കഴിഞ്ഞ ദിവസത്തെ വിനായകന്റെ വിഷയത്തിൽ ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് ചേരിതിരിഞ്ഞുള്ള തർക്കങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷൻ വിഷയത്തിൽ ഞാൻ വിനായകനൊപ്പമാണ്.
ഞാൻ പറഞ്ഞതിന്റെ അർത്ഥം ആ മനുഷ്യന്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നല്ല.. മറിച്ച് പോലീസ് സ്റ്റേഷനിലെ അയാളുടെ ചോദ്യങ്ങളോട് അവിടെ സ്വീകരിച്ച നിലപാടിനോടാണ് ഞാൻ യോജിക്കുന്നത്.
വിനായകൻ ചെയ്ത തെറ്റെന്താണ് ? തന്റെ വീട്ടിൽ മഫ്തിയിൽ വന്ന വനിതാ പോലീസ് ഓഫീസറിന്റെ ഐഡി ചോദിച്ചു. അതിലെന്താണ് തെറ്റ്?
എന്റെ വീട്ടിൽ പെട്ടന്നൊരാൾ കയറി വന്നിട്ട് “ഞാൻ ഇന്നയിടത്ത് നിന്ന് വരുന്നു, ഇന്ന ഉദ്യോഗസ്ഥനാണ്” എന്ന് പറഞ്ഞാൽ ഞാൻ ഐഡി ചോദിക്കും.. കാരണം വന്ന ആൾ ഒർജിനൽ ആണോ അല്ലയോ എന്നറിയാനുള്ള അവകാശമെനിക്കുണ്ട്.
വന്ന വ്യക്തിയെ ഒരു വിവരവുമില്ലാതെ വിളിച്ചു കയറ്റിയാൽ, ആ വ്യക്തി എന്റെ കഴുത്ത് കണ്ടിച്ചാൽ ആര് സമാധാനം പറയും? വിനായകനും ഇതെ ചോദ്യമാണ് ഉന്നയിക്കുന്നത്.
ആ വന്നത് പോലീസ് അല്ലെന്ന് വയ്ക്കൂ. വിനായകൻ ഏതോ സ്ത്രീയെ വിളിച്ച് വരുത്തി എന്നാവും ആരോപിക്കപ്പെടുക. ചിലപ്പോൾ വന്ന സ്ത്രീ വിനായകൻ തന്നെ വിളിച്ചു വരുത്തി ഉപദ്രവിച്ചു എന്ന് പറഞ്ഞാലോ? ഏങ്ങനെ വേണേ സംഭവിക്കാവുന്ന കാലമാണ്.
“അവനെന്നെ നോക്കി അത് കൊണ്ട് ഞാൻ ഗർഭിണിയായി” എന്ന് വിളിച്ചു കൂവുന്ന നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നത്.
ഇനി സ്റ്റേഷനിലേക്ക് വരാം.. ആരാണ് പ്രശ്നം തുടങ്ങി വച്ചത്? പോലീസ് ഉദ്യോഗസ്ഥർ.
ഒരാളെ നീ, എടാ, പോടാ എന്നൊക്കെ വിളിക്കാൻ എന്ത് അധികാരമുണ്ട്? ഒച്ച ഉയർത്തി കടിച്ചു കീറുന്ന സംസ്കാരം എവിടെ നിന്നാണ് പോലീസ് പഠിച്ചത്?(എല്ലാവരേയും അടച്ച് പറയില്ല, ചിലർ മാത്രം ).
വിനായാകനെ എന്നല്ല സ്റ്റേഷനിൽ എത്തുന്ന അല്ലെങ്കിൽ വഴിയിൽ കാണുന്ന ഒരാളെയും മേൽ പറഞ്ഞ പോലെ സംബോധന ചെയ്യാൻ പാടില്ല. വല്ലപ്പോഴും ഡിജിപിയുടെ സർക്കുലർ എടുത്തു പൊടി തട്ടി വായിച്ചു നോക്കുന്നത് നന്നായിരിക്കും.
