മഴ അതിന്റെ രുദ്രഭാവത്തിലേക്ക് കടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായതെ ഉള്ളു. ഒരു മാസം മുന്നേ എന്തായിരുന്നു അവസ്ഥ. ചൂട് സഹിക്കാൻ വയ്യാഞ്ഞിട്ട് മനുഷ്യരെല്ലാം കൂടെ മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്നാലോ മഴ വരാനുള്ള ഒരുക്കങ്ങൾ ഒന്നും ചെയ്തതുമില്ല, ഒരാഴ്ച കഴിഞ്ഞപ്പഴക്കും തന്നെ മഴയെ പ്രാകാനും തുടങ്ങി.
ഉയർന്ന പ്രദേശമായതു കൊണ്ട് മഴയുടെ പ്രഭാവം കുറച്ചു കൂടുതലാണ് അവിടെ. കുന്നിൻ ചെരിവിലേക്ക് കയറുന്ന വഴിയുടെ ആദ്യത്തെ തട്ടിൽ ഒരു കുഞ്ഞു വീട്. അതിനകത്ത് ഫോൺ തുടരെ അടിച്ചുകൊണ്ടിരിക്കുന്നു. പുറമേ പെയ്യുന്ന മഴയുടെ ബഹളത്തില്‍ ആ ശബ്ദം തീരെ നേര്‍ത്തു പോകുന്നുണ്ടായിരുന്നു.
കലക്ടറുടെ നേതൃത്വത്തിൽ നടന്ന മീറ്റിംഗ് കഴിഞ്ഞു ക്വാർട്ടേഴ്സിൽ വന്നൊന്ന് കിടന്നതേ ഉണ്ടായിരുന്നുള്ളു ഹരി. മഴക്കാലം. മഴയും മഴയെ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും, അതിന്റെ പ്രതിവിധികളും, എടുക്കേണ്ടുന്ന മുൻകരുതലുകളും മുന്നൊരുക്കങ്ങളും എല്ലാം ചർച്ച ചെയ്ത്, മണിക്കൂറുകൾ നീണ്ടു പോയൊരു മീറ്റിംഗ്. എല്ലാത്തിനും മുകളില്‍ ഡ്യൂട്ടി ആണല്ലോ. എന്നാല്‍ അതിന്റെ കൂടെ സ്വാസ്ഥ്യം എന്നൊന്നുണ്ടല്ലോ.
ഇന്ന് തന്നെ തുടങ്ങി വെക്കേണ്ട ഏർപ്പാടുകൾക്കുള്ള നിര്‍ദ്ദേശങ്ങള്‍ സഹപ്രവർത്തകർക്ക് കൊടുത്ത്, രണ്ടു മണിക്കൂർ നേരത്തേക്ക് ശല്യപ്പെടുത്തരുത് എന്നോർമ്മിപ്പിച്ചിട്ടു ചെറിയ ഉറക്കത്തിലേക്ക് വീണതേയുണ്ടായിരുന്നുള്ളൂ. കുറച്ചു ദിവസമായി പുറത്തേക്ക് വരാൻ മടിച്ചു ഉള്ളിലെവിടെയോ പനിക്കുന്നുണ്ട്. എന്നാല്‍, ക്ഷീണവും ബുദ്ധിമുട്ടുകളും കണക്കാക്കാതെ ജോലി ചെയ്യേണ്ടവരാണല്ലോ പോലീസുകാർ.
മുഴുവന്‍ സമയവും, ഏത് ഉറക്കത്തിനിടയിലും ജോലിയിലേക്ക് മുങ്ങാം കുഴിയിടാന്‍ പരുവപ്പെടുത്തി എടുത്ത മനസ്സ്, തളര്‍ന്നു കിടക്കുന്ന ശരീരത്തെ കവച്ചു വെച്ചുകൊണ്ട്, മനസ്സ് ഉണര്‍ന്നു തലപൊക്കി നോക്കി. ‘വീട്ടിൽ നിന്ന് ഭാര്യയാവും വിളിക്കുന്നത്’ ഉള്ളിൽ പറഞ്ഞു. പതിയെ ചിന്തകളും മനസ്സും ഉണരാന്‍ തുടങ്ങി. ഉള്ളിൽ ആരെയൊക്കെയോ പ്രാകി കൊണ്ട് എഴുന്നേറ്റു ഫോണെടുത്തു.
