അളിയാ ജിതിനേ, അച്ഛന് ഇപ്പോൾ എങ്ങനെ ഉണ്ട്?
കുഴപ്പമില്ലടാ. Recover ആയി വരുന്നുണ്ട്.കറക്റ്റ് സമയത്ത് നാട്ടിൽ എത്തിച്ചോണ്ട് രക്ഷപ്പെട്ടു.
എടാ, നമ്മുടെ ദേവിക ഇന്നലെ ഇൻസ്റ്റയിൽ ഇട്ട ഫോട്ടോ കണ്ടോ?
ഇല്ലടാ. നോക്കട്ടെ?
എന്റെ മോനെ 🔥🔥🔥
അളിയാ ജിതിനേ, ഇവൾ ദുബായിൽ എന്തുവാടാ പണി? ചുമ്മയല്ല മറ്റവൻ കളഞ്ഞിട്ട് പോയത്.
ആർക്കറിയാം. ഏതോ ഹോസ്പിറ്റലിൽ ആണെന്നാ ഈയിടെ പ്രൊഫൈലിൽ നോക്കിയപ്പോൾ കണ്ടത്.
അവളോ? ഓ പിന്നെ…. അവളുടെ ആ ഷേപ്പ് കണ്ടാലറിയാം ഇപ്പോൾ എന്താണ് ദുബായിൽ പണിയെന്ന്.
അളിയാ അത് സത്യം.
അന്നേ ദിവസം ഇന്ത്യൻ സമയം രാത്രി
10:32PM (Messenger).
ഹായ് ദേവൂ,
പറയൂ ജിതിൻ.
ദേവൂ, സുഖാണോ? ഒരു കാര്യം പറയാനാ വോയിസ് മെസ്സേജ് ഇട്ടത്.
???
അത് പിന്നെ…. നീ ഇടുന്ന ഫോട്ടോസിനും റീൽസ് വീഡിയോസിനുമൊക്കെ നാട്ടിൽ പിള്ളേർക്കിടയിൽ മുന വെച്ചുള്ള സംസാരം ആണ്.
മനസ്സിലായില്ല.
നീ ദുബായിലെ ക്ലാര ആണെന്നാണ് ഇവിടെ പിള്ളേർക്കിടയിലെ സംസാരം.
ഏത് നായിന്റെ മോനാടാ അറിയേണ്ടത്?
(പാത്തു,TV ഓഫ് ചെയ്തേ) Sound Muted.🔇
ദേവികേ? 😳
ജിതിനേ അത് ഇവിടെ പറഞ്ഞതാ. റൂമിൽ ഒരു മമ്മൂക്ക ഫാൻ മലപ്പുറത്തുകാരി പാത്തു ഉണ്ട്.അവൾ TV യിൽ വല്ല്യേട്ടൻ വെച്ചതാ. സംഭവം ഞാൻ കട്ട ലാലേട്ടൻ ഫാൻ ഗേൾ ആണേലും മമ്മൂക്ക ഇപ്പോൾ ചോദിച്ചത് കറക്റ്റാ.
എന്ത്?
ഏത് നായിന്റെ മോനാടാ അറിയേണ്ടത് ഞാൻ ദുബായിൽ എന്ത് ഉണ്ടാക്കാനാ വന്നതെന്ന്?
മോനെ ജിതിനേ, ആമ്പൽ എനിക്ക് ഇഷ്ടമാ. എന്ന് വെച്ച് ആമ്പലും അമ്പിളിയും കൂടി ഒറ്റ ഫ്രെയിമിൽ ചേർത്ത് ഉണ്ടാക്കല്ലേ.
നീയൊക്കെ എന്നെ കുറിച്ച് നാട്ടിൽ പറഞ്ഞോണ്ട് നടക്കുന്ന കഥയൊക്കെ എനിക്ക് നന്നായിട്ട് അറിയാം.
പിന്നെ എന്റെ ഡ്രസ്സിംഗ്. ഞാൻ എനിക്ക് Comfort ആവുന്ന ഡ്രസ്സ് ആണ് ധരിക്കാറുള്ളത്,അല്ലാണ്ട് നിന്റെയൊക്കെ
കാമം അളക്കുന്ന ഇഞ്ചിന്റെ Comfort zone നോക്കിയല്ല ഞാൻ അണിഞ്ഞൊരുങ്ങാറ്.
Jithin raghavan blocked Devika D€€pz on messenger.