ഇത്രയൊക്കെ ചാടിക്കടിച്ചിട്ടും വിനായകൻ സർ എന്നാണ് വിളിക്കുന്നത്.. അല്ലാതെ എടാ മൈ@₹*# എന്ന് വിളിച്ചിട്ടില്ല. പക്ഷേ തോളിൽ വാളും നക്ഷത്രവും അശോക സ്തംഭവുമൊക്കെയുള്ള ഉദ്യോഗസ്ഥരെ അതിനേക്കാൾ മോശം ഭാഷയിൽ പുലഭ്യം പറഞ്ഞവർ, പറയുന്നവർ നമുക്കിടയിലുണ്ട്.
തന്റെ തൊപ്പി തെറിപ്പിക്കും, വീട്ടിൽ കയറി കൊത്തും എന്നൊക്കെ എന്ന് വിളിച്ചു കൂവിയവരുണ്ട്. സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥരെ കൈ വച്ചവരുണ്ട്. പോലീസ് അറസ്റ്റ് ചെയ്തവരെ സെല്ലിൽ നിന്ന് ഇറക്കിക്കൊണ്ട് പോയവരുണ്ട്..
ഇതൊക്കെ ചെയ്തിട്ടും “ക, മ” എന്ന് മിണ്ടാതെ കണ്ടും കേട്ടും നിന്ന പോലീസുകാരുണ്ട്.. അവരെ ആ നിസ്സഹായവസ്ഥയിലേക്ക് തള്ളി വിട്ടത് എതിർവശത്ത് നിൽക്കുന്നവന്റെ പ്രിവിലേജാണ്.
ഒരു ജനതയെ വലിയവനെന്നും ചെറിയവനെന്നും വേർ തിരിക്കുന്ന ആധുനിക വർണവ്യസ്ഥയാണ് ഈ പ്രിവിലേജ്. നിർഭാഗ്യമെന്ന് പറയട്ടെ ഈ സംഗതി നമ്മുടെ രാജ്യത്ത് മാത്രമേ ഉള്ളൂ.
“വിനായകന്റെ ഭാഷയ്ക്കും ശൈലിക്കും പ്രശ്നമുണ്ട്, ആയാൾ മദ്യപിക്കും, പുക വലിക്കും, മറ്റ് എന്തൊക്കെയോ ലഹരികൾ ഉപയോഗിക്കും”
ശരിയായിരിക്കാം… വിനായകൻ അത് മറച്ച് വയ്ക്കുന്നുണ്ടോ? ഇല്ല. പക്ഷേ ഇതൊക്കെ ഉണ്ടായിട്ടും ഇല്ല എന്ന് പറഞ്ഞ് മുഖം മൂടി ധരിക്കുന്ന എത്രയോ ആളുകളുണ്ട്!
വിനായകൻ ജനിച്ചത് കൊട്ടാരത്തിലോ മണിമാളികയിലോ അല്ല മറിച്ച് ചേരിയിലാണ്. പൊന്നും പണവും കൊണ്ട് മൂടിയല്ല അയാൾ വളർന്നത്, വൈകുന്നേരമായാൽ പണി കഴിഞ്ഞു രണ്ട് നിപ്പനടിക്കുന്നവർക്കിടയിലാണ്, ഉള്ളിൽ കള്ളമില്ലാതെ തെറി വിളിക്കാൻ തോന്നിയാൽ വിളിക്കുന്നവർക്കിടയിലാണ്.. ദാരിദ്രവും പട്ടിണിയും അറിഞ്ഞവനാണ്, പഠിപ്പ് കുറഞ്ഞവനാണ്, അവഗണനകൾ നേരിട്ടവനാണ്. സ്വാഭാവികമായും അയാളുടെ സംസ്കാരത്തിലും സംഭാഷണത്തിലും വ്യത്യാസമുണ്ടാകും.
പോലീസ് സ്റ്റേഷനിലെത്തിയ വിനായകൻ എന്ന വ്യക്തിയെ നീ എന്നും, എടാ പോടാ, എന്നും വിളിക്കേണ്ട ആവശ്യമെന്താണ്? ഐഡി ചോദിക്കാൻ നീ ആരാടാ എന്ന് ആക്രോശിക്കേണ്ട കാരമെന്ത്?