സ്റ്റേഷനിൽ നിന്നാണ് ഫോൺ. ചെമ്പൻ മഴയുടെ താഴ്വാരത്തുള്ള ആ കുഞ്ഞു പട്ടണത്തിൽ കാര്യമായ പ്രശ്നങ്ങളോ അടിപിടികളോ ഒന്നും തന്നെ ഉണ്ടാവാറില്ല. വല്ലപ്പോഴും വരുന്ന മോഷണങ്ങളോ വഴി തര്‍ക്കമോ ആയാലും പോലീസിന്റെ ഇടപെടലിലെക്ക് പോലും എത്തില്ല. അന്നാട്ടുകാര്‍ക്ക് കാലങ്ങളായി അവര്‍ പിന്തുടര്ന്ന് പോരുന്ന ഒരു രീതിയുണ്ട്. തലമുറകള്‍ക്ക് മുന്നേ ഏറെക്കുറെ ഒരേ കാലത്ത് കുടിയേറി പാര്‍ത്തവര്‍ ആയത് കൊണ്ട് തന്നെ ആയിരിക്കാം അവിടെ അങ്ങനെ ഒരു കൂട്ടായ്മയുണ്ടായത്. പക്ഷെ മഴക്കാലം വന്നാൽ പേടിയാണ്.
ഒരു കാലത്തു ചെമ്പൻമലയിൽ ഇപ്പോഴും ഉരുള്‍ പൊട്ടുമായിരുന്നത്രെ. മലയുടെ നിറമെപ്പഴും ചുവന്നു കിടക്കുന്നതു കൊണ്ടാണത്രേ ആ പേര് വന്നത്. തലമുറകൾക്ക് മുന്നേ അങ്ങോട്ട് കുടിയേറി വന്ന പൂർവ്വികരുടെ ഏറ്റവും വലിയ ഭീഷണി അതായിരുന്നു. എന്നാൽ കാലക്രമേണ പ്രശ്നങ്ങൾ കുറയുകയും ഒരു കാർഷിക മേഖലയായി അത് മാറുകയും ചെയ്തു. എന്നിരുന്നാലും, കഴിഞ്ഞ വർഷങ്ങളിൽ മറ്റു പലയിടങ്ങളിലായി നടന്ന പോലെ ഒരു പ്രകൃതി ദുരന്തം ഇവിടെയും ഉണ്ടായേക്കുമോ എന്ന് ചിലരുടെയെങ്കിലും ഉള്ളിൽ ആശങ്കയില്ലാതില്ല. അതിനുള്ളതാണ് ഈ മുന്നൊരുക്കങ്ങൾ എല്ലാം.
എന്തിനും ഏതിനും സംശയം ചോദിച്ചു നടക്കുന്ന, ഉത്തരവാദിത്തങ്ങൾ എടുക്കാൻ മടിയുള്ളവരാണ് നാട്ടു പ്രമുഖർ എല്ലാം തന്നെ. പോരാത്തതിന് പരസ്പരമുള്ള ഈഗോ പ്രശ്നങ്ങളും. അതുപോലെ എന്തേലും ചെറിയ പ്രശ്നമായിരിക്കും. ഇനിയിപ്പോ അതിന്റെ പുറകെ നടക്കണമല്ലോ എന്നോർത്ത് ഫോണെടുത്തു. സ്റ്റേഷനില്‍ നിന്നാണ്.
“എന്താടോ? ഞാൻ പറഞ്ഞിരുന്നതല്ലേ ശല്യപ്പെടുത്തരുത് എന്ന്. ഒരു മാനുഷിക പരിഗണന കാണിച്ചു കൂടെ?” ഒരു ഹലോ പോലും പറയാനുള്ള ഔചിത്യം തോന്നിയില്ല.
“സോറി ഹരിസാറേ, ഒരു വാർത്ത വന്നു, ചെമ്പൻമലയുടെ കിഴക്കെവിടെയോ ഉരുൾ പൊട്ടി എന്ന്. ദൂരെ എങ്ങോ ആണ്. പക്ഷെ പുഴയിലെ ജലനിരപ്പു കൂടുന്നുണ്ട് എന്ന് ഫോറസ്റ്റുകാരുടെ വിളി വന്നു. നാട്ടുകാരോട് ഒന്ന് ശ്രദ്ധിക്കാൻ പറയണ്ടേ?”
