ഒരു കല്യാണം കഴിക്കണമെന്നും എനിക്ക് സ്വന്തമായി ഒരു ഭർത്താവ് വേണമെന്നും ആഗ്രഹം ജനിച്ചത്, അന്ന് ആ തിങ്കളാഴ്ച രാവിലെ പാരിജാതപ്പൂവ് പറിക്കാനായി, എന്റെ വീടിന്റെ രണ്ടു വീട് അപ്പുറം മണിയമ്മ അക്കയുടെ വീട്ടിലേക്ക് പോയപ്പോഴാണ്.
ഞാൻ വല്യമ്മയുടെ പറമ്പിലൂടെ മണിയമ്മ അക്കയുടെ വീടിന്റെ തെക്കു ഭാഗത്തു ചെന്നപ്പോൾ, അടുക്കള ചായ്പ്പിൽ നിന്നും ഒരു കിന്നാരം കേട്ടു. അന്നത് കിന്നാരം ആണെന്ന് മനസ്സിലാക്കാനുള്ള പ്രായമൊന്നും എനിക്കായിട്ടില്ല. സത്യം.
മണിയമ്മ അക്കയുടെ മോൾ, മോളി ചേച്ചിയുടെ കല്യാണം കഴിഞ്ഞ്, പെണ്ണും ചെക്കനും ആദ്യ വിരുന്ന് വന്നത് തലേ ദിവസമാണ്. കല്യാണം കഴിഞ്ഞ് അഞ്ചോ ആറോ ദിവസമേ ആയിട്ടുള്ളൂ.
അപ്പൊ പറഞ്ഞു വന്നത് എന്തെന്നാൽ, മനുഷ്യസഹജമായ ഒരു കുതൂഹലത്താൽ ഞാൻ ആ ചായ്പിലേക്കു എത്തി നോക്കി.
“ദാ, കഴിക്ക് മോളെ..” ചന്ദ്രൻ ചേട്ടൻ പുട്ടും പഴവും കുഴച്ച് ഉരുള ആക്കി, മോളി ചേച്ചിയുടെ വായുടെ നേരെ നീട്ടുന്നു. ചേച്ചി നാണം പൂണ്ട് വേണ്ടെന്നു തലയാട്ടുന്നു.
“ആ…. വാ തുറന്നെ, അണ്ണൻ അല്ലേ തരുന്നത്…”
അരിപ്പുട്ടും ഞാലിപ്പൂവൻ പഴവുമാണ്.. ചേട്ടൻ പറയുന്നത് കേട്ട്, ഒളിച്ചു നിന്നു സംഗതി വീക്ഷിച്ചു കൊണ്ട് നിന്ന ഞാൻ പോലും വാ തുറന്നു പോയി.
ഞാൻ വായടക്കും മുൻപേ ചേച്ചി വാ തുറന്ന് പുട്ട് അകത്താക്കി! കശ്മല. ആ പോട്ടെ. ഓൾടെ ഭർത്താവ് അല്ലേ. എന്റെയല്ലല്ലോ എന്നോർത്തു ഞാൻ വായടച്ചു.
എന്നാലും സംഗതി കൊള്ളാല്ലോ, അപ്പൊ കല്യാണം കഴിച്ചാൽ പുട്ടും പഴവും കുഴച്ച് ഉരുട്ടി തരാൻ ഒരാളായി. എനിക്കാണേൽ പുട്ടും പഴവും കുഴക്കുമ്പോൾ കൈയിൽ പറ്റുന്നത് ഇഷ്ടമല്ല. അമ്മയാണ് ഉരുള ഉരുട്ടി പാത്രത്തിൽ വെച്ച് തരുന്നത്. ഉരുളകൾ പെറുക്കി വായിൽ ഇടുന്ന ജോലിയെ എനിക്കുള്ളൂ.
അമ്മയാണെങ്കിൽ ഈയിടെയായി, ഞാൻ മുതിർന്ന പെണ്ണായി.. ഇനിയെല്ലാം തനിയെ ചെയ്യണം എന്നൊക്കെ ഭീഷണിപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
അഞ്ചാം ക്ലാസ്സിൽ ആയെങ്കിലും അത്തരം പണികൾ തനിയെ ചെയ്യാൻ തത്കാലം എനിക്ക് ഉദേശമില്ല. എന്നാലും വേണമെങ്കിൽ ഒരു കല്യാണം ആകാം..