ഇത് കേവലം വിനായകന്റെ മാത്രം കാര്യമല്ല നാട്ടിലെ ഒട്ടുമിക്ക സാധാരണക്കാരും നേരിടുന്ന പ്രശ്നമാണ്.
പോലീസെന്നാൽ ആരുടേയും മെക്കിട്ട് കയറാനുള്ള ലൈസൻസ് ആണെന്ന് വിചാരിക്കരുത്. എടാ എന്ന് വിളിക്കുമ്പോൾ എന്താട എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല, കാരണം പരസ്പര ബഹുമാനം എന്നൊന്നുണ്ട്.
ഇന്നും മേലധികാരികളുടെ വണ്ടിയുടെ ഡോർ തുറന്ന് കൊടുത്തും സല്യൂട്ട് ചെയ്തും മാത്രം ശീലിച്ച, അങ്ങനെ ശീലിപ്പിക്കുന്ന പോലീസ് സേനയ്ക്ക് പരസ്പര ബഹുമാനം എന്താണെന്ന് ക്ലാസ്സ് എടുത്തു കൊടുക്കേണ്ട അവസ്ഥയാണ്. ഇത് പറയുമ്പോൾ പ്രോട്ടോക്കോൾ എന്നും പറഞ്ഞു വരരുത്, ഒരു പ്രോട്ടോക്കോളിലും പരസ്പരം ബഹുമാനം പാടില്ലെന്നും മേലധികാരി വരുമ്പോൾ ഡോർ തുറന്ന് പിടിച്ച് നിൽക്കണമെന്നും പറയുന്നില്ല.
ഈ അധികാരി മനോഭാവവും നെഞ്ചത്ത് കയറ്റവും കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒന്നാണെന്ന് പറയാതെ വയ്യ. അതിന്റെ കാരണം കൂടി വ്യക്തമാക്കിത്തരാം.
ഇന്ത്യ മഹാരാജ്യത്തെ ഏറ്റവും വലിയ Department ആർമിയാണ്, അവിടെ ഒരു സഫായ് വാല ആകട്ടെ, ഒരു ചൗക്കിദാർ ആവട്ടെ, എത്ര ചെറിയ തസ്തികയിൽ ഉള്ളവർ ആയാലും അവർ മേലുദ്യോഗസ്ഥന് ഒരു സല്യൂട്ട് നൽകുമ്പോൾ ആ ഉദ്യോഗസ്ഥൻ സല്യൂട്ട് മടക്കും. അതാണ് പരസ്പര ബഹുമാനം എന്ന് പറയുന്നത്.
തീരുന്നില്ല, സാബ് എന്ന് വിളിച്ചാൽ തിരിച്ച് ഒന്നുകിൽ സാബ് അല്ലെങ്കിൽ പേരിനൊപ്പം ഒരു ജി കൂട്ടി വിളിക്കുന്നതും സേനയിലെ പരസ്പര ബഹുമാനത്തിന്റെ സൂചന തന്നെ.
ഈ പറഞ്ഞതിന്റെ പത്തിൽ ഒന്ന് കേരളത്തിലെ പോലീസ് ഫോഴ്സിലുണ്ടോ? ഇവിടെ സാധാരണക്കാരന് ഒരു നിയമം രാഷ്ട്രീയക്കാരന് വേറൊരു നിയമം പിന്നെ മുകളിൽ പിടിപാട് ഉള്ളവന് മറ്റൊരു നിയമം.. അതാണല്ലോ നാട്ടുനടപ്പും നടപടിയും.
വീണ്ടും വിഷയത്തിലേക്ക് വരാം.
വിനായകൻ പോലീസ് സ്റ്റേഷനിൽ അപമര്യാദയായി പെരുമാറി, മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി.
ഒന്നാമത്തെ വിഷയം തെറ്റാണ്. തീർച്ചയായും അനുസൃതമായ ശിക്ഷ നൽകണം. പക്ഷേ രണ്ടാമത്തെ വിഷയത്തിലേക്ക് വരുമ്പോൾ മദ്യപിച്ചു എന്നത് തെറ്റാണോ?
