്ക് ഡയാലിസിസിന് പോയ വാപ്പിച്ചിക്ക് പ്രഷർ കൂടി അതിന്റെ ടെൻഷൻ. പുള്ളി അവിടെ അഡ്മിറ്റ്. അന്നാണെങ്കിൽ അതി ശക്തമായ മഴ. വൈകുന്നേരം വാപ്പിച്ചി വിളിച്ചു എന്നോട് പറഞ്ഞു. “മോനേ, അവിടുത്തെ ഏതോ ഒരു ഡോക്ടർ ( പേരിപ്പോൾ ഓർക്കുന്നില്ല ) പറഞ്ഞു ജയകുമാർ സർ ഇന്ന് ദിലീപിനു സ്റ്റിച്ചിടും എന്ന്. സന്ധ്യക്ക് സർ വരും. “. വാപ്പിച്ചി വല്ല സ്വപ്നവും കണ്ടതാവും എന്നോർത്തു കൂടുതൽ സംസാരിക്കാതെ ‘ശരി വാപ്പി. വാപ്പി ഇപ്പൊ ഒന്നും ആലോചിക്കേണ്ട. റസ്റ്റ് എടുത്തോ. ‘ എന്നു പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
നാലാം ദിവസം വൈകീട്ട് അത് സംഭവിച്ചു. ജയകുമാർ സർ തീയേറ്ററിൽ എത്തി നെഞ്ചിൻ കൂട് സ്റ്റിച്ച് ചെയ്തു. ബാക്കി വിവരങ്ങൾ ഒന്നും നമുക്ക് വ്യക്തമായി അറിയില്ല. പുറത്തു നിന്ന ബൈസ്റ്റാൻഡേഴ്സിനെ വിളിച്ചു പറഞ്ഞു.
“ഇപ്പോഴും ഒന്നും പറയാറയിട്ടില്ല. എന്നാലും സ്റ്റിച്ച് ചെയ്യാൻ കഴിഞ്ഞു. നമുക്ക് കാത്തിരിക്കാം. “
ഒന്നും പറയറായിട്ടില്ലെങ്കിലും അതൊരു വലിയ ആശ്വാസമായിരുന്നു. എന്തോ ഒരു പ്രതീക്ഷ കടന്നു വന്നു.
പിറ്റേന്ന് വൈകീട്ട് നേഴ്സ് പുറത്തേക്ക് വന്നു ദിലീപിന്റെ ബൈസ്റ്റാൻഡേഴ്സിനെ തിരക്കി. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ “അപ്പച്ചന് കുടിക്കാൻ മധുരം കുറഞ്ഞ ഒരു ചായ വാങ്ങി കൊണ്ട് വരണം” എന്നു പറഞ്ഞു. ‘വേറെ എന്തെങ്കിലും വേണോ?’ എന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഒന്നുംവേണ്ട. സാധാരണ ബണ്ണും ചായയുമാണ് കൊടുക്കുന്നത്. അപ്പച്ചൻ ഇത്രേം ക്രിട്ടിക്കൽ സ്റ്റേജിൽ കൂടി കടന്നു പോയത് കൊണ്ട് ഒരു പകുതി ചായ കൊടുത്തു നോക്കാം” എന്നു പറഞ്ഞു കടന്നു പോയി.
ഞാൻ വേഗം രണ്ടു ചായ വാങ്ങി കൊണ്ട് വന്നു സിസ്റ്ററെ ഏല്പിച്ചു. സിസ്റ്റർ എനിക്കിട്ടു നോക്കിയപ്പോൾ “സർജറിയുടെ തലേന്ന് വല്ലോം കഴിച്ചതല്ലേ. മാമച്ചിക്ക് നന്നായി ദാഹിക്കുന്നുണ്ടാവും. കുടിക്കുവാണെങ്കിൽ കുടിക്കട്ടെ എന്നോർത്തു വാങ്ങിയതാണ്” എന്നു പറഞ്ഞു. അവർ അകത്തേക്ക് കടന്നു പോയി. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഗ്ലാസും ഫ്ലാസ്കുമായി കടന്നു വന്നു പറഞ്ഞു ” അപ്പച്ചനു ഭയങ്കര ദാഹമായിരുന്നു. അത് മുഴുവൻ പരവേശത്തിൽ കുടിച്ചു. “
‘എനിക്കത് നന്നായി അറിയാം’ എന്നു പറഞ്ഞപ്പോൾ സത്യത്തിൽ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകൾ ആണ്.
