ആരോ പറഞ്ഞു…
പ്രണയം വിഷമാണെന്ന്.
ഞാന്‍ അത് വിശ്വസിക്കുന്നില്ല .
അങ്ങിനെയെങ്കില്‍, ഈ ലോകം മുഴുവന്‍ വിഷമയമായേനെ….
പിന്നെയും കേട്ടു,
പ്രണയം തീയാണെന്ന്,
അതും ഞാന്‍ വിശ്വസിക്കുന്നില്ല
അങ്ങിനെയെങ്കില്‍,
പ്രണയം കരിച്ചവരെ കൊണ്ട് ഭൂമി കറുത്തു പോയേനെ…
….
ജീവിതത്തിൽ പ്രണയിക്കണം… പ്രണയം എന്താണെന്ന് അറിയണം… അർഹതയുള്ളവർക്ക് അത് നൽകണം.. അർഹതയുണ്ടെങ്കിൽ അത് അനുഭവിക്കണം… മറ്റൊരു ബന്ധത്തിനും, നൽകാൻ കഴിയാത്ത ഒരു അനുഭവം ഉണ്ട് അതിൽ… അത് കണ്ടെത്താൻ ശ്രമിക്കണം… അത് കണ്ടെത്തിയവർ വളരെ വിരളമാണെങ്കിലും, അവർ പ്രണയത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയവരാണ്..
ഏതെങ്കിലുമൊരു ചെറിയ കാരണത്തിൽ തുടങ്ങുന്ന ഇഷ്ടം സ്നേഹമായി മാറി ഹൃദയത്തോളം വളരുന്നതാണ് പ്രണയം.
കാണാതിരിക്കുമ്പോഴും പ്രണയമോർത്ത് ഹൃദയം സ്പന്ദിച്ചു കൊണ്ടിരിക്കണം.
ഏറ്റവും സൂക്ഷ്മമായും കൃത്യതയോടെയും പ്രണയം സൂക്ഷിക്കണം
ഹൃദയത്തോളമത്രയും സുരക്ഷിതമായ സ്ഥലമെവിടെയാണ് പ്രണയം സൂക്ഷിക്കാൻ..??
പറഞ്ഞറിയിക്കാനാവാത്ത പ്രണയത്തിന്റെ മാത്രമായ മാസ്മരിക മുഹൂർത്തത്തിൽ, കണ്ണുകൾ തമ്മിൽ കഥ പറയുന്നുണ്ടെങ്കിലും, ചുണ്ടുകൾ തമ്മിൽ സംസാരിക്കാൻ വെമ്പി നിൽക്കുന്നുവെങ്കിലും ഒന്നും പറയാതെയാ ചുണ്ടുകൾ തമ്മിൽ ബന്ധിച്ചു പോകുന്ന ധന്യമായ മുഹൂർത്തം. എന്നാലോ ആ ബന്ധനത്തിന്റെ കൂടെ തന്നെ പറഞ്ഞു തീർക്കുന്ന ഒരായിരം കാര്യങ്ങൾ…
മനസ്സിലെ പ്രണയം നഷ്ടപ്പെടുന്ന തലമുറയാണിന്നുള്ളത്. പ്രണയത്തേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവരാണ് കൂടുതലും.
അല്ലെങ്കിൽ പിന്നെ പ്രണയത്തോടെ ചുംബിച്ച കഴുത്തിൽ എങ്ങനെയാണ് കത്തി കുത്തിയിറക്കാനാവുക?
അത്യന്തം സ്നേഹത്തോടെ വാരിപ്പുണർന്ന ദേഹത്തിലേക്ക് എങ്ങനെയാണ് അഗ്നി പകരാനാവുക?
തനിക്കു വേണ്ടി കൊഞ്ചി ചിരിച്ച ചുണ്ടുകൾ കൊണ്ട് പ്രാണൻ പൊള്ളിയടരുമ്പോൾ അലറി കരയുന്നത് എങ്ങനെയാണ് കണ്ടു നിൽക്കാനാകുക?
ഇതൊന്നും പ്രണയമല്ലേയല്ല.