അല്ല!.
പിന്നെയോ?
അയാൾ മദ്യപിച്ച് സ്റ്റേഷനിൽ എത്തിയത് തെറ്റാണ്!
ശരി അങ്ങനെയാണെങ്കിൽ ഇവിടെ മദ്യപിച്ച് ഡ്യൂട്ടി വരുന്നവരുടെ, ഡ്യൂട്ടിക്ക് ഇടയിൽ മദ്യപിക്കുന്നവരുടെ, മദ്യപിച്ച് വന്ന് സംസാരിക്കുന്നവരുടെ ഒരു ലിസ്റ്റ് തന്നാൽ നടപടി എടുക്കുമോ?
അത്!… ജബ!!.. ജബ!!!..
കേരളത്തിൽ ആദ്യമായാണോ ഒരാൾ മദ്യപിച്ച് ഒരു സ്റ്റേഷനിൽ വരുന്നത്? ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അല്ല എന്ന് ഞാൻ പറയും. കരണം ഞാൻ സാക്ഷിയാണ്. അങ്ങനെ വന്നിട്ട് കേസ് എടുത്തോ? എടുത്തില്ല.
കുടിച്ച് കൂത്താടി ജയിലിന്റെ മുന്നിൽ മൂത്രശങ്ക തീർത്ത ധർമ്മജനോട് ഒരു പോലീസുകാരനും തട്ടിക്കയറുന്ന കണ്ടില്ല.
നാട്ടിലൊരു സർക്കിൾ ഇൻസ്പെക്ടർ മദ്യപിച്ച് വാഹനമോടിച്ച് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറുപ്പിച്ച് നിർത്താതെ പോയ സംഭവത്തിൽ കേസ് എടുക്കാതിരിക്കാൻ എന്തൊക്കെ വഴികൾ നോക്കി.
പക്ഷേ ഇവിടെ ഞാൻ വീണ്ടും ആവർത്തിക്കുന്നു, വിനായകൻ അപമര്യാദയായി പെരുമാറി എന്ന് തെളിഞ്ഞാൽ തീർച്ചയായും ശിക്ഷ നൽകണം. അത് പക്ഷേ കെട്ടിച്ചമച്ച കേസിലൂടെ ആകരുത്.
ഒന്ന് കൂടി ചോദിക്കട്ടെ, ഉന്നതർ പഞ്ചനക്ഷത്ര ബാറിന്റെ AC റൂമിലിരുന്ന് ആയിരങ്ങൾ മുടക്കി മദ്യപിച്ച് ലക്ക് കെട്ട് വായിൽ വരുന്ന തെറി മുഴുവൻ പുറത്തേക്ക് തുപ്പിയാൽ അതെല്ലാം സഭ്യവും, സാധാരണക്കാരൻ 100 രൂപയുടെ ലോക്കൽ റം വാങ്ങിക്കുടിച്ച് എന്തെങ്കിലും പറഞ്ഞാൽ, അല്പം ഒച്ച ഉയർത്തി സംസാരിച്ചാൽ അത് അസഭ്യവുമാകുതെങ്ങനെയാണ്?
ഇനി ചില മാധ്യമങ്ങളോട് പറയാനുള്ളത്..
വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തിയ വീഡിയോയിൽ ബീപ് സൗണ്ട് കുത്തിക്കയറ്റി പുറത്തേക്ക് വിട്ട് തെറ്റിദ്ധാരണ പരത്തി റീച്ച് കൂട്ടുന്ന കലാപരിപാടി മാധ്യമ ധർമമല്ല..
വളച്ചൊടിച്ച തലക്കെട്ട് നൽകി ആളുകളെ തമ്മിൽ തല്ലിക്കരുത്.
അടുത്തത് ജാതി – കറുപ്പ് നിറ കാർഡുകൾ ഇറക്കുന്നവരോട്.
കുറച്ചു കാലമായിട്ട് കണ്ടു വരുന്ന പരിപാടിയാണ് ഏതൊരു വിഷയത്തിലും ദളിത്, കറുപ്പ് കാർഡുകൾ ഇറക്കി കളിക്കുന്നത്.
കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി നിങ്ങളിറക്കുന്ന ഈ ജാതിക്കാർഡ് പരിപാടി ദീർഘദൂര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്.
എന്ത് തോന്ന്യാസം കാണിച്ചാലും ഒടുക്കം ദളിത്, കറുപ്പ് നിറം, സവർണ മേധാവിത്വം എന്നൊക്കെപ്പറഞ്ഞ് രക്ഷപെടാമെന്ന തോന്നൽ ഒരു വിഭാഗം ആളുകൾക്കുണ്ടാകുന്ന അവസ്ഥ വരും. അത് നല്ലതല്ല.
കേരളത്തിലെ ഒരു മന്ത്രി പോലും ഈ ജാതിക്കാർഡ് പൊക്കിപ്പിടിച്ച് പ്രസംഗിച്ചത് നമ്മൾ കണ്ടതാണ്.
ഇനിയൊരു സുപ്രഭാതത്തിൽ ആരെങ്കിലും വലിയ തെറ്റുകൾ ചെയ്തിട്ട് ഒടുക്കം ഞാൻ ദളിതൻ ആയത് കൊണ്ട, എന്റെ നിറം കറുത്തത് കൊണ്ടാ, എന്നെ പീഡിപ്പിക്കുവാ എന്നൊക്കെപ്പറഞ്ഞു രക്ഷപെടാൻ നോക്കിയാൽ വാ പൂട്ടി മിണ്ടാതിരിക്കേണ്ടി വരും.
വിനായകന്റെ കാര്യത്തിൽ ഇതിന് മുൻപും ഇപ്പോഴും നിങ്ങളീ ഇറക്കുന്ന ദളിത് കാർഡ് ചീപ്പ് പൊളിറ്റിക്സ് മാത്രമാണെന്ന് പറയാതെ വയ്യ.
വിനായകൻ എന്ന വ്യക്തിയോട്.
വിനായകൻ, നിങ്ങൾ എവിടെ ജനിച്ചു, എങ്ങനെ വളർന്നു, എന്തായിരുന്നു സാഹചര്യം എന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ.. ഇപ്പോൾ നിങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്നുള്ളത് മനസ്സിലാക്കുക.
താങ്കൾ ജനിച്ച് വളർന്ന നാടിന്റെ, താങ്കൾ ഉൾപ്പെടുന്ന വലിയൊരു ജനവിഭാഗത്തിന്റെ പ്രതീക്ഷയും മാതൃകയുമാണ് നിങ്ങൾ.
വിനായകൻ എന്ന വ്യക്തിയെ കണ്ട് പഠിച്ച് വളരുന്ന കുറേ കുട്ടികളുണ്ട്.
താങ്കളെ ചൂണ്ടി, കണ്ടോ നിങ്ങളെപ്പോലിരുന്നതാ ഇന്ന് എവിടെയെത്തിയെന്ന് നോക്ക്, കണ്ട് പഠിക്കു എന്നൊക്കെ തങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന അച്ഛനമ്മമാരുണ്ട്.. താങ്കൾ ഉയർന്നു പോയ പോലെ തങ്ങളുടെ മക്കളും ചേരിപ്രദേശത്തെ ഗലികളിൽ നിന്ന് രക്ഷപെട്ടു പോകണമെന്ന് ആഗ്രഹിക്കുന്നവരാണത്, അവർക്ക് മുൻപിൽ നിങ്ങൾ നിങ്ങളുടെ വില സ്വയം കുറച്ചു കാണിക്കരുത്.. ഒരു തെറ്റായ സന്ദേശം ആ കുട്ടികളുടെ മനസ്സിലേക്ക് പകർന്ന് കൊടുക്കരുത്.
ഏതൊരു വിഷയത്തിലും നിങ്ങൾ വിളിച്ചു പറയുന്ന “ഞാൻ കറുത്തവനാ, ഞാൻ പട്ടിയ, ഞാൻ തെണ്ടി, ചേരിയിൽ വളർന്നവൻ, അധകൃതൻ ” എന്നിങ്ങനെയുള്ള സ്വയം വിശേഷങ്ങൾ അവസാനിപ്പിക്കുക.