ഇതൊക്കെ ചിന്തിച്ചു നിന്നതിനിടയിൽ പിന്നെന്തോ, പാരിജാതപൂവ് പറിക്കാനുള്ള ഉത്സാഹം എങ്ങോ പോയി. ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു.
പിന്നെയും അഞ്ചാറ് കൊല്ലം ബാലരമയും അമർ ചിത്രകഥയും വായിച്ചു സമയം പോയി.
സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ച രാജേഷ് സാറിൽ നിന്നാണ്, വിവാഹപ്രായം പതിനെട്ടാണ് എന്നറിഞ്ഞത്. ഉച്ചക്ക് ശേഷമുള്ള ക്ലാസ്സുകളിൽ, രാജേഷ് സാർ ഘോര ഘോരം പഠിപ്പിച്ച ചെങ്കിസ്ഖാന്റെ പടയോട്ടമോ ടിപ്പുവിന്റെ ഒളിയുദ്ധങ്ങളോ ഒന്നും മുഴുവനായി കേട്ടില്ലെങ്കിലും ഈ “പതിനെട്ട്” എന്നുള്ളത് ഞാനന്നേ ഡബിൾ കോട്സിൽ ആണ് കുറിച്ചിട്ടത്!
കാലം കടന്നു പോയി. തദ്വാര ഞാൻ വളർന്നു യൗവനയുക്തയായി. അക്കാലത്തു കണ്ട സിനിമകളിലെയും അതേപോലെ തന്നെ ചുറ്റുമുള്ള വീടുകളിലെയും രീതി, പതിനെട്ടു വയസ്സ് തികഞ്ഞാൽ ഉടനെ പെണ്ണിനെ കെട്ടിച്ചു വിടുന്നതാണ്.
പഠിക്കാൻ അത്രയൊന്നും മിടുക്കി അല്ലാത്തത് കൊണ്ട്, പ്രീഡിഗ്രി കഴിഞ്ഞാൽ ഉടൻ എന്നെ കെട്ടിച്ചു വിടും എന്നായിരുന്നു എന്റെ ധാരണ. കാരണം, ഞാൻ പഠിച്ച് പേഷ്കാർ ആകും എന്ന അതിമോഹം ഒരു കാലത്തും എന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.
പ്രീഡിഗ്രി പരീക്ഷ എഴുതിക്കഴിഞ്ഞ്, നാലാൾ കൂടുന്നിടത്ത് എല്ലാം പരിചയക്കാർ ചോദിക്കും, “മോൾ ഇനി എന്ത് ചെയ്യാനാ പ്ലാൻ?”
“ഓ അങ്ങനെയൊന്നുമില്ല..” ഒട്ടിയ കവിളിൽ നാണം പുരട്ടി ഞാൻ പറയും.
നാലഞ്ചിടത്ത് ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ ഒരു ദിവസം സഹികെട്ടുള്ള അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു. “ജയിച്ചാൽ ഡിഗ്രിക്ക് പോകും.. തോറ്റാൽ സപ്പ്ളി എഴുതും.. അല്ലാതെന്താ?”
“അമ്മയൊരു അമ്മയാണോ അമ്മേ..” എന്ന് ചോദിക്കാൻ തോന്നി എനിക്കന്നേരം.
കാലം പോകെ ഞാൻ പ്രീഡിഗ്രി കഴിഞ്ഞു. ഡിഗ്രി കഴിഞ്ഞു. പി ജിയും കഴിഞ്ഞു. ഇതിനിടയിൽ എന്റെ കൂടെ പഠിച്ച ചന്ദ്രികയും കുമാരിയും സുനിതയും രാഗിണിയും കല്യാണം കഴിഞ്ഞ് ഒന്നും രണ്ടും പിള്ളേരായി. എന്നിട്ടും എന്റെ കല്യാണക്കാര്യത്തെ വീട്ടിൽ ആരും ഗൗനിക്കുന്നില്ല. അമ്മയ്ക്കോ അച്ഛനോ അണ്ണനോ അതൊരു വിഷയമേയല്ല! ഇനി ഒരു പക്ഷേ ഞാൻ പ്രായപൂർത്തിയായി എന്നത്, ഇവരൊക്കെ മറന്നു പോയതാണോ എന്ന് പോലും ഞാൻ സന്ദേഹിച്ചു.
നിങ്ങളൊക്കെ മനുഷ്യരാണോ എന്ന് ചോദിക്കാൻ പലപ്പോഴും എന്റെ മനസ്സ് വെമ്പി.
