അതിരാവിലെ കിഴക്ക് കാണുന്ന തിളക്കമേറിയ നക്ഷത്രം ആയിരുന്നു അമ്മയുടെ ഘടികാരം. ഏത് സമയത്ത് അത് കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്നോ അപ്പോഴാണ് ഞങ്ങളുടെ അമ്മയ്ക്ക് മൂത്രശങ്ക ഉണ്ടാവുന്നത്. (വീനസ് ആണ് അമ്മ കൊറ്റ് എന്നുവിളിക്കുന്ന ഘടികാരം)
പുറത്തുപോയി ഘടികാരത്തെ തൊഴുതശേഷമേ അമ്മയ്ക്ക് ദിവസം ആരംഭിക്കുകയുള്ളൂ. അകത്തുള്ള ജോലിയിൽ ആദ്യത്തേത്, ശരീരത്തെ ‘ട’ ആകൃതിയിലാക്കി, ആ ‘ട’യെ അച്ഛന്റെ കീറിയ പുതപ്പിനകത്താക്കി ശയനം ചെയ്യുന്ന ഞാനെന്ന പത്തുവയസ്സുകാരിക്കുള്ള ഉണർത്തു പാട്ട് അല്ല മന്ത്രം ചൊല്ലുക എന്നതാണ്. അമ്മയ്ക്ക് അന്നത്തെ ഏറ്റവും ഭാരപ്പെട്ട ജോലിയും അതുതന്നെയായിരിക്കും. എന്നെ ഉണർത്താനെടുക്കുന്ന സമയത്തിന്റെ പകുതി മതി ഞങ്ങളുടെ മുറ്റമടിക്കാൻ. പക്ഷേ, ഒരു കാലത്തും അമ്മ അത് ചെയ്യില്ല, ഞാൻ തന്നെ അടിക്കണമെന്ന വാശിയാണ്.
“എണേ എണീക്കണേ, കൊറ്റ് ഉദിച്ച്, സൂര്യനുദിക്കുന്നതിന് മുൻപ് മുറ്റമടിച്ച് ചാണകം കൊടയണം.” ഒരു പ്രാവശ്യം ഉരുവിട്ടാൽ പിന്നെ കുതിർത്തുവെച്ച അരി അമ്മിക്കല്ലിലിട്ട് അരച്ചുകൊണ്ടുതന്നെ ചുരുങ്ങിയത് ആറ് തവണയെങ്കിലും ഈ മന്ത്രം ചൊല്ലും. അതിനുശേഷമായിരിക്കും അമ്മയുടെ കൈവെള്ളയും എന്റെ ചന്തിയും തമ്മിൽ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന കരഘോഷം വേദനയോടെ ഞാൻ കേൾക്കുന്നത്. അപ്പോഴാണ് ‘ട’ ആകൃതി മാറ്റി no.’1’ ന്റെ രൂപമെടുത്ത് പുതപ്പിനെ അനാവരണം ചെയ്ത് അമ്മയ്ക്ക് ദർശനം നൽകുന്നത്.
അരി അരച്ച് പത്തിരി ഉണ്ടാക്കി കഴിഞ്ഞിട്ടും എന്റെ മുറ്റമടി തീർന്നില്ലെന്ന് തിരിച്ചറിയുന്ന അമ്മ എന്നെ തേടി മുറ്റത്തേക്ക് വരുമ്പോൾ കാണുന്നത്, ആഹാരത്തിന്റെ മണം കേൾക്കുമ്പോൾ അടുക്കളയിൽ ചുറ്റിപ്പറ്റി നടന്ന്, അമ്മ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി, പാത്രത്തിൽ കയ്യിട്ട് വാരിത്തതിന്നുന്ന ഞാൻ, അടുക്കളയിൽ അച്ഛനുവേണ്ടി മാത്രം നെയ്യിൽ ചുടുന്ന പത്തിരിയുടെ മണം മൂക്കിനകത്തേക്ക് കടന്നിട്ടും, അതിന് ഒരു വിലയും കൽപ്പിക്കാതെ ചൂലും മടിയിൽവെച്ച് ഇറയത്ത് ഇരുന്നുറങ്ങുന്ന എന്നെയായിരിക്കും. പിന്നെ ആ ചൂല് കൊണ്ടുതന്നെ എന്റെ ഉറക്കം കെടുത്തും. അപ്പോഴേവിടെനിന്നാണെന്നറിയില്ല നല്ല ഉന്മേഷമുണ്ടാകുന്നത്. പിന്നെ എല്ലാം പെട്ടെന്നായിരിക്കും. മുറ്റമടിയും
കിണ്ണങ്ങൾ തേച്ചുമോറുന്നതും ധൃതഗതിയിൽ കഴിയും.
