കടകളിലൊക്കെ നല്ല തിരക്കായിരുന്നു. ആ തിരക്കിനിടയിലൂടെ എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു. അയാൾക്ക് വിൽക്കാനോ വാങ്ങാനോ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും മറ്റെങ്ങും പോകാതെ എന്തിനാണ് പഴയ സാധനങ്ങൾ മാത്രം വിൽക്കുന്ന ഈ തെരുവിൽ താൻ എത്തിയതെന്ന് എത്ര ശ്രമിച്ചിട്ടും അയാൾക്ക് ഓർത്തെടുക്കുവാൻ കഴിയുന്നുമില്ല.
ഈ പഴയ സാധനങ്ങൾ പോലെ ആരെങ്കിലും തന്നെയും വിലപറഞ്ഞ് വാങ്ങിയിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. അയാളുടെ അത്രയും പഴക്കമുള്ള ഒന്നും ആ തെരുവിൽ ഉണ്ടാകാനിടയില്ല. വാങ്ങുന്നവർക്ക് അയാളെ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ടാകും. പലയിടത്തു നിന്നുമായി അയാൾ പലതും പഠിച്ചിരുന്നു.
ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ അതിന്റെ മുന്നിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ചിത്രവരയിൽ അയാളുടെ കണ്ണുടക്കി. മാമലകൾക്കപ്പുറത്തുള്ള സരോവരത്തിൽ അതിരാവിലെ നീരാടി ചുവപ്പുടുത്ത് വരുന്ന സുര്യനെ ഇക്കരയിലേക്കെത്തിക്കാൻ കാത്തുനിൽക്കുന്ന കടത്തുകാരനും, എതിരേൽക്കാൻ പൂക്കളാൽ അലങ്കരിച്ച ഒരു ഗ്രാമവും അതിലെ സഹജീവികളേയും വളരെ മനോഹരമായി വരച്ചിട്ടുള്ള ഒരു ചിത്രം. കുറെയേറെ നേരം ആ ചിത്രത്തിൽ തുറിച്ചുനോക്കിയതിനുശേഷം ഒന്ന് തൊട്ടുനോക്കാൻ ശ്രമിച്ചപ്പോൾ ആ കടയുടെ ഉടമസ്ഥൻ അയാളെ തടഞ്ഞുകൊണ്ട് മാറിനില്ക്കാൻ പറഞ്ഞു. കുറച്ചു മാറി നിന്നപ്പോൾ അയാളുടെ കണ്ണിൽ ചിത്രത്തിന്റെ കാഴ്ച മങ്ങിയതായിരുന്നെങ്കിലും മനസ്സിൽ സ്വയം നടന്നുതീർത്ത വഴികൾ തെളിയാൻ തുടങ്ങി.
പൂക്കാട് ഗ്രാമത്തിലെ കടത്തുകാരനായിരുന്ന അയാൾക്ക് ജോലി നഷ്ടപ്പെടുന്നത് പൂക്കാട് മേൽപ്പാലം വന്നപ്പോഴാണ്. ആ മേൽപ്പാലം സായിപ്പുമാരുണ്ടാക്കിയതാണ്. പാലം പണിക്ക് സഹായത്തിനായി ഗ്രാമത്തിലെ സ്ത്രീകളെയും പുരുഷന്മാരെയും, അഞ്ചുരൂപ ദിവസക്കൂലിയിൽ അവർ നിയോഗിച്ചിരുന്നു. ആ ജോലിക്ക് അയാളുടെ ഭാര്യ തിരുമാലയും പോയിരുന്നു. ഒരു ദിവസം ജോലിക്ക് പോയ തീരുമാല രാത്രിയായിട്ടും വീട്ടിലെത്താതായപ്പോൾ, അയാൾ, കൂടെപ്പോയിരുന്ന, അയല്പക്കത്തെ മാതയോടു അന്വേഷിച്ചു. മാത പറഞ്ഞു:
” ഉച്ചക്ക് ചോറ് തിന്നപ്പോ, തീരുമാലക്ക് പയിപ്പ് കെട്ടില്ല. വെളമ്പിയ ആളോട് ഓള് കുറച്ചുംകൂടി ചോറ് ചോയിച്ച്. അയാള് പറഞ്ഞ്, അടുക്കളേല് വന്നാ തെരാന്ന്. ഓള് വാസീങ്കൊണ്ട് അങ്ങോട്ട് പോയിട്ട്, പിന്നെ ഞാള്, ഓള കണ്ടിറ്റില്ല. വയ്യിന്നേരം പണി കയിഞ്ഞ് പൊരേ പോകാൻ ഓള തെരെഞ്ഞേരം കയ്യാള് പറഞ്ഞ്: ഓള് കൂലി മാങ്ങി പോയീന്ന്.”
