ഒരു വലിയ ചക്രത്തിന്റെ അറ്റം തേടിയുള്ള യാത്രയായിരുന്നു ആശുപത്രി വരാന്തയിലൂടെയുള്ള ഓരോ ചുവടുകളും. ഒരിടത്ത് ജനനം മറ്റൊരിടത്ത് മരണത്തെ പിടിച്ചു കെട്ടാനുള്ള മനുഷ്യന്റെ നെട്ടോട്ടം. ഓരോ അറകളിലും ഓരോ ജീവിതങ്ങൾ കഥ പറയുന്നു.ചിലരുടെ അടക്കിപ്പിടിച്ചുള്ള ചുമയും മറ്റു ചിലരുടെ മുഷിഞ്ഞ കാത്തിരിപ്പും മനുഷ്യജീവിതത്തിന്റെ രുചിയില്ലാത്ത അപ്പക്കഷണങ്ങളായി തോന്നി.
മോശം പറയാൻ കഴിയാത്ത സ്വകാര്യ ആശുപത്രിയിലെ നൂറ്റി മുപ്പത്തി ഏഴാം മുറിയിലെ രണ്ട് കട്ടിലുകൾക്കിടയിൽ ഒരു പായ നീട്ടി വിരിച്ചു കിടക്കാനുള്ള ഇടം ഞാൻ ആദ്യദിനത്തിൽ തന്നെ സ്വന്തമാക്കി. സഹോദരന്റെ ഭാര്യ രണ്ടാം പ്രസവവും കീറിമുറിക്കലും കഴിഞ്ഞ് അസ്വസ്ഥയായി പ്രധാന കട്ടിലിൽ കിടപ്പുണ്ട്. ഉപചാരങ്ങൾ ഒട്ടുമില്ലാതെ ചുമരിനോട് ചേർത്തിട്ടുള്ള ഒരാൾ വീതിയിലുള്ള മറ്റൊരു കട്ടിലിൽ രോഗിയുടെ മാതാവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനിയുള്ളത് എന്റെ ഇടമാണ്. വെളുത്ത വിദേശ പായയിൽ റോസ് നിറമുള്ള പൂക്കളുള്ള പരവതാനി ആഡംബരപൂർവ്വം നീട്ടിവിരിച്ചപ്പോൾ ചക്രം പൂർണമായി.
ആ മുറിയിൽ സമയം നോക്കാനുള്ള ഒരു സംവിധാനമില്ലായിരുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം രണ്ട് പകുതികളായി ദിവസത്തെ വിഭജിച്ചത്. ദിവസം എന്നത് വെളുത്ത പകലും കറുത്ത രാത്രിയുമായി മാറി. ക്ഷീണിതയാകുമ്പോൾ മുറിയിലെ മങ്ങിയ മഞ്ഞ വെളിച്ചം തെളിച്ചു കിടപ്പാകും. അപരിചിതവും തൃപ്തിക്കുറവുമുള്ള ആശുപത്രി മുറി പലപ്പോഴും ഉറക്കത്തെ സ്വാഗതം ചെയ്തിരുന്നില്ല. ഇടയ്ക്കിടെ മൊബൈൽ ഫോണിൽ വിരലോടിക്കുമ്പോൾ സമയമൊന്ന് പാളി നോക്കും. സമയമെന്നത് ഭാരം ഇല്ലാത്ത ഒന്നായി മാറി. എന്റെ സമയങ്ങളെ ആശുപത്രിയിലെ എല്ലാവർക്കുമായി ഞാൻ ദാനം ചെയ്തിരിക്കുന്നു. എന്റെ മനസ്സ് ഏറെ വിശാലമായി മാറിയതിൽ സ്വയം അഭിമാനിക്കുകയും ചെയ്തു. ഇനിയുള്ളത് ഓർമ്മകളെ തുരന്ന് വജ്രങ്ങളെ കണ്ടെത്തുകയെന്ന ദൗത്യമായിരുന്നു. ചെറിയ കട്ടിലിൽ ചരിഞ്ഞു കിടക്കുന്ന ഫാത്തിമ എന്ന അറുപതുകാരിയെ ഖനനം ചെയ്യുകയെന്ന തോന്നലിൽ ഞാൻ ഉത്സാഹഭരിതിയായി ഉണർന്നിരുന്നു. മെലിഞ്ഞ ശരീരവും നിറഞ്ഞ ചിരിയും കുട്ടിത്തവുമുള്ള ഒരു ഉമ്മ. കണ്ണുകൾ വിടർത്തിയും ചിരിച്ചുകൊണ്ടമല്ലാതെ അവർക്ക് സംസാരിക്കുകയെന്നത് അസാധ്യമായിരുന്നു. വൃത്തി കൂടുതലിന്റെയും ഉൽക്കണ്ഠ രോഗത്തിന്റെയും ഒരു പാവം ഇരയായിരുന്നു അവർ. കൗതുകത്തോടെ ഞാൻ ചോദ്യങ്ങൾ ആരംഭിച്ചു.
” ഉമ്മ എത്രാമത്തെ വയസിലായിരുന്നു കല്യാണം കഴിച്ചത്?”
അവർ കണ്ണുകൾ വട്ടത്തിൽ ചുഴറ്റി ചിരിച്ചുകൊണ്ട് ചരിത്രത്തിന്റെ ഏടുകൾ പറഞ്ഞു തുടങ്ങി.
” എനിക്കൊരു പതിനഞ്ചു പതിനാറ് വയസ്സ് തികഞ്ഞപ്പോൾ കല്യാണം കഴിച്ചു. ഇന്റെ വാപ്പ ചെറുപ്പത്തിലെ മരിച്ചുപോയതുകൊണ്ട് ഇന്റെ അമ്മാവന്മാരായിരുന്നു കെട്ടിച്ചു വിട്ടതും പുയാപ്ലാനെ കണ്ടുപിടിച്ചതുമെല്ലാം.ഞാനന്ന് ഒന്നും അറിയാത്ത ഒരു പൊട്ട്യായിരുന്നു. അങ്ങനെ വല്യോയൊരു തറവാട്ടിൽ ചെന്ന് കയറി. അതും പൊന്നാനിക്കാരോടവിടെ. പെണ്ണുങ്ങളുടെ ഒരു ലോകം!