പുതുതായി ജോലിയിൽ കയറിയവനാണ് ഫോണിന്റെ അപ്പുറത്ത്. അജയ്. എല്ലാത്തിനോടും ഇത്തിരി ആത്മാർത്ഥതയും കൗതുകവും കൂടുതൽ ആണ്. പുതുക്കമല്ലേ, മാറിക്കോളും. പക്ഷെ അവൻ പറഞ്ഞതിൽ ഒരു ചെറിയ കാര്യം ഇല്ലാതില്ല. നാട്ടിൽ മഴയില്ലെങ്കിലും കിഴക്കു മാറി മഴ പെയ്താൽ അതിന്റെ പ്രഭാവമാണ് സാധാരണ പുഴയിൽ വരിക. ഒരു പ്രത്യേക ഭൂപ്രകൃതിയാണ് ആ നാടിനു. വല്ലാത്തൊരു നിഗൂഢത തോന്നുന്ന നാട്. നാട്ടുകാരാണെങ്കിലോ നിഷ്കളങ്കത മൂത്തു പ്രാന്തായവരും. ഒരു കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ ഒക്കെ പാടാണ്. പാറക്കുഴിപ്പാലത്തിന്റെ മുകളില്‍ കയറി നിന്ന് കിഴക്കോട്ട് നോക്കി മലവെള്ള പാച്ചില്‍ വരുന്നത് നോക്കി നില്‍ക്കുന്നത് ഇവരുടെ ഒരു ആചാരം പോലെയാണ്. കഴിഞ്ഞ രണ്ടു കൊല്ലവും പാലം നിറഞ്ഞ് ഒഴുകി. എന്നിട്ടും അവര്‍ കുലുങ്ങിയില്ല. അവരെ നയിക്കുന്നത് എന്നും കുറെ സൂചനകളും ശകുനങ്ങളും വിശാസങ്ങളും ആണ്. എന്ന് കരുതി ഡ്യൂട്ടി മുടക്കാൻ പറ്റില്ലല്ലോ.
എന്തായാലും വിശ്രമം എല്ലാം മുടങ്ങി. മരുന്നെടുത്തു കഴിച്ചു. ഇറങ്ങുന്ന വഴിയേ ഫോണിൽ കിടക്കുന്ന വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് വെറുതെ നോക്കി. പഴയ കോളേജിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നോട്ടിഫിക്കേഷൻ ബഹളം. പത്തു നാൽപ്പത് മെസ്സേജുകൾ.
രണ്ടു കൊല്ലം മുന്നേ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഗ്രൂപ്പ് ആണ്. ഇടക്ക് ചില ഫോർവേഡ് മെസ്സേജുകൾ ഒക്കെ ഉണ്ടാവാറുണ്ട് എന്നൊഴിച്ചാൽ മിക്കപ്പോഴും അവിടം നിശബ്ദമാണ്. ഇടയ്ക്ക് ഇതുപോലെ എന്തേലും ഒക്കെ സംഭവിക്കും. ആരുടെയെങ്കിലും പിറന്നാളോ , വിദേശത്തുള്ളവർ നാട്ടിൽ വന്നതോ, പരസ്പ്പരം കണ്ടതോ അങ്ങനെ വല്ലതും വരുമ്പോൾ. ശ്രദ്ധിക്കാതെ തിരികെ വെക്കാൻ തുടങ്ങിയപ്പോൾ ആണ് കണ്ടത്.
