പഴയ ഒരു അനുഭവം പങ്കു വെക്കുന്നു.
സംഭവം നടക്കുന്നത് 2011 ജൂണിൽ ആണ്. പി. ജി ക്കു ശേഷം എവിടെങ്കിലും ജോലിക്ക് നോക്കാം എന്ന ഉദ്ദേശത്തിൽ പല സ്ഥാപനങ്ങളിലേക്ക് ബയോഡേറ്റ അയച്ചു കൊണ്ടിരുന്നു. ( അന്ന് അങ്ങനെ ഒരു സാഹചര്യം ആയിരുന്നു. തുടർ പഠനം മുന്നിൽ ഇല്ല). കുറച്ചു നാൾ വീട്ടിൽ നിന്നും മാറി നിൽക്കാം എന്ന ധാരണയിൽ മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ ഉള്ള പല പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപേക്ഷ കൊടുത്തിരുന്നു. അവസാനം മലപ്പുറത്തു തിരൂരിനടുത്തുള്ള പേരുകേട്ട ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂനു പങ്കെടുക്കാൻ പോയി. ചെന്നപ്പോൾ അവിടെ അടുത്തുള്ള ഒരു കോളേജിലെ വളരെ പ്രശസ്തനായ റിട്ടയേർഡ് അധ്യാപകനും മാനേജ്മെന്റ് ബോർഡ് അംഗങ്ങളും അടക്കം 6 പേർ ഇന്റർവ്യൂ ബോർഡിൽ… ഒട്ടും പരിചയം ഇല്ലാത്ത, ചെന്നപ്പോഴേ നെഗറ്റീവ് എനർജി മാത്രം തങ്ങി നൽകുന്ന ഒരിടം. തല വേദനിച്ചു തുടങ്ങിയിരുന്നു. എന്തോ ഭാഗ്യത്തിനു പെട്ടെന്ന് തന്നെ എന്നെ വിളിച്ചു… ക്ലാസ്സ് എടുപ്പിച്ചു. അവിടുത്തെ നിയമങ്ങൾ പറഞ്ഞു… അവസാനം നിങ്ങൾ പ്രതീക്ഷിക്കുന്ന സാലറി ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു… അപ്പോൾ “അവർക്ക് അത്രേം ബുദ്ധിമുട്ട് ആണ്… ഒന്നുമില്ലെങ്കിലും ഒരു മുസ്ലിം കുട്ടി അല്ലേ? ആലോചിച്ചിട്ട് വിളിക്കാം…” എന്ന് പറഞ്ഞു ഇന്റർവ്യൂ അവസാനിപ്പിച്ചു ഞങ്ങൾ പിരിഞ്ഞു…
ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടുന്ന് ജോയിൻ ചെയ്യാൻ വിളി എത്തി… അന്ന് തന്നെ മലപ്പുറത്തു ഉള്ള ഒരു ബന്ധു വഴി ആ സ്ഥാപനത്തെക്കുറിച്ചും അതിന്റെ മാനേജ്മെന്റിനെക്കുറിച്ചും അന്വേഷിച്ചു. വളരെ നല്ല രീതിയിൽ എല്ലാ മര്യാദകളും പാലിച്ചു നടത്തികൊണ്ട് പോകുന്ന ഒരു യത്തീം ഖാന ആണെന്ന് പലരും പറഞ്ഞ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അവിടെ ജോയിൻ ചെയ്യാൻ തീരുമാനിച്ചു.
അങ്ങനെ ജൂൺ തുടക്കത്തിൽ ഞാൻ അവിടെ പോയി ജോയിൻ ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസ്സ്. എല്ലാ ക്ലാസ്സിലും ഒറ്റ ഡിവിഷൻ മാത്രം. എനിക്ക് ഹൈ സ്കൂൾ ക്ലാസ്സ് മാത്രം എടുത്താൽ മതി. വളരെ വിശാലമായ കോമ്പൗണ്ട്. വളരെ സുന്ദരികളായ കുട്ടികളും ഒട്ടും ഗതി ഇല്ലാത്ത വീട്ടിലെ ആണെന്ന് തിരിച്ചറിയിക്കുന്ന വിധമുള്ള കുറേ അറബി അധ്യാപികമാരും. സ്കൂളിന്റെ മാനേജർ എന്ന് പറയുന്ന ഒരാൾ മാത്രമാണ് ആ കോമ്പൗണ്ടിൽ ആകെ കാണുന്ന ഒരാൺ രൂപം. പുറത്ത് ഒരു പള്ളിയുണ്ട്. അവിടെ ഒരു ഉസ്താദ് ഉണ്ടെന്നു കുട്ടികൾ പറഞ്ഞു കേട്ടിട്ടുണ്ട്. വളരെ നല്ല മിടുക്കരായ ചില കുട്ടികളും അക്ഷരം അറിയാത്ത കുട്ടികളും അവിടുണ്ട്. ഞാൻ പതിയെ അവരിലേക്ക് കടക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു.