ഓർടെ അടുക്കളയിലാണെങ്കിൽ എപ്പോഴും പലഹാരമുണ്ടാക്കലും വറുക്കലും പൊരിക്കലും ചുടലും ഒന്നും പറയണ്ട. നിക്ക് ഇത് വല്യോം അറിയൊ? നിക്കാണെങ്കിൽ ആകപ്പാടെ വഷളായിട്ട് ഇരിക്കാനും വയ്യ നിക്കാനും വയ്യ. ഇന്റെ നിപ്പ് കണ്ടിട്ട് പെണ്ണുങ്ങള് ഓരോന്നും ഇങ്ങനെ ചോയ്ക്കും.ഓരോ കാര്യങ്ങള്‍.അത് കേട്ട് ഞാനോരോ പൊട്ടത്തരം പറയുമ്പോൾ അവര്‍ ചിരിക്കും.
ഇന്റെ അമ്മായമ്മയ്ക്ക് ഇന്നെ വല്യ കാര്യായിരുന്നു. ഞാൻ ഒരു ചെറിയ കുട്ട്യല്ലേ. ഈ കോലം ഒന്നുമല്ലല്ലോ അന്ന്. ഇന്റെ മുടിയാണെങ്കിൽ നിറഞ്ഞ് കവിഞ്ഞു മുട്ടുവരെയുണ്ടായിരുന്നു. നല്ല നെറവും ഉണ്ടായിരുന്നു. തടിയും പൊക്കോം ഒക്കെയായിട്ട് കാണാൻ നല്ല മൊഞ്ചത്തി പെണ്ണ്. തിന്നാനും കുടിക്കാനും ഒന്നും ഒരു മുട്ടും ഇല്ലായിരുന്നു ഓർടെ അവിടെ. എന്തുമാത്രം പലഹാരമാ അവിടെ. മുട്ട സുർക്ക, മുട്ട മാല, ചിതലട മണ്ടാ, ക്ട്ത.
ഈ ക്ട്ത എന്ന് കേൾക്കുമ്പോൾ നിക്കി ചിരി വരും. ഈന്റെ അവിടെ കുടുത എന്ന് പറഞ്ഞാൽ ഒരു തെറിയാണ്. ഈ കടപ്പുറത്ത് ഉള്ളോര് ദേഷ്യം വരുമ്പോൾ പറയണ ഒരു തെറി ഭാഷയാണ് ഈ ക്ട്ത. ഇന്റെ അമ്മായിയമ്മ ഇന്നോട് മോളെ കുടുത ചായ കുടിക്കുമ്പോൾ കഴിച്ചോളീ എന്ന് പറയുമ്പോൾ എനിക്ക് ചിരി വരും. വല്ലതും പറയാൻ പറ്റ്വോ? കെട്ടിച്ചോടെ ചെന്ന് പറയാൻ പറ്റണ കാര്യപ്പാ ഇത്?
നന്നായി!
ഇന്റെ ഉപ്പ ഞാൻ ജനിച്ചപ്പോ തന്നെ അങ്ങട് മരിച്ചു പോയി. നിക്ക് കോലം എന്താണെന്ന് പോലും അറീല. ഉമ്മ പിന്നെ വേറെ കെട്ടിയുമില്ല. അമ്മാവാന്മാരായിരുന്നു ഞങ്ങളെ നോക്കിയിരുന്നത്. ഒരമ്മാവന്‍ ബാംഗ്ലൂർ ആയിരുന്നു ജോലി. അവിടെന്നു ഇങ്ങോട്ട് വരുമ്പോ കൊട്ട കണക്കിന് മുന്തിരിയും ആപ്പിളും ഒക്കെ കൊണ്ടുവരും. ഞങ്ങള്‍ക്ക് തിന്നാനും ഉടുക്കാനും ഉള്ളതൊക്കെ അവര്‍ തരും. ന്നാലും നിക്ക് ഒരു വെഷമം ഉണ്ടായിരുന്നു. നിക്ക് കത്തെഴുതാനും ആരെങ്കിലും നിക്കൊരു കത്തയക്കാനും ദുനിയാവിൽ ഉണ്ടായർന്നീല.
ഓരോത്തർക്ക് വരണ ഗൾഫ് കത്ത് കാണുമ്പോൾ ഇന്റെ മോളെ.. ഞാൻ ഇങ്ങനെ കൊതിച്ചു നോക്കിയിരിക്കാറുണ്ട്. ഇന്റെ ഉപ്പ ജീവിച്ചിരുന്നെങ്കി നിക്കും കാണാമായിരുന്നു ഈ ഗൾഫ് കത്ത്. ഞാൻ കുറേ വിഷമിച്ചു കരഞ്ഞിട്ടുണ്ട്. പടച്ചോനെ.. നിക്ക് കത്തെഴുതാൻ ആരുമില്ലല്ലോ എന്ന് പറഞ്ഞ് ആരും കാണാതെ കുത്തിയിരിക്കും.
പടച്ചോൻ അങ്ങനെ വിളി കേട്ട്. ഇവരുടെ ഉപ്പ എന്നെ കെട്ടി ഓര് ഗൾഫിൽ പോയപ്പോ കത്തോടെ കത്ത്. ഒരു നീളൻ കവറും അറബി സ്റ്റാമ്പും ഒട്ടിച്ച് മാസത്തിൽ നാലു കത്ത് അയക്കും. എന്തൊരു മണാ മോളെ അന്നത്തെ കത്തിനൊക്കെ. ആയിന്റെ മോളില് ചെലപ്പോ വല്ല അത്തർ തേക്കുന്നുണ്ടാകും അല്ലേ? അല്ലാതെ അങ്ങനെ ഒരു മണം വരോ, ആർക്കറിയാം? ഞാനായിട്ട് ചോദിച്ചില്ല. അങ്ങനെ ഉള്ള കാര്യങ്ങള്‍ ഞാൻ ആരോടും ചോദിക്കലും ഇല്ല.വഷള്!
കത്ത് കിട്ടിയാൽ ഞാൻ അപ്പോഴൊന്നും വായ്ക്കില്ല. മുറിയിൽ പോയി സൂക്ഷിച്ചു വയ്ക്കും. പണികളൊക്കെ കഴിഞ്ഞ് കുളിച്ച് രാത്രി സമാധാനമായി അങ്ങട് വായിക്കും. മറുപടി എഴുതാനൊക്കെ അപ്പൊ തോന്നും. പക്ഷേ പണിയും കാര്യവും ഒക്കെ ആയിട്ട് അതും നടക്കില്ല.അപ്പൊ ഓർടെ ഉപ്പ പറയും ഓര് നാലു കത്തയക്കുമ്പോ എന്നോട് ഒരു മറുപടി കത്ത് അയച്ചാ മതീന്ന്. ഓർക്കറിയാ ഇന്റെ ഇവിടെത്തെ പണിയും തിരക്കും ഒക്കെ.
