അയാൾ അന്ന് വീണ്ടും പുറത്തിറങ്ങി. സാധാരണ അത് പതിവില്ലാത്തതാണ്, ഒരു ദിവസം ഒരു തവണ അതാണ് സാധാരണ രീതി. ഇടവഴിയിലൂടെ തിരക്കിട്ടു നടക്കുമ്പോൾ കൃതാവിനിടയിലൂടെ അരിച്ചിറങ്ങിയ വിയർപ്പുത്തുള്ളികൾ അയാൾ കണ്ടില്ല.
ഏതോ അന്യഗ്രഹ ജീവിയെ എന്ന പോലെ അയാളെ മറ്റുള്ളവർ തുറിച്ചു നോക്കി.
ചിലർ അയാളെ മനസിലാക്കിയപ്പോൾ മറ്റു ചിലർക്ക് അയാളെ മനസിലാക്കാൻ കഴിഞ്ഞില്ല. മനസിലാക്കിയവർ പലരും കഴിഞ്ഞ തലമുറയിൽ പെട്ടവരായിരുന്നു.
അല്ലാത്ത ചുരുക്കം ചിലർ എന്നോ പുലർച്ചക്ക് അയാളുടെ അമ്പലക്കുളത്തിലെ നീരാട്ട് കാണാനിടവന്നവരായിരുന്നു.
എല്ലാവരും പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടെങ്കിലും അയാളോട് എന്തെങ്കിലും പറയാനോ ചോദിക്കാനോ അവർ മുതിർന്നില്ല.
അയാൾ ഏറെ ദൂരം എത്തിയ ശേഷം ഒന്ന് തിരിഞ്ഞു നിന്നു. പിന്നെ പതിയെ തിരിഞ്ഞു നടന്നു, അവരുടെ അടുത്തെത്തി നിന്നു “ഇവിടെ ആരാ നല്ല നായൻമാരായിട്ടുള്ളത്?”
എല്ലാരും ഒരു നിമിഷം അന്തിച്ചു നിന്നു.
വീണ്ടും അയാളുടെ ശബ്ദം ഉയർന്നു.
“ആരെങ്കിലും ഉണ്ടെങ്കിൽ എന്റെ കൂടെ വരണം ”
ആ നാലുകെട്ടിലേക്കാണ്…
അയാൾ ഒറ്റക്കുകഴിയുന്ന ആ നാലുകെട്ടിലേക്ക്…
രണ്ടുപേർ അയാൾക്കരികിലേക്ക് നടന്നു ചെന്നു.
അയാളുടെ എല്ലുന്തിയ കവിളിലൂടെ രണ്ടു വലിയ ദ്വാരങ്ങളെന്ന് തോന്നിക്കും വിധത്തിലുള്ള കണ്ണിൽ നോക്കി ഊറി വന്ന ചിരി അടക്കാൻ പ്രയാസപ്പെട്ട് പറഞ്ഞു
“ഞങ്ങൾ വരാം. ഞങ്ങൾ നല്ല മുന്തിയ ഇനം നായന്മാരാണ് “.
അയാൾ അവരെ തുറിച്ചു നോക്കി ഏറെ നേരം നിന്നു. അവരുടെ വേഷവിധാനങ്ങളൊന്നും തന്നെ അയാൾക്ക് ഒട്ടും പിടിച്ചില്ലെന്ന് ആ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കാമായിരുന്നു. പോരാത്തതിന് മൂക്കും വായും മൂടി ഒരു തുണിക്കഷണവും!
അയാൾ അത് എടുത്തുമാറ്റാൻ അവരോടവശ്യപ്പെട്ടു.
അവർ ചിരിച്ചു, ഏതോ അന്യഗ്രഹജീവിയെ കണ്ടെന്നവണ്ണം.
അവർ മുഖത്തുനിന്ന് മാസ്ക് മാറ്റിയ ശേഷമാണ് അയാളോടൊപ്പം നടന്നത്.
ദുരൂഹമായിരിക്കുന്ന ആ നാലുകെട്ടിന്റെ ഉൾക്കാഴ്ചകൾ മാത്രമല്ല അവരെ അതിന് പ്രേരിപ്പിച്ചത്, അവിടെനിന്നും വല്ലവിലപിടിപ്പുള്ളതും കിട്ടിയാലോ എന്ന ചെറിയൊരു അത്യാഗ്രഹം കൂടിയാണ്.
ഇടിഞ്ഞുപൊളിഞ്ഞിരിക്കുന്ന മതിലിനകത്തേക്ക് കാൽവെച്ചപ്പോൾ വല്ലാത്തൊരു വിറയൽ അവരെ വന്നു മൂടി. ഒരാൾ നിന്നാൽ കാണാൻ പറ്റാത്ത വിധത്തിലാണ് പുല്ല് വളർന്നു നിൽക്കുന്നത്.
ഇയാൾ എങ്ങനെ പത്തു നാല്പത് കൊല്ലായി ഇവിടെ തനിച്ചു താമസിക്കുന്നെന്ന അതിശയം ആ കൗമാരക്കാരിൽ കൗതുകം ഉണർത്തി. അവർ അതിനകത്തേക്ക് പ്രവേശിക്കും തോറും ഒരു കാര്യം അവർക്കുറപ്പായി.
അയാൾ ഇതിൽ താമസിച്ചതിൽ പിന്നെ അവിടം വൃത്തിയാക്കിയിട്ടില്ല. മാത്രമല്ല വിലപിടിപ്പുള്ള സാധനം പോയിട്ട് ഒരു സാധനവും അവിടെയെങ്ങും ഇല്ലായിരുന്നു.