മെഡിക്കൽ കോളേജിൽ സർജറി കഴിഞ്ഞ രോഗികളെ സിസ്റ്റർമാർ വീഡിയോ കാൾ വിളിച്ചു ബൈസ്റ്റാൻഡേഴ്സിനെ കാണിക്കാറുണ്ട് ( കൊറോണ സമയത്തെ പതിവാണോ അതോ ഇന്നും അങ്ങനെ ആണോ എന്നു അറിയില്ല). അങ്ങനെ അന്നു വൈകീട്ട് ദിലീപിനേം കാണിച്ചു. മൂക്കിൽ ട്യൂബ്. വായിൽ വലിയ കുഴൽ, ദേഹം മുഴുവൻ മൂടി ഇരിക്കുന്നു. മുഖത്തിന്റെ കുറച്ചു ഭാഗം മാത്രം കാണാം. കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നു. തല ആട്ടി എന്തൊക്കെയോ സംസാരിക്കാൻ കക്ഷി ശ്രമിക്കുന്നുണ്ട്. പക്ഷേ, ഒന്നിനും കഴിയുന്നില്ല. സർജറിക്ക് തലേന്ന് വണ്ടി ഓടിച്ചു പോയ ആളാണ് ഈ കിടപ്പ് കിടക്കുന്നതെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല.
പിറ്റേന്ന് എപ്പോഴോ ഡ്യൂട്ടി സിസ്റ്റർ ദിലീപിനെ ആരെങ്കിലും രണ്ടു പേർക്കു കയറിക്കാണാൻ അനുവാദം ഉണ്ടെന്നു അറിയിച്ചു. ഭാര്യക്ക് പോകാൻ പേടി ആണ്. എന്തായാലും ഭാര്യയോട് കയറാൻ പറഞ്ഞു. കൂടെ ഞാനും കയറി. ഞങ്ങൾ അകത്തെ മുറിയിലേക്ക് കടന്നു ചെന്നു. ചെന്നു കണ്ടപ്പോ ഞാൻ വല്ലാതെ ഷോക്ക് ആയി പോയി. ആശുപത്രിയിലേക്ക് പോകുമ്പോ കണ്ട രൂപമായിരുന്നില്ല. ഒരു സാധാരണ വലിപ്പം മാത്രമുണ്ടായിരുന്ന വ്യക്തി ഒരു ബെഡ് മുഴുവൻ നിറഞ്ഞു കിടക്കുന്നു. മുഖമൊക്കെ വല്ലാതെ നീര് വെച്ചു, കഴുത്തൊക്കെ കുറുകി, ബോധമില്ലാത്ത സമയത്തു പല്ല് കടിച്ചു പിടിച്ചിട്ടാണെന്നു തോന്നുന്നു കീഴ്ചുണ്ടൊക്കെ പൊട്ടി, വല്ലാത്തൊരു കോലം. ഞങ്ങളെ കണ്ട പാടെ പൊട്ടി പൊട്ടി കരയുന്നു. എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു. പതിയെ അടുത്തു ചെന്നു കയ്യിൽ പിടിച്ചു, നെറ്റിയിൽ ഒരുമ്മ കൊടുത്തു പറഞ്ഞു “ഒരു കുഴപ്പവുമില്ല. എല്ലാം ok ആണ്. മാമച്ചി പേടിക്കേണ്ട. “. ദേഹത്തെ വെളുത്ത തുണി മാറ്റി നോക്കി. നെഞ്ചിൽ ഒരു വലിയ കെട്ടുണ്ട്. താഴെ കാലുകൾ പരിശോധിച്ചു. അവിടെ ഒരു പാടുകളും കാണുന്നില്ല. വീണ്ടും ഞെട്ടൽ. എന്താണ് സംഭവിച്ചതെന്നു അറിയില്ല. മാമിയോട് സംസാരിക്കാൻ പറഞ്ഞു ഞാൻ ഓടി ഡ്യൂട്ടി ഡോക്ടറെ കാണാൻ പോയി.
