ഈ ബാല്യകാലസ്മരണകളില് മാഞ്ഞുപോവാത്ത എന്നും ഒരുള്നോവുണര്ത്തുന്ന ഒരു ഡയലോഗ് ആയിരുന്നു “ബിനൂന്റെ മമ്മി ബിനൂന്റെ മമ്മി ബിനൂന്റെ വീട്ടിൽ ടീവി ഉണ്ടോ! “എന്ന വീട്ടുകാരുടെ സ്ഥിരം കളിയാക്കൽ, അതും തീൻ മേശയിൽ വെച്ചായതുകൊണ്ട് ഇറങ്ങി ഓടാൻ വയ്യാത്ത അവസ്ഥയും.
ഇനി കഥയിലേക്ക് കടക്കാം, ബാല്യത്തിൽ ഇടക്കൊക്കെ എന്നെ ഇട വിടാതെ പിന്തുടർന്ന ഒരു വിനോദമായിരുന്നു “തെള്ളി മറിക്കൽ ” പ്രസ്ഥാനം. സമയം കിട്ടുമ്പോൾ സൂർത്തുക്കളുമായി കേട്ടതോ അറിഞ്ഞതോ ചിലപ്പോൾ അറിയാത്തതോ ആയ നിരുപദ്രവകരമായ വെടി പറച്ചിലുകൾ പതിവായിരുന്നു.
ഒരിക്കൽ അത്തരരത്തിലെ ഒരു തെള്ളൂ എന്നെ ശരിക്കും പെടുത്തി, വീടിനു അൽപ്പം ദൂരത്തായുള്ള എന്റെ സ്കൂളിൽ അറാം ക്ലാസ്സിൽ പഠിക്കുന്ന സമയം, അവിടെ സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബത്തിൽ നിന്നും വന്ന മിക്കവർക്കും ടെലിവിഷൻ പോലും അത്ഭുതമായിരുന്ന ആ കാലം, എന്റെ അല്പം പൊങ്ങച്ചം പത്രാസും കണ്ടു കൂട്ടുകാരി ശിവകുമാരി എന്നോടൊരിക്കൽ “ബിനൂന്റെ വീട്ടിൽ ടീവി ഉണ്ടോ എന്നൊരു ചോദ്യം അപ്രതീക്ഷിതമായി ചോദിച്ചു,
യഥാർത്ഥത്തിൽ, ഒരു യാഥാസ്തിക കുടുംബത്തിൽ ജനിച്ച എന്റെ വീട്ടിൽ പിള്ളേർ 12 ക്ലാസ്സ് പാസ്സാകാതെ വീട്ടിൽ ടീവി വാങ്ങില്ല എന്ന മിലിട്ടറിക്കാരനായ പിതാവിന്റെ വാശിയിൽ എന്നും വിഷമിച്ചു നടന്ന ഞാൻ ആ ചോദ്യത്തിൽ ആകെ പെട്ടുപോയി, ഒന്നും ചിന്തിക്കാതെ “ടീവി ഉണ്ട് ” എന്നൊരു തള്ളങ്ങ് തള്ളി, നിമിഷ നേരംകൊണ്ട് അതു സ്കൂളിൽ മുഴുവൻ പാട്ടുമായി,
ദിവസങ്ങളും മാസങ്ങളും മുന്നോട്ടു പോകുമ്പോൾ, ഞങ്ങൾക്ക് പുതിയവീട് പണിതുടങ്ങി, കോൺക്രീറ്റ്പണി നടക്കുന്ന ആ സമയത്തു തട്ടഴിച്ചിട്ടപ്പോൾ തെറിച്ചു കിടന്ന ഒരു പലകയിൽ നിന്നും ഒരാണി കൊണ്ട്അല്പം പരുക്ക് പറ്റി, അമ്മയോടൊപ്പം ഞങ്ങളുടെ വല്യമ്മച്ചിയുടെ വീട്ടുകാരായ നാടിശേരി ഹോംക്ലിനിക്കിൽനിന്നും തിരികെ വരുമ്പോൾ അതാ നടുറോഡിൽ ക്ലാസ്സിലെ ശിവ കുമാരി, പ്രമീള, ശിവാകുമാർ, അജേഷ് എന്നുവേണ്ട പത്തു പന്ത്രണ്ട്പിള്ളേർ അതും എന്റെ ഡിവിഷനിലെ ചങ്കുകൾ…