ഇതൊന്നും അല്ല മോളേ തമാശ. ഏട്ടച്ചാരുടെ ഓള്ക്ക് എഴുതാനും വായിക്കാനും ഒന്നും അറീല. പണിയൊക്കെ കഴിഞ്ഞ് പത്തായ പെരേല് ഞങ്ങള്‍ രണ്ടും കൂടിയിരുന്ന് കത്തെഴുതും. ഓള് ഓള്‍ടെ പുത്യാപ്ലയോട് പറയാനുള്ളതൊക്കെ പറയും.
ഓള് പറയും ഞാനെഴുതും. എന്തൊക്കെയാ എഴുതാ. എനിക്ക് ചിരി വരും. അവര്‍ കെടന്നതും പിടിച്ചതും ചിരിച്ചതും ഒക്കെ ഇങ്ങനെ എഴുതും. എന്നിട്ട് അയച്ചു കൊടുക്കും. പത്തു ദിവസം പിടിക്കും ഒരു കത്തയച്ചാല്‍ കിട്ടാന്‍.ചെലപ്പോള്‍ എവിടേങ്കിലും കെട്ടി കിടന്നാല്‍ ഒരു മാസോക്കെ പിടിക്കും.
ഓളെ പുത്യാപ്ലാനെ കാണണം മോളെ… വെളുത്ത് വെളുത്ത് തുടിച്ചൊരു മനുഷ്യന്. നല്ല കറുത്ത ചുരുണ്ട മുടി.കൈയും കാലും ഒക്കെ നല്ല ഉരുണ്ട് നീണ്ട് റോസ് നെറായിരിക്കും. ശരിക്കും കണ്ടാല്‍ ഡോക്ടര്‍മാരെ പോലെ തോന്നും. അന്നൊക്കെ ഒരു ഡോക്ടര്‍ ആവണങ്കി പഠിപ്പ് മാത്രം പോരാ, ഭംഗിയും വേണം. ഇന്നൊക്കെ അത് വല്ലതും ഉണ്ടോ?ഭംഗി ഇല്ലെങ്കിലും ഡോക്ടര്‍ ആവാം. ഇനീപ്പോ ഒരു ഡോക്ടറെ കണ്ടാല്‍ നമ്മ മനസ്സിലാക്കിയെടുക്കണം. ചെല ഡോക്ടര്‍മാരെ കണ്ടാല്‍ ശരിക്കും കംമ്പോണ്ടര്‍ ആണെന്നേ തോന്നൂ. ഭംഗിയില്ലെങ്കിലെന്താ പഠിച്ച് പഠിച്ച് ഒരു നെല എത്തീലേ അവര്‍.
ന്നാലും ഞങ്ങളുള്ളോര്ക്ക് ഒരു തൃപ്തി കൊറവാ. ഡോക്ടർമാര്‍ ന്ന് പറഞ്ഞാ കാണാനൊക്കെ കുറച്ചു ചേല് വേണം. എന്നാലേ അവരെഴുതണ ഗുളിക കഴിക്കുമ്പോ ഒരു വിശ്വാസോക്കെ വരൂ.
ഇതിപ്പോ എന്താ ഉണ്ടായേ?കല്യാണത്തിന്റെ കാര്യം പറഞ്ഞു വന്നപ്പോള്‍ വേറെ കാര്യം പറയലായി. ഇത് തന്നെയാണ് ഇന്റെ കുഴപ്പം. ഇവര്ടെ ഉപ്പ പറയും നിക്ക് ഒരു അന്തവും കുന്തവും ഇല്ലെന്ന്.
പണ്ടൊക്കെ ഇവര്ടെ ഉപ്പ ഞാനെന്ത് പൊട്ടത്തരം പറഞ്ഞാലും ഇരുന്ന് ചിരിക്കും. ഞാന്‍ ചെറിയ കുട്ട്യല്ലേ? അന്നത്തെ കാലത്ത് പൊന്നാനിയില്‍ നല്ല സ്വഭാവം ഉള്ള ചെക്കന്മാരുണ്ടായിരുന്നില്ല.എന്തെങ്കിലും ഏതെങ്കിലും കുരുത്തക്കേട് ഒള്ളോരായിരിക്കും. സിസറ് വലി, കള്ള്കുടി, അല്ലെങ്കില്‍ പെണ്ണുങ്ങളുടെ മോറും നോക്കി ഇരിക്കാ. ഇവർടെ ഉപ്പാക്ക് ഈ വെടക്ക് ഒന്നും ഉണ്ടായിരുന്നില്ല.
സാധാരണ ആണുങ്ങള് നിക്കാഹ് കഴിഞ്ഞാല്‍ പിന്നെ പെണ്ണുങ്ങള്‍ക്ക് സൌര്യം കൊടുക്കില്ല. ന്നാലും ഇവരെ നമ്മള് പടച്ചോനെ പോലെ കാണണം.
പെണ്ണ് കെട്ടി പെണ്ണിന്റെ പെരേല് നിക്കണ പുയ്യാപ്ലമാരെ ‘വീട്ടീ കൂടിയോര്’ എന്നാ പറയാ. ഈ പുയ്യാപ്ലമാര്‍ക്ക് കല്യാണം കഴിഞ്ഞാ നാല്പത് ദിവസം മീന്‍ കൊടുക്കാൻ പാടില്ല.അതൊരു വഷള്കേടാണ് അന്ന്. ഹറാം ആണെന്ന് വരെ പറയും അന്ന്. കാലത്തും ഉച്ചക്കും വൈന്നേരം ഒക്കെ എറച്ചി,മുട്ട,പാല് പാത്രം നെറച്ച് കൊടുക്കണം. ക്ഷീണം പറ്റണ സമയം അല്ലേ. പെരേല് ഉള്ള പെണ്ണുങ്ങള് പുയ്യാപ്ല അറയില്‍ പോകുന്ന സമയം ഒളിഞ്ഞു നോക്കും. മൂപ്പര് തലയും താഴ്ത്തി ഇടവും വലവും നോക്കാതെ ശ്വാസം പിടിച്ചു പെണ്ണിന്റെ അറയിലേക്ക് ഒറ്റൊരു പോക്കാണ്. പിന്നെ കാര്യം കഴിഞ്ഞാല്‍ അതേ പോലെ മുഖം കുനിച്ചു പിടിച്ചു പെരേടെ പുറത്തേയ്ക്ക് പോകും. പുത്യാപ്ലമാരോട് അത്ര ബഹുമാനമാണ് പൊന്നാനിക്കാര്‍ക്ക്. അമ്മായിയമ്മ
കൊശി ഒരുക്കി ഒരുക്കി ഇങ്ങനെ തക്കാരം ചെയ്ത് ഇരിക്കും.