പക്ഷേ, ദിവസങ്ങൾ കടന്നു പോകും തോറും ദുരൂഹതകൾ കൂടിക്കൂടി വന്നു. അവിടെ പുറത്തു നിന്നും വന്നു സ്റ്റേ ചെയ്യുന്ന ഒരാൾ ഞാൻ മാത്രം ആയിരുന്നു. ഡിഗ്രി ജയിക്കാത്ത ഒരു കുട്ടി അവിടെ കണക്ക് പഠിപ്പിക്കാൻ വന്നതിന്റെ കാരണം തിരക്കിയപ്പോൾ ‘ഇവിടെങ്ങും കണക്ക് പഠിപ്പിക്കാൻ ആളെ കിട്ടില്ല’ എന്ന് പറഞ്ഞു എച്. എം. ആണെന്ന് പറയുന്ന ഒരു അറബി അധ്യാപിക എന്നെ അത്ഭുദപ്പെടുത്തി… കൃത്യമായി മത പഠനവും ഒപ്പം സ്കൂൾ വിദ്യാഭ്യാസവും… അതായിരുന്നു അവിടുത്തെ രീതി…രാവിലെ സുബ്ഹിക്ക് മുമ്പ് എല്ലാ കുട്ടികളും എഴുന്നേൽക്കും… നമസ്ക്കാരം, ഓതൽ, പഠനം, പിന്നെ സുഭിക്ഷമായ ഭക്ഷണവും( സുഭിക്ഷം എന്ന് പറഞ്ഞാൽ മതിയാകാതെ വരുമോ എന്ന് സംശയം. മിക്കവാറും ദിവസങ്ങളിൽ ബിരിയാണി അല്ലെങ്കിൽ നെയ് ചോറ്. മിക്ക കുട്ടികളും വെളുത്തു തടിച്ച പ്രകൃതം. ആദ്യമൊക്കെ വല്ലാത്ത സംശയം ആയിരുന്നു ഇവരൊക്കെ ഇല്ലാത്ത വീട്ടിലെ കുട്ടികൾ തന്നെ ആണോ എന്ന്. പക്ഷേ, പതിയെ ആ സംശയം മാറി കിട്ടി.) എന്നെ ഇതൊന്നും ബാധിച്ചില്ല. ഞാൻ അവരെയും ബാധിക്കാതെ എന്റെ വഴികളിൽ കൂടി കടന്നു പോകാൻ ശ്രമിച്ചു കൊണ്ടിരുന്നു.
