നവംബർ 1, കേരളപ്പിറവി ദിനം. ഏതൊരു മലയാളിക്കും അഭിമാനിക്കാൻ തക്ക നേട്ടങ്ങൾ ഈ അറുപ്പത്തിയേഴ് വർഷങ്ങൾക്കൊണ്ട് കേരളമെന്ന കൊച്ചു സംസ്ഥാനം നേടിയെടുത്തു.
1956-ലെ കാലഘട്ടം ഒന്നോർത്തു നോക്കൂ. ജന്മികളും കുടിയാന്മാരും മാടമ്പികളും അടിയാളന്മാരും ജീവിച്ച കേരളം. ജാതിവ്യവസ്ഥയുടെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ, അയിത്തം തീണ്ടാപ്പാടകലെ നിർത്തിയവർ, അടുക്കളയിലും അകത്തളങ്ങളിലും മാത്രം ജീവിയ്ക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ. സ്വരമുയർത്താൻ അവകാശമില്ലാത്ത വലിയൊരു കൂട്ടം മനുഷ്യർ. അവരെ കാൽക്കീഴിൽ ഞരിച്ച ഭൂവുടമകൾ. സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കരുതെന്ന് വിലിക്കിയ തറവാട്ടു കാരണവന്മാർ. ഇതെല്ലാം പഴയ കേരളത്തിന്റെ നിറം മങ്ങിയ ചിത്രങ്ങൾ.
ഭൂപരിഷ്ക്കരണം, അയിത്തോച്ചാടനം, സൗജന്യ വിദ്യാഭ്യാസം, പെൺപള്ളിക്കൂടങ്ങൾ, ശമ്പളപരിഷ്ക്കരണം ഇതെല്ലാം സമൂഹത്തിൽ നല്ല ചലനങ്ങൾ സൃഷ്ടിച്ചു. പരിഷ്ക്കരണത്തിന്റെ കുതിപ്പിൽ മധ്യവർഗ്ഗവും ദാരിദ്രരേഖയ്ക്കു താഴെയുള്ളവരും ജീവിത നിലവാരം വളരെ മെച്ചപ്പെട്ടവരായി. സ്ത്രീയും ഒരു വ്യക്തിയെന്നു അംഗീകരിക്കുവാനും അവളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഒരു പരിധി വരെയെങ്കിലും ചെവിക്കൊള്ളാനും സമൂഹം തയ്യാറായി.
എണ്ണിപ്പറയുന്ന നേട്ടങ്ങൾ സ്വായത്തമാക്കിയെങ്കിലും പല കാര്യങ്ങളിലും നാം പുറകോട്ടു പോയില്ലെ? അനാവശ്യ പ്രവണതകളുടെ നുഴഞ്ഞുകയറ്റം കേരള സമൂഹത്തിലും കാണുന്നു.
ജനപ്പെരുപ്പമുള്ള സംസ്ഥാനത്തിൽ, വ്യവസായങ്ങൾ തുടങ്ങുമ്പോൾ മാലിന്യനിർമാർജനം ഒരു പ്രശ്നമാകാറുണ്ട്. പക്ഷെ മാലിന്യം കുറവുണ്ടാക്കുന്ന തൊഴിൽ മേഖലകളിൽ വ്യവസായപുരോഗതി കൈവരിക്കാവുന്നതാണ്.
അതു കാര്യമായി സംഭവിക്കുന്നില്ല. ഈ തൊഴിൽരാഹിത്യം മൂലം വിദ്യാഭ്യാസം നേടിയ യുവതലമുറ കേരളം വിടുന്നു. ഇതിനൊരു ഉത്തരം തരേണ്ടത് കേരളത്തിലെ ഭരണാധികാരികളാണ്. നിക്ഷേപകരെ ആകർഷിക്കുവാനും വ്യവസായങ്ങൾ തുടങ്ങുവാനുമുള്ള ആർജ്ജവം ഉന്നതതലങ്ങളിൽ നിന്നുണ്ടാകണം.
അമ്പതു വർഷത്തിനുള്ളിൽ കേരളമൊരു വൃദ്ധസദനമായി മാറുമോ?
സാക്ഷരകേരളം, എന്നും നമുക്കഭിമാനിക്കാവുന്ന നേട്ടം. പക്ഷെ പല തൊഴിലുകളും മോശപ്പെട്ടതായി നാമിന്ന് കരുതുന്നു. കായികാദ്ധ്വാനം ആവശ്യമുള്ള തൊഴിലുകൾക്കും പരമ്പരാഗത തൊഴിലുകൾക്കും അന്യസംസ്ഥാന തൊഴിലാളികളെ ആവശ്യമായി വരുന്നു. അപ്പോൾ കൂലിവേലക്കാരുടെ ദിവസക്കൂലി വർദ്ധിപ്പിച്ചതു ക്കൊണ്ടു നേട്ടമുണ്ടാക്കിയത് നമ്മൾ മലയാളികളല്ല, പകരം ഇവരാണ്.