പറഞ്ഞു പറഞ്ഞു ഇതിപ്പോ എവിടാ എത്തിയേ? പുത്യാപ്ല തക്കാരം വരെ എത്തി. ഇതാണ് ഇന്റെ കുഴപ്പം. പറയാനുള്ള കാര്യം പറഞ്ഞു വരുമ്പോ വേറെ വിശേഷം ആയി മാറും. ഞാനിപ്പോ എന്താ പറയാന്‍ വിട്ടേ? ആ… ഇവര്ടെ ഉപ്പാടെ കാര്യം. എന്തൊരു സുന്ദരനായിരുന്നെന്നോ ഓരെ കാണാന്‍. നല്ല ചുരുണ്ട മുടിയും ഒത്ത തടിയും ഉള്ള ഒരാള്‍. വെളുപ്പ്ന്ന് പറഞ്ഞാല്‍ ഉണ്ടെല്ലോ വല്ലാത്ത വെളുപ്പാണ്. അത്രയ്ക്ക് വെളുപ്പുള്ളവര്‍ പൊന്നാനിയില്‍ ഇല്ലാ അന്ന്. ഭംഗീന്ന് പറഞ്ഞാ അത്രയ്ക്ക് ഭംഗി. ഇപ്പോ ഓര്ക്ക് ഷുഗറ് വന്നു പെട്ടപ്പോ ഭംഗിയും പോയി ഉയരവും കുറഞ്ഞു.
അന്ന് ഇവര്ടെ ഉപ്പ ഗള്‍ഫില്‍ നിന്ന വരുമ്പോ നല്ല മോഡല്‍ ഡ്രെസ്സൊക്കെ കൊണ്ട് വരും. നല്ല ഉയരം ഉള്ള ചെരിപ്പും സാരിയും ഇട്ട് ഞാനും നല്ല മോഡലായി നടക്കും. അന്ന് ബോധം ഒന്നും ഇല്ലല്ലോ? തല മറയ്ക്കാനൊക്കെ എടക്ക് മറന്നു പോകും. അതൊരു കാലായിരുന്നു. ഇവര്ടെ ഉപ്പാന്റെ ഭംഗിയും നെറവും ഒന്നും ഇവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല. പിന്നെ എന്റെ മൂത്ത മോന് റഹീമിന് കൊറച്ച് കിട്ടിയിട്ടുണ്ട്. പൊന്നാനിയിലുള്ള എത്ര സ്റ്റുഡിയോയിലാണ് ഇന്റെ മോന്റെ പടം വച്ചിരിക്കുന്നത്. ഇപ്പോ ഓന്റെ കോലം വേറെ മോഡലായി. കൊറേ താടിയും നീട്ടി വച്ച് തലയും മൊട്ട അടിച്ച് മീശ പറ്റ വെട്ടി നടക്കണ്.ഓന്റെ ഓരോ തോന്നല്‍. അല്ലാതെന്ത് പറയാന്‍?
ഓനെ പ്രസവിച്ച കാര്യം ഓര്‍ക്കാണ് ഞാനിപ്പോ. അതൊരു കഥയാണ് മോളേ. അന്നെനിക്ക് കല്യാണം കഴിഞ്ഞതിന്റെ വഷള് മാറിയിട്ടില്ല. അതിന്റെ കൂടെ വയറ്റിലായപ്പോള്‍ വല്ലാത്ത വഷളായി. ഇന്റെ അമ്മായിയമ്മയ്ക്ക് പെണ്കുട്ട്യോള് ഇല്ലാത്തത് കൊണ്ട് പ്രസവം ഓരുടെ പെരേല് തന്നെ ആക്കാമെന്ന് പറഞ്ഞ്. ഇന്റെ ഉമ്മയും അവിടെ വന്ന് താമസിച്ചു.
അങ്ങനെ പത്തും തികഞ്ഞ് വയറും താങ്ങി പിടിച്ചു നടപ്പ് തുടങ്ങി. പിന്നെ എനിക്കങ്ങു വേദന തുടങ്ങി മോളേ. സഹിക്കാന്‍ പറ്റാത്ത വേദന. കൊറച്ച് നേരം കഴിഞ്ഞപ്പോ കാലിന്റെ തൊടയിലൂടെ വെള്ളം ഒഴുകി പോണ പോലെ ഒരു തോന്നല്‍. ഞാന്‍ അതാരോടും പറഞ്ഞില്ല, വഷള്! പിന്നെ ആകെ അങ്ങ് തളര്‍ന്ന് കെടപ്പായി.ഒറക്കെ കരയാനൊക്കെ തോന്നി. പക്ഷേ കെട്ടിച്ചോടെ ഇങ്ങനെ ഒച്ച വച്ച് കരയാന്‍ പറ്റ്വോ?എന്റെ അമ്മായിയമ്മയ്ക്ക് എന്തോ ഒരു ഏനക്കേട് ഇന്റെ കാര്യത്തില്‍ തോന്നിക്കണ്. ഓര് അവടെ ഉള്ള ഒരു നഴ്സിനെ വിളിച്ചു വരുത്തി വയറൊക്കെ കഴുകിപ്പിച്ചു. അന്ന് ആ നഴ്സ് ഇന്റെ അമ്മായിയമ്മയോടും അമ്മാച്ചനോടും പറഞ്ഞു.