അതിനിടയിൽ ചില അറബി അധ്യാപകരും കുട്ടികളുമായി ഞാൻ അടുപ്പത്തിലായി. ഒന്നു രണ്ട് പാവം അധ്യാപകർ ഉണ്ടായിരുന്നു. പതിയെ അവിടുത്തെ പേടിപ്പെടുത്തുന്ന കഥകൾ എന്നോടും പറഞ്ഞു. ആ കോമ്പൗണ്ട് ഏതോ ജിന്നിന്റെ ശല്യം ഉള്ള സ്ഥലം ആണ്, അവിടെ വന്നാൽ ആദ്യം ഒക്കെ അതിന്റെ ശല്യം ഉണ്ടാകും , അത് കൊണ്ട് രാത്രി ടീച്ചർ പുറത്തു ഇറങ്ങരുത്… സൂക്ഷിക്കണം തുടങ്ങീ കരുതലോടെ ഉള്ള ഉപദേശങ്ങൾ… പണ്ട് തൊട്ടേ ഞാൻ ഇതിലൊക്കെ വലിയ വിശ്വാസി ആയ കൊണ്ട് അതേ കരുതലോടെ അവരെ കേൾക്കുകയും അവഗണിക്കുകയും ചെയ്തു. ഇങ്ങനെ ഒക്കെ എഴുതുമ്പോഴും പല രാത്രികളിലും അത്ര വിശാലമായ കൊമ്പൗണ്ടിലെ എന്റെ ജനലിലൂടെ കാണുന്ന ആടി ആടി നിൽക്കുന്ന വലിയ തെങ്ങുകളുടെ കൂട്ടം എന്നെ പേടിപ്പിച്ചു തുടങ്ങിയിരുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യ…😌
അങ്ങനെ നാല് ദിവസങ്ങൾ കടന്നു പോയി. ആദ്യത്തെ വ്യാഴാഴ്ച ഞാൻ നോക്കുമ്പോൾ അവിടുത്തെ രണ്ട് അധ്യാപികമാർ കുറേ കുട്ടികളെ വരി വരി ആയി എങ്ങോട്ടോ കൊണ്ട് പോകുന്നു. എവിടെക്കാണെന്ന് ചോദിക്കാൻ പറ്റിയില്ല… വൈകീട്ട് എത്തിയപ്പോൾ കൂട്ടത്തിൽ ഉള്ള ഒരു ടീച്ചറോട് കാര്യം തിരക്കി. “ജിന്നിന്റെ ശല്യം ഉള്ള കുട്ടികളെയും കൊണ്ട് മമ്പുറം പള്ളിയിൽ മുട്ട നേർച്ചക്ക് എല്ലാ വ്യാഴാഴ്ചകളിലും പോകാറുണ്ട് “എന്ന മറുപടി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
അവിടം തൊട്ടേ ഞാൻ തകർന്നു തുടങ്ങിയിരുന്നു. വൈകീട്ട് ടീച്ചർ രഹസ്യമായി എന്റെ റൂമിൽ വന്നു. എന്നോട് പറയുന്നു. ” നിഷ ടീച്ചറേ, ഇത്രേം വേഗം ഇവിടുന്നു രക്ഷപെട്ടോ! ഞങ്ങൾ ഒക്കെ ഇവിടെ പെട്ടു പോയി. 8 വർഷം ആകുന്നു. വെറും 3000 രൂപ മാത്രം ആണ് ഇപ്പോഴും ശമ്പളം. പിന്നെ നല്ല ഭക്ഷണം കിട്ടും. വീട്ടിൽ ഒരു ഗതിയും ഇല്ലാത്ത കൊണ്ടാണ് ഇവിടെ നിന്ന് പോകുന്നത്. HM ടീച്ചർക്ക് പോലും ഇത്രേം വർഷമായിട്ട് വെറും 5000 രൂപയെ കിട്ടുന്നുള്ളു”. ഞാൻ സ്ഥബ്ധയായി കേട്ടിരുന്നു.
അവർ തുടരുന്നു… “ഈ കോമ്പൗണ്ടിൽ ആദ്യം വരുന്ന എല്ലാവർക്കും ജിന്നിന്റെ ശല്യം ഉണ്ടാകാറുണ്ട്. ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. ടീച്ചർക്ക് മാത്രം…. ( എനിക്ക് ആണേൽ ഒരു കോപ്പും തോന്നുന്നില്ല ). വാക്കുകൾ മുറിയുന്നു. ഇവിടെ എന്താന്ന് നടക്കുന്നതെന്നു ഞങ്ങൾക്ക് പോലും മനസിലായിട്ടില്ല ടീച്ചറേ… “എന്ന് പറഞ്ഞു അവർ നടന്നു നീങ്ങി. ( രാത്രിയിലെ ജിന്ന് ആരാണെന്നു ഒക്കെ പിന്നീട് ആണ് മനസ്സിലാകുന്നത്. ആദ്യമേ തന്നെ മനസ്സിൽ പേടി ഉണ്ടാക്കി വെച്ചാൽ അവിഹിതത്തിനും വേലി ചാടലിനും എളുപ്പവഴി വേറെ ഒന്നും വേണ്ടല്ലോ!)
