എൻ്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു, “നോ. ”
” കബനീ…. ” എൻ്റെ ശബ്ദം നടുക്കവും വേദനയും കൊണ്ട് വിറയാർന്നിരുന്നു.
കാറ്റിലാടി മുഖത്തു വന്നു തൊടുന്ന നേർത്ത നീലജാലകത്തിരശ്ശീല വിരലുകളാൽ നീക്കിപ്പിടിച്ചുകൊണ്ട് കബനി എൻ്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവൾ വീണ്ടും പറഞ്ഞു, “ഇല്ല അരുൺ, എനിക്ക് വരാനാകില്ല നിൻ്റെയൊപ്പം. ”
കബനിയുടെ നിശ്ചയദാർഢ്യം നിറഞ്ഞ ശബ്ദത്തിൽ ഞാനതുവരെ കെട്ടിപ്പൊക്കിയ സ്വപ്നസൗധം ആടിയുലഞ്ഞു തകർന്നുവീണു. അവളെ ചേർത്തുപിടിച്ചുകൊണ്ട് തുടങ്ങുന്ന ഒരു പുതു ജീവിതമായിരുന്നു, വിദേശവാസത്തിൻ്റെ ഏകാന്തതയിലും എന്നെ പുനരുജ്ജീവിപ്പിച്ച സ്വപ്നത്തിൻ്റെ കാതൽ.
ചിന്തകളില്ലാതെ ശൂന്യമായ മനസ്സും ശിരസ്സുമായി തളർന്നിരിക്കുമ്പോൾ എനിക്കൊന്നും പ്രതികരിക്കാനായില്ല.
കട്ടിലിൽ ബെഡിന്നുമേലേ വിരിച്ചിട്ട കുഞ്ഞുകിടക്കയിൽ കിടന്ന് കൈകാലിട്ടടിച്ചു കളിക്കുന്ന കുഞ്ഞിൻ്റെ നെറ്റിയിൽ സ്നേഹപൂർവ്വം ചുണ്ടമർത്തി, കുഞ്ഞുകപോലങ്ങളെ തൊട്ടുഴുഞ്ഞുകൊണ്ട് കാറ്റിലാടുന്ന അളകങ്ങൾ മാടിയൊതുക്കി അവൾ പറഞ്ഞു, ”അരുൺ, ആറുമാസം മുൻപായിരുന്നു നീ വന്നു വിളിച്ചിരുന്നതെങ്കിൽ ഞാൻ നിനക്കൊപ്പം ഇറങ്ങി വരുമായിരുന്നു. കബനീ, നീ വരുന്നില്ലേ എന്ന ക്ഷണം കേൾക്കാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട് ഞാൻ . എനിക്കൊന്നും വേണ്ട, അച്ഛൻ കൂട്ടി വച്ച സ്വത്തും വീടും ഒന്നും, പക്ഷേ അച്ഛൻ്റെയും അമ്മയുടെയും അനുഗ്രഹം വേണം അരുണിനൊപ്പം പുതിയ ജീവിതം തുടങ്ങാനെന്ന് ഡിഗ്രി എക്സാം കഴിഞ്ഞ ദിവസം അച്ഛനോട് പറഞ്ഞതാണ് ഞാൻ. ജാതിയും മതവും കെട്ടിത്തിരിച്ച വേലിക്കെട്ടിനകത്ത് ജീവിച്ചു പഠിച്ച അച്ഛനുമമ്മയ്ക്കും അരുണിൻ്റെ മതത്തെയുൾക്കൊള്ളാൻ കഴിയില്ലെന്ന് മറ്റാരെക്കാളും എനിക്കറിയാമായിരുന്നു. പക്ഷേ, എനിക്ക് എല്ലാവരുടേയും സ്നേഹം വേണമായിരുന്നു. അരുണിനെ കൈവിടാനോ, അച്ഛൻ്റെ വാത്സല്യത്തെ വേണ്ടെന്നു വയ്ക്കാനോ ആകാതെ വെമ്പിയിട്ടുണ്ട്. സമൂഹത്തോട് എതിരിടാൻ കഴിയാത്ത അച്ഛൻ്റെ വ്യഥയെനിക്കറിയാമായിരുന്നു. എങ്കിലും വിങ്ങിപ്പൊട്ടുന്ന എന്നെ നെഞ്ചോടു ചേർത്തുപിടിച്ച അച്ഛൻ്റെ ഹൃദയതാളത്തിലുണ്ടായിരുന്നു മൗനസമ്മതം. അതുകൊണ്ട് അരുൺ തിരിച്ചെത്തുന്ന നാളിന്നായുള്ള കാത്തിരിപ്പു തുടർന്നു, പുതിയ ജീവിതത്തിന് മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയുണ്ടാക്കിയേ മടങ്ങൂ എന്നായിരുന്നല്ലോ പി ജി കഴിഞ്ഞ് വിദേശത്തു ചേക്കേറിയ അരുണിൻ്റെ തീരുമാനം.