പി ജി പരീക്ഷകൾ കഴിഞ്ഞ സമയം, എന്റെ അച്ഛൻ ഗൾഫിൽ നിന്നും നാട്ടിലെത്തി. വന്നതിന്റെ പിറ്റേന്ന് വീട്ടിൽ ഒരു വട്ടമേശ ചർച്ച നടന്നു.
അച്ഛൻ എന്നെ വിളിച്ചു ചോദിച്ചു, “എന്താണ് ഇനി നിന്റെ പ്ലാൻ?”
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി… ഇതാ ആ മനോഹര നിമിഷം സമാഗതമായി. മിന്നൽ ഷിബു പറഞ്ഞ പോലെ ഇരുപത്തിയെട്ടു വർഷത്തെ കാത്തിരിപ്പ് ഒന്നും ആയില്ലെങ്കിലും അഞ്ചാം ക്ലാസ്സ് മുതൽ ആഗ്രഹിക്കുന്നതല്ലേ, പുട്ടും പഴവും കുഴച്ച് വായിൽ വെച്ച് തരാൻ ഒരാൾ…
“ടീ, നീയെന്താ ഒന്നും പറയാത്തത്?” അണ്ണൻ ചോദിച്ചു.
“ഓ, എല്ലാം നിങ്ങളൊക്കെ തീരുമാനിച്ചാൽ മതി..” ഞാൻ ആഹ്ലാദം അടക്കി പറഞ്ഞു.
“അതിപ്പോ ഞങ്ങൾക്ക് അറിയില്ലല്ലോ, എം കോം കഴിഞ്ഞ്, എം ഫിൽ ആണോ ബി എഡ് ആണോ ഇനി അടുത്ത നല്ല ഓപ്ഷൻ എന്ന്.. നീ നിന്റെ സാറിനോട് ചോദിക്ക്, ഇതിൽ ഏതാ നല്ലതെന്ന്..” അണ്ണൻ പറഞ്ഞു.
കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യർ.. എല്ലാരും കൂടി എന്നെ പഠിപ്പിച്ച് സർവ്വജ്ഞപീഠം കയറ്റും..
“ഞാൻ ജോലിക്ക് പോയാലോ എന്ന് വിചാരിക്കുവാ..” ഒരു വേള ശ്വാസം വിക്കി എങ്കിലും ഞാൻ പറഞ്ഞു.
“എന്ത് ജോലി?”
“ഭാര്യപദവും ഒരു ജോലി ആണല്ലോ..” മനസ്സ് മന്ത്രിച്ചു.
എനിക്ക് ഇനിയും പഠിക്കാൻ വയ്യെന്ന് ഇതിലും വ്യക്തമായി ഞാൻ എങ്ങനെ പറയും?
“എന്നാ പിന്നെ ഗസ്റ്റ് അധ്യാപക വേക്കൻസി വരുമ്പോ അപ്ലൈ ചെയ്യ്.. ഏതിനും സാറിനോട് കൂടി ചോദിക്ക്..” ചർച്ച പിരിച്ചു വിട്ട്, എല്ലാരും എഴുന്നേറ്റു പോയി.
അന്ന് വൈകുന്നേരം ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ, അച്ഛൻ ആരോടോ സംസാരിക്കുന്നു. ഞാൻ മുന്നിലേക്ക് എത്തി നോക്കി. ഞങ്ങളുടെ നാട്ടിലെ ഓതറൈസ്ഡ് ബ്രോക്കർ മാധവണ്ണൻ. കക്ഷത്ത് ഡയറിയുമുണ്ട്!
ശ്ശോ, ഈ അച്ഛനും അമ്മയും എനിക്ക് സർപ്രൈസ് തന്ന് എന്നെ ഞെട്ടിക്കുക ആണല്ലോ.
ഞാൻ തല തോർത്തി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോ ചെവി വട്ടം പിടിച്ചു.. ഒന്നും വ്യക്തമായി കേൾക്കാൻ വയ്യ.
സംസാരം കഴിഞ്ഞു രണ്ടുപേരും തെക്കേ മുറ്റത്തേക്ക് പോയി.
ഞാൻ നൈസ് ആയി അമ്മയുടെ അരികിലെത്തി, ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു, “അച്ഛൻ ആരോടാ സംസാരിക്കുന്നെ?”
“അതാ മാധവണ്ണനാ..”
ഉം.. ഉം ബാക്കി പറയ്.. ഞാൻ നിഷ്കളങ്ക ഭാവത്തിൽ അമ്മയെ നോക്കി..