അന്ന് മുതൽ ആകാരണമായ ഉൾഭയം എന്നെ ബാധിച്ചു തുടങ്ങിയിരുന്നു. എത്ര ധൈര്യം ഉണ്ടെങ്കിലും ഇതൊക്കെ കേൾക്കുമ്പോൾ പേടി ഉണ്ടാകുമല്ലോ? രാത്രിയിൽ പുറത്തിറങ്ങാൻ പേടിച്ചിട്ട് പാത്രത്തിൽ മൂത്രമൊഴിച്ചിട്ട് രാവിലെ കൊണ്ട് കളയുന്ന ചിലരും, മമ്പുറം പള്ളിയിലെ നേർച്ച കഴിഞ്ഞു വന്നു പട്ടിയെ പോലെ കുരക്കുന്നവരും, ശർദിച്ചു അവശരാകുന്നവരുമൊക്കെ ആദ്യ ആഴ്ച തന്നെ മനസ്സിലെ അകാരണമായ പേടികളെ വളർത്തികൊണ്ടിരുന്നു.
പത്താം ക്ലാസ്സിന്റെ ചാർജ് ചെന്ന ദിവസം തന്നെ കിട്ടിയ ഞാൻ അവരുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും പഠന സമയത്തു കൂടെ ഉണ്ടായിരുന്നു. കുട്ടികളുടെ കൂട്ടത്തിൽ വെളുത്തു, തടിച്ചു എപ്പോഴും നന്നായി ഒരുങ്ങി നടക്കുന്ന ഒരു കുട്ടിക്ക് എപ്പോഴും വല്ലാത്ത ഊര വേദന ( നടുവ് വേദനയുടെ മറ്റൊരു പേര്. അന്നാട്ടിൽ അങ്ങനെ പറയുന്നു.). വേദന കൊണ്ട് കരയുന്ന കണ്ടപ്പോൾ ‘ഞാൻ നടുവ് തിരുമ്മി തരാം മോളേ’ എന്ന് പറഞ്ഞു ഡ്രസ്സ് മാറ്റിയപ്പോൾ
അരയിൽ സ്വർണ്ണഅരഞ്ഞാണം. കൊച്ച് വളരെ ലാഘവത്തോടെ പറയുന്നു… 7 പവൻ ആണെന്ന്… ഞാൻ ഞെട്ടി പോയി… കാലിലേക്ക് വെറുതെ നോക്കിയപ്പോൾ നല്ല കട്ടിയിൽ സ്വർണ്ണ കൊലുസ്.. ഞാൻ ഒന്നും മിണ്ടിയില്ല. പതിയെ വീട്ടിലെ വിശേഷങ്ങൾ തിരക്കി. വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന തങ്ങൾ കുടുംബത്തിലെ ഇളം തലമുറകാരി… നിക്കാഹ് കഴിഞ്ഞു. എല്ലാ ആഴ്ചയും ഇക്കാ വിളിക്കും. 18 വയസ്സ് ആകുന്നിടം വരെ ഇവിടെ പഠിപ്പിക്കാൻ നിർത്തിയിരിക്കുന്നു. എന്നിട്ട് കല്യാണം..ഇവിടെ ആകുമ്പോൾ നല്ല ഭക്ഷണവും ശ്രദ്ധയും കിട്ടും. ഇവിടെ ഉള്ള മിക്ക കുട്ടികളും പല പല തങ്ങള്മാരുടെയും മൗലവിമാരുടെയും കുടുംബത്തിൽ നിന്നും നിക്കാഹും കഴിഞ്ഞു വന്നു പഠിക്കുന്നവർ ആണ്. വളരെ കുറച്ചു പാവപ്പെട്ട വീട്ടിലെ കുട്ടികളെ ഇവിടെ പഠിക്കുന്നുള്ളൂ ടീച്ചറേ… ബാക്കി എല്ലാവരും വലിയ കാശുകാനാരാണ്. സത്യത്തിൽ എനിക്ക് വല്ലാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. പുട്ടിനു പീര പോലെ കുറേ പാവം കുട്ടികൾ… അതുമാത്രം അല്ല, കല്യാണം കഴിക്കുന്നിടം വരെ ഈ പെൺകുട്ടികൾക്ക് പഠിക്കാൻ സ്വാതന്ത്ര്യം ( എന്താണ് സ്വാതന്ത്ര്യം?… എന്ന വലിയ ചോദ്യം ഉണ്ട്. മിക്കവർക്കും അത് മനസ്സിലായിട്ടില്ല എന്നുള്ളതാണ് വാസ്തവം ). കൊടുത്ത ആ വലിയ കുടുംബക്കാരുടെ ഔദാര്യം നമ്മൾ മറക്കാൻ പാടില്ലല്ലോ 🙏.
