മനുഷ്യൻ ഏകനായാണ് ജനിക്കുന്നത്. എന്നാൽ കാലക്രമേണ അവനൊരു ഇണയെ ആഗ്രഹിച്ചു തുടങ്ങും. ഇങ്ങനെ ആയിരിക്കണം എന്റെ പാർട്ണർ/പങ്കാളി എന്നൊക്കെ ഒരു സിനിമ കഥാപാത്രത്തെ പ്രതി സങ്കല്പിച്ചു നോക്കാത്തവർ വിരളമായിരിക്കും. മലയാള സിനിമയിലെ പ്രശസ്തരായ രണ്ടു ഭർത്താക്കന്മാരെ ഞാൻ വിളിച്ചോണ്ട് വന്നിട്ടുണ്ട്. നമുക്ക് നോക്കാം ഇവരിലെ പങ്കാളിക്ക് എത്ര മാർക്ക് കിട്ടുമെന്ന്.
രണ്ടു ജോഡികളെയാണ് ഞാൻ പരിശോധിക്കാൻ പോകുന്നത് ’ഇന്നലെ’യിലെ ഗൗരിയും നരേന്ദ്രനും ‘മണിച്ചിത്രത്താഴിലെ’ ഗംഗയും നകുലനും. രണ്ടു ജോടികളും ഗ-ന യിൽ തുടങ്ങുന്ന പേരുകൾ ആണെന്നതും സ്ക്രീനിൽ അവരെ അവതരിപ്പിച്ചത് ഒരേ നടിയും നടനും ആണെന്നതും തികച്ചും യാദൃശ്ചികം മാത്രം!
ഗൗരിയുടെ നരേന്ദ്രൻ: അങ്ങനെ വിളിക്കണോ എന്ന് പോലും സംശയിക്കണം. കാരണം ശരത്തിന്റെ മായയാണ് സിനിമയിൽ ഉടനീളം ഗൗരി. ഒരു അപകടത്തിൽ ഓർമ നഷ്ടപ്പെട്ട പെൺകുട്ടിക്ക് പുതിയൊരു പേരും ജീവിതവും ഒക്കെ ലഭിക്കുന്നുണ്ട്. എന്നാൽ ഈ സിനിമ ഇഷ്ടപ്പെടുന്നവരെയെല്ലാം ഒരുപോലെ ധർമസങ്കടത്തിലാക്കുന്നതാണ് അവസാന ട്വിസ്റ്റ്. മായയെന്ന ഗൗരിയുടെ പൂർവ ജീവിതത്തിൽ നിന്ന് വിവാഹ ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകളുമായി എത്തുന്ന ഭർത്താവ് നരേന്ദ്രൻ. നിയമപരമായി വിവാഹം കഴിച്ച പെൺകുട്ടി, വളരെ കുറഞ്ഞ കാലത്തെ മാത്രം അടുപ്പമുള്ള ഒരുവൾ മറ്റൊരാളോട് തൊട്ടുരുമ്മി ഇരിക്കുന്ന കാഴ്ച. അയാളുടെ കണ്ണുകൾ പറയുന്നുണ്ട് അയാൾക്ക് അവളോടുള്ള സ്നേഹം. പക്ഷെ അടുത്ത നിമിഷം താൻ തേടി വന്നത് ഇവളെയല്ല എന്നൊരു നുണയും പറയാതെ പറഞ്ഞു തിരിഞ്ഞു നടക്കുകയാണ് നരേന്ദ്രൻ! എന്തായിരുന്നു അയാളുടെ മനസിൽ?
ബഹുഭൂരിപക്ഷവും നരേന്ദ്രൻ എന്ന ത്യാഗിയായ ഭർത്താവിനെ അനുമോദിക്കുമായിരിക്കും. പഴയതൊന്നും ഓർമ ഇല്ലാത്തവളെ ധർമസങ്കടത്തിൽ ആക്കേണ്ട എന്ന് കരുതിയ മഹാമനസ്കത. പക്ഷെ എന്റെ മനസിൽ അന്നും ഇന്നും ഉയരുന്ന ചോദ്യം ഇതാണ്. ഓർമ്മകൾ നഷ്ടമായത് ഗൗരിക്ക് ആണല്ലോ. നരേന്ദ്രൻറെ ഓർമയ്ക്ക് കുഴപ്പം ഒന്നുമില്ലല്ലോ. അപരിചിതമായ ഒരിടത്ത്, അപരിചിതരായ ഒരാളുടെ അടുത്ത് അവളെ ഉപേക്ഷിച്ചു പോകാനാണോ ഇയാൾ ഇത്രയും ദൂരം അവളെ തേടി വന്നത്?
ഇനി ഒരുനാൾ മായ ഓർമ്മകൾ വീണ്ടെടുത്താൽ? തന്റെ മുൻകാല ജീവിതം ഓർമിപ്പിക്കാനോ ആരുടെ കൂടെ ജീവിക്കണം എന്നുള്ള തീരുമാനം എടുക്കാനോ അവൾക്ക് അവസരം നൽകാതെ പോയ നരേന്ദ്രനോട് അവൾക്ക് എന്ത് വികാരമാകും തോന്നുക? രോഗം ആരുടെയും കുറ്റമല്ല. രോഗിയായ ഭാര്യയെ ഉപേക്ഷിച്ചു പോകുന്നവൻ പങ്കാളിയും അല്ല. അത് അയാളുടെ മഹാമനസ്കത ആണെന്ന് പറയരുത്. അവൾ ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ, ഓർമ്മകൾ ഇല്ലാതായ അവസ്ഥയിൽ അവളെ പഴയ ജീവിതം ഓർമിപ്പിക്കാനാവില്ലേ നരേന്ദ്രൻ ശ്രമിക്കുക. ക്ഷമിക്കണം മിസ്റ്റർ നരേന്ദ്രൻ…നിങ്ങളോട് എനിക്ക് ക്ഷമിക്കാൻ ആവുന്നില്ല!