” ഉമ്പായിക്കാ… മരോള് ഒന്നില്ലെങ്കില്‍ ഇന്ന് പ്രസവിക്കും അല്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു നടക്കും. ആശുപത്രിയില്‍ കൊണ്ട് പോകുകയോ വേറെ വയറ്റാട്ടിയെ നോക്കി വയ്ക്കുകയോ ചെയ്തോളീം”
അന്ന് രാത്രി പ്രസവം നടക്കും എന്ന് വിചാരിച്ച്.എവിടെ നടക്കാന്‍? വേദന കൊണ്ട് എന്റെ മൊകം ഒക്കെ കറുത്ത് തുടങ്ങി. പിന്നെ രണ്ടിന്റെ അന്ന് നട്ടപാതിരാക്ക് അങ്ങോട്ട് തൊടങ്ങീലേ പൊരിഞ്ഞ വേദന. ആ നേരത്ത് ഉണ്ടോ ആരെങ്കിലും വിളിച്ചാല്‍ കിട്ടാ? അമ്മാച്ചന് ആശുപത്രിയിലെ നഴ്സിനെ കിട്ടാന്‍ ഒരുത്തനെ പറഞ്ഞ് വിട്ട്. ഓന് പോയാല്‍ ഒരു കാര്യവും നടക്കാന്‍ പോണില്ല എന്ന് നാട്ടാര്‍ക്കും വീട്ടാര്ക്കും അറിയാം. അതിന്റെ കൂടെ അന്തിപാതിരാ നേരവും. ഇന്റെ അമ്മായിയമ്മ പിന്നെ ഒന്നും നോക്കിയില്ല. ചൂട്ടും കത്തിച്ച് കമ്പ്രന്തലും പിടിച്ച് വയറ്റാട്ടിയുടെ പെരേൽക്ക് പോയി. പോന്ന വഴി എന്ന് പറഞ്ഞ പള്ളി പറമ്പാണ്. അങ്ങട് എത്തിയില്ല. അപ്പണ്ട് വടക്കേലെ ഐമുട്ടി ചൂട്ടും കത്തിച്ച് ഇങ്ങോട്ട് വരണ്. പടച്ചോന്റെ ഓരോ കളികള്‍. ഓനോട് പറഞ്ഞ് മരോള്‍ക്ക് വേദന തൊടങ്ങി ഒന്ന് ആ വയറ്റാട്ടിയോട് വരാന്‍ പറയ്. ഓന് അതും കേട്ടതും വയറ്റാട്ടിയെ വിളിച്ച് വീട്ടിലേക്ക് കൊണ്ട് വന്ന്. എനിക്കാണെങ്കില്‍ വരുന്നതും പോണത്തും ആരാണെന്ന് പോലും അറിയില്ല. വയറ്റാട്ടി വന്ന് നോക്കിയിട്ട് ഒരു പറച്ചില്.
“സമയം കൊറേ ആയിരിക്കുന്നു. എന്നെ കൊണ്ടൊന്നും കൂട്ടിയാല്‍ കൂടൂല. ഇങ്ങള് വല്ല നഴ്സ്മാരെ വിളിച്ചു കൊണ്ട് വന്നു നോക്കീ. അല്ലെങ്കില്‍ ആശുപത്രിയിലേയ്ക്ക് അങ്ങട് കൊണ്ട് പോകാന്‍ നോക്ക്”
ഇത് കേട്ടതും ഇന്റെ ഉമ്മ വാ പൊളിച്ചു കരയാന്‍ തുടങ്ങി. ആശുപത്രി നോക്കാന്‍ പോയ ഒരുത്തന് നേരം പുലരാന്‍ ആയിട്ടും വന്നിട്ടില്ല. ഓന് ഇനി രണ്ട് ദിവസം കഴിഞ്ഞേ വരൂ. ഇന്റെ അമ്മായിയമ്മ നേര്‍ച്ച നെയ്യത്താക്കി. ഞങ്ങള്‍ടെ സങ്കടം കണ്ടപ്പോള്‍ വയറ്റാട്ടി പറഞ്ഞു ചൂട് വെള്ളവും തുണിയും കൊണ്ട് വരീന്ന്. വയറ്റാട്ടി വയറുഴിഞ്ഞു ഒന്ന് ശ്രമിച്ചു നോക്കട്ടേന്ന്.
അങ്ങനെ സുബഹി ബാങ്ക് കൊടുത്ത് കഴിഞ്ഞപ്പോഴേക്കും ഞാന്‍ റഹീമിനെ പെറ്റു. അതാണ് ഞാന്‍ പെറ്റ കഥ.
പൊന്നാനിയില്‍ വേറെ ഒരു വേണ്ടാത്തരം ഉണ്ടായിരുന്നു. പെണ്ണിന് പേറ്റുനോവ് വന്നാല്‍ പുയ്യാപ്ലാടെ വീട്ടുകാരെ പെരേല്ക്ക് വിളിച്ച് പത്തിരീം എറച്ചീം ഉണ്ടാക്കി കൊടുത്ത് സല്ക്കരിക്കണം. പെണ്ണിന് നമ്പല്ലം തുടങ്ങീന്നാ അയ്നെ പറയാ. അതിപ്പോ പാതിരായായാലും നട്ടുച്ച ആയാലും പേറ്റുനോവ് വന്നാല്‍ പുയ്യാപ്ലാടെ ആള്‍ക്കാരെ വിളിക്കാന്‍ ആളെ വിടും. എന്താ ഇപ്പോ ചെയ്യാ? പുയ്യാപ്ലാടെ കുടുംബക്കാരെ സല്‍ക്കരിക്കാനും പത്തിരിയുണ്ടാക്കാനും ഓടണം പെണ്ണ് വേദനെടുത്ത് കരയുമ്പോള്‍ അതും നോക്കാന്‍ പോണം. വല്ലാത്തൊരു ഏര്‍പ്പാടാണ് മോളേ. സല്‍ക്കാരം കുറഞ്ഞാല്‍ പിന്നെ അത് പറഞ്ഞു മോശക്കേടാവും.പടച്ചോന് കഴിഞ്ഞാല്‍ പുയ്യാപ്ലാടെ ആള്‍ക്കാരെ ആണ് നമ്മ ഭയപ്പെട്ട് ജീവിക്കേണ്ടത്. ഇന്നാണെങ്കില്‍ ഇത് വല്ലതും നടക്ക്വോ? നടന്നത് തന്നെ.
പെണ്ണിങ്ങളുടെ ജീവിതം വല്ലാത്തൊരു ജീവിതം ആണല്ലേ? പണ്ടൊക്കെ പെൺകുട്ടിയേള് വയസ്സറിയിച്ചാല്‍ പിന്നെ പെര നിറഞ്ഞുന്നാ വെപ്പ്. കുറച്ചു കഴിയുമ്പോഴേക്കും പുത്യാപ്ലാരെ കണ്ടു പിടിച്ച് കാര്ന്നോന്മാര് വരും. വയറ്റിലായാല്‍ പിന്നെ കാലുകെട്ടിയിട്ട പോലെയാണ്.
പെറ്റ പെണ്ണുങ്ങള്‍ക്ക് ആകാശം കാണാന്‍ നാല്പത് ദിവസം കഴിയണം വേണം പോലും. ഓള് ചിരിക്കാന്‍ പാടില്ല, കരയാന്‍ പാടില്ല,മിണ്ടാന്‍ പാടില്ല ,കിടപ്പ് തന്നെ കിടപ്പ്. പക്ഷെ പെറ്റെഴുന്നേറ്റ പെണ്ണ് പൊന്ന് പോലെ തിളങ്ങണം. എന്നിട്ടെന്തിനാ പെറ്റു കഴിഞ്ഞാല്‍ പിന്നെ കുട്ടിയും കുടുംബവും പായപരപ്പും.