കാർഷികമേഖല കേരളത്തിൽ ഏറക്കുറെ നിശ്ചലമാണ്. നമ്മുടെ പൂർവ്വികർ ചോര നീരാക്കി മെരുക്കിയെടുത്ത മണ്ണും വെട്ടിത്തെളിയിച്ച കാടും പടലും അന്ന് കൃഷിസ്ഥലങ്ങളായി മാറി. കേരളത്തിനു ഉണ്ണാനുള്ളതു വിളയിക്കാൻ ത്രാണിയുണ്ടായിരുന്നു ഈ കൃഷിയിടങ്ങൾക്ക്. കൃഷിയിലുള്ള താൽപര്യക്കുറവും തൊഴിലാളിക്ഷാമവും പൊന്നു വിളയുന്ന കൃഷിസ്ഥലങ്ങളെ തരിശ്ശുനിലങ്ങളാക്കി. അതിർത്തി കടന്നെത്തുന്ന പാണ്ടി ലോറികളിൽ, നമുക്കുണ്ണാനുള്ള അരിയും പച്ചക്കറിയുമില്ലെങ്കിൽ കേരളം പട്ടിണിയിലായിപ്പോകുമിപ്പോൾ. കാർഷികരംഗം ഉണരുമെന്നും വിഷലിപ്തമല്ലാത്ത വിളകൾ സ്വന്തം മണ്ണിൽ വിളയിച്ചെടുക്കുമെന്ന് പ്രത്യാശിക്കാം.
സാംസ്ക്കാരിക രംഗത്തുള്ള അരാജകത്വം ദിവസവും ശക്തിപ്രാപിക്കുന്നു. മതസൗഹാർദ്ദത്തിന്റെ ഉദാഹരണമായിരുന്നു കൊച്ചു കേരളം. കഷ്ടം എന്നു പറയട്ടെ, കേരളത്തിലെ പ്രബലമായ മൂന്നു മതവിഭാഗങ്ങളും വിശ്വാസികളെ തങ്ങളുടെ അണിയിൽ പിടിച്ചു നിർത്തുവാനുള്ള തത്രപ്പാടിൽ പലപ്പോഴും മതസൗഹാർദ്ദത്തിനു കൂച്ചുവിലങ്ങിടുന്നു.
ഭാരതസ്വാതന്ത്ര്യം എന്ന മഹത്തായ ലക്ഷ്യത്തിനു പേരാടിയവരിൽ ഈ മൂന്നു വിഭാഗക്കാരുമുണ്ടായിരുന്നു. ഇന്നു തീവ്രമതചിന്തകൾക്കു വഴിമരുന്നിടുന്ന കൂട്ടായ്മകളും പ്രഭാഷണങ്ങളും ക്ലാസ്സുകളും വിശദീകരണങ്ങളും സർവ്വസാധാരണമായി. ഈ പ്രവണത, സാക്ഷര കേരളത്തിനു ഭൂഷണമാകുന്നില്ല. ഇവ ഒരിക്കൽ കേരളം പടിക്കു പുറത്താക്കിയ അന്ധവിശ്വാസങ്ങളെ തിരിച്ചു വിളിക്കുന്നു. വിർമശനങ്ങൾ ഉൾക്കൊള്ളാൻ കെല്പില്ലാത്ത ഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് മതങ്ങൾ അധ:പതിക്കുന്നു. എല്ലാ മതങ്ങളുടേയും കാതൽ, സ്നേഹവും സാഹോദര്യവും പങ്കിടലും തന്നെയല്ലെ? അതിക്രൂരമായ ദുരഭിമാന കൊലപാതകങ്ങൾ തീവ്ര ജാതിമതചിന്തയുടെ ഉപോല്പന്നങ്ങളാണ്.
‘നിർമ്മാല്യം’ എന്നൊരു സിനിമ ഒരേ മനസ്സോടെ കേരളമിന്നു സ്വീകരിക്കുമോ?