ഗംഗയുടെ നകുലേട്ടൻ: ഒരു യഥാർത്ഥ പങ്കാളി ആരെന്ന് ചോദിച്ചാൽ കാണിച്ചു കൊടുക്കണം ഈ ഭർത്താവിനെ. തെക്കിനി തുറന്നു നോക്കട്ടെ എന്ന് ചോദിക്കുമ്പോൾ വേണ്ടാത്ത കാര്യങ്ങളിൽ പോയി ചാടേണ്ട എന്ന് നിരുത്സാഹപ്പെടുത്താമായിരുന്നു. ഒരു പക്ഷെ ഗംഗ അത് അംഗീകരിച്ചേനെ. പക്ഷെ ഭാര്യയുടെ തീരുമാനങ്ങളെ സംശയിക്കാനോ ആകാംക്ഷയെ മുളയിലേ നുള്ളാനോ നകുലൻ ശ്രമിക്കുന്നില്ല. അവളെന്ന വ്യക്തിയെ, അവളുടെ ഭാവനകളെ, അവളുടെ താല്പര്യങ്ങളെ അതിന്റെ പൂർണ സ്വാതന്ത്ര്യത്തോടെ വിഹരിക്കാൻ അനുവദിക്കുക എന്നത് എന്തായാലും ഒരു ടിപ്പിക്കൽ മലയാളി ഭർത്താവിന്റെ രീതിയല്ല. അവിടെയും ഭർത്താവ് എന്ന നിലയിൽ A പ്ലസ് തന്നെ നേടുന്നുണ്ട് നകുലൻ.
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി തന്റെ ഭാര്യ ഗംഗയാണെന്ന് അറിയുന്ന നിമിഷം അവളെ ഉപേക്ഷിച്ചു പോകുക എന്ന എളുപ്പവഴിയല്ല നകുലൻ സ്വീകരിക്കുന്നത്. ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ട് ചികിൽസിക്കാൻ തയാർ ആണെന്നും ഗംഗയെ തിരിച്ചു വേണമെന്നുമാണ് നകുലൻ സണ്ണിയോട് പറയുന്നത്. ആധുനിക മനഃശാസ്ത്രത്തിലോ മന്ത്രവാദക്രിയയിലോ പ്രതിവിധി ഇല്ലാത്ത ഗംഗയുടെ ആ അസുഖത്തിന് പരിഹാരം കാണാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകാൻ സണ്ണിക്ക് എല്ലാ പിന്തുണയും നകുലൻ നൽകുകയും ചെയ്യുന്നു. സ്വന്തം ജീവൻ പോലും പണയം വച്ച് നാഗവല്ലിക്ക് കൊന്ന് രക്തം കുടിക്കാനൊരു കാരണവരുടെ ഡമ്മി ആയി പോലും നകുലൻ കിടന്നു കൊടുക്കുന്നുണ്ട്.
ഗൗരിക്ക് ഇല്ലാതെ പോയത് ഒരു നകുലൻ അല്ലെ? ഗംഗയ്ക്ക് നരേന്ദ്രനെ പോലൊരാൾ പങ്കാളി ആയില്ല എന്നത് കൊണ്ട് ജീവനും ജീവിതവും തിരിച്ചു കിട്ടി. നരേന്ദ്രൻ ആകാൻ ആർക്കും പറ്റും. നകുലൻ ആകാൻ കുറച്ചു പാടുണ്ട് അല്ലെ? ആരെയാണ് നിങ്ങൾ മികച്ച ഭർത്താവായി തിരഞ്ഞെടുക്കുക? കമെന്റ് ചെയ്യൂ!
എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റുന്ന 3 മികച്ച ഓൺ സ്ക്രീൻ ഭർത്താക്കന്മാർ-മൗനരാഗം മോഹൻ, അലൈപ്പായുതേ അരവിന്ദ് സ്വാമി, ഓകെ കണ്മണി പ്രകാശ് രാജ്
നിങ്ങളുടെ പ്രിയപ്പെട്ട ഭർത്താവ് കഥാപാത്രങ്ങൾ ആരൊക്കെയാണ്?
NB: എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു ചിത്രങ്ങളാണ് ഇന്നലെയും മണിച്ചിത്രത്താഴും. എഴുത്തുകാരുടെയും സംവിധായകരുടെയും ക്രിയാത്മ സ്വാതന്ത്ര്യത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഒരു സൗഹൃദ ചർച്ചയിൽ ഉയർന്നു വന്ന വാദങ്ങളെ ഒന്ന് എഴുതി വച്ചു എന്ന് മാത്രം.
©പവിത്ര ഉണ്ണി
6 Comments
Nice
👍
Good
നന്നായി എഴുതി.
👌
നന്ദി