അവർ നിന്നിടത്തു നിന്ന് അനങ്ങുന്നില്ലെന്ന് കണ്ടു അയാൾ പുറകോട്ട് നോക്കി ആക്രോശിച്ചു. അവർ അയാളുടെ പിന്നാലെ നടന്നു.ഇത്രയും ഇരുട്ടത്ത് തപ്പിത്തടയാതെ അയാൾ നടക്കുന്നതിൽ അവർക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ലെങ്കിലും അവർ വേഗം മൊബൈലിന്റെ ഫ്ലാഷ് ഓൺ ചെയ്തു.
അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
” ആർക്കും ജാതീം വേണ്ട നാലുകെട്ടും വേണ്ട പോലും. വേണ്ടെങ്കിൽ പോട്ടെ.
ന്റെ ജീവിതത്തിന് ഈ ഇരുട്ട് വേണം ഇല്ലെങ്കി ഞാനില്ല. വല്ലാത്ത ഇരുട്ടാണുപോലും. ഇട്ടേച്ചുപോട്ടെ, പോയവർ തിരിച്ചുവന്നിരിക്കും, ഇല്ലേ വരുത്തും ”
പതിവായി ജപിക്കുന്ന നാമം പോലെ ഇതുതന്നെ തിരിച്ചും മറിച്ചും പലയാവർത്തി ഉരുവിട്ടുകൊണ്ടിരുന്ന അയാൾ പെട്ടെന്നാ ചെറുപ്പക്കാരോട്.
“നോക്ക് ഇവിടെ മൊത്തം നോക്ക് ഇവിടെവിടെങ്കിലും കാണും. നാല് ദെവസായി പോയിട്ട് ”
അൽപനേരം അവിടെ ചിലവിട്ടപ്പോഴേക്കും ചെറുപ്പക്കാർക്ക് മതിയായിരുന്നു. മാറാല തൂങ്ങിക്കിടക്കുന്ന ഇരുട്ട് മൂടിയ ആകെട്ടിടത്തിൽ നിന്നും എത്രയുംവേഗം രക്ഷപ്പെടാൻ അവർ ആഗ്രഹിച്ചു.
” എന്താ മൂപ്പരെ കാണാതെ പോയത്? കണ്ടുപിടിച്ചാൽ ഞങ്ങൾക്കങ്ങു പോകാമായിരുന്നു ”
“മൂപ്പരോ ഏത് മൂപ്പർ?
കാരണവർ, കിട്ടുണ്ണി നായർ കാരണവർ ”
” ഹോ ന്റെ കാർന്നോരെ. നിങ്ങള് എന്താന്ന് വെച്ചാൽ ഒന്ന് വേഗം പറയീന്ന് ”
ഇരുട്ടിൽ അയാളുടെ കുഴിഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ വല്ലാതെ തിളങ്ങുന്നപോലെ അവർക്ക് തോന്നി.
“ന്നേക്കാൾ മുന്ത്യ ജാത്യ ഓള്. മിനുമിനുത്ത മേനി, തിളങ്ങുന്ന കണ്ണ് ഇത്രക്കും നീളം ”
കൂട്ടത്തിൽ അല്പം തടിച്ച പയ്യനെ നോക്കി തുടർന്നു “ഇവന്റെ കയ്യോളം വണ്ണം. വായ തുറന്ന് രണ്ടായി പിളർന്ന നാക്കും ആ കോമ്പല്ലും കാണേണ്ട കാഴ്ച്ച തന്നെയാ ”
വിവരണം കേട്ട് വിറച്ചു നിന്ന പയ്യന്മാരെ നോക്കി അയാൾ തുടർന്നു. ” ആ വാല് പിടിച്ചാലൊന്നും അവളെ അങ്ങനെയൊന്നും മെരുക്കാൻ പറ്റൂല, സർർ ന്നങ്ങു വഴുക്കി പോകും ”
പയ്യന്മാർക്ക് കൂടുതൽ കേൾക്കാൻ ത്രാണിയുണ്ടായില്ല. മരവിച്ചുപോയ കാലുകൾ ചലിപ്പിച്ചു അവർ പുറത്തേക്കുള്ള വഴിയേതെന്നറിയാതെ പരക്കം പാഞ്ഞു. ഓടിയ വഴിയത്രയും പാമ്പുകളുടെ കശേരുക്കൾ അവരുടെ കാലിൽ തട്ടി തടയുന്നുണ്ടായിരുന്നു..
ഒടുവിലെങ്ങെനെയോ പുറത്തേക്കുള്ള വഴിയിൽ എത്തിയപ്പോൾ ഒരു പത്തു വയസ്സുകാരൻ അവരെ കണ്ണും മിഴിച്ചു നോക്കിനിന്നു.
” എങ്ങോട്ടാ ന്നെ ഇവിടെ ഒറ്റക്കാക്കി?
അൻപത് വർഷായി തനിച്ചാ ഞാൻ. കുടുങ്ങിപ്പോയി ഞാനും ന്റെ ആത്മാവും ഈ നശിച്ച ഇരുട്ടിൽ…”
അവനെയും തട്ടിമാറ്റി പുറത്തേക്കോടുമ്പോൾ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
“നല്ല നായന്മാരുണ്ടെങ്കിൽ ഒന്നിങ്ങോട്ടേക്കയക്കണേ, പട്ടിണിയാ നാല് ദെവസായി …”
അയാളുടെ അട്ടഹാസം ആ നാലുകെട്ടിനുള്ളിൽ വീണ്ടും വീണ്ടും മുഴക്കം കൊണ്ടു.
8 Comments
മനോഹരം
വായനക്കും അഭിപ്രായത്തിനും നന്ദി 🥰
👍🏻👍🏻
🥰
👍👍👍
🥰
Good
Thank you❤️