സംസ്ക്കാരിക രംഗത്ത് പണ്ടുള്ളതിനേക്കാൾ ഉച്ചനീചത്വം കൂടി വരുന്നു. വളച്ചൊടിക്കുന്ന പ്രസ്താവനകളും വാസ്തവവിരുദ്ധവും പക്ഷപാതപരവും സ്വജന പ്രീണനവുമായി പുസ്തകങ്ങൾ എഴുതപ്പെടുകയും സിനിമകൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഇതിനെ വളം വെയ്ക്കുന്ന രാഷ്ട്രീയക്കാർ, തങ്ങളുടെ വോട്ടുബാങ്കുകൾ ഉറപ്പിക്കുന്നു. കേരള സമൂഹം പിന്നോട്ടു നടക്കരുത്. അതു വലിയ നാണക്കേടാണ്. രാഷ്ട്രീയക്കാരുടെ ചട്ടുകമായി ജീവിതം പൊഴിയുന്ന യുവത്വം, സാധാരണ വാർത്തയാകുമ്പോൾ നാം ഇനിയും ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു, ആർക്കുവേണ്ടിയായിരുന്നു ഈ രക്തസാക്ഷിത്വം?
സോഷ്യൽ മീഡിയയുടെ ഉപയോഗം, സംവദനം എളുപ്പമാക്കി എന്നതിൽ തർക്കമില്ല. ചുറ്റുപ്പാടും സംഭവിക്കുന്നത് നമ്മൾ പെട്ടെന്ന് അറിയുന്നു, പൊതു ജനവികാരം പങ്കിടാൻ സാധിക്കുന്നു. മറ്റു പല ഗുണങ്ങളും സോഷ്യൽ മീഡിയക്കുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ ഇന്നത്തെ സോഷ്യൽ മീഡിയയുടെ അതിപ്രസരം, യുവജനങ്ങളുടെ സമയത്തിന്റെ സിംഹഭാഗം അപഹരിക്കുന്നു. എന്തു ആഭാസവും അലങ്കാരമായി കരുതുന്ന യുവതലമുറയും അതാണ് സ്ത്രീപുരുഷസ്വാതന്ത്ര്യം എന്നു തെറ്റിദ്ധരിച്ചവരും വിവേചനബുദ്ധിയോടെ തെറ്റും ശരിയും മനസ്സിലാക്കട്ടെ.
സോഷ്യൽ മീഡിയയിലൂടെ ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുകയും പരസ്പരം ചെളിവാരിയെറിയുകയും ചെയ്യുന്നയിവർ സമൂഹത്തിനു എന്തു ഗുണമാണ് ചെയ്യുന്നത്?
കെട്ടുകാഴ്ചകളുടെ ലോകം തുറക്കുന്ന സോഷ്യൽ മീഡിയ, ഒപ്പത്തിനൊപ്പം മത്സരിച്ചു ചടങ്ങുകൾ ഗംഭീരമാക്കി, ഭീമമായ കടക്കെണിയിൽ കുടുങ്ങി ജീവനൊടുക്കുന്ന ഗൃഹനാഥന്മാരുടെ അന്ത്യത്തിനു ഉത്തരവാദിയാണ്.
മയക്കുമരുന്നും മദ്യവും ലക്ഷ്യബോധമില്ലാത്ത ജീവിതവുമാണ് സ്വാതന്ത്യത്തിന്റെ അളവുക്കോൽ എന്ന് ധരിച്ച കൗമാരപ്രായക്കാരും യുവാക്കളും യുവതികളും ഇന്ന് കേരളത്തിൽ ധാരാളമുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം ഒരമ്പതു വർഷത്തേക്കാൾ എത്രയോ മടങ്ങ് വർദ്ധിച്ചുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇതൊരിക്കലും പുരോഗതിയുടെ അടയാളമാകുന്നില്ല. ദിശാബോധം നഷ്ടപ്പെട്ട തലമുറയുടെ ഭാവിയെന്തായിരിക്കും?
കേരളത്തിൽ, സ്ത്രീ വിദ്യാഭ്യാസം വളരെ പ്രാധാന്യമർഹിക്കുന്നു. മത്സരപരീക്ഷകളുടെ കുത്തൊഴുക്കിൽ ജയിച്ചു കയറി വരാൻ അഹോരാത്രം ശ്രമിക്കുന്ന പെൺകുട്ടികൾ ഉന്നത ഡിഗ്രികൾ സ്വന്തമാക്കുന്നു. പക്ഷെ കേരളത്തിൽ അതിൽ എത്ര സ്ത്രീകൾ അർഹതപ്പെട്ട തൊഴിലുകളിൽ എത്തിപ്പെടുന്നുണ്ട് എന്നു നോക്കിയാൽ അവസ്ഥ ശോചനീയമാണ് എന്നു കാണാം. കുടുംബം കുട്ടികൾ എന്നതു് സ്ത്രീകളുടെ ഉത്തരവാദിത്വം മാത്രമാണ് എന്ന പുരുഷ ചിന്താഗതിയിൽ പൂർണ്ണമായ മാറ്റം, ഈ അറുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷവും കേരളം കൈവരിച്ചിട്ടില്ല.
