കനവിലാണിയെന്റെ ജന്മം, ഇനിയുള്ള കാലം
നിൻ കനവിൽ മാത്രമാണ് ഇനിയെന്റെ ലോകം
കരുണയില്ലാത്ത ദൈവങ്ങൾ എന്തിനീ പാവമാം പെണ്ണിനോടീ ക്രൂരത
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടെന്നെ അനാഥയാക്കിയതെന്തിനാണ് ?
പ്രിയമുള്ള ഓർമ്മകൾ ബാക്കിയാക്കി പ്രിയമുള്ളവരൊക്കെയും മിഴിനീരായി
ഉള്ളം തകർന്നു ഞാൻ ശിലയായി നിന്നപ്പോൾ
ശക്തിയായി ധൈര്യമായി ചാരത്തണഞ്ഞു നീ
നിൻ വിരൽ തുമ്പിൽ സാന്ത്വനം തേടി ഞാൻ
നീ മാത്രമെൻ തുണയെന്നുമറിഞ്ഞു ഞാൻ
ഒരുചിതയിൽ ഒരുമിച്ച് ഒരു കുടുംബം ഒന്നായി എരിയുന്ന കാഴ്ചയിൽകൂട്ടായി നീ
മിഴിനീര് വറ്റിയ മിഴികളിൽ നോക്കി ഇനി കൂട്ടിനായി ഞാൻ ഉണ്ടെന്നോതിയില്ലേ
നിൻ്റെ സാന്ത്വനത്തിന്റെ തണലിൽ ഞാൻ എൻ്റെ ദുഃഖങ്ങളെ മറക്കാൻ ശ്രമിക്കവേ
നിന്നെയും എന്നിൽ നിന്നെന്നേക്കുമായി അടർത്തിമാറ്റിയതെന്തിനാണ് ദൈവം?
പ്രാണൻ അകന്നുപോയി ദേഹം മൃത തുല്യമായി ഇനി എന്തിനോ ബാക്കിയായി ഈ ജീവിതം
കണ്ണ് തുറക്കാൻ മോഹമില്ല ഇനി കാണുവാൻ മുന്നിൽ ഒരു കാഴ്ചയില്ല
കനവുകൾ കാണുവാനിഷ്ടമിന്ന് എൻകനവിൽ നീ എന്നുമെൻ ചാരയുണ്ട്
കളിചിരികൾ നിറയുന്ന വാക്കുകളിൽ കരുതൽ പകരുന്ന കരങ്ങളാൽ നീ കരയുമെൻ മനസ്സിനെ കനിവാൽ തലോടി പ്രിയമോടെ ഇടനെഞ്ചിൽ ചേർത്തിരിപ്പൂ