കുറച്ചു ദിവസം തിരുമാലയെ തേടുകയും കാത്തിരിക്കുകയുമൊക്കെ ചെയ്തു. സായിപ്പിന്റെ കയ്യാളോട് ചോദിച്ചപ്പോൾ കൂലിവാങ്ങിപ്പോയ അടയാളം കാണിച്ചുകൊടുത്തു. ആരോ പറഞ്ഞ്, ഒരു സായിപ്പ് അവളെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത് കണ്ടെന്ന്. മറ്റുചിലർ, മേൽപ്പാലത്തിന്റെ ഉറപ്പ് കൂട്ടിയത് അവളുടെ ചോര കൊണ്ടാണെന്നും പറഞ്ഞ്. അങ്ങിനെ മേൽപ്പാലം വന്നതോടെ, അയാൾക്ക് കടത്തുതൊഴിൽ മാത്രമല്ല വീട്ടിൽ കഞ്ഞിവെച്ചിരുന്നവളേയും, അയാളുടെ മകന് അവന്റെ അമ്മയേയും നഷ്ടമായി.
കടവ് ഒഴിഞ്ഞതോടെ ആ തോണിയുടെ മുതലാളി, ചന്തപ്പൻ ചേട്ടൻ, തോണി വെട്ടിക്കീറി വിറകാക്കി കൊടുക്കണമെന്നു പറഞ്ഞപ്പോൾ, വിറകുവെട്ടുകാരനെന്ന നിലയിൽ ലാഭം കൊയ്തത് അയാളായിരുന്നു. അങ്ങിനെയാണ് മകൻ ശംഭുവിന്റെയും തന്റെയും ജീവിതം കഴിഞ്ഞുപോയത്. മകനെ അയാൾ പഠിക്കാൻ വിട്ടിരുന്നു. അവൻ പത്താംതരം പാസ്സായിരുന്നു. പിന്നെയും അവൻ എന്തോ പഠിക്കാൻ പോയിരുന്നു. ചന്തപ്പൻ ചേട്ടനായിരുന്നു അതിന് അവനെ വിടാൻ പറഞ്ഞത്.
അടുപ്പുകൾ മുക്കല്ലിൽനിന്ന് ഗ്യാസ് ബർണറിലേക്ക് മാറിയപ്പോൾ, വിറകുകൾ ചിതൽപ്പുറ്റെടുത്തു. അയാളുടെ ജോലിയും പോയി.
ചന്തപ്പൻചേട്ടന്റെ പറമ്പത്ത് തേങ്ങയിടുന്ന നീർക്കോലി ശങ്കരന് മഞ്ഞക്കാമാല മൂർച്ഛിച്ചു അവശനായാതുകണ്ട് ദയതോന്നിയ ചന്തപ്പൻചേട്ടൻ, മുറ്റത്തെ തൈത്തെങ്ങിൽനിന്ന് മൂന്നുന്നാല് ഇളനീർ പറിച്ച് നീർക്കോലി ശങ്കരന് കൊണ്ടുകൊടുക്കാൻ അയാളെ ഏൽപ്പിച്ചപ്പോൾ തേങ്ങപറിക്കാരൻ എന്ന പേര് വന്നു. ചന്ദപ്പൻ ചേട്ടനുമായിട്ടുണ്ടായിരുന്ന ഊഷ്മളമായ ബന്ധം മുതലെടുത്തത് മകൻ ശംഭുവായിരുന്നു. ചെമ്പൻ മുടിയും പൂച്ചക്കണ്ണുമുള്ള, ആ ഗ്രാമത്തിലെതന്നെ ഏറ്റവും സുന്ദരിയായവളും ചന്തപ്പൻചേട്ടന്റെ ഏകമകളുമായിരുന്ന വസന്തയെയും കൊണ്ടാണ് അവൻ നാട് വിട്ടത്. മകൻ ഇങ്ങനെയൊരു ചതി ചെയ്യുമെന്നോ, എങ്ങോട്ടേക്കാണ് പോകുന്നതെന്നോ തന്നെ അറിയിച്ചിട്ടില്ലെന്ന് അയാൾ ആണയിട്ട് പറഞ്ഞിട്ടും ചന്തപ്പൻ ചേട്ടൻ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, അയാൾ ചന്തപ്പൻ ചേട്ടന്റെ ശത്രുക്കളുടെ ലിസ്റ്റിൽ ഇടവും നേടി.