ഡ്യൂട്ടി ഡോക്ടർ ജയകുമാർ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. എന്റെ മുഖം കണ്ടിട്ടാവണം തമിഴ് കലർന്ന മലയാളത്തിൽ ഡോക്ടർ എന്നോട് ചോദിച്ചു. “ഇപ്പോഴും ടെൻഷൻ കഴിഞ്ഞില്ലേ? He is perfectly alright now. “
ഞാൻ ഡോക്ടറോട് പറഞ്ഞു. ” എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്. അത് ചോദിക്കാൻ വന്നതാണ്. “
ചിരിച്ചോണ്ട് ഡോക്ടർ ” നിങ്ങൾക്ക് എപ്പോഴാണ് സംശയങ്ങൾ ഇല്ലാത്തത്. അപ്പച്ചൻ ഇപ്പോ ok അല്ലേ. “
ഞാൻ അതേന്നു തലയാട്ടി.
Then?
“അന്നു ജയകുമാർ സർ പറഞ്ഞത് സർജറി ചെയുമ്പോൾ മിക്കവാറും തുടയിൽ നിന്നുമായിരിക്കും ഞരമ്പ് കട്ട് ചെയ്തു ഹാർട്ടിലേക്ക് വെക്കുന്നത് എന്നായിരുന്നു. അത് നോക്കി വെക്കുകയും ചെയ്തിരുന്നു. ഇന്നു ബോഡി നോക്കിയപ്പോൾ ഞരമ്പ് എടുത്തതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. അതാണ് ഞാൻ ഓടി വന്നത്. “
അത്രേം നേരം ഞാൻ അടുത്ത് നിന്നാണ് സംസാരിച്ചോണ്ടിരുന്നത്. ഡോക്ടർ ചെറിയൊരു ചിരിയോടു കൂടി ” നിങ്കൾ മെഡിക്കലാ?”
ഞാൻ. ” നോ സർ. (ഇതേ ചോദ്യം ഞാൻ അവിടെ പല തവണ കേട്ടിരുന്നു. )”
പിന്നെ എങ്ങനെ?
“ഞാൻ എല്ലാം പഠിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. “
നിങ്കൾ എന്ത് ചെയ്യുന്നു?
ഞാൻ ഇംഗ്ലീഷ് ഫാക്കൾട്ടി ആണ്.
വലിയൊരു പൊട്ടി ചിരിയോടു കൂടി
“സാധരണക്കാർക്കും ഇംഗ്ലീഷ്ക്കാർക്കും മനസ്സിലാകുന്ന സയൻസ് അല്ലല്ലോ ഇത്. അത്കൊണ്ട് ചോദിച്ചതാണ്. ടീച്ചർ എന്നതായാലും ഇരിക്ക്. I will tell in detail. “
ആ പൊട്ടിച്ചിരിയും കമന്റും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ ഇരുന്നു. ഡോക്ടർ പറഞ്ഞു തുടങ്ങി. ” ദിലീപ് സർജറി തുടങ്ങുമ്പോ വളരെ നോർമൽ ആയിരുന്നു. ഹൈപ്പോ ടെൻഷൻ ആയി ഇടക്ക്. സാറിനു ബ്ലോക്ക് റിമൂവ് ചെയ്യാൻ കഴിഞ്ഞു. പക്ഷേ, സ്റ്റിച്ച് ഇടാൻ കഴിഞ്ഞില്ല. അതായിരുന്നു പ്രശ്നം. “
“സർ ഞാൻ ചോദിച്ചത്. ? “
“Ok ok. I am coming to that point. “
Dileep is perfectly healthy. His medical report seems very normal. His heart veins are pakka pakka except the blocks. “
ഡ്രിങ്കിങ്, സ്മോക്കിങ് ഒന്നും ഇല്ലാത്തത് കൊണ്ട് വെയിൻസ് നല്ല ഹെൽത്തി ആയിരുന്നു. അത്കൊണ്ട് ബ്ലോക്കുകൾ മാറ്റി അവിടുത്തെ തന്നെ വേറെ നല്ല വെയിൻസ് കട്ട് ചെയ്തു ബ്ലഡ് ഫ്ലോ കൊടുത്തു.
ഊങ്കൾക്ക് വൺ തിങ് തെരിയുമാ. He did everything by himself. ദിലീപിന്റെ കാര്യത്തിൽ എല്ലാ റിസ്ക്കും ഏറ്റെടുത്ത് ചെയ്തത് ജയകുമാർ സർ ആണ്. സൊ, ഒന്നും നിങ്കൾ പേടിക്കേണ്ട. സമാധാനമായി ഇരുന്നോ. അപ്പച്ചന്റെ ഹൃദയത്തെക്കുറിച്ച് ഒരു 15 വർഷത്തേക്ക് പേടിക്കേണ്ട. എന്നാലും കൃത്യമായി ഫോളോ അപ്പ് നടത്തണം.