നീണ്ട മൂന്നു വർഷങ്ങൾ ഓടിമറഞ്ഞു പോയി. അതിനിടക്ക് പ്രതീക്ഷിക്കാത്ത പലതും നടന്നു. നാൽപ്പത്തെട്ടുകാരിയായ അമ്മ വീണ്ടും അമ്മയാകാൻ തുടങ്ങുന്നുവെന്ന കാര്യം അത്ഭുതത്തോടെയാണ് കേട്ടത്. പെൻഷനാകുന്ന വർഷം അച്ഛനാകുന്നതിൻ്റെ ലജ്ജയായിരുന്നു അടുത്തയാൾക്ക്. ഇരുപത്തിരണ്ടുകാരിയായ മകൾ അതെങ്ങനെ ഉൾക്കൊള്ളുമെന്ന വേവലാതിയും അതിലേറെ നാണക്കേടുമായിരുന്നു അച്ഛനുമമ്മയ്ക്കും. ഒറ്റമകളായി ജീവിച്ചതുകൊണ്ട്, കൂട്ടുകാരുടെയെല്ലാം സഹോദരങ്ങളെക്കണ്ടും അവരുടെ സ്നേഹംകണ്ടും അസൂയപ്പെട്ടിട്ടുണ്ട് ഞാൻ. അതുകൊണ്ടുതന്നെ ഞങ്ങളുടെയിടയിലേയ്ക്ക് എത്തുന്ന കുഞ്ഞതിഥിയെ സ്വീകരിക്കാൻ ആവശമായിരുന്നു എനിക്ക്. അമ്മയുടെ ശുശ്രൂഷയേറ്റെടുത്തതും ഞാൻ തന്നെ.
ഒടുവിൽ ആകാംക്ഷാപൂർവ്വം കാത്തിരുന്ന ദിവസം വന്നുചേർന്നു. കബനിയെ കുഞ്ഞേച്ചിയെന്നു വിളിക്കാൻ കുഞ്ഞനിയത്തിയെത്തി. നിറയെ ചുരുൾ മുടിയുളള, വെളുത്തു തുടുത്ത സുന്ദരിവാവ. ഞാനവൾക്ക് ചേച്ചി മാത്രമല്ല, അമ്മയുമായി മാറുകയായിരുന്നു.
എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. വിഷുത്തലേന്ന് പുറത്തിറങ്ങിയ വർത്തമാനപ്പത്രത്തിൻ്റെ മുൻപേജിലുണ്ടായിരുന്നു അപകടവാർത്ത. ശിശുരോഗ വിദഗ്ദ്ധനെക്കണ്ട് ആശുപത്രിയിൽ നിന്ന് തിരിച്ചുള്ള യാത്രക്കിടയിൽ, തകർന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയി ജീവനറ്റ അച്ഛനുമമ്മയും. ഒരപകടവും പറ്റാതെ തെറിച്ചുവീണ കുഞ്ഞുവാവയെ ഏറ്റെടുക്കാൻ കൈ നീട്ടിയത് കോളേജിൽപ്പോയതുകൊണ്ടുമാത്രം അപകടത്തിൽപ്പെടാതെ പോയ ഈ ചേച്ചിക്കുട്ടിയായിരുന്നു, അപകടവിവരമറിഞ്ഞെങ്കിലും അത്തരം നടുക്കുന്ന സ്ഥിതിവിശേഷം സ്വപ്നത്തിൽ പോലുമില്ലാതിരുന്ന കബനി.
പ്രസവിച്ചിട്ടെല്ലെന്നേയുള്ളു, അന്നു മുതൽ ഞാനാണിവളുടെ അമ്മ, ജനിച്ചുവീണനാൾ മുതലുള്ള വളർത്തമ്മ. അവളുടെ ഹൃദയമിടിപ്പു പോലും എനിക്ക് കേൾക്കാതെയറിയാം. അവളുടെ വളർച്ച മാത്രമാണിന്നെൻ്റെ സ്വപ്നം. അതിനിടയിൽ ഞാൻ പ്രാണനുതുല്യം സ്നേഹിച്ച അരുണിനെ മറന്നു, അരുണിൻ്റെ വിളിയൊച്ചയ്ക്ക് കാതോർത്തിരുന്ന എന്നെ മറന്നു. ക്ഷമിക്കൂ അരുൺ.. നിസ്സഹായയാണ് ഞാൻ.”
ഞാനൊന്നും മറുപടി പറഞ്ഞില്ല. പതിയെ എഴുന്നേറ്റത് തിരിച്ചു പോകാനല്ലായിരുന്നു. ഞാനെൻ്റെ ഇരു കൈകളും നീട്ടി നെഞ്ചോടു ചേർത്തത് പുതിയ കബനിയെയായിരുന്നു, വലിയ സ്വപ്നങ്ങൾ നെഞ്ചിലേറ്റിയ കബനിയെന്ന അമ്മയെ.
” കബനീ, നിനക്ക് നല്ലൊരുഅമ്മയാകാനാകുമെങ്കിൽ അരുണിന് നല്ലൊരച്ഛനുമാകാൻ കഴിയും.”
എൻ്റെ വാക്കുകളിലെ ആത്മാർത്ഥതയാലാകും കബനിയുടെ കണ്ണുകൾ തിളങ്ങിയത്. ഉറക്കത്തിനിടയിൽ ചെറുപുഞ്ചിരി ചുണ്ടിൽച്ചാലിച്ച കുഞ്ഞുവാവയുടെ പനിനീർപ്പൂ ഇതളുപോലെയുള്ള പിഞ്ചു പാദത്തിൽ ഞാനൊന്ന് വിരലുനീട്ടിത്തൊട്ടു. അപ്പോഴെൻ്റെ മനസ്സു പറഞ്ഞു ,”ഇപ്പോൾ മുതൽ അരുൺ അച്ഛനാണ്, സുന്ദരിവാവയുടെ അച്ഛൻ “.
ഡോക്ടർ വീനസ്
8 Comments
സുന്ദരം.. 🥰
Beautiful ❤️
താങ്ക് യൂ
Nice 👍🥰
താങ്ക് യൂ
❤️beautiful
thanku
👍🏻👍🏻