തെങ്ങുകയറ്റം നിർത്തേണ്ടിവന്നത്, തറവാടുകൾ വീതംവെച്ച്, ആളൊന്നിന് ഒരുവീടെന്നുള്ള ആശയം അനുസരിച്ച് തേങ്ങുകൾ വെട്ടിനിരത്തി സ്ഥലമുണ്ടാക്കി വീടുകൾ പണിയേണ്ടി വന്നതുകൊണ്ടാണ്.
വികസനമാണോ പരിഷ്കാരമാണോ നടക്കുന്നതെന്ന് അയാൾക്ക് മനസ്സിലായില്ലെങ്കിലും, അയാൾ ഒറ്റപ്പെട്ടുകൊണ്ടിരുന്നു. എങ്കിലും ചിലപ്പോൾ കയർ തൊഴിലാളിയായും വീട്ടുജോലിക്കാരനുമൊക്കെയായി കുറേ കാലം കഴിച്ചുകൂട്ടി. ആ ഗ്രാമത്തിന് തന്റെ ഗ്രാമീണ സൗന്ദര്യം നഷ്ടപ്പെട്ടപ്പോൾ അയാൾക്ക് നഷ്ടപ്പെട്ടത് തന്റെ കയർ തൊഴിലായിരുന്നു. വീട്ടുജോലികൾ യന്ത്രങ്ങൾ ഏറ്റെടുത്തപ്പോൾ അതിന് മനുഷ്യരെ വേണ്ടാതായി. അങ്ങിനെ അയാൾ ചെയ്തുപഠിച്ച പണികളെല്ലാം ഉപയോഗിക്കാതെ തുരുമ്പെടുത്തു.
എപ്പോഴാണ് താൻ ഇങ്ങനെ അലഞ്ഞു നടക്കാൻ തുടങ്ങിയതെന്ന് ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല. തന്റെ മോൻ ഈ അച്ഛനെ ഓർക്കുന്നുണ്ടാവുമോ? അവൻ അച്ഛനെ കാണാൻ എപ്പോഴെങ്കിലും വന്നിട്ടുണ്ടാവുമോ? അല്ല ചന്തപ്പൻ ചേട്ടനെ പേടിച്ച് വരാതിരിക്കുന്നതാണോ? താമസിച്ചിരുന്ന കുടിൽ എവിടെയാണ്? സന്ധ്യക്ക് മുന്നേ കുടിലിൽ എത്തണ്ടേ?
അന്നത്തെ ആ ഗ്രാമം ആമോദത്തോടെ വാണിരുന്ന സ്ഥലം തന്നെയാണ് ഇപ്പോൾ ശബ്ദമുഖരിതമായ ഈ തെരുവെന്നും താൻ ഇവിടം വിട്ട് എവിടെയും പോയിട്ടില്ലെന്നുമുള്ള തിരിച്ചറിവ്വ് അയാൾക്കുണ്ടാകുന്നു. പക്ഷേ, വേഷം മാറി പരിഷ്കാരത്തിന്റെ പട്ടുകുപ്പായം അണിഞ്ഞ ഈ ജന്മഭൂമിയിൽ തന്റെ കുടിലിനെ തേടി എവിടെ പോകും. ഓർമ്മകളല്ലാതെ ഇപ്പോഴത്തെ അവസ്ഥയിൽനിന്നുള്ള മോചനത്തിനുള്ള വഴികളൊന്നും അയാളുടെ ചിന്തയിൽ ഉൾത്തിരിഞ്ഞില്ല.
ഇപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രം തന്റേതല്ലെന്ന് അയാൾക്കറിയാം. പണിക്കുപോകുമ്പോൾ വലിയ രണ്ട് തോർത്തും അല്ലാത്തപ്പോൾ നീലം മുക്കിയ മൽമൽമുണ്ടും ബനിയനും മാത്രം ധരിച്ചിരുന്ന താൻ ഈ കാൽകുപ്പായതിനകത്ത് എങ്ങിനെ കേറി? ആരായിരിക്കും ഇതിന്റെ ഉടമ? ചിലപ്പോൾ മകൻ വന്നപ്പോൾ തന്നിട്ട് പോയതായിരിക്കുമോ? ഇങ്ങനെ സങ്കീർണമായ ചോദ്യങ്ങൾ സ്വയം ചോദിക്കാൻ തുടങ്ങി.
അയാൾ കണ്ടുമറന്ന മുഖങ്ങളും കുറേ പുതുമുഖങ്ങളെയും ആ തെരുവിൽ കാണാൻ തുടങ്ങി. അടുത്ത് അറിയാവുന്നതാണെങ്കിലും പേര് ഓർമയിൽ വരാത്ത ഒരു മനുഷ്യൻ “കുങ്കോട്ടി” എന്ന് വിളിച്ചുകൊണ്ട് കുറച്ച് അപ്പക്കഷണങ്ങൾ, അയാളുടെ മടിയിലേക്ക് ഇട്ടുകൊടുത്തു. അപ്പോഴാണ് അയാൾക്ക് അയാളുടെ പേര് തിരിച്ച് കിട്ടിയത്.
കൈമോശം വന്നിരുന്ന ഓർമ്മപ്പെട്ടി തിരിച്ചുകിട്ടിയപ്പോൾ അതിൽനിന്ന് അയാളുടെ ജീവിതത്തിലെ ചില ഏടുകൾ പൊടിതട്ടിയെടുക്കാൻ അയാൾക്ക് കഴിഞ്ഞു.
വിശപ്പും ദാഹവും അയാളെ പിടിമുറുക്കിയപ്പോൾ ഓർമ്മപ്പെട്ടി അടച്ചുവെച്ച് മടിയിൽ കിടന്ന അപ്പക്കഷ്ണം വായിലിട്ടു.
അപ്പക്കഷണം ഇറങ്ങണമെങ്കിൽ വെള്ളം വേണമെന്ന് തൊണ്ട എക്കിട്ട രൂപത്തിൽ പറഞ്ഞു. അടുത്തുകണ്ട പൈപ്പിൻചുവട്ടിൽനിന്ന് വെള്ളം കുടിക്കുമ്പോൾ “അയ്യോ അത് കുടിക്കരുത്, വാഹനങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന വെള്ളമാണ്, കുടിക്കാൻ കുപ്പിവെള്ളം വാങ്ങണം” എന്നാരോ വിളിച്ചു പറഞ്ഞു.
#എൻ്റെരചന ബ്ലോഗ് മത്സരം
23 Comments
നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. സന്തോഷം ❤❤❤
ജീവിതയാത്രയിൽ ആരെയും ഒന്നിനെയും കാത്തുനിൽക്കാതെ ഗതിയേതൂമറിയാതെ കാലചക്രത്തിൻ്റെ കാന്ത സൂചികൾ മെല്ലെയുരുളുമ്പോൾ മാറ്റങ്ങൾ ഓരോന്നായി വന്ന് കൊണ്ടിരിക്കുന്നു. പലരുടെയും ജീവിത താളം മാറുന്നു.