ന്നാലും അന്നത്തെ കാലം ആരോഗ്യമുള്ള കാലം ആയിരുന്നു. പക്ഷെ എങ്കില്‍ കുറെപേരുടെ പ്രാക്ക് തട്ടി ചെറിയ പ്രായത്തില്‍ നിക്കാഹ് കഴിഞ്ഞ പല പെണ്‍കുട്ടികള്‍ ചോര വാര്‍ന്ന് മരിച്ചിട്ടുണ്ട്. പത്തു പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് തറവാട് മഹിമ നോക്കി കാട്ടുപോത്ത് പോലെയുള്ള ആണുങ്ങളെ കൊണ്ട് കെട്ടിക്കും. പിന്നെ എങ്ങനെ മരിക്കാതെ ഇരിക്കും? കാലം കുറെ കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ പരുവപ്പെട്ട് ഒത്ത പെണ്ണാവുമ്പോള്‍ കുട്ടികള്‍ നാലാകും. അവരങ്ങനെ ജീവിക്കും. ചിലര്‍ പ്രസവത്തിലങ്ങോട്ട് മരിക്കും. പ്രാക്ക് അല്ലാതെന്ത്? ഓത്തും ബൈത്തും ഒക്കെയായി കുറെ പേര് രക്ഷപ്പെടും. ചെലര് ജിന്ന് ബാധ കയറി ഹാല് ഇളകി കൊറേക്കാലം മുറിയിലിരിക്കും. ഇന്നതൊക്കെ കൊറഞ്ഞു.
ഞങ്ങടെ പൊന്നാനിയിലൊരുത്തി ഉണ്ടായിരുന്നു. എന്തൊരു ഭംഗിയുള്ള പെണ്ണായിരുന്നു . ഭംഗിന്ന് പറഞ്ഞ വല്ലാത്ത ഭംഗി. വല്യ തറവാട്ടുകാരാണ്.പുതിയാപ്ല വല്യ പൈസക്കാരനും. അങ്ങനെ ഓള്ക്ക് വയറ്റിലായിട്ട് പെറാനായി. അന്നത്തെ കാലത്ത് കക്കൂസ്ക്ക് ഇരിക്കണമെങ്കില്‍ ദൂരെ പറമ്പിന്റെ ഓരത്തു പോണം. ആണും പെണ്ണും ഒക്കെ അവിടെ തന്നെ പോക്ക് വരത്ത്. അങ്ങനെ ഒരൂസം രാത്രി മോന്തി ആയപ്പോള്‍ ഓള്ക്ക് മുട്ടല്‍ തൊടങ്ങി. ഓള്‍ടെ ഉമ്മ പുറത്തു പോകാനും സമ്മതിച്ചില്ല. വയറ് നിറഞ്ഞു നിക്കണ പെണ്ണിനെ മയപ്പ് നേരത്ത് പറമ്പി വിടാന്‍ പറ്റ്വോ? അങ്ങനെ ഓള് കരച്ചില് പിഴിച്ചിലുമൊക്കെയായി.
ന്നാ പിന്നെ മോളേ അത്ര ദൂരെയൊന്നും പോകണ്ട പെരേടെ മുറ്റത്തിന്റെ ഓരത്ത് പോയി കാര്യം സാധിച്ചോളീ എന്നു പറഞ്ഞ്. കേട്ട പാട് പെണ്ണ് പൊറത്തിറങ്ങി. രാത്രി പെണ്ണുങ്ങള് പൊറത്തിറങ്ങുമ്പോ ഒരു ഇരുമ്പ് കത്തി കൈയീ പിടിക്കണം. നമ്മള് കുത്തീരിക്കുമ്പോള് അയിന്റെ മുന്നില്‍ കത്തി പിടിക്കണം. ഓള്‍ടെ ഉമ്മ കത്തി പിടിക്കാന്‍ പറയാനും മറന്ന് പോയിക്കിണ്. അങ്ങനെ പെണ്ണ് കുത്തിയിരുന്ന് കൊറച്ച് കഴിഞ്ഞപ്പോ എന്തോ ഒരു രൂപം മുന്നീ കൂടെ വന്ന് പിന്നീ കൂടെ പോയി. ഓള് അങ്ങട് അലറി വിളിച്ച് പെരക്ക് അകത്തു കയറി. അങ്ങനെ രണ്ട് ദിവസം പനി പിടിച്ച് മൂന്നിന്റെ അന്ന് മരിച്ചു. അങ്ങനെ മറവ് ചെയ്യാനായി മയ്യത്ത് എടുക്കുമ്പോഴുണ്ട് വയറ്റിനകത്ത് ഒരു അനക്കം. കുട്ടി മരിച്ചില്ല മക്കളേ.. പ്രാക്ക് അല്ലാണ്ട് എന്ത് പറയാന്‍?ഓളെ അമ്മാശന് പറഞ്ഞു ഒരു ഉപ്പ് ശീല എടുത്തിട്ട് വരാന്‍. എന്നിട്ട് അതെടുത്ത് ആ വയറ്റിന്റെ മുകളില്‍ അങ്ങട് പരത്തി വിരിച്ചു. നോക്കി നിക്കെ കൊറച്ച് കഴിഞ്ഞപ്പോള്‍ അനക്കം നിന്ന്. ആ കുട്ടി വയറ്റീ കിടന്ന് മരിച്ചു. അങ്ങനെ അങ്ങോട്ട് മറവു ചെയ്ത്.
ഓള് മരിക്കണതിന്റെ രണ്ടുദിവസം മുപ്പാടെ ഓള്‍ടെ അനിയത്തി വയസ്സറിയിച്ചിരിക്കണ്. അത് പക്ഷേ ആരും ചടങ്ങാക്കിയില്ല. പിന്നെ ഈ മരണം കൂടി കഴിഞ്ഞപ്പോ അതൊന്നും നടത്തുകയും ചെയ്തില്ല. പക്ഷേങ്കില് ഓളുടെ ഉമ്മ അനിയത്തി കുട്ടീനോട് ഒരു കാര്യം പറഞ്ഞു. അളിയന്കാക്ക വരുമ്പോള്‍ വട്ടം കെട്ടിപ്പിടിച്ചു കരഞ്ഞോളീന്ന്. ഞങ്ങക്കിനി ആരൂല്ലല്ലോ എന്ന് ഒറക്കെ വിളിച്ച് കരഞ്ഞോളീന്ന്.