അങ്ങനെ ദിവസങ്ങൾ ഇഴഞ്ഞിഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. അതിനിടയിൽ അഞ്ചാം ക്ലാസ്സിൽ പുതുതായി ഒരു പെൺകുട്ടി അഡ്മിഷൻ എടുത്തു. ഞാൻ താഴേക്ക് ചെല്ലുമ്പോൾ വളരെ മിടുക്കി ആയ ആ കുട്ടി ഏതോ അറബി പദ്യം വളരെ മനോഹരമായി, ഈണത്തിൽ ചൊല്ലുന്നതാണ് കേൾക്കുന്നത്. കൂടെ ഉള്ള ടീച്ചറോട് ചോദിച്ചപ്പോൾ ‘പുതിയ അഡ്മിഷൻ ആണ്. കേരളത്തിലെ പ്രശസ്തമായ ഒരു ഗവണ്മെന്റ് കോളേജിലെ അറബി അധ്യാപകന്റെ ഇളയ മകൾ ആണ് ഇവൾ. അവർ അഡ്മിഷൻ എടുത്തു പോയി’ എന്ന മറുപടി കിട്ടി. എനിക്ക് വല്ലാതെ സങ്കടം തോന്നി.. അന്ന് ഞാൻ ആ വാപ്പയെ മനസ്സിൽ എന്തോരം പ്രാകി എന്ന് എനിക്ക് തന്നെ അറിയില്ല. ഇപ്പോഴും ഞാൻ അയാളെ വല്ലാതെ വല്ലാതെ വെറുക്കുന്നു. അത് പോലെ ഒരു കുഞ്ഞിനെ ഇത്പോലെ ഒരു നരകത്തിൽ എറിഞ്ഞു കൊടുത്തിട്ട് പോയ മഹാൻ… (വർഷങ്ങൾക്ക് ശേഷം എം. ജി. യൂണിവേഴ്സിറ്റിയിൽ ഒരു അറബി ഓപ്പൺ ഡിഫെൻസ് നടക്കുമ്പോൾ ഞാൻ അയാളുടെ പേര് കണ്ടു. ഒരുപാട് ആഗ്രഹിച്ചു അവൾക്ക് സുഖമാണോ എന്ന് ചോദിക്കണം എന്ന്. പക്ഷേ, അയാളോടുള്ള വെറുപ്പ് കാരണം മനസ്സ് അനുവദിച്ചില്ല).
അന്ന് രാത്രി എനിക്ക് മറക്കാൻ പറ്റാത്തതാണ്. താഴെത്തെ നിലയിൽ വലിയ ബഹളം കെട്ട് ഞാൻ ഓടി ചെല്ലുന്നു. കുട്ടികളെ എല്ലാം റൂമിൽ പൂട്ടി അധ്യാപകർ മാത്രം താഴത്തെ ഒരു റൂമിൽ. ഞാൻ ചെല്ലുമ്പോൾ പട്ടി കുരക്കുന്നത് പോലെ ആ കുഞ്ഞു കുരക്കുന്നു. നിലത്തു കിടന്നു ഉരുളുന്നു. ഒരു ടീച്ചർ വലിയ വടി കൊണ്ട് അതിനെ തലങ്ങും വിലങ്ങും എന്തോ ഓതി കൊണ്ട് അടിക്കുന്നു. മറ്റുള്ളവർ കയ്യും കെട്ടി ഞങ്ങൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ നോക്കി നിൽക്കുന്നു. മുമ്പോട്ടു ആഞ്ഞ എന്നെ ഒരു ടീച്ചർ കൈയ്യിൽ പിടിച്ചു വിലക്കി. ഞാൻ അവരോട്’എന്താ ഇതെന്ന്?’ ചോദിച്ചപ്പോൾ ഇവിടെ പതിവാണ് ഇതൊക്കെ… ഞാൻ ചോദിച്ചു ‘കുട്ടിയുടെ വീട്ടിൽ അറിയിക്കാതെ ഇങ്ങനൊക്കെ?’ അപ്പോൾ അവർ പറയുന്നു ‘അവരുടെ വീട്ടിലെ പല കുട്ടികളും ഇവിടെ തന്നെ ആണ് പഠിച്ചതെന്നു…’ സത്യത്തിൽ ഞാൻ തകർന്നു പോയി… ‘നിഷ ടീച്ചർ പൊക്കോളൂ… ഞങ്ങൾ നോക്കി കൊള്ളാം’ എന്ന് പറഞ്ഞു. കരഞ്ഞും കുരച്ചും പതയും നുരയും വന്നു നിലത്തു കിടക്കുന്ന ആ മോളേ കണ്ടപ്പോൾ അവളുടെ തന്ത ഒരിക്കലും ഗതി പിടിക്കില്ല എന്ന് മനസ്സിൽ പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.
അന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഇന്നത്തെ പോലെ കയ്യിൽ വലിയ ഫോൺ ഇല്ല, വിളിക്കാൻ പൈസയും ഇല്ല. എന്നാലും വേഗം അനിയത്തിയെ വിളിച്ചു പറഞ്ഞു. രാവിലെ തന്നെ തിരിച്ചു പോരാൻ അവളും പറഞ്ഞു. പിറ്റേന്ന് രാവിലെ ഓടി ചെന്നു അവളെ നോക്കിയപ്പോൾ ആ കുഞ്ഞു ഒന്നും സംഭവിക്കാത്ത പോലെ ഒരു കട്ടിലിൽ ഇരുന്നു പാട്ട് പാടുന്നു. ഞാൻ വേദനിക്കുന്നില്ലേ? പേടിച്ചു പോയില്ലേ? എന്ന് ചോദിച്ചപ്പോൾ “വേദനിക്കുന്നുണ്ട്. ഉപ്പ പറഞ്ഞിരുന്നു ഇവിടെ വരുമ്പോൾ ചിലപ്പോൾ ഇങ്ങനെ ഒക്കെ വരും. പേടിക്കേണ്ട “എന്ന് മറുപടി. സത്യത്തിൽ മറുപടി ഇല്ലാതായത് എനിക്കാണ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ വാക്കുകളിലെ ഉറപ്പും വിളറിയ കണ്ണുകളിലെ തെളിച്ചവും എന്നെ അമ്പരപ്പിച്ചു. അങ്ങനെ അതും കഴിഞ്ഞു.
അടുത്ത വ്യാഴാഴ്ച HM എന്നോട് ആവശ്യപ്പെടുന്നു, “ഇവിടെ ഓരോ ആഴ്ചയും രണ്ട് അധ്യാപികമാർ വീതമാണ് പള്ളിയിൽ കുട്ടികളെ കൊണ്ട് പോകുക.. ഈ ആഴ്ച്ച കുട്ടികളുമായി ടീച്ചർ മമ്പുറം പള്ളിയിൽ നേർച്ചക്ക് പോകണം” എന്ന്. ഞാൻ അപ്പോൾ തന്നെ “പറ്റില്ല ടീച്ചറേ, ഞാൻ ഇവിടെ ഇംഗ്ലീഷ് മാത്രം പഠിപ്പിക്കാൻ ആണ് വന്നത്. അല്ലാതെ ഒരു പണിയും ഞാൻ ചെയ്യില്ല” എന്ന് മുഖത്ത് നോക്കി പറഞ്ഞു. അന്ന് ഉച്ച കഴിഞ്ഞു രണ്ട് ടീച്ചേർസ് കുട്ടികളുമായി പള്ളിയിലേക്ക് പോകുന്നത് എനിക്ക് നിസ്സഹായയായി നോക്കി നിൽക്കേണ്ടിയും വന്നു. അന്ന് തന്നെ അവർ എന്നെ നോട്ടമിട്ടു എന്നെനിക്ക് മനസ്സിലായിരുന്നു. വീട്ടിൽ ഇത്ര വിശദീകരിച്ചു ഒന്നും പറഞ്ഞില്ലെങ്കിലും ‘നിനക്ക് ഒത്തു പോകാൻ പറ്റില്ലെങ്കിൽ അവിടെ ഇനി നിക്കേണ്ട.. ഇങ്ങോട്ട് പോരൂ’ എന്ന് മറുപടി. അത് പ്രകാരം റിസൈൻ ചെയ്യാൻ കാത്തിരിക്കുമ്പോൾ പിറ്റേന്ന് ജുമാ കഴിഞ്ഞു ‘മാനേജ്മെന്റ് മെമ്പേഴ്സ് എന്നെ വിളിക്കുന്നു’ എന്ന് പറഞ്ഞു ഒരു ടീച്ചർ താഴേക്ക് ചെല്ലാൻ പറഞ്ഞു. എനിക്ക് അപ്പോഴേ കാര്യം മനസ്സിലായി… ഞാൻ നേരത്തെ തന്നെ ബാഗ് ഒക്കെ പാക്ക് ചെയ്തു ഇരിക്കുകയാണ്. അതിലൊരാൾ പറഞ്ഞു തുടങ്ങുന്നു… “ടീച്ചർ, വളരെ മര്യാദക്ക് വർഷങ്ങളായി പല ഗൾഫ്കാരുടെയും മറ്റുള്ളവരുടെയും