യശോദേച്ചി… നല്ല രചന!! നിങ്ങളെഴുതിയ ഓരോ വരികളും നല്ല അർത്ഥവത്തായിരുന്നു..👌
വളരെ നന്ദി ഈ വിലയേറിയ അഭിപ്രായത്തിന്. സ്നേഹം 🙏
കാലം മാറുന്നതിനു അനുസരിച്ചു മനുഷ്യൻ കോലം കെട്ടേണ്ടതുണ്ട്. അതിന് സാധിക്കാതെ വരുന്നവർ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു.. നന്നായി എഴുതി
നല്ല എഴുത്തുകാരിയായ സബീറക്ക് ഈ എഴുത്ത് ഇഷ്ടായി എന്നറിഞ്ഞ് സന്തോഷിക്കുന്നു. ഒത്തിരി സ്നേഹം ❤❤
നന്നായി എഴുതി 👍
സ്നേഹം. അഭിപ്രായത്തിന് നന്ദി ❤
❤️😍
മാറ്റങ്ങളുമായി കാലചക്രം ഉരുളുന്നു. നല്ലെഴുത്ത്
സന്തോഷം ഡിയർ സ്നേഹം ❤
കാലം ചക്രം
ജീവിതം ഇങ്ങനെ കറങ്ങി കൊണ്ടിരിക്കുകയാണ് ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയാത്ത കാലം. അത് ഇങ്ങനെ കറങ്ങി കൊണ്ടിരിക്കും. അതിനിടയിൽ കൊറേ സംഭവങ്ങളും അതിലൂടെ കടന്ന് പോയിട്ടുണ്ടാകും. കാലം അങ്ങനെയാണ് നമ്മൾ കണ്ണ് അടച്ചു തുറക്കുന്നത് മുൻപേ സമയം പോകുന്നത് പോലെ കാലം മാറും. കാലത്തെയും സമയത്തെയും പിടിച്ചു കെട്ടാൻ ആർക്കും ആവില്ല. അത് പോലെയാണ് നമ്മുടെ ജീവിതം തുടങ്ങുമ്പോൾ മുതൽ ഉള്ള കാല ചക്രവും. പഴമ യിൽ ഉള്ള പലതും കാലങ്ങൾ മാറി കൊണ്ടിരിക്കുമ്പോൾ മാറ്റങ്ങൾ സംഭവിച്ചു ഇല്ലാതെ ആയി കൊണ്ടിരിക്കുന്നു ആ കാലത്തിനു അനുസരിച്ചു നമ്മളും മാറുന്നു. ഒപ്പം നമ്മുടെ ഒക്കെ ജീവിതവും. നമ്മൾ ആഗ്രഹിക്കുന്നത് പോലെ കാലത്തെ കൊണ്ട് വരാൻ കഴിയില്ലല്ലോ? ആ കാല ചക്ര തോടൊപ്പം ഉള്ള ജീവിതം ആസ്വദിച്ചു ജീവിക്കാം.. ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല കാലം ചിലപ്പോ ഒക്കെ വലിയ ജീവിതത്തിന്റെ വഴി കാട്ടിയാണ്..
പേരുപോലും മറന്നു പോയെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. ഈ
ആഖ്യാനശൈലി എന്നെ വിസ്മയിപ്പിക്കുന്നു.👌🔥🔥🔥🔥
ഏറെ സന്തോഷം. ഈ വിലയേറിയ അഭിപ്രായത്തിന്. നന്ദി ❤❤🙏🙏
നല്ല എഴുത്ത് 👌👌
ഏറെ സന്തോഷം ❤❤
ചേച്ചി, വാക്കുകൾക്കൊണ്ട് കഥ വരച്ചു കാണിച്ചുതന്നൂ.
പരിഷ്കാരങ്ങൾ നടക്കുമ്പോൾ അന്നം മുട്ടിപോവുന്ന കുറച്ചുപേരെ ആര് ശ്രദ്ധിക്കാൻ
എന്റെ പ്രിയപ്പെട്ടവളേ, ഒത്തിരി സന്തോഷം. ❤❤❤
മനോഹരം. ഗതകാലസ്മൃതിയുടെ ഏടുകളിലൂടെ. മാറ്റങ്ങളിൽ വിസ്മൃതിയിലാണ്ട് പാർശ്വവത്ക്കരിക്കപ്പെടുന്നവർ. നന്നായി എഴുതി… ആശംസകൾ
മനോഹരം 👍🩷
നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. സന്തോഷം ❤❤❤
നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. സന്തോഷം ❤❤❤
മനസ്സിൽ തട്ടുന്ന എഴുത്ത് 😍👌
സന്തോഷം ഡിയർ. അഭിപ്രായത്തിന് നന്ദി. ❤