അനിതയുടെ വക കുറെ ഫോട്ടോകൾ. ഒത്തിരിയുണ്ട്. വെറുതെ മുകളിലേക്ക് സ്ക്രോൾ ചെയ്തു നോക്കി. അവളുടെ ചേട്ടന്റെ മകളുടെ കല്യാണ നിശ്ചയത്തിന്റെ ആണ് പോലും. ആർക്കു വേണം? രണ്ടാഴ്ച മുന്നേ അവൾ ഈ പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചിരുന്നത് ഓർമ്മ വന്നു. ഇവിടെ നിന്ന് അധികം ദൂരമില്ല അനിതയുടെ തറവാട്ടിലേക്ക് . അടുത്താണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞതു കൊണ്ട് വിളിച്ചതാണ്. പോകാൻ ഒട്ടും താൽപ്പര്യം ഇല്ലാഞ്ഞത് കൊണ്ട് എന്തൊക്കെയോ തിരക്കുകളുടെ ഒഴിവുകഴിവുകൾ പറഞ്ഞൊഴിഞ്ഞതാണു. തൽക്കാലം ഒന്നും മറുപടി പറയണ്ട. കണ്ടാൽ പരിഭവമാകും.
മറ്റു മെസ്സേജുകളിലേക്ക് പോകുമ്പോഴും ഗ്രൂപ്പിൽ മെസ്സേജുകൾ വന്നു കൊണ്ടിരിക്കുന്നു. സൈലന്റ് ആക്കി ഇടാൻ വേണ്ടി ഗ്രൂപ്പിലേക്ക് ഒന്ന് കൂടെ കയറി. എല്ലാവരും ആക്റ്റീവ് ആണ്. ഒരേ ഫോട്ടോയെ വെച്ച് ഒത്തിരി മെസ്സേജുകൾ. പല വിധം വികാരങ്ങൾ കാണിക്കുന്ന സ്മൈലികൾ.
‘ഗൗരിയെ കണ്ടാൽ തിരിച്ചറിയാതെ ആയിട്ടുണ്ട്.’ കൂടെ പഠിച്ച ജിത്തുവിന്റെ മെസ്സേജ്.
ഗൗരി…?
ആ പേര് ഹൃദയത്തിൽ കൊള്ളിയാൻ പോലെ പാഞ്ഞു. വേഗം ആ ഫോട്ടോ എടുത്ത് ഡൌൺലോഡ് ചെയ്യാൻ നോക്കി. ആ ഫോട്ടോയിൽ ഡൌൺലോഡ് വട്ടം കറങ്ങുമ്പോൾ വേഗത കുറഞ്ഞ നെറ്വർക്കിനെ പഴിച്ചു കൊണ്ട് മനസ്സ് 20 കൊല്ലം പിറകിലേക്ക് പോയിരുന്നു. അവിടെ അവളുണ്ട്.
വിടർന്ന കണ്ണുകൾ ഉള്ള, പൊക്കി കെട്ടി വെച്ചിരുന്ന ചുരുണ്ട മുടിയുള്ള, കട്ടികണ്ണട മൂക്കിന് താഴേക്ക് ഒരു വിരല്‍ കൊണ്ട് താഴ്ത്തി തന്നെ നോക്കി കണ്ണിറുക്കിയിരുന്ന, ഒരു കുസൃതി ചിരിയോടെ, നെഞ്ചിൽ ഇതുപോലത്തെ മിന്നൽ പിണരുകൾ തനിക്കു തന്നവൾ.
ആദ്യ പ്രണയം, നഷ്ട പ്രണയം, ഇന്നും മറക്കാൻ പറ്റാത്ത കുറെ ഏറെ ഓർമ്മകൾ. അവളാണ്. എവിടെ നഷ്ടപ്പെട്ടു എന്ന് പോലും അറിയാതെ നഷ്ടപ്പെട്ടവൾ. അവൾ എവിടെയായിരുന്നു? അവൾക്കിപ്പോൾ എന്തൊക്കെ മാറ്റം വന്നു കാണും?
ഡൌൺലോഡ് ചെയ്ത ഫോട്ടോ തുറന്നു. ഒരു ഗ്രൂപ്പ് ഫോട്ടോ. കണ്ണുകൾ ആ കൂട്ടത്തിൽ അവളെ തിരയാൻ തുടങ്ങി. നടുക്ക് ചെറുക്കനും പെണ്ണും, അപ്പുറവും ഇപ്പുറവും അനിതയും ഭർത്താവും കുട്ടികളും അതിനിടെ കുടുംബക്കാർ ആണെന്ന് തോന്നുന്ന ഒന്നു രണ്ടു കുട്ടികളും പ്രായമായവരും വേറെയും. വിരലുകൾ വെച്ച് ഒന്നുകൂടെ സൂം ചെയ്ത് നോക്കി. ഫോണിൽ എടുത്ത ഫോട്ടോ ആണ്. അത്ര ക്ലിയർ പോര.