“ഓക്കേ സർ. താങ്ക് യു” എന്നു പറയുന്നതിനോടൊപ്പം “ദിലീപ് എന്റെ അപ്പച്ചൻ അല്ല. അമ്മാവൻ ആണ്. ദിലീപിന്റെ മക്കൾ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആണ് ” എന്നുകൂടി ഞാൻ കൂട്ടിച്ചേർത്തു.
അങ്ങനെ അതും കഴിഞ്ഞു. അന്നു വൈകുന്നേരം കുറച്ചു കഞ്ഞി കുടിച്ചു, യൂറിൻ പോയി, ബോഡി നോർമൽ ആയി തുടങ്ങി. പതിയെ വേദന തുടങ്ങി. വൈകീട്ട് ഭർത്താവിനോടും മകളോടും വിശേഷങ്ങൾ പറയുന്ന വഴി പറഞ്ഞു. “ലോകത്ത് നമുക്ക് സഹിക്കാൻ കഴിയാത്തത് ദാഹവും വിശപ്പുമൊക്കെ തന്നെ ആണ്. ഒരു ഗ്ലാസ് വെള്ളം കൊതിക്കുന്ന അവസ്ഥ വല്ലാത്തതാണ്. ഞാൻ അത് കണ്ടു. എന്നും ബിരിയാണി കഴിക്കുന്ന ആൾ ആണെങ്കിലും ഒരു ദിവസം പട്ടിണി കിടന്നാൽ അയാൾ വെള്ളം കൊതിച്ചു പോകും. 🙏”
ദിവസങ്ങൾ പതിയെ കടന്നു പോയി. കൊറോണ വർധിക്കുന്ന സമയമായതു കൊണ്ട് സെപ്റ്റംബർ 01 നു മെഡിക്കൽ കോളേജിൽ നിന്നും മാമച്ചിയെ ഡിസ്ചാർജ് ചെയ്തു. അന്നു ഡോക്ടർ കുറേ നിർദേശങ്ങൾ നൽകിയിരുന്നു. ” നല്ല വേദന ഉണ്ടാകും. പേടിക്കരുത്. എന്നും മുറിവ് ക്ലീൻ ചെയ്യണം, ശക്തമായി ചുമക്കരുത്. ചുമക്കുമ്പോഴും അനങ്ങുമ്പോഴും നെഞ്ചിനുള്ളിൽ എല്ലുകൾ തമ്മിൽ കൂട്ടി ഉരയുന്ന ശബ്ദം ഉണ്ടാകും. അത് പതിയയേ മാറൂ. ഭക്ഷണ ക്രമീകരണം നിർബന്ധമാണ്. കൊറോണ ഒരു കാരണവശാലും വരാതെ ശ്രദ്ധിക്കണം. ഇത്രേം റിസ്കി ആയ സർജറി ആയതു കൊണ്ട് തന്നെ കൊറോണ വന്നാൽ ബുദ്ധിമുട്ട് ആകും. സൊ, നന്നായി ശ്രദ്ധിക്കുക, മരുന്ന് കഴിക്കുക, മൂന്നു മാസം കംപ്ലീറ്റ് റസ്റ്റ് എടുക്കുക. “
എല്ലാവരും അടുത്തടുത്തു താമസിക്കുന്നതിനാൽ കൂടുതൽ സമ്പർക്കം ഒഴിവാക്കാൻ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് മാറിയത്. ഞാനും സഹോദരനായ ഷമീറും കൂടി ആണ് കാറിൽ നിന്നിറക്കി വീട്ടിലേക്ക് പതിയെ നടത്തിയത്. വീട്ടിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോ നെഞ്ചിനുള്ളിൽ എല്ലുകൾ ഉരയുന്ന ശബ്ദം കേട്ടപ്പോൾ ഉള്ളിൽ നല്ല പേടി തോന്നി. എങ്ങാനും കൈ വിട്ടു പോകുമോ എന്ന ഭയം. പുള്ളി ആണെങ്കിൽ വേദന കൊണ്ട് കരയുന്നുമുണ്ട്. പതിയെ ഒരു വിധത്തിൽ റൂമിൽ എത്തിച്ചു. അടുത്ത കുറച്ചു ദിവസങ്ങൾ കൂടുതൽ ദുഷ്കരമായിരുന്നു. വേദന