അങ്ങനെ ഒരു ദിവസം എന്നെ തേടി വന്ന അമ്മ മടിയിൽനിന്ന് ചൂല് എടുത്തെങ്കിലും എന്റെ ഉറക്കം അമ്മയ്ക്ക് കെടുത്തേണ്ടി വന്നില്ല. കാരണം അപ്പോൾ അമ്മയുടെ ചെവിയിൽപ്പെട്ടത് ആട്ടിൻ കുട്ടിയുടെ കരച്ചിലായിരുന്നെങ്കിൽ കണ്ണിൽപ്പെട്ടത് തലേ ദിവസം, വീട്ടിലെ ആട് പ്രസവിച്ച കുഞ്ഞിനെ ഒരു കുറുക്കൻ കടിച്ചുകൊണ്ടുപോകുന്നതായിരുന്നു. എന്റെ മടിയിൽനിന്നെടുത്ത ചൂല് ചെന്ന് വീണത് ആട്ടിൻകുട്ടിയുടെ കഴുത്ത് കടിച്ചുപിടിച്ചുകൊണ്ട് ഓടുന്ന കുറുക്കന്റെ കഴുത്തിനായിരുന്നു. എനിക്ക് അടി കിട്ടാനുള്ള ഭാഗ്യം ഇല്ലാത്തതുകൊണ്ടോ, അമ്മയ്ക്ക് ചൂലേറിലുള്ള നൈപുണ്യംകൊണ്ടോ, കുറുക്കന്റെ പല്ലിന്റെ ബലക്കുറവുകൊണ്ടോ എന്തോ, കുറുക്കൻ കടിവിട്ട് ആട്ടിൻ കുട്ടി താഴെ വീണുകരഞ്ഞു. കുറുക്കൻ ഓരിയിട്ടുകൊണ്ട് ഓടി.
മൂന്നുപേരുടെയും ശബ്ദകോലാഹലങ്ങൾ ആവശ്യത്തിൽ കൂടുതലായിരുന്നു, ഇറയത്ത് ഇരുന്നുറങ്ങുന്ന എന്റെ കണ്ണു തുറക്കാൻ. കണ്ണ് തുറന്ന ഞാൻ കണ്ടത് ആട്ടിൻ കുട്ടിയുടെ കഴുത്തിൽ, നിറകണ്ണുകളോടെ അരച്ച മഞ്ഞൾകൊണ്ട് തടവുന്ന അമ്മയെ ആയിരുന്നു. ആ തഴുകലിൽ മുറ്റമടിയുടെയോ തേച്ചുമോറലിന്റെയോ വെപ്രാളംമൊന്നും അമ്മയുടെ ഏഴ് അയലത്തുകൂടി പോകുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് അന്നത്തെ മുറ്റമടിയിൽനിന്നും തേച്ചുമോറലിൽനിന്നും എന്നെ രക്ഷപ്പെടുത്തിയ കുറുക്കനോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു.
ഇത്രയൊക്കെ ആവുമ്പോഴേയ്ക്കും നമ്മുടെ കൊറ്റിന്റെ ശോഭ കെടുത്തിക്കൊണ്ട് പകലോൻ തന്റെ വരവ് അറിയിക്കുന്നുണ്ടായിരുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും മക്കളായ ഞങ്ങളെ ഇപ്പോഴും അതിരാവിലെ എഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്നത് അമ്മയുടെ കൊറ്റാണ്. അത് കാണുമ്പോൾ അമ്മ കൂടെയുണ്ടെന്ന് തോന്നും. രണ്ട് വർഷം മറവി രോഗത്തിന് അടിമയായിരുന്നിട്ടും മരിക്കുന്ന ദിവസം, കിടന്നുകൊണ്ട് കൊറ്റ് ഉദിച്ചോന്ന് ചോദിക്കുന്നുണ്ടായിരുന്നു അമ്മ.
യശോദ ശ്രീധരൻ
1 Comment
ഇഷ്ട്ടായി ഈ എഴുത്ത് 👍