നിങ്ങളുടെ നിറം കറുപ്പ് ആയിരിക്കാം, ജനിച്ച് വളർന്ന സാഹചര്യം മോശമാകാം, പക്ഷേ നിങ്ങളൊരു മനുഷ്യനാണ്, കഴിവുള്ളവനാണ്, നിങ്ങളിലെ അഭിനേതാവിനെ അംഗീകരിച്ച് കൈയ്യടിച്ച നാടാണിത്.. താങ്കളെന്താ അതൊന്നും കാണാത്തത്? അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ?
വിനായകനെന്ന പഴയ ചേരി നിവാസിയിൽ നിന്ന് സൗത്ത് ഇന്ത്യ അറിയുന്ന ഒരു മികച്ച നടനിലേക്ക്, അതും അവാർഡ് നേടിയ ഒരു നടനിലേക്ക് വളർന്നു കഴിഞ്ഞ വ്യക്തിയാണ് താങ്കളെന്ന കാര്യം മറക്കരുത്.
പറയുമ്പോൾ എല്ലാം പറയണമല്ലോ ഒരു സാധാരണക്കാരന് കിട്ടുന്നതിനേക്കാൾ അല്പം മെച്ചപ്പെട്ട പരിഗണന നിങ്ങൾക്ക് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്, ഇല്ലന്ന് പറയാൻ പറ്റില്ല. ആ പരിഗണന ലഭിച്ചത് നിങ്ങൾ അറിയപ്പെടുന്ന ഒരു വ്യക്തി ആയത് കൊണ്ടാണെന്ന് മനസ്സിലാക്കുക. {പരിഗണന നൽകി എന്നത് കൊണ്ട് പോലീസിന്റെ സംസാര രീതി നല്ലത് എന്ന് ഉദ്ദേശിച്ചിട്ടില്ല}
വളർന്നു വന്ന പാതയിലേക്ക് മടങ്ങുകയല്ല കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് വളരുകയാണ് വേണ്ടത്. അത് കൊണ്ട് തന്നെ മുന്നോട്ടുള്ള യാത്രയിൽ കുറേക്കൂടി സംയമനം പാലിക്കാൻ പഠിക്കണം. നിങ്ങളെ മാറ്റാൻ നിങ്ങൾക്ക് മാത്രമെ സാധിക്കൂ.
ഇനി അതല്ല എക്കാലവും ഈ നെഗറ്റീവ് ഷെയ്ഡിൽ നിന്ന് ജാതി പറഞ്ഞും, നിറം പറഞ്ഞും, വിവാദ പരാമർശങ്ങൾ ഉന്നയിച്ചും ഒടുക്കം ദളിത് പീഡനമെന്ന് അപലപിച്ചും പ്രശസ്തി നേടാമെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. പോകപ്പോകെ ആളുകൾക്കത് വ്യക്തമാകും, അന്ന് ഇപ്പോൾ താങ്കളുടെ കൂടെ നിൽക്കുന്നവർ പോലും കൈ വിടും.. ഓർക്കുക ഒരുപാട് ഉയരത്തിൽ നിന്നുള്ള വീഴ്ചയ്ക്ക് ആക്കം കൂടുതലായിരിക്കും. പിന്നീടെത്ര ശ്രമിച്ചാലും ആ വീഴ്ചയിൽ നിന്ന് കരകയറാൻ സാധിക്കാതെ വരും.
Pic: google
10 Comments
Well written 👍
Good writeup 👌👌
നന്ദി ❤
നന്നായി പറഞ്ഞു 👌👍
നന്ദി ❤
പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു. ❤️❤️
താങ്ക്യൂ
Well said 👏👏
കൃത്യമായി പറഞ്ഞു 👍
വിനായകനെന്ന നടനെ ഇഷ്ടം.
അതിനപ്പുറം ആ മാധ്യമ പ്രവർത്തകയുടെ മുഖമാണ് കൺമുന്നിൽ.