*********************************************
ഞാനുൾപ്പടെയുള്ള സ്ത്രീകൾ കേരളം വിട്ട് പുറത്തോട്ട് ജോലിക്ക് പോയാൽ ഇപ്പോഴും “ചില” വസന്തം പ്രേക്ഷകർ ഞങ്ങളെ നോക്കിക്കാണുന്നത്, മലയാള സിനിമ കളഞ്ഞേച്ച് അന്യഭാഷയിൽ അഭിനയിക്കാൻ പോണ മലയാള നടിമാരെ പോലെയാണ്.
അവിടെ കരിയറോ കഴിവോ ഒന്നും ഈ പറഞ്ഞ വസന്തങ്ങളുടെ കണ്ണിൽ കാണില്ല. കേരളം വിട്ട് പോണത് തുണിയുടെ അളവ് കുറക്കാനും ആരുടേങ്കിലും കൂടെ കിടന്ന് പണം ഉണ്ടാക്കാനുമാണെന്നാണ് വെപ്പ്.
പ്രവാസിയായ പുരുഷന്മാരെ കുറിച്ചും അവരുടെ ഭാര്യമാരെ പറ്റിയും ഒരുപാട് നമ്മൾ എഴുതി കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം കാലിൽ നിന്നോണ്ട് കുടുംബം പോറ്റാൻ അന്യനാടുകളിൽ പോയി കഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവരെ പലരും വർണ്ണിച്ച് കാണാറില്ല.
പലപ്പോഴും പാതി വഴിയിൽ ഏത് ദിശയിലോട്ട് പോവണമെന്നറിയാതെ പതറുന്ന കുടുംബങ്ങളെ, ഒരു കരക്കെത്തിക്കാൻ കൈ കുഞ്ഞിനെ പോലും വേണ്ടപ്പെട്ടവരെ ഏൽപ്പിച്ചിട്ട് കടൽ കടന്നെത്തുന്ന എണ്ണിയാൽ ഒടുങ്ങാത്ത സഹോദരിമാർ നമുക്ക് ചുറ്റുമുണ്ട്.
ഉള്ളത് പറഞ്ഞാൽ നമ്മുടെ കേരളത്തിലെ നല്ലൊരു ശതമാനം ആളുകളും പൊട്ട കിണറ്റിലെ തവളയ്ക്ക് സമാനമാണ്. അവിടെ കിടന്നോണ്ട് മുകളിലോട്ട് നോക്കുമ്പോൾ കാണുന്ന വൃത്തത്തിൽ പതിയുന്ന ആകാശം മാത്രമാണ് അവരുടെ ലോകം.
ആ ആകാശത്തിനെ ക്രോസ്സ് ചെയ്ത് തൊഴിൽ തേടി പോകുന്ന ഫ്ലൈറ്റുകളിലെ ഓരോ സ്ത്രീയും, എത്രമേൽ മാനസിക സമ്മർദ്ദത്തെ അതിജീവിച്ചാണ് ആ തീരുമാനം കൈ കൊണ്ടതെന്നത് വാക്കുകളാൾ വരച്ചിടാനാവില്ല.
ദുബായിൽ വന്ന ആദ്യ നാളുകളിൽ ഒരു സ്ലീവ്ലസ് ഉടുപ്പ് ഇടാൻ പോലും എനിക്ക് നാണമായിരുന്നു. അതിലുപരി നാട്ടുകാർ എന്ത് വിചാരിക്കും എന്ന പേടി ആയിരുന്നു.എന്നാൽ വിസിറ്റിംഗ് വിസയിൽ ഫ്ലൈറ്റ് കേറിയപ്പോഴേ പാസ്സ്പോർട്ടിൽ “ചില” നാട്ടുകൂട്ടം എന്റെ ജോലിയുടെ സ്റ്റാമ്പ് അവരാൽ കുത്തിയെന്ന് അറിഞ്ഞതോടെ ഇവിടത്തെ ശൈലിയിൽ പറഞ്ഞാൽ എല്ലാം കല്ലി വല്ലി.
പോരാഞ്ഞിട്ട് ശരീരത്തിൽ വല്ല ടാറ്റുവോ ഹെയർ കളറോ ചെയ്താൽ ഉടനെ കിട്ടും ഫെമിനിച്ചി പട്ടം അല്ലേൽ പോക്ക് കേസ് സർട്ടിഫിക്കറ്റിൽ ഒരിടം.