അങ്ങനെ ഭാര്യ മരിച്ച വിവരം അറിഞ്ഞ് പുയ്യാപ്ല വന്നപ്പോള്‍ ആ അനിയത്തി കുട്ടി വട്ടം കെട്ടിപ്പിടിച്ച് ഒറക്കെ അങ്ങട് കരഞ്ഞു.അപ്പൊ പിന്നെ കാര്ന്നമ്മാര് പറഞ്ഞു ഇനിയിപ്പോ ഒന്നും നോക്കാനില്ല അനിയത്തി കുട്ടീനെ തന്നെ ഓന് നിക്കാഹ് കഴിച്ചു കൊടുക്കണമെന്ന്. ഓള്ക്ക് അന്ന് വയസ്സ് പതിമൂന്ന് ആയിട്ടുള്ളൂ. വയസ്സറിയിച്ചിട്ട് മാസം നാലും. അതൊന്നും അന്നത്തെ കാലത്ത് ഒരു കാര്യം ഒന്നും അല്ല. ഓളെ ഓന് അങ്ങട് നിക്കാഹ് കഴിച്ചു. അടുത്ത കൊല്ലം ഓള് പെറുകയും ചെയ്തു. അങ്ങനെ കുടുംബത്തിന്റെ ബന്ധം മുറിയാതെ പോയി.
ആ ഉമ്മാടെ ബുദ്ധിയൊന്നു നോക്കിയേ. അന്നൊക്കെ ബുദ്ധിയുള്ള പെണ്ണുങ്ങള് കൊറവായിരുന്നു. ബുദ്ധിയില്ലാത്ത പെണ്ണുങ്ങളെയാണ് ആണുങ്ങള്‍ക്ക് ഇഷ്ടം. അതാവുമ്പോ അവര്ടെ ഇഷ്ടത്തിന് അങ്ങോട്ട് നില്ക്കും. ചെലോര്‍ക്കൊക്കെ ബുദ്ധി ഉണ്ടായിട്ടും ഇല്ലാത്ത പോലെ അങ്ങോട്ട് നില്ക്കും. അല്ലെങ്കില്‍ തന്നെ ജീവിക്കാന്‍ എന്തിനാ ബുദ്ധി ? ചോറും കൂട്ടാനും പലഹാരവും ഉണ്ടാക്കാനറിയണം. പിന്നെ കേട് കൂടാതെ പെറാനും പറ്റണം. അത്രയൊക്കെ മതി. പക്ഷേയെങ്കില് എനിക്കിപ്പോ തോന്നും കൊറച്ചും കൂടി പഠിച്ചിരുന്നെങ്കില്‍ ഒരു ജോലിയൊക്കെ കിട്ടുമായിരുന്നു. ഇനീപ്പോ തോന്നീട്ടും കാര്യമില്ലല്ലോ.
ഇന്നത്തെ കാലത്ത് എന്താല്ലേ പെണ്ണുങ്ങള് ?
അവരങ്ങനെ പറന്നു നടക്കാ. ഇന്റെ മോന് റംഷിക്ക് ഒരു പെണ്ണ് അന്വേഷിച്ച് പോകാത്ത ദുനിയാവില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമില്ലത്രേ?എന്താലേ. ഇനിയിപ്പോ ഓന് ഒരുത്തിയെ കണ്ടുപിടിക്കണം. ജോലിക്ക് പോണ പെണ്ണ് വേണ്ടാന്നാ അവന് പറയണേ. പെണ്ണുങ്ങള് ജോലിക്ക് പോയിക്കോട്ടെ അയിനിപ്പോ എന്താല്ലേ? നിക്ക് ഇഷ്ടാ പെണ്ണുങ്ങള് ജോലിക്ക് പോണതൊക്കെ. ഇനി കുറച്ചു കഴിയുമ്പോ ഓനും മാറ്റി പറയും.
ചരിത്രത്തിന്റെ ഒരേട് മാത്രം വായിച്ചു കേട്ട ആശ്ചര്യത്തില്‍ ഞാനവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. രാത്രിയുടെ പകുതി അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് സൂര്യനൊന്ന് പതിയെ ഉണരാനും ആശുപത്രി വരാന്തകള്‍ സജീവമാകാനുമുള്ള ഇത്തിരി നാഴിക മാത്രം. ഉറക്കത്തിലേക്ക് പതുക്കെ താഴുമ്പോഴും ഒരു സമയ സഞ്ചാരിയെ ഞാൻ പോലെ സഞ്ചരിച്ചു.
ഉപ്പുശീല വീതിയില്‍ വിരിച്ച വീര്‍ത്ത വയറും തല പൊക്കി ഗൗരവത്തോടെ ഭാര്യയുടെ അറയിലേക്ക് പോകുന്ന പഴയകാല പുരുഷകേസരികളെയും തെളിച്ചത്തോടെ വീണ്ടും കണ്ടു. ബുദ്ധി ശൂന്യത നടിച്ചു ഭര്‍ത്താവിന്റെ ഹൃദയത്തില്‍ ഇടം പിടിക്കുന്ന നിസ്സഹായരായ സ്ത്രീകളെ ദയനീയമായി നോക്കി. ഒരു കൗമാരക്കാരിയെ തന്ത്രപൂര്‍വ്വം വിവാഹകുരുക്കിലേക്ക് ചേര്‍ത്തു കെട്ടുന്ന യാഥാസ്ഥികരുടെ ബാധ്യതാപത്രം വായിച്ചു.
ഭൂമിയിലെ മനുഷ്യരെല്ലാം വലിയൊരു ഗര്‍ത്തത്തിന്റെ വക്കുകളിലാണ് ജീവിക്കുന്നതെന്ന് തോന്നി. കാലകെണിയുടെ ആഴമുള്ള ഗര്‍ത്തത്തില്‍.
നമുക്ക് അതിനുമെലെ മനസ്സ് കൊണ്ട് ആകാശത്തോളം പറക്കാം. ചിറക് കരിഞ്ഞു പൊടിയും വരെ..
20 Comments
കഥ അറിയാജീവിതങ്ങളെ പരിചയപ്പെടുത്തുന്നു. ഭാഷയിലെ പരിചയമില്ലായ്മ അല്പം പ്രയാസപ്പെടുത്തിയെങ്കിലും ആസ്വദിച്ചു വായിച്ചു സപ്ന ♥️♥️♥️
കുറെ കേട്ടുകേൾവികളോടൊപ്പത്തെ പുതിയ അറിവുകളും ചേർത്തു വായിക്കുമ്പോൾ വല്ലാത്തൊരു നോവ് വന്നു നിറയുന്നു
🙄കേട്ടുകേൾവിപോലുമില്ലാത്ത കുറേയേറെ കാര്യങ്ങൾ. പൊന്നാനിയെക്കുറിച്ചുള്ള വിശേഷങ്ങൾ. 😢
സെക്കുള്ള ഒരു വല്യുമ്മയുടെ (മുത്തശ്ശി) ജല്പനങ്ങളിലെ ചരിത്രത്താളുകൾ.👍
പണ്ടത്തെ ജിന്ന്കൂടലിനു ഇന്ന് ഡിപ്രഷൻ വഴി മാറിക്കൊടുത്തു.