ഫോട്ടോയെ നീട്ടി വലിച്ചു വലുതാക്കാൻ നോക്കിയ വിരലുകൾ ഒരിടത്ത് ഉടക്കി. കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. അനിതയുടെ അടുത്ത് മെലിഞ്ഞുണങ്ങി പേക്കോലം പോലെ ഒരു പെണ്ണ്. അതവളാണോ? വീണ്ടും വീണ്ടും മനസ്സിനോട് ചോദിച്ചു. മനസ്സ് തിരിച്ചും. സാരിയൊക്കെ വാരി പൊത്തിയത് പോലെ ഉടുത്തു, ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ നിൽക്കുന്ന, ഒത്തിരി പ്രായം തോന്നുന്ന ഒരുത്തി. ആദ്യം മനസ്സിൽ ഓടി വന്ന ചിത്രം ഒരു ഓണാഘോഷത്തിന്റെയാണ്. ഭംഗിയായി സാരി ചുറ്റി മുല്ലപ്പൂവും വെച്ച് പൂക്കളമത്സരത്തിന് പൂവൊരുക്കുമ്പോൾ ഇടം കണ്ണിട്ടു നോക്കിയ ആ കണ്ണുകൾ മാത്രം അവനോട് വിളിച്ചു പറഞ്ഞു. ഇത് അവളാണ്. ഗൗരി.
ഡിഗ്രിയുടെ ഒന്നാം കൊല്ലം തന്നെ പഠനം നിർത്തി പോയവൾ. പരീക്ഷയ്ക്ക് ശേഷം ആരും അവളെ കണ്ടിട്ടില്ല. കുറഞ്ഞ സമയം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയി മാറിയവൾ. ക്ലാസ്സിൽ ആർക്കും അവളെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
അവളുടെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു പോയെന്നും, ബന്ധുക്കൾ അവളെ വേറെ കോളേജിലേക്ക് മാറ്റിയെന്നും, പിന്നീട് പഠനം നിർത്തിയെന്നും എന്തൊക്കെയോ വാർത്തകൾ, അതോ ഊഹങ്ങളോ? ആർക്കും ഒന്നും അറിയില്ലായിരുന്നു. ആരെയും അറിയിക്കാതെ തേടിയലഞ്ഞു മടുത്ത് ആരും കാണാതെ കണ്ണീരിൽ ഒഴുക്കി വിട്ട തന്റെ ഗൗരി.
അനിതയും ഗൗരിയും ചെറുപ്പത്തിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് അവളോടായിരുന്നു ഗൗരിക്ക് കൂടുതൽ കൂട്ട്. ഗൗരിയുടെ അച്ഛൻ ജോലിസംബന്ധമായി പലയിടങ്ങളിൽ ജോലി ചെയ്തത് കൊണ്ട് അവൾക്ക് സ്ഥിരമായി കൂട്ടുകാർ ഉണ്ടായിരുന്നില്ല.
കണ്മുന്നിൽ കിട്ടുന്നവരെ ഒക്കെയും കൂട്ടുകാരാക്കാനുള്ള ഒരു മന്ത്രവിദ്യ അവൾക്കുണ്ടായിരുന്നു. നാണം കുണുങ്ങിയായ തന്നെ അവളിലേക്ക് അടുപ്പിച്ചതും, വിനോദയാത്രയ്ക്കിടയിലെ ക്യാമ്പ് ഫയറിന്റെ സമയത്തു തന്റെ അടുത്ത് വന്നു സംസാരിച്ചു സംസാരിപ്പിച്ചു, ഉള്ളിലെ ഇഷ്ടം തുറന്നു പറയിപ്പിച്ച ആ തന്റെടക്കാരിയാണ് ആ ഫോട്ടോയിൽ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ വയ്യ.
