മണ്ണിൽ കുളിച്ച് വരുമ്പോൾ
വൈകുന്നേര
ചൂരൽ കഷായം ഒന്ന്
വിടാതെ ദിനംപ്രതി വാങ്ങുന്ന
തിരക്കിലാവും ഞാനെപ്പോഴും
“നാളിപ്പടിറങ്ങൂല്യിയ്യ്” എന്നുമ്മ
കയർക്കുമ്പോൾ കണ്ണിൽ
പൊടിയുന്ന ചുടുകണം
നിലം പതിക്കുന്നതൊക്കെയും
നാളെ വീട് ചാടാൻ കൊതിക്കുന്നതിൻ്റെ
അഭിനയ പ്രതീകമാകും
റേഷൻ കടയിലേക്കുള്ള സഞ്ചി
തോളിലിട്ട് കളിക്കാൻ പോകുമ്പോൾ
ഉള്ളിൽ പിറു പിറുത്ത് ഉമ്മാനെ നോക്കി
ഞാൻ കണ്ണിറുക്കും;
വൈകുന്നേര മദ്റസയിലെല്ലാം
ചർച്ചാ വിഷയമെൻ്റെ റേഷൻ കട
തന്നെയെന്നതിലെന്തത്ഭുതം?!
ബാക്കിള്ളോർക്ക് സാധനം
വാങ്ങാനെന്തുത്സാഹമെന്ന
സ്ഥിരമൊഴിയിൽ ഞാനൊന്ന്
പല്ലിളിച്ച് കാണിക്കുമ്പോൾ
പൊയ്ക്കിയ്യവിട്ന്നെന്ന് പറഞ്ഞുമ്മെന്നെ
സ്നേഹത്താലാട്ടും..!
വീട്ടിലെപ്പൊഴുമെന്തെങ്കിലും
കത്തിക്കൊണ്ടിരിക്കും,
ഒന്നുകിൽ വയറ് കത്തുമല്ലെങ്കിൽ
അടുപ്പും;
രണ്ടും പ്രതീക്ഷയുടെ ആകാശമായി
കുളിർ പരത്തുന്ന കാർമുകിലെ കാക്കും
കരയുന്നിൻ്റുമ്മാൻ്റെ മനസ്സ്
ഉരുകി നിറഞ്ഞ വഴികളിൽ
കനകം കിനിഞ്ഞിട്ടുണ്ടാകും;
അത്രമാത്രം വിയർപ്പിൻ്റെ കണികകൾ
ഉൾതിരിഞ്ഞ് കനലാറ്റിയിരിക്കാം
ഇൻക്കൊന്നും വയ്യ പോവാൻ
എന്ന് ഉടനടി പറയുന്നയെൻ്റെ
കർകശമിപ്പോഴും ബാല്യം കറുപ്പിച്ച
വാക്കുകളായ് ഞാൻ
രേഖപ്പെടുത്തട്ടെ…!