അന്ധവിശ്വാസങ്ങളിൽ ഇന്നും മുങ്ങിത്താണവരിൽനിന്ന്
ഇന്നും ജിന്നുകഥകൾ കേൾക്കാറുണ്ട്.
പക്ഷേ അവയ്ക്കൊക്കെ 60 കൊല്ലമെങ്കിലും പഴക്കമുണ്ട്.
അന്നവർ കണ്ടിരുന്ന ജിന്നുകളെല്ലാം ഇന്നെവിടെ പോയി ഓടിയൊളിച്ചെന്ന്
ചോദിക്കാറുണ്ട്. ഉപ്പുശീല വിരിച്ച് കുഞ്ഞിൻ്റെ തുടിപ്പ് അവസാനിപ്പിച്ചതു വായിച്ചപ്പോൾ
ചില കഥകളോർമ്മ വന്നു.
35/40വർഷംമുമ്പായിരുന്നെങ്കിൽ
ഗർഭിണിയുടെ വയറ്റിന്നു കുഞ്ഞിനെ എടുത്തിട്ടുണ്ടാകുമായിരുന്നു.
പേറ്റുനോവ് വരുമ്പോൾ ഭർത്താവിന്റെ വീട്ടുകാരെ സൽക്കരിക്കുന്ന അത്തരം മനുഷ്യരോട് അറപ്പും വെറുപ്പും തോന്നിപ്പോയി.
സാധാരണമായി, എഴുത്തിലെ സപ്നയുടെ അവതരണമികവ് പ്രതീക്ഷിച്ചിരുന്ന എനിക്കിത്
അനുഭവക്കുറിപ്പായാണ് അനുഭവപ്പെട്ടത്. 💞💞💞
ഹഫ്സത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യത്തിൽ പ്രദേശികമോ മതമോ ഒരു ഘടകമല്ലെന്ന് തോന്നുന്നു. കാരണം ഇതിന്റെയൊക്കെ വകബേധങ്ങൾ നമ്മുടെ യൊക്കെ നാടുകളിൽ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അതെല്ലാം എന്നോ മാറ്റങ്ങൾക് വിധേയമായതുമാണ്.
Excellent 👍👌👌
സന്തോഷം 🙏🏻❤️
സ്ത്രീകൾ അനുഭവിച്ച ജീവിതം, ആചാരങ്ങൾ, പെരുമാറ്റം എല്ലാം അറുപതുകാരിയിലൂടെ കേട്ടു. സപ്നയുടെ എഴുത്തിന്റെ magic വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു.
👏😍😍😍
അത്രയും കേട്ട് പരിചിതമല്ലാത്ത ഒരുപാട് ജീവിതങ്ങളിലൂടെ നിമിഷ നേരം കൊണ്ട് കടന്ന് പോയി… ❤️
സന്തോഷം 🙏🏻❤️
മനോഹരം.കുറെ ജീവിതങ്ങൾ ഒറ്റ ഫ്രെയിമിൽ കണ്ടു. ❤️
Excellent Sapna
മനസ്സിലൂടെ പലരും മിന്നായം പോലെ ഓടിയകന്നു…എവിടെയൊക്കെയോ എന്തൊക്കെയോ കൊളുത്തി വലിക്കുന്ന പോലെ…
ചരിത്രത്തിന്റെ ഒരേട് കേട്ട അതിശയം വായിച്ചപ്പോഴും തോന്നി… ❤️
Worth reading… Excellent സപ്ന
❤️
മനോഹരമായ എഴുത്തിലൂടെ പലതും പറഞ്ഞുവെച്ചു ❤️❤️❤️
ഒരു ചരിത്ര പുസ്തകം തുറന്നു വെച്ചത് പോലെ.
പഴയകാല മുസ്ലീം കുടുംബത്തിന്റെ ഒരുപാട് അറകളുള്ള മുറികളിലൂടെ സഞ്ചരിച്ചു. അവിടെ മുറുമുറുപ്പുകളും അടക്കിയ ചിരികളും കുപ്പിവള കിലുക്കങ്ങളും പേറ്റ് നോവിന്റെ ചുണ്ട് കൂട്ടിപ്പിടിച്ച കരച്ചിലുകളും കേട്ടു. മറ്റൊരു അറയിൽ ഭർത്താവിന് കത്തെഴുതുന്ന രണ്ടുപേരെയും പിന്നീട് ഒറ്റയ്ക്ക് ആ കത്ത് വായിച്ച് മൂക്കോടടുപ്പിച്ചു മണക്കുന്ന നെഞ്ചോടടക്കി പിടിക്കുന്ന ഫാത്തിമയുടെ നെടുവീർപ്പ് കേട്ടു. ഉപ്പുശീലയിൽ അനക്കം നിന്നുപോയ കുഞ്ഞിന്റെ ഒടുവിലെ പിടപ്പ് കണ്ടു, ഇതാണ് ലോകമെന്ന് കണ്ടും കേട്ടും വിശ്വസിച്ച ഒരുകൂട്ടം ബുദ്ധിയില്ലാത്തവർ എന്ന് സ്വയം അഹങ്കരിച്ച, അഭിമാനിച്ച പെണ്ണുങ്ങളെ കണ്ടു. വായിച്ചു എന്ന് പറയാൻ ഒരു വരി പോലുമില്ല. കാണുകയും കേൾക്കുകയുമാണ് ചെയ്തത്. കാരണം കഥാപാത്രങ്ങൾക്കും അവരുടെ സംഭാഷണങ്ങൾക്കും ജീവനുണ്ടായിരുന്നു, കഥയ്ക്കും. കഥയ്ക്കുള്ളിലെ കഥ ജീവിതം പറഞ്ഞപ്പോൾ ചിലയിടത്തൊക്കെ പൊള്ളിച്ചും ചിലയിടങ്ങളിൽ നെടുവീർപ്പ് ഉയർത്തിയും കഥ അവസാനിപ്പിച്ചു. മനോഹരം…👌🏼❤️
കഥയെക്കാൾ മനോഹരമായ കമന്റ് 👌
Excellent