എന്ന് കരുതി കേരളം വിട്ട് അന്യനാടുകളിൽ ജോലിക്ക് പോണ എല്ലാ സ്ത്രീകളും കുലസ്ത്രീകൾ ആണെന്ന വാദമൊന്നും എനിക്കില്ല. കണ്മുന്നിൽ തന്നെ പല തരം ജോലികൾ വാഗ്ദാനം നൽകി, വിസക്കുള്ള പൈസയും വാങ്ങി ശരീരം വിൽക്കാൻ വിസ നൽകുന്ന ഒത്തിരി ഏജന്റുമാർ ചുറ്റുമുണ്ട്.അറിഞ്ഞു കൊണ്ടും ഗതിയില്ലാതേയും ഇപ്പോഴും ഹോം നേഴ്സ് ആയും ടീച്ചർ ആയും സമൂഹത്തിന് മുന്നിൽ അഭിനയിക്കുമ്പോഴും ഉള്ളിൽ അവർ കെട്ടിയാടുന്ന വേഷം നൊമ്പരമുണർത്തുന്നതാണ്.
പക്ഷെ Highly Competitve ആയ അന്യനാടുകളിൽ സ്വന്തം കഴിവ് കൊണ്ടും, പഠിച്ചെടുത്ത മേഖലകളിലും, കലകളിലും വെന്നിക്കൊടി പാറിച്ച എണ്ണിയാലൊടുങ്ങാത്ത മഹിളാ രത്നങ്ങളെ ഞങ്ങൾക്ക് ചൂണ്ടികാണിക്കാനാകും.
ഒത്തിരി നല്ല സുഹൃത്ത് ബന്ധങ്ങൾ ദുബായ് എനിക്ക് സമ്മാനിച്ചു.അതിൽ പ്രായമില്ല, ദേശമില്ല, ഭാഷയില്ല, വർണ്ണമില്ല ഉപരി ആൺ പെൺ വേർതിരിവില്ല.ജാതിയും മതവും രാഷ്ട്രീയവും ഇല്ലേയില്ല🙏🏻.
എന്റെ വിവാഹ ജീവിതത്തിലെ പാകപിഴകളെ കുറിച്ച് ഈ വേളയിൽ കുറിക്കാതെ പോകാനാകുന്നില്ല.
ഞങ്ങളുടേത് Mutual Divorce ആയിരുന്നു. എന്നിരുന്നാലും എന്റെ പരിമിതമായ അറിവിൽ ഞാനോ അദ്ദേഹമോ ഞങ്ങളുടെ 4 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ആത്മ കഥ എഴുതാൻ ആരേയും ഏൽപ്പിച്ചിട്ടില്ല. അതിനി ആരേയും ഏൽപ്പിക്കാത്തത് കൊണ്ടാണോ എന്നറിയില്ല, ഡിവോഴ്സ് കഴിഞ്ഞ് ഒന്നര വർഷമായിട്ടും ഇപ്പോഴും,പ്രേത്യകിച്ച് 40 നും 50 നും ഇടക്കുള്ള ചില കുല സ്ത്രീ ആന്റിമാർ കൊച്ചു പുസ്തകത്തെ പോലും വെല്ലുന്ന സ്ക്രിപ്റ്റുമായി നാട്ടിൽ പ്രൊഡ്യൂസേഴ്സിനെ തിരക്കി നടക്കുന്നുണ്ട്.
അവരുടെ ഭാഷയിൽ അന്യ നാടുകളിൽ പോകുന്ന സ്ത്രീകൾ ഏറ്റവും വല്യ പണക്കാരി ആവുന്നത്, അടിച്ച് പൊളിക്കുമ്പോഴും അണിഞ്ഞൊരുങ്ങുമ്പോഴുമാണ്.അങ്ങനെ ഒരു ജോബ് പ്രൊഫൈലും സാലറിയുമുണ്ടെങ്കിൽ ഞാനും അതിൽ Apply ചെയ്യാൻ ഒരുക്കമാണ്.കാരണം വേറൊന്നുമല്ല,പണി എടുത്ത് വയ്യാഞ്ഞിട്ടാടോ🙏🏻.
ഒരു കാര്യം കൂടി മെൻഷൻ ചെയ്യാതെ പോയാൽ റീൽസിന്റേയും സെൽഫിയുടേയും പിന്നിലെ കഥ പൂർണ്ണമാവില്ല.ഈ പറഞ്ഞ ജോലി തിരക്കുകൾക്കിടയിലെ ഒഴിവ് സമയത്താകും വല്ല റീൽസോ സെൽഫിയോ എടുക്കാറ്.എന്നാൽ ഇത് മാത്രം അരിച്ചെടുത്ത് വായിലാക്കി ചവച്ചു തുപ്പാൻ വെമ്പുന്ന ഒരു കൂട്ടർ ഉണ്ട്.അവർ നമ്മുടെ പോസ്റ്റുകൾക്ക് താഴെ കമന്റ് ഇടുകയോ ലൈക്ക് ചെയ്യുകയോ ഒന്നുമില്ല.പക്ഷെ നമ്മുടെ വീഴ്ച്ചകൾ കാണാൻ മീശമാധവനിലെ ജഗതിയെ പോലെ കണ്ണുകളെ ഈർക്കിലിൽ കുത്തി നിർത്തും.എപ്പോഴാ വീഴ്ച്ചകൾ ഉണ്ടാവുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ?