“ആട്ടിൻ കുട്ടികൾ വലുതായി. ഇനി മുട്ടനെ നിർത്തിയാൽ ശരിയാകില്ല.. വിൽക്കാമെന്ന് അച്ഛൻ പറഞ്ഞു. മാധവണ്ണൻ ആകുമ്പോ നല്ല ആളെ കൊണ്ട് വരും.. വില ഒത്താൽ കൊടുക്കണം…”
ഞാൻ എന്തൊക്കെ പ്രതീക്ഷിച്ചു.. ഹും..
“നീ മൂത്ത് നരച്ച് ഇങ്ങനെ നിക്കത്തെ ഉള്ളെടീ…” റൂമിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് പിറുപിറുത്തു.
അടുത്ത രണ്ടു വർഷങ്ങൾ ഞാൻ എസ് എൻ കോളേജിൽ പിള്ളേരെ “ഡെബിറ്റ് വാട്ട് കംസ് ഇന്നും ക്രെഡിറ്റ് വാട്ട് ഗോസ് ഔട്ടും” പഠിപ്പിച്ചു തള്ളി നീക്കി.
കോളേജിൽ നിന്ന് മടങ്ങി വന്ന ഒരു വൈകുന്നേരം എന്നെ കാണാൻ എന്റെ സ്വപ്നത്തിലെ രാജകുമാരൻ വന്ന് കാത്തിരിക്കുന്നുണ്ടായിരുന്നു.
ഞാൻ വീടിന്റെ പിൻവശം വഴി അകത്തു കയറി. അടുക്കളയിൽ അമ്മ ചായയും പലഹാരങ്ങളും പാത്രങ്ങളിൽ നിരത്തി വെക്കുന്നു..
എന്നോട് മുഖം കഴുകി പൗഡർ ഇടാൻ പറഞ്ഞു. ഞാൻ കുട്ടിക്കൂറ പൗഡർ കട്ടിക്ക് പൂശി. ഒടുവിൽ മന്ദം മന്ദം ചായ ട്രെയുമായി മുൻവശത്തേക്ക് ചെന്നു.
പയ്യന് ചായ എടുത്തു കൊടുക്കുമ്പോൾ എന്റെ കൈ വിറച്ചു. ആദ്യ അനുഭവമാണ്.
ചായ കൊടുത്തു കഴിഞ്ഞ് അമ്മയുടെ അരികിലായി എന്നെ പിടിച്ചു നിർത്തി.
“മോളെ ഇതാണ് പയ്യൻ.. ഇനി കണ്ടില്ല എന്ന് പറയരുത്.” ബ്രോക്കർ മാധവണ്ണൻ പറഞ്ഞു.
ഞാൻ നാണത്തോടെ തലയുയർത്തി നോക്കി.
“അയ്യേ… ഇയാളോ..” എന്റെ പ്രജ്ഞയറ്റു.
മിനുസമുള്ള കഷണ്ടിതലയാണ് ആദ്യം കണ്ണിൽ പെട്ടത്. മിനിമം, ഒരു നാല്പത് വയസ്സ് കാണും. കുറഞ്ഞ പക്ഷം മാമൻ എന്നെങ്കിലും വിളിക്കണം. പ്രായത്തെ ബഹുമാനിക്കണമല്ലോ.
അയാളാണെങ്കിലോ, യുഗ യുഗാന്തരങ്ങളായി നിന്നെ ഞാൻ കാത്തിരിക്കുകയായിരുന്നു പ്രിയേ എന്ന മട്ടിൽ ഉണ്ടക്കണ്ണ് തുറിച്ച് എന്നെ നോക്കുന്നു!
ഇയാൾക്ക് ഞാൻ മുറുക്കാൻ ഇടിച്ചു കൊടുക്കേണ്ടി വരുമല്ലോ.. മനസ്സ് പറഞ്ഞു.
“എന്താ പേര്?” മാമൻ അയാളോട് ചോദിച്ചു.
“ശശി..”
തികഞ്ഞു. എല്ലാം തികഞ്ഞു. ഞാൻ പകപ്പോടെ അണ്ണനെ നോക്കി. അവൻ അമർത്തിയ ചിരിയോടെ നിൽക്കുന്നു.
ശശി എന്ന പേര് ഇന്നത്തെപ്പോലെ അന്ന് ‘യോയോ ‘ അല്ലെങ്കിലും അത് കേട്ടപ്പോൾ ഒരു വൈക്ലബ്യം തോന്നി.
“ഷീബ ശശി..” ഞാൻ ഉരുവിട്ട് നോക്കി. പുല്ല്… പ്രാസം അങ്ങോട്ട് ഒക്കുന്നില്ല. ഇനിയിപ്പോ പ്രാസം ഒപ്പിച്ചാലും ലുക്ക് കൊണ്ട് അയാൾ അച്ഛനും ഞാൻ മോളും ആണെന്നെ തോന്നൂ..
ഇന്റർവ്യൂ കഴിഞ്ഞ് ശശിയും കൂട്ടരും പടിയിറങ്ങി. വിരഹാർത്തമായ രണ്ടു കണ്ണുകൾ പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കി നോക്കി ശശി പോയി!
“എന്നാലും ഇയാൾ എന്താ ഇത്രയും കാലം പെണ്ണ് കെട്ടാതെ ഇരുന്നത്?” അണ്ണന്റെ സംശയം.
“പെണ്ണ് കെട്ടാത്തത് അല്ലെടാ, കിട്ടാത്തത് ആകും..” അമ്മയുടെ കമന്റ്.
“എന്തായാലും ഇവളുടെ കന്നി ചായ വെറുതെ വേസ്റ്റ് ആയല്ലോ..” അണ്ണൻ പിന്നെയും ഗോളടിക്കുമ്പോൾ ഞാൻ ബാക്കിയുള്ള ചിപ്സും ജിലേബിയും തീർക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു!
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഏഴു ചെക്കൻമാർ എന്നെ കാണാൻ വന്നു. അങ്ങനെ ഞാൻ പരിചയ സമ്പന്നയായ ഒരു സപ്ലൈയർ ആയി. ഇന്നാണെങ്കിൽ ആ അനുഭവ സമ്പത്ത് വച്ച് ഷെഫ് പിള്ള എന്നെ കൊത്തിക്കൊണ്ട് പോയേനെ.
പോകെപ്പോകെ ശശിയല്ല സോമനും പ്രഭാകരനും കൂടി വന്നാലും നാണിക്കാതെ ചായ കൊടുത്തു പറഞ്ഞു വിടും എന്ന നിലയിലായി.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച നമ്മടെ കഥാനായകൻ എന്നെ കാണാൻ വന്നു.
കാറിൽ നിന്ന് രണ്ടു പേർ ഇറങ്ങി വീട്ടിലേക്ക് വന്നു. പയ്യനും ചേട്ടനും മാത്രം. പയ്യനെ കണ്ടപ്പോഴേ പ്രതീക്ഷയറ്റു. നല്ല നിറം. സുമുഖൻ. വിദ്യാഭ്യാസമുണ്ട്. നല്ല സാമ്പത്തികമുള്ള കുടുംബം. മൂന്ന് ആൺമക്കളിൽ ഇളയ ആൾ. അമ്മയും സഹോദരിമാരും ഇല്ല.
ചേട്ടനാണ് സംസാരിച്ചത്. പയ്യൻ, എനിക്ക് പ്രത്യേക അഭിപ്രായം ഒന്നുമില്ല എന്ന മട്ടിൽ ഇരിക്കുന്നു.
എന്നോടും പതിവ് സംഭാഷണങ്ങൾ നടത്തി അവർ പോയി. ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷേ വൈകുന്നേരം അവർ താല്പര്യമാണെന്ന് അറിയിച്ചു.
പിന്നെ എടുപിടീന്ന് വിവാഹം ഉറപ്പിച്ചു. മൂന്ന് മാസത്തെ സമയത്തിനിടയിൽ പിന്നെ ഞാൻ കക്ഷിയെ കണ്ടിട്ടില്ല. മുഖം പോലും മറന്നു പോയി.
വിവാഹദിവസമാണ് എന്റെ പ്രതിശ്രുത വരനെ പിന്നെ ഞാൻ കാണുന്നത്. പന്ത്രണ്ടു പത്തിനും പന്ത്രണ്ടരയ്ക്കും ഇടയിൽ ആയിരുന്നു മുഹൂർത്തം. താലി കെട്ടിന് സമയമായി. പോളിയിൽ പഠിച്ചത് കൊണ്ടാകും മുഹൂർത്തത്തിന്റെ മുഴുവൻ സമയവും എടുത്തു താലി കെട്ടിയത്. ചേട്ടൻ താലി കെട്ടാൻ കൊളുത്തു കോർത്തു കഴിഞ്ഞു നോക്കുമ്പോ മാല പിണഞ്ഞു കിടക്കും.. അതല്ലെങ്കിൽ താലി മറിഞ്ഞു കിടക്കും. മാല ഒന്ന് കറക്കി ഇട്ടാൽ നേരെയാകും.. പലരും പറഞ്ഞത്, ചേട്ടൻ അംഗീകരിച്ചില്ല. ഇതിനിടയിൽ പരിചിതമായ ഒരു ഡയലോഗ് കേട്ട് ഞാൻ ഞെട്ടി.
