ബാലപുസ്തകങ്ങൾ കുറേ വായിച്ചിട്ടുണ്ട്. അതിൽ ഇന്ത്യൻ ഹീറോസും പടിഞ്ഞാറൻ കഥകളിലെ രക്ഷസന്മാരും യക്ഷികളും കുറേ റഷ്യൻ കഥകളും എല്ലാമുണ്ടെങ്കിലും എന്റെ മനസ്സിൽ പ്രഥമ സ്ഥാനം ഏറ്റവും ആദ്യം വായിച്ച മുട്ടത്തു വർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എന്ന കഥ തന്നെയാണ്. അപ്പർ പ്രൈമറി ക്ലാസുകളിലെ പാഠ്യ വിഷയത്തിൽ ഏർപ്പെടുത്തിയ ഈ ഈ നോവലിനും അതിന്റെ രചിയിതാവിനും മലയാളത്തിലെ ബാലസാഹിത്യത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണെന്ന് വിളിച്ചുപറയുന്നു.
ആ കഥയെക്കുറിച്ച് ഒരു റിവ്യൂ ഇടാനല്ല ഞാൻ ഇതെഴുതുന്നത്. മറിച്ച് അത് എത്രമാത്രം എന്നെ കരയിപ്പിച്ചിട്ടുണ്ട്, അതിലെ കഥാപാത്രങ്ങളും ഞാനും തമ്മിൽ എത്രത്തോളം ഇഴച്ചർന്ന് നിന്നിരുന്നുവെന്നറിയിക്കാനാണ്.
ഇന്ന് കാലാവസ്ഥക്ക് വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിലും പത്തു വർഷം മുൻപുവരെ കേരളത്തിൽ ഇടവപ്പാതി കോള്‍ തുടങ്ങുന്നതും പുതിയ അദ്ധ്യായന വർഷം തുടങ്ങുന്നതും ഒരേ സമയത്താണ്. നാല്പത് വർഷം മുൻപുവരെ സ്കൂളിൽ പോകുന്ന കുട്ടികളിൽ ചുരുക്കം ചിലർക്കേ കുടയുണ്ടായിരുന്നുള്ളു, സ്കൂൾ ബാഗ് ഇല്ലെന്നുതന്നെ പറയാം.
ഞാൻ SSLC കഴിയുന്നത്വരെയും അന്യരുടെ കുടക്കീഴിലും മഴയത്ത് ഓടിയുമൊക്കയാണ് സ്കൂളിൽ എത്തിക്കൊണ്ടിരുന്നത്. സ്കൂൾ തുറന്ന് രണ്ടാഴ്ചക്കകം ഭംഗിയുള്ള കലണ്ടർ പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ പുസ്തകത്തിന്റെ പൊതിയും കവർ പേജും എല്ലാം നഷ്ടപ്പെട്ടിരിക്കും. ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവതിയായിരുന്നു. വളരെ കുറച്ചു നോട്ട് ബുക്കുകളെ ഉണ്ടായിരുന്നുള്ളൂ.. ഒരു നോട്ട് മൂന്ന് ഭാഗമായിര്തിരിച്ചു മൂന്ന് വിഷയതിനുപയോഗിക്കുന്നതുകൊണ്ട് നനഞ്ഞ നോട്ട് ബുക്കുകൾ കുറവായിരുന്നു.
ആറാം സ്കൂളിൽ പഠിക്കുമ്പോൾ മുട്ടത്ത് വർക്കിയുടെ “ഒരു കുടയും കുഞ്ഞുപെങ്ങളും “എന്ന നോവൽ വായിച്ചതിനു ശേഷം ഞാൻ അതിലെ പ്രധാനപ്പെട്ട കഥാപാത്രമായ ലില്ലിയായി മാറി. അതിനു കാരണം ഞാൻ എപ്പോഴും വലിയ വീട്ടിലെ വത്സലയുടെ കുടക്കീഴിലായിരുന്നു സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. ലില്ലിയുടെ പേരമ്മ ആ വലിയ വീട്ടിലെ വേലക്കാരിയായിരുന്നതുപോലെ എന്റെ അമ്മയും വത്സലയുടെ വീട്ടിലെ വേലക്കാരിയായിരുന്നു. അതിൽ കുടയില്ലാതെ ലില്ലി വലിയ വീട്ടിലെ ഗ്രേസിയുടെ കുടക്കീഴിൽ നിൽക്കാൻ തുനിഞ്ഞപ്പോൾ ഗ്രേസി സമ്മതിക്കാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആ കഥയുടെ തുടക്കവും കാമ്പും എല്ലാം അതുതന്നെ. അങ്ങിനെ ഞാൻ വൽസലയുടെ കുടക്കീഴിൽ പോകുമ്പോൾ പേടിച്ചിരുന്നത് അവളുടെ ആങ്ങള മോഹനേട്ടനെ ആയിരുന്നു.. ഗ്രേസിക്കുപകരം ലില്ലിയെ കