ഗാന്ധി ഡിജിറ്റൽ യുഗത്തിൽ
ഇന്നത്തെ കുട്ടികൾക്ക് ഗാന്ധി കറൻസി നോട്ടിലെ അപ്പൂപ്പൻ മാത്രമായി മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. ‘ഗാന്ധിക്ക് ‘പിന്നാലെ പരക്കം പായുന്ന മുതിർന്നവരുടെയിടയിൽ ഗാന്ധി ഉയർത്തിയ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന തലമുറ മണ്ണടിഞ്ഞു കഴിഞ്ഞു. ഇത് ഗോഡ്സേയുടെ യുഗമാണ്. ഗാന്ധിജിയുടെ മരണം ഒരു കൊലപാതകം പോലുമല്ലെന്ന് ചരിത്രം തിരുത്തിക്കുറിക്കുന്നവർക്കിടയിലേക്ക് രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഗാന്ധിജിയെ പുനഃപ്രതിഷ്ഠിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.
ലോകം ഇങ്ങനെയൊക്കെയായി പോയെന്ന് പറഞ്ഞ് നിസ്സാരമായി കൈ കഴുകാൻ നമുക്കാർക്കും സാധ്യമല്ല. കാരണം ഈ ലോകത്ത് കൊണ്ടു വരേണ്ട മാറ്റം തുടങ്ങേണ്ടത് നിങ്ങൾ ഓരോരുത്തരിൽ നിന്നു തന്നെയാണെന്ന് ആഹ്വാനം ചെയ്തത് ഗാന്ധിജി തന്നെയാണ്. ആഡംബരങ്ങളിൽ മുഴുകുന്ന ഒരു തലമുറക്കു മുന്നിലേക്ക് ലാളിത്യത്തിൻ്റെ പാഠങ്ങൾ പഠിപ്പിച്ച് കൊടുക്കാൻ നമുക്കാ ഫക്കീറിൻ്റെ നഗ്നമായ മേനിയിൽ നിന്നു തുടങ്ങാം.
ബ്രിട്ടീഷുകാരുടെ കിരാത നയങ്ങൾക്കെതിരെ അക്രമരാഹിത്യം കൈമുതലാക്കി അഹിംസയിലൂന്നി ഉപ്പു കുറുക്കി സ്വയം ജോലികൾ ചെയ്ത് ഒരാൾ നടത്തിയ സമരം.തൻ്റെ ചുറ്റുമുള്ള മനുഷ്യനെ ദളിതനെന്നോ മുസ്ലീമെന്നോ സിക്കുകാരനെന്നോ വേർതിരിക്കാതെ ചേർത്തു പിടിച്ചു ഗാന്ധിജി. ബ്രിട്ടീഷ് നയങ്ങൾക്കെതിരെ സമാധാനപരമായി നടത്തിയ സമരങ്ങൾ പുതു തലമുറക്ക് അന്യമായി കൊണ്ടിരിക്കുകയാണ്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നു പറയുന്നത് തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം മാർഗ്ഗത്തെയും പരിശുദ്ധമായി കാണണമെന്ന് പഠിപ്പിച്ചു.
ഗാന്ധിജയന്തി ആഘോഷിക്കുന്ന വേളയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സേവനവാരം മാത്രമാവരുത്, മറിച്ച് ഗാന്ധിജി മുന്നോട്ടുവെച്ച സമാധാനം, പരസ്പര സ്നേഹം, ഐക്യം എന്നിവ പുതുതലമുറയിൽ വേരോടാൻ കഠിനമായി പരിശ്രമിക്കാം നമുക്ക്. ഗാന്ധിജിയെ രാഷ്ട്രത്തിൻ്റെ പിതാവായി സിനിമകളിലെ പോലീസ് സ്റ്റേഷനിൽ ചുമരിൽ ചിത്രം മാത്രമായി ഒതുക്കരുത്. മറിച്ച് ആ മഹാത്മാവിൻ്റെ ജീവിതം അറിഞ്ഞ് അതു ജീവിതത്തിലേക്ക് പകർത്താൻ നമ്മുടെ കുരുന്നുകൾക്ക് പ്രചോദനമേകണം. ഇന്ത്യാ വിഭജനകാലഘട്ടത്തിൽ പോലും ഇന്ത്യയിലുടനീളം നടന്ന് മനുഷ്യരുടെ വേദനകളെ പകുത്തെടുത്ത അദ്ദേഹം അധികാരത്തിനു പിന്നാലെ പായാതെ രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു.
ഇച്ഛാശക്തിയുള്ള ഒരു മനസ്സ്, സഹജീവികളോടുളള കാരുണ്യം, വർഗീയതയെ വെറുക്കൽ, ലാളിത്യം, സമാധാനപ്രിയത, സത്യസന്ധത, ധാർമ്മിക മൂല്യങ്ങളെ മുറുകെ പിടിക്കൽ എന്നീ ഗാന്ധി ഗുണങ്ങൾ നമുക്ക് പുതുതലമുറക്കായി പരിചയപ്പെടുത്താം. അദ്ദേഹം ഔട്ട്ഡേറ്റഡ് ആയ ഒരു വയസ്സൻ തന്തയല്ലെന്ന്, തിരുത്തി കൊടുക്കാം. തിരക്കുപിടിച്ച ഈ യാന്ത്രിക യുഗത്തിൽ ലളിതമായ ജീവിതത്തിലേക്ക് മടങ്ങാം നമുക്ക്. അവിടെ നമ്മുടെ റോൾ മോഡൽ അർദ്ധനഗ്നനായ ആ ‘ഫക്കീർ ‘ തന്നെയാവട്ടെ.
അമൽ ഫെർമിസ്
ചിത്രത്തിന് കടപ്പാട് : newsmobile
3 Comments
എങ്ങനെ ആളുകളെ തമ്മിലടിപ്പിക്കാം എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം ആണ് ഇന്ന് ഭരിക്കുന്നവരും, ഭരണം ആഗ്രഹിക്കുന്നവരും ചെയ്യുന്നത്. അതിലൂടെ ഉണ്ടാവുന്ന പ്രശ്നങ്ങളെ മുഖമറയാക്കി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനത്തിന്റെ ശ്രദ്ധ മാറ്റുന്നവർ. പട്ടിണി,തൊഴിലില്ലാഴ്മ അതിനെ പറ്റി ഒന്നും ആരും സംസാരിക്കരുത്. എന്ന് ഇത് പൊതു ജനം മനസിലാക്കുന്നുവോ അന്നേ ഇന്ത്യ വികസിക്കുകയുള്ളു. അതിനു നേതൃത്വം നൽകാൻ ഗാന്ധിയെ പോലുള്ള നേതാക്കൾ ഇനിയും പിറവി എടുക്കേണ്ടതുണ്ട്
🙏🙏
നല്ലെഴുത്ത്🥰🫂