കയ്യിലുണ്ടായിരുന്ന വിവരങ്ങളും അഡ്രസ്സും വെച്ച് കുറെ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം എങ്ങുമെത്താതെ നിന്നു. പതിയെ അവളെ മറന്നു ജീവിതത്തിന്റെ യാഥാർഥ്യത്തി ലേക്ക് തിരിഞ്ഞു എന്നതാണ് സത്യം. ഇല്ല. മറന്നിട്ടില്ല. മറന്നിട്ടുണ്ടായിരുന്നെങ്കിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് അനിതയെ കണ്ടപ്പോൾ അവളെ പറ്റി എടുത്ത് ചോദിക്കില്ലായിരുന്നു. ഒരു വിവരവും ഇല്ലെന്നാണ് അന്നും അനിത പറഞ്ഞത്. പിന്നേ ഇതെങ്ങനെ?
മനസ്സിൽ വന്ന അതെ ചോദ്യം തന്നെ ഗ്രൂപ്പിൽ ആരോ ചോദിച്ചു. അനിതയുടെ മറുപടി ഒരു വോയിസ് ആയി വന്നു.
“എന്റെ ഭർത്താവിന്റെ അനിയത്തിയുടെ വീടിന്റെ അടുത്താണ് ഗൗരിയുടെ ഭർത്താവിന്റെ വീട്. കഴിഞ്ഞ മാസം അവിടെ ഒരു കല്യാണത്തിന് പോയപ്പോൾ ഞാൻ യാദൃശ്ചികമായി കണ്ടതാണ്. അവൾക്ക് ആരുമായും കോൺടാക്ട് ഒന്നും ഇല്ലല്ലോ. ഞാൻ നിർബന്ധിച്ചു ഈ പരിപാടിക്ക് വരുത്തിച്ചതാണ്. അവൾ വരുമോ എന്ന് ഉറപ്പില്ലാഞ്ഞത് കൊണ്ട് ഞാൻ നിങ്ങളോട് ആരോടും നേരത്തെ പറഞ്ഞില്ല. ഗ്രൂപ്പിൽ ചേരാൻ പറഞ്ഞപ്പോൾ അവൾക്ക് മടി. സാരമില്ല നിശ്ചയമല്ലേ കഴിഞ്ഞുള്ളു, കല്യാണത്തിന് അവളെ വീണ്ടും വരുത്താം. അന്ന് നമുക്ക് എല്ലാർക്കും കൂടെ കൂടാം”
ആ പരിപാടിക്ക് പോവുന്നില്ല എന്ന് തീരുമാനം എടുത്തതിനു ഹരിക്ക് ദേഷ്യം തോന്നി. അവളെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിച്ചു, ചോദിക്കുന്നതെങ്ങനെ? തിരക്കൊഴിഞ്ഞ അനിതയെ ഒന്ന് വിളിക്കാം. പെട്ടന്നാണ് ഓർത്തത്.
ഇന്നാണ് ആ ചടങ്ങ്. കുറച്ചു മണിക്കൂറുകൾക്ക് മുന്നേ മാത്രം എടുത്ത ഫോട്ടോ ആണ് അത്. അതായത് തന്റെ സ്റ്റേഷൻ പരിധിക്ക് ഉള്ളിൽ എവിടെയോ കുറച്ചു മുന്നേ വരെ അവൾ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു പക്ഷെ ഇപ്പഴും…
മനസ്സിൽ വന്ന ചോദ്യങ്ങൾ പലതും അവിടെ ഗ്രൂപ്പിൽ ഓരോരുത്തരായി ചോദിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അനിതയുടെ മറുപടികളും വന്നുകൊണ്ടിരുന്നു. മൊത്തം വിവരങ്ങളെ മനസ്സ് ഇങ്ങനെ ചുരുക്കി. .
അച്ഛന്റെയും അമ്മയുടെയും അപകടമരണത്തിന് ശേഷം ബന്ധുക്കൾക്ക് ഗൗരി ഒരു ബാധ്യതയായി. ഒരു കൊല്ലം തികഞ്ഞപ്പോൾ തന്നെ, അവർ ചിലരെല്ലാം കൂടെ കൂടെ മുൻകൈ എടുത്ത് അവളുടെ കല്യാണം നടത്തി. അവളുടെ ഭർത്താവിന് ആദ്യം ഒരു പലചരക്കു കടയായിരുന്നു. ഇപ്പോൾ ഒരു ചെറിയ സൂപ്പർമാർക്കറ്റ് ഉണ്ട് നാട്ടിൽ. മൂന്നുമക്കൾ. മൂത്ത മകൾ ഡിഗ്രിക്ക് പഠിക്കുന്നു, മകൻ പ്ലസ് ടു വിന്. ഏറ്റവും ഇളയ മകൾ നാലാം ക്ലാസ്സിൽ.