“ഞാനെ പോളിയിൽ പഠിച്ചതാ.. എനിക്കറിയാം ശരിയായി കെട്ടാൻ..” അര മണിക്കൂർ എടുത്തു, താലി നേരെ കെട്ടിയിട്ടേ പുള്ളി എന്റെ കഴുത്തിലെ പിടി വിട്ടോളൂ!
ചേട്ടന്റെ വീട്ടിൽ ഒരു നവവധുവിന്റെതായ സ്റ്റാർട്ടിങ് ട്രബിൾ ഒന്നും കാണിക്കാൻ നേരമില്ലായിരുന്നു. കാരണം ചാർജ് കൈമാറാൻ രണ്ടാമത്തെ ചേട്ടത്തി കട്ട വെയ്റ്റിംഗ് ആയിരുന്നു. എന്റെ ഭർത്താവ് മൂന്നാമത്തെ മകനാണ്. വല്യണ്ണൻ വിവാഹം കഴിച്ച്, കുടുംബ വീട്ടിൽ എല്ലാരുമൊപ്പം മൂന്ന് വർഷം ജീവിച്ചു. കൊച്ചണ്ണൻ വിവാഹം കഴിഞ്ഞ അന്ന് രാത്രി മുതൽ വല്ല്യണ്ണനും കുടുംബവും പുതിയ വീട്ടിലേക്ക് മാറി. അതേ അനുഭവം ആയിരുന്നു മൂന്നാമത്തെ കല്യാണത്തിനും. ഞങ്ങടെ കല്യാണദിവസം രാത്രി, കൊച്ചണ്ണനും കുടുംബവും പുതിയ വീട്ടിലേക്കു മാറി.
വീടുകൾ എല്ലാം അടുത്തടുത്തു തന്നെയാണ്. കല്യാണ പിറ്റേന്ന് മുതൽ ഞാൻ ഗൃഹനാഥയായി, അടുക്കള ഭരണം ഏറ്റെടുത്തു.
(എന്റെ ആദ്യരാത്രി വിശേഷങ്ങൾ മുൻപ് മറ്റൊരു ബ്ലോഗ് എഴുതിയിട്ടുണ്ട്.. അതുകൊണ്ട് വീണ്ടും എഴുതുന്നില്ല )
രണ്ടാം ദിവസം രാത്രി ചേട്ടത്തി ഫോൺ ചെയ്തു പറഞ്ഞു, “രാവിലെ നീ കടലക്കറി വെയ്ക്ക്, ദോശ ഞാൻ ഉണ്ടാക്കി കൊണ്ട് വരാം.”
രാത്രി ഞാൻ കടല വെള്ളത്തിൽ ഇട്ടു. രാവിലെ എഴുന്നേറ്റു കടല കഴുകുന്നത് കണ്ടു, ചേട്ടൻ പറഞ്ഞു, “കൂക്കറിൽ ഇട്ട്, നാലഞ്ച് വിസിൽ കേൾക്കുമ്പോ വേവും. നീ കറി റെഡിയാക്കൂ, ഞാൻ കൊച്ചണ്ണന്റെ വീട്ടിൽ പോയിട്ട് വരാം..”
കടല കുക്കറിൽ വാരിയിട്ടു. വെള്ളവും ഉപ്പും ചേർത്തു. കുക്കർ അടക്കാൻ ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി. നടക്കുന്നില്ല. അക്കാലത്ത് എന്റെ വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ട്. പക്ഷേ കുക്കർ ഇല്ല.
ഞാൻ നിലത്ത് കാലും നീട്ടിയിരുന്ന്, ബാലഗോപാലനെ എണ്ണ തേപ്പിക്കാൻ മടിയിൽ കിടത്തും പോലെ കുക്കർ എടുത്തു മടിയിൽ വെച്ച്, തൊട്ടും തലോടിയും തിരിച്ചും മറിച്ചും നോക്കി. ഒടുവിൽ എനിക്ക് കാര്യം പിടി കിട്ടി. കുക്കറിനു വാ വട്ടം കുറവാണ്. അടപ്പ് അതിനേക്കാൾ വലുത്! പിന്നെങ്ങനെ ശരിയാകും?