സഹായം വഴി യതീം ആയ കുറേ പാവപെട്ട പെൺകുഞ്ഞുങ്ങളെ പഠിപ്പിക്കുകയും തിന്നാൻ നാല് നേരം മുട്ടില്ലാതെയും കൊടുത്തു കടന്നു പോകുന്ന ഒരു സ്ഥാപനം ആണിത്. ടീച്ചറേ പോലെ യൂണിവേഴ്സിറ്റിയിൽ ഒക്കെ പഠിച്ചവർക്ക് അതൊന്നും മനസ്സിലാവില്ല. അത്കൊണ്ട് ഇവിടെ ടീച്ചർക്ക് മുമ്പോട്ട് പോകാൻ ബുദ്ധിമുട്ട് ആകും. ഇങ്ങനെ ഒരു ചാരിറ്റബിൾ ഇൻസ്ടിട്യൂഷൻ വലിയ ബുദ്ധിമുട്ടി ആണ് ഞങ്ങൾ നടത്തി കൊണ്ട് പോകുന്നത്. ഞാൻ വല്ലാതെ കത്തിതുടങ്ങിയിരുന്നു…. ഉറച്ച ശബ്ദത്തിൽ ” സർ, ഇതിനെ ചാരിറ്റബിൾ ഇൻസ്ടിട്യൂഷൻ എന്ന് വിളിച്ചു നല്ല സ്ഥാപനങ്ങളുടെ വില നിങ്ങൾ കളയരുത്. അത് സഹിക്കാൻ പറ്റില്ല. ഞാൻ ഇന്നു തന്നെ റിസൈൻ ചെയ്യുന്നു” എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അവിടെ തല താഴ്ത്തി ഇരുന്ന ഉസ്താദിയെയും വേറെ ചിലരെയും വക വെക്കാതെ ഞാൻ തിരിച്ചു നടന്നു.
മനസ്സിൽ ഒന്നല്ല ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാം ചോദിക്കാൻ പറ്റില്ലാലോ? എന്നാലും എപ്പോഴും മനസ്സിൽ വരുന്നൊരു ചോദ്യം ഉണ്ട്. “ആഴ്ചയിൽ മൂന്നു ദിവസം നെയ്ച്ചോറും ബിരിയാണിയും കഴിച്ചു ജീവിച്ച നിങ്ങളെ പോലെ ഉള്ള ( അയാളുടെ പെങ്ങളുടെ മകളും അവിടെ പഠിക്കുന്നുണ്ട് ) കുറേ ‘നല്ല’ വീട്ടിലെ പിള്ളേർക്ക് ഏഴു ദിവസോം ബിരിയാണി തിന്നാനും, ഔദാര്യം പോലെ അക്ഷരങ്ങൾ പഠിക്കാനും, പുറം ലോകം കാണാത്തതു കൊണ്ട് ആരുടേം കൂടെ പോയി പേരുദോഷം ഉണ്ടാക്കില്ല എന്ന ഉറപ്പോടെ വീട്ടുകാർക്ക് കിടന്നുറങ്ങാനും ഉണ്ടാക്കി വെച്ചിരിക്കുന്ന സ്ഥാപനത്തിന്റെ പേരാണ് “ചാരിറ്റബിൾ ഇൻസ്ടിട്യൂഷൻ”. പുതിയ അറിവായിരുന്നു. കാരണം, കോട്ടയത്തു പല സാഹചര്യങ്ങളിലും കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ ജീവിച്ച എനിക്ക് പലപ്പോഴും പലതും ഉൾകൊള്ളാൻ ബുദ്ധിമുട്ട് ആണ്. അന്നും ഇന്നും…. 🙏