വല്ലാതെ കൂടി തുടങ്ങി. അങ്ങേ അറ്റം സഹിക്കുന്ന ഒരാളാണ്. പക്ഷേ, സഹിക്കാൻ പറ്റാത്ത വേദന വന്നാൽ എന്ത് ചെയ്യാൻ കഴിയും? മുറിവ് ഉണങ്ങാൻ തുടങ്ങുമ്പോ സാധാരണ വേദന കൂടുകയാണ് പതിവ്. അങ്ങനെ വീട്ടിൽ കൊണ്ട് വന്നു അഞ്ചാമത്തെ ദിവസം ആയപ്പോൾ നിലവിളിച്ചുള്ള കരച്ചിൽ. അടുത്ത സുഹൃത്തിന്റെ പപ്പാ വഴി ‘ഡോക്ടറെ കാണാൻ സാധിക്കുമോ?’ എന്നു വിളിച്ചു ചോദിച്ചു. രോഗിയുടെ പേര് പറഞ്ഞപ്പോൾ തന്നെ ഡോക്ടർക്ക് മനസ്സിലായി. “അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് കാർഡിയോളജി ഡിപ്പാർട്മെന്റിന്റെ ലിഫ്റ്റിന്റെ അടുത്ത് വന്നാൽ മതി” എന്നു ഡോക്ടർ പറഞ്ഞു. ഞാനും ഒരു ബന്ധുവും പോയി കാത്തു നിന്നു. കുറച്ചധികം ഡോക്ടർസുമായി അദ്ദേഹം കടന്നു വന്നു. വാപ്പിച്ചിയും ഉമ്മച്ചിയും വീട്ടുകാരും പറഞ്ഞു മാത്രമേ എനിക്ക് അദ്ദേഹത്തെ അറിയൂ. ഞാൻ ആദ്യമായാണ് നേരിട്ട് കാണുന്നത്. വളരെ സൗമ്യനായ ഒരു വ്യക്തി. ഡോക്ടർ എല്ലാം കേട്ടു. “വേദന നല്ല പോലെ ഉണ്ടാകും. അത് മുറിവ് ഹീൽ ചെയ്യുന്നതിന്റെ ലക്ഷണം ആണ്. ഒരു രണ്ടാഴ്ച കൊണ്ട് എല്ലാം റെഡി ആകും. ഒന്നും പേടിക്കേണ്ട” എന്നു പറഞ്ഞു കടന്നു പോയി.
തിരിച്ചു വീട്ടിൽ വന്നു. പതിയെ ലൈഫ് പഴയ താളത്തിലേക്ക് വന്നു. നല്ല ഹെൽത്തി ഡയറ്റും ശ്രദ്ധയും കൊണ്ട് മാമച്ചി പഴയ ലൈഫിലേക്ക് തിരിച്ചു വന്നു. പതിയെ പതിയെ കുറച്ചു ദൂരം ദിവസവും നടക്കണം എന്നു ഡോക്ടർ നിർദേശിച്ചിരുന്നു. ആദ്യ രണ്ടാഴ്ച വീട്ടിനുള്ളിൽ. പതിയെ പതിയെ മാസ്ക് വെച്ചോണ്ട് രാവിലെ ( കോവിഡ് കാലമാണ്. തിരക്ക് കുറവുള്ള സമയം നോക്കി) കുറച്ചു നേരം നടന്നു തുടങ്ങി. ഒന്നര മാസം കഴിഞ്ഞപ്പോൾ എന്റെ മകളെ കാണാൻ രാവിലെ വീട്ടിലേക്ക് കയറി വന്നു. കയ്യിൽ എന്നും വരുമ്പോൾ കരുതുന്ന ഒരു സമ്മാനവുമുണ്ടായിരുന്നു. സത്യത്തിൽ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നു. അന്നു കൂടെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ചിലർ പിന്നീട് വിളിക്കുമ്പോൾ പറയുമായിരുന്നു “ഡോക്ടർ ജയകുമാർ സർ റഫറൻസ് ആയിട്ട് പലപ്പോഴും പറയുന്ന പേരാണ് ദിലീപ്. “
അതേ! സാറും മാമച്ചിയും ഇന്നും എനിക്ക് അത്ഭുതങ്ങൾ ആണ്. ❤️❤️🥰
PC : GOOGLE