ശ്ശെടാ, എന്നാലും ഒരു സാധനം വാങ്ങുമ്പോൾ ഇവർക്ക് നോക്കി വാങ്ങിക്കൂടെ.. മണ്ടന്മാർ തന്നെ.
കൂക്കറും കടലയും ഉപേക്ഷിച്ചു ഞാൻ ചമ്മന്തി അരച്ചു. അല്ല പിന്നെ.. കുക്കറിന്റെ അഹങ്കാരം എന്നോട്.. ഹും..
ചേട്ടൻ തിരികെ വന്നപ്പോ ഞാൻ എന്റെ ബുദ്ധി വൈഭവം തെളിയിക്കാനായി, മാനുഫാക്ടറിങ് ഡിഫെക്ട് ഉള്ള കുക്കർ തെളിവ് സഹിതം കാണിച്ചു പറഞ്ഞു, “കണ്ടോ, ഇത് അടക്കാൻ കഴിയില്ല. അടയ്ക്കാൻ പറ്റുമോ എന്ന് നോക്കിയല്ലേ ഇത് വാങ്ങിയത്?”
ഹോ.. അന്ന് എന്റെ കെട്ടിയോൻ ചിരിച്ച ചിരി ജന്മത്ത് ഞാൻ മറക്കില്ല. ശേഷം കുക്കറിന്റെ അടപ്പ് ചെരിച്ചു അടക്കുന്നത് കാണിച്ചു തന്നു. (എനിക്ക് കുക്കർ അടയ്ക്കാൻ അറിയില്ലാരുന്നു എന്നതാണ് വാസ്തവം..)
അന്ന് ഒരു പത്തു മണിയോടെ ചേട്ടത്തിമാർ രണ്ടുപേരും വീട്ടിലേക്കു വന്നു.
“ജോലിയൊക്കെ കഴിഞ്ഞോ?”
“ചെയ്യുന്നേ ഉള്ളൂ ചേച്ചി..” ഞാൻ മീൻ കറിക്കുള്ള അരപ്പ്, കല്ലിൽ നിന്ന് പാത്രത്തിലേക്കു ഉരുട്ടി വെച്ചു കൊണ്ട് പറഞ്ഞു. ശേഷം അമ്മിക്കല്ല് കഴുകി വൃത്തിയാക്കി.
“അതിന്റെ അടിവശം വൃത്തിയായില്ല. നീയിങ്ങോട്ട് മാറിക്കെ ഞാൻ കഴുകാം..” ചേട്ടത്തി പറഞ്ഞു.
ഞാൻ മാറി നിന്നു. പിന്നെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു. അമരേന്ദ്ര ബാഹുബലി ശിവലിംഗം പൊക്കിയത് പോലെ, ചേട്ടത്തി, അമ്മിക്കല്ല് പൊക്കി അങ്ങേ മൂലയിലേക്ക് വെക്കുന്നു. എന്റെ കണ്ണു തള്ളി. ദൈവമേ ഞാനും ഇതേപോലെ നിത്യവും കല്ല് പൊക്കി മാറ്റണോ? ചേട്ടത്തി എന്നെപ്പോലെ ഉറക്കം തൂങ്ങി അല്ലെന്നും ഒരു ഫീമെയിൽ ഹൾക് എന്ന് വിളിക്കാവുന്ന തരവുമാണ് എന്ന് പിൽക്കാലത്തു മനസ്സിലായി.
ഇതൊന്നും പോരാഞ്ഞിട്ട്, എന്റെ സ്ഥലം വെഞ്ഞാറമൂട് ആയത് കൊണ്ട്, എന്റെ ഭാഷ പ്രയോഗം വരുത്തി വെച്ച പ്രശ്നങ്ങൾ വേറെയുമുണ്ടായി.
വീട്ടിൽ വേറെ സ്ത്രീകൾ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ എല്ലാ ജോലികളും ചെയ്യണം. ഞാൻ ചേട്ടത്തിമാരോട് ചോദിച്ച ആദ്യ ചോദ്യത്തിൽ അവർ ചിരിച്ചു മറിഞ്ഞു.
“ചേച്ചി, തൊറപ്പ എവിടെ?”
ങേ.. അതെന്തുവാ? ”
“തൊറപ്പ, അറിയില്ലേ? മുറ്റം തൂക്കാൻ എടുക്കുന്ന സാധനം..” ഞാൻ തൂക്കുന്നത് പോലെ കൈകൾ വീശിക്കാണിച്ചു.