അത്തരക്കാരെ ഒരിക്കലും നമ്മൾ നിരാശപ്പെടുത്താൻ പാടില്ല.ഒന്നുമല്ലേലും നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരല്ലേ? അത് കൊണ്ട് നല്ല സന്തോഷത്തിൽ രണ്ടെണ്ണം അടിച്ചിട്ടിരുന്നാലും വേണ്ടില്ല,അത്തരക്കാർക്ക് ഒരു നിർവൃതി കിട്ടാൻ രണ്ട് മൂന്ന് ശോകം സ്റ്റാറ്റസ് എപ്പോഴും സ്റ്റാറ്റസ് സ്റ്റോറി ഇടാൻ ചേർത്ത് വെച്ചേക്കണം.നമ്മുടെ ശോകം കണ്ട് അവർ സന്തോഷിക്കട്ടെന്നേ😉.
ദാ റൂം മേറ്റ് ശാരി ചേച്ചി ഡ്യൂട്ടി കഴിഞ്ഞെത്തി.
എടി ദേവികേ, ഈ നശിച്ച ഹോസ്പിറ്റലിൽ നിൽക്കാതെ നീ വേറെ ജോലി നോക്ക്.ഇന്ന് ആ പ്രതാപൻ ഡോക്ടർ പ്രാന്ത് എടുപ്പിച്ചു.
ചേച്ചി ഇപ്പോൾ എത്ര വർഷമായി ഈ ഹോസ്പിറ്റലിൽ?
ഞാൻ അടുത്ത മാസം കൂടി ആകുമ്പോൾ 12 വർഷമാകും.
Ok ചേച്ചി പോയി കുളിച്ചിട്ട് വാ.
ദേ ഇത് പോലെ ഒരെണ്ണം എല്ലായിടത്തും കാണും.24 മണിക്കൂറും അന്നം തരുന്ന സ്ഥാപനത്തെ കുറ്റം പറയുകയും കൂടെ നിൽക്കുന്നവരോട് കരിയർ നോക്കി പോവാനും ഉപദേശിക്കും.എന്നാൽ അവരൊട്ട് നിർത്തി പോവുകയുമില്ല.
എന്തായാലും ജിതിന്റെ കഥയിൽ തുടങ്ങിയ ഈ പോസ്റ്റ് തീരുന്നതും ജിതിനിൽ തന്നെയാവട്ടെ.ജിതിന് അറിയണ്ടേ എന്റെ ദുബായിലെ ജോബ് പ്രൊഫൈൽ?
21/6/2023 രാവിലെ ആറരക്ക് ദുബായിലെ DIP 1 ൽ വെച്ചുണ്ടായ കാറപകടത്തിൽ തലക്കേറ്റ ഗുരുതരപരിക്കുമായി NMC റോയൽ ഹോസ്പിറ്റലിൽ ഒരു രോഗിയെ അഡ്മിറ്റാക്കി.നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റൂമിൽ പോവാൻ നിന്ന ഞാൻ ആ രോഗി എന്റെ നാട്ടുകാരൻ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന് വേണ്ടി ഒരു പോള കണ്ണടക്കാതെ ഷിഫ്റ്റ് പോലും മറന്ന് കൂടെ നിന്നു. ഒടുവിൽ അദ്ദേഹത്തെ നാട്ടിലെ ചികിത്സക്ക് വേണ്ടി കൊണ്ട് പോവാനുള്ള ഫോർമാലിറ്റികളിലൊക്കെ എന്നാൽ പറ്റുന്ന സഹായം ഞാൻ ചെയ്ത് കൊടുത്തു.
ഓർമ്മകൾ തിരിച്ചു കിട്ടുന്ന ദിവസം ജിതിൻ അച്ഛനോട് ചോദിക്കണം.ദേവികയുടെ ജോബ് എന്താണെന്ന്?
അദ്ദേഹത്തിന് ആ ഓർമ്മകൾ ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ (അങ്ങനെ വരല്ലേ എന്ന് പ്രാർത്ഥിക്കുന്നു)
I will introduce myself
I am Devika Raveendran
I can proudly tell the world that am a registered nurse ♥️
©️✍️ Darsaraj R Surya