വിവാഹത്തോടെ അവൾ പഠനം നിർത്തി. ഭർത്താവും കുട്ടികളും കുടുംബവും ആയി അവൾ അവളിലേക്ക് ഒതുങ്ങി. ഇപ്പോൾ കുറച്ചായി അവിടെ അടുത്തൊരു അക്ഷയ സെന്ററിൽ സഹായിയായി ജോലിക്ക് പോകുന്നു.
അപ്പോഴേക്കും ഹരി സ്റ്റേഷനിൽ എത്തിയിരുന്നു. അവളെ പറ്റിയുള്ള ചിന്തകൾ അവിടെ കളഞ്ഞ് ഗൗരവമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
അജയ് യോട് സംസാരിക്കുമ്പോഴും ഇടക്ക് മനസ്സ് പറഞ്ഞു. ഈ ചുറ്റുവട്ടത്തെവിടെയോ അവളുണ്ട്. എന്നെങ്കിലും ഒരിക്കൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരിടത്തു വെച്ച് വീണ്ടും കണ്ടുമുട്ടുമെന്നും, സ്വപ്നം കണ്ട പോലെ ഒരു ജീവിതം കെട്ടിപ്പോക്കുമെന്നും കാലങ്ങളോളം പ്രതീക്ഷിച്ചു ആൾക്കൂട്ടങ്ങളിൽ തിരഞ്ഞവൾ ഇന്ന് ഇവിടെ അടുത്തെവിടെയോ ഉണ്ട്.
സ്റ്റേഷനിലെ ഫോണിലേക്ക് വന്ന ഒരു വിളിയിൽ ആണ് ആ ചിന്തകൾ നിന്നത്. പുഴയിൽ മലവെള്ളപ്പാച്ചിൽ കൂടി. പാലത്തിനു മുകളിൽ വെള്ളം കയറിയിരിക്കുന്നു. പാലത്തിന്റെ ഒരു ഭാഗത്തെ കൈവരി ഇളകി പോയി. അതിലൂടെ ഒരു കാറ് ഒലിച്ചു പോയിരിക്കുന്നു. നാട്ടുകാരുടെ സാക്ഷ്യപ്രകാരം ആ കാറിൽ ഒരു ആണും പെണ്ണും ഉണ്ടായിരുന്നു. നാട്ടുകാരനായ ഒരാളുടെ സ്വകാര്യ വാഹനമാണ്. ഈയിടെ നാട്ടിലേക്ക് തിരിച്ചു വന്ന ഒരു പ്രവാസി പണക്കാരൻ. എന്നാൽ അയാളുടെ കൂടെ ഉള്ള സ്ത്രീ ആരെന്ന് ആർക്കും അറിയില്ല. ഭാര്യയല്ല എന്ന് ഉറപ്പാണെന്ന് മാത്രം ആരോ പറഞ്ഞെന്ന്.
അജയ് യുടെ കൂടെ വേഗം സംഭവ സ്ഥലത്തേക്ക് പോയി. പതിവ് പോലെ ചെയ്യേണ്ടുന്ന ഫോൺ വിളികളും ഒരുക്കങ്ങളും എല്ലാം ഒന്ന് കൂടെ ഉറപ്പു വരുത്താൻ അജയ് യെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. എല്ലാം മറന്ന് ഡ്യൂട്ടിയിലേക്ക്.
(തുടരും )
ബ്ലൈൻഡ് ഡേറ്റ് -2
8 Comments
നല്ല തുടക്കം👍👍
👌👌
👍🏻👍🏻
🥰🥰🥰
മഷിയല്ല , കിട്ടാത്ത മുന്തിരി വാറ്റിയെടുത്ത വൈനാണ് നിന്റെ തൂലികയിൽ .. കഥകൾ തുടരൂ
Nice👌🏻
😍😍 😍
സ്നേഹം 😍