കാലിലെ ബുദ്ധിമുട്ടുകൾ, കുത്തിക്കെട്ട് വിവരങ്ങൾ, കഴിക്കാൻ തന്ന മരുന്നുകൾ എല്ലാം വിശദമായി അവരോടു വിസ്തരിച്ചു, ക്ലിനിക്കിലെ ഒരു പെയിൻകില്ലർ ഇൻജക്ഷനിൽ വേദന കടിച്ചമർത്തി ഒത്തി ഒത്തി മുന്നോട്ടു നടന്ന എന്നോട് അല്ല എന്റെ അമ്മയോട് അവർ ഒരുമിച്ചു ആ ചോദ്യം ചോദിച്ചു “ബിനൂന്റെ മമ്മി, ബിനൂന്റെ മമ്മി ബിനൂന്റെ വീട്ടിൽ ടീവി ഉണ്ടോ “, പൊകഞ്ഞു പോയെടാ അല്ല പകച്ചു പോയില്ലേ എന്റെ ബാല്യം!
അപ്രതീക്ഷിതമായി കേട്ട ഈ ചോദ്യത്തിന്റെ അനന്തരഫലം മുൻകൂട്ടി കണ്ട ഞാൻ ചമ്മൽ മറച്ചു നടത്തതിന്റെ വേഗത കൂട്ടി, പക്ഷെ ഇത് കേട്ട എന്റെ അമ്മക്ക് ചിരി അടക്കാൻ സാധിച്ചില്ല, “എന്നതാടാ ഈ പിള്ളാർ ഇങ്ങനൊക്കെ ചോദിക്കുന്നത്?” എന്നെ പിന്നിലേക്ക് വിളിച്ചു വീണ്ടും തുടർന്നു “ഇനി നീയവരോട് വീട്ടിൽ ടീവി ഉണ്ടെന്നോ മറ്റോ പറഞ്ഞോ, ആവോ പുളുവൻ!”
ഠിം, തീർന്നില്ലേ ഞാൻ…
കഥ അവിടം കൊണ്ടൊന്നും തീർന്നില്ല.
സ്ഥിരമായി ഊണ് മേശയിൽ സഹോദരന്റെ വക കോമഡി” ബിണൂന്റെ മമ്മി ബിണൂന്റെ മമ്മി നിങ്ങളുടെ വീട്ടിൽ കുതിര ഉണ്ടോ “, അതിനുമറുപടിയായി വത്സല മാതാവ് പറയും ” അതെ ഉണ്ടെല്ലോ കുഞ്ഞുമോൻ മേസ്ത്രി വീടിന്റെ പണിക്കായി കൊണ്ടുവന്ന കാലൊടിഞ്ഞ ഒരു കുതിര ഇവിടുണ്ടല്ലോ “, (കുതിര= വീട് പണിക്കും മറ്റും ഉപയോഗിക്കുന്ന ഉയർന്ന ഒരാൾ പൊക്കത്തിൽ തത്കാലികമായി ഇന്നത്തെ സ്കാഫോൽഡിങ്ങിന് പകരമുള്ള ഉയരത്തിലെമേശ (അതിന്റെഒരു കാൽ ഒടിഞ്ഞതാണ് പോലും ). ജീവിതത്തിൽ ഒരു തെള്ളിന്റെ പേരിൽ ഞാൻ ജീവിതം മുഴുവൻ ചമ്മി പോയ നിമിഷങ്ങൾ, മരിച്ചാലും മറക്കൂല്ലടി ശിവകുമാരി.. 🫢🫢