മാലപ്പടക്കം പൊട്ടിയത് പോലെ എല്ലാവരും ചിരിക്കുമ്പോൾ ഞാൻ ഒന്നും മനസ്സിലാകാതെ മിഴിച്ചു നോക്കി നിന്നു.
ചിരിയുടെ ആരവം കഴിഞ്ഞു, ചേട്ടത്തി ചൂൽ എടുത്തു എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു, “ദാ നിന്റെ തൊറപ്പ..”
മുറ്റം തൂത്തു കഴിഞ്ഞ്, ഞാൻ അകത്തു കയറി, ബോഞ്ചി വെള്ളം തയ്യാറാക്കി, ചേട്ടത്തിമാർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു, “ഇന്നരിം ചേച്ചി, ബോഞ്ചി വെള്ളങ്ങള്.. ഇനിപ്പ് ഉണ്ടോന്നു നോക്കിയേ..”
അവർ രണ്ടുപേരും വാക്ക് മുട്ടി അന്തം വിട്ടിരുന്നു.
അപ്പോഴാണ് കൊച്ചിനോടായി ഞാൻ അടുത്ത വെടി പൊട്ടിച്ചത്.
“അപ്പിക്ക് വേണോ ബോഞ്ചി വെള്ളങ്ങള്?”
അതു കൂടി കേട്ടതോടെ കുടിച്ച് കൊണ്ടിരുന്ന നാരങ്ങ വെള്ളം നിറുകയിൽ കയറി ചുമ തുടങ്ങി രണ്ടാളും..
എല്ലാം കേട്ട് നിന്ന ചേട്ടൻ, ശ്വാസം എടുക്കാനായി ചിരിയ്ക്ക് ഇടവേള നൽകിയ ഗ്യാപ്പിൽ ഞാൻ ചോദിച്ചു, “എന്തരണ്ണാ ചേച്ചിമാര് ചിരിക്കണത്? ഞാൻ അഴുക്ക വാക്കുകൾ വല്ലോം പറഞ്ഞാ?”
ചിരിച്ചു വയറുളുക്കിയിട്ടാണോ എന്തോ പിന്നെയും കുറച്ചു നേരം ശ്വാസമെടുത്ത ശേഷം ചേട്ടൻ പറഞ്ഞു, “പുള്ളേ നീ എന്നെ അണ്ണാന്ന് വിളിക്കരുത്. വേണമെങ്കിൽ എന്റെ പേര് വിളിച്ചോ. കൂടാതെ നീയിനി എന്തെങ്കിലും സംസാരിക്കും മുൻപ് ആ വാക്കുകൾ ആദ്യം എന്നോട് പറയണം.. എന്നിട്ടേ ആരോടെങ്കിലും മിണ്ടാവൂ..”
ഈ നാട്ടുകാർ എന്റെ വർത്തമാനം കേട്ട് ചിരിക്കുന്നത് കൊണ്ടാണ് പിൽക്കാലത്തു ഞാൻ മിണ്ടാപ്പൂച്ച ആയത്..
ഒരു കല്യാണം വരുത്തിവെച്ച അബദ്ധങ്ങളുടെയും അനുഭവങ്ങളുടെയും ഘോഷയാത്രകൾ ഇവിടെ അവസാനിക്കുന്നില്ല…
9 Comments
അടിപൊളി 😂😂😂
അടിപൊളി…. 😄
ചിരിച്ചു ചിരിച് 😂😂😂
അടിപൊളി 😃😃
‘തൊറപ്പ’ എന്നൊക്കെ ഞങ്ങടെ നാട്ടിലെ തീറ്റിക്കു ആക്രാന്ത കാണിക്കുന്നവരെ വിളിക്കുന്നതാ 😂😂… ശ്ശോ ന്നാലും ‘ പോളിക്കാരെ ‘ ഇങ്ങനേ ആക്ഷേപിക്കല്ലേ ..ഞാനും ഒരു പോളിയാ 🙈. പിന്നെ, തിരോന്തരം ഭാഷ ഒന്നുമേ എനക്ക് തെരിയാത്….ഒത്തിരി ചിരിച്ചു 👍
അടുത്ത ഭാഗം വൈകിക്കേണ്ട
സൂപ്പർ 👌👌😆
ഹഹഹ സൂപ്പർ സൂപ്പർ
Super😄😄