തിരിച്ചു എത്തിയ ഞാൻ ആദ്യം പറഞ്ഞത് നമ്മുക്ക് അറിയാവുന്ന ഒരാളെയും ഇങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ വിടരുത് എന്നായിരുന്നു. അത്പോലെ 18 പോലും തികയാത്ത പെൺപിള്ളേരെ കെട്ടിക്കാൻ ആരു സഹായം ചോദിച്ചു വന്നാലും കൊടുക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചതാണ്. ഈ സംഭവം നടക്കുമ്പോൾ എന്റെ വിവാഹം നടന്നിട്ടില്ല. എന്റെ വിവാഹം നടക്കുന്നത് ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ആണ്. പല കല്യാണങ്ങളും (ഞാനും/ എന്നെയും) വേണ്ട എന്ന് പറയുമ്പോഴും നാട്ടുകാരിലും വീട്ടുകാരിലും പലരും അടുത്തും അകലെയും മൂളി കൊണ്ട് നടക്കുമ്പോഴും എന്റെ വാപ്പിച്ചി ( പ്രത്യേകിച്ച് ഒരു സാമ്പാദ്യവുമില്ലാത്ത, ഒരു വീട് പോലും ഇല്ലാത്ത ഒരാളാണ് ) എന്നോട് നിരന്തരം പറഞ്ഞോണ്ട് ഇരുന്ന ഒരു കാര്യം ഉണ്ട്. “നിനക്ക് ഇഷ്ടമുള്ള ആൾ ഒത്തു വരട്ടെ. എന്നിട്ട് മതി… അല്ലാതെ ഏതേലും ഒരുത്തന്റെ തലേൽ ഞാൻ നിന്നെ കെട്ടി വെക്കാൻ നോക്കില്ല. പെണ്മക്കളെ കെട്ടിച്ചു വിടുന്നത് തിന്നാനും കുടിക്കാനും ഇല്ലാത്ത കൊണ്ടല്ല. അത് പലർക്കും അറിയില്ല. അത്കൊണ്ട് നിന്റെ ഇഷ്ടം പോലെ കാര്യങ്ങൾ നടന്നോട്ടെ” എന്ന്… സത്യത്തിൽ എനിക്ക് വാപ്പിച്ചിയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ ആനുകൂല്യം അതാണ്… അതൊരു വലിയ അനുഗ്രഹം തന്നെ ആയി ഇന്നും കാണുന്നു.
ഒരു സാധാരണക്കാരനായ എന്റെ വാപ്പിയുടെ പകുതി ഹൃദയ വിശാലത പോലും ഇല്ലാത്ത ഒരുപാട് പണവും പദവിയുമുള്ള പലരെയും ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുണ്ട്. ഇവരൊക്കെ ‘എന്നാ മനുഷ്യമാർ’ ആണെന്ന് പലപ്പോഴും മനസ്സിൽ ഓർത്തിട്ടുമുണ്ട്. അതിൽ ഒരു സംഭവം കൂടി പങ്കു വെക്കുന്നു. കഴിഞ്ഞ മാസം ഒരു കോളേജ് അധ്യാപകനോട് സംസാരിച്ചോണ്ട് ഇരിക്കെ വളരെ തമാശ പോലെ പുള്ളി പറയുന്നു.
“പെൺപിള്ളേർ വളർന്നു വരുന്നു. ഇനി വീട്ടിൽ CCTV വെക്കണം. അല്ലേൽ ശരി ആവില്ല. ” ഞാൻ ഞെട്ടി പോയി. അങ്ങേരെ പോലെ ഒരാൾ ഒക്കെ ഇത് പറയുമ്പോൾ നാട്ടിലെ പാവങ്ങൾ പിന്നെ എന്തോ ചെയ്യണം? സത്യത്തിൽ ഇതാണ് ഇപ്പോഴും പ്രബുദ്ധ കേരളത്തിന്റെ അവസ്ഥ 🙏 അത്കൊണ്ട് ഇനിയും അനുഭവങ്ങൾ പറഞ്ഞു ബോറടിപ്പിക്കുന്നില്ല.
നിർത്തുന്നു… 😊
4 Comments
ഒന്ന് കൂടെ വായിച്ചു ❤️❤️
✍️❤️
ഞെട്ടിപ്പിക്കുന്ന ……അനുഭവങ്ങൾ ….പ്രബുദ്ധ കേരളത്തിൽ ഇങ്ങനെ ഒക്കെയും നടക്കുന്നു!!!
വീണ്ടും വായിച്ചപ്പോഴും അതേ ഫീൽ ❤️❤️