കുടുംബം കൂട്ടുത്തരവാദിത്വമാണെന്ന് കേരളസമൂഹം അംഗീകരിക്കണം. കുട്ടികളെ വിശ്വസിച്ചേൽപ്പിക്കാൻ സ്ഥലങ്ങൾക്കു വേണ്ടി സ്ത്രീപക്ഷസംഘടനങ്ങൾ ശ്രമിക്കുകയാണെങ്കിൽ സ്ത്രീകൾക്കു ജോലി ചെയ്യുന്നതിനും സാമ്പത്തിക സ്വയംപരാപ്തത നേടാനും സാധിക്കും. അതു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യ പടിയാണ്. അവളുടെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും വില കൊടുക്കുവാൻ കേരള സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനം പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്രയാണ്.
പഴയ കാലത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ചു പുരോഗമനത്തിന്റെ പാതയിൽ കുതിക്കുന്ന കേരളസമൂഹത്തെ സ്വപ്നംകാണുന്ന ഓരോ മലയാളിക്കും കേരളപ്പിറവിദിന ആശംസകൾ !
കടപ്പാട് ചിത്രം : ഗൂഗിൾ
18 Comments
good post,nannayittezhuthi👏👏
Thank you
Nice Analysys. Well balanced writing. Best wishes
Thank you so much.
കേരളത്തിന്റെ വിവിധ കാലഘങ്ങളിലൂടെ ഒരു മനോഹര യാത്ര ❤️❤️
Thank you so much ❤
നല്ല മികവുറ്റ ലേഖനം. നന്നായിട്ടെഴുതി.
👏👏👏👏
കേരളപ്പിറവിദിന ആശംസകൾ💞💞💞
Thank u dear🙏❤❤❤
കേരളത്തിൻ്റെനഖചിത്രം കോറിയിരിക്കൂന്നൂ ജോയ്സീ.അഭിനന്ദനം 25കോല്ലംകഴീഞ്ഞാൽ മലയാളവൂംമലയാളിയൂംഇല്ലാത്ത ബ്ംഗാളിയൂം ബിഹാറിയൂംയൂപിക്കാരനൂം അവരൂടെസംസ്കാരവൂം കാണാം ംവേദനയോടെ ഒരൗപ്രവാസി.കേരളത്തീൻ്റെ കഥപറഞ്ഞൂകൊടൂക്കാംകൂഞ്ഞൗങ്ങൾക്ക്
Thank you so much.
മികച്ച വിലയിരുത്തലുകൾ👏👏👍
നന്ദി 👏❤
Nice Analysys. Well balanced writing. Best wishes
കേരള പിറവി ആശംസകൾ… ❤️
കേരള പിറവിയുടെ അന്ന് ശരിക്കുള്ള കേരളത്തിന്റെ മുഖം അക്ഷരങ്ങളാൽ കോറിയിട്ടതിന് നന്ദി..
രാഷ്ട്രീയവും, മതവും, മനുഷ്യരെ ഇല്ലാതെയാക്കിയിരുക്കുന്നു.
ഏത് നിമിഷവും പൊട്ടി പുറപെടാവുന്ന കലാപം, മയക്കുമരുന്നുകളുടെ ഉപയോഗം ദിനം പ്രതി കൂടിവരുന്ന അവസ്ഥ, ഇതെല്ലാം മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു, തൊഴിൽ ഇല്ലായ്മ, എന്തിനും ഏതിനും കൊടി പിടിക്കുന്ന രാഷ്ട്രീയക്കാർ….മക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് അല്ലെങ്കിൽ രാജ്യങ്ങളിലേക്ക് അയക്കുക മാത്രമാണ് ഒരു സാധാരക്കാരന് ചെയ്യാൻ കഴിയുന്നത്.
ആകെ ഒരു സമാധാനം പ്രളയം വന്നപ്പോൾ കണ്ട യോജിപ്പ് മാത്രമാണ്, എന്നാലും ആണ്ടിൽ ഒരിക്കൽ വരുന്ന ഓണത്തിന് സദ്യയുണ്ടൂ എന്ന കാരണത്താൽ വിശപ്പ് ഇല്ലാതെയാകുമോ..?
യുവ തലമുറ ചിന്തിക്കേണ്ടിയിരിക്കുന്നു..?
വായനക്കും ഈ വാക്കുകൾ കുറിച്ചിടാനുള്ള സഹൃദയത്വത്തിനും ഏറെ നന്ദി.
🙏😍
👍🏻👍🏻
Thank you sabira 🙏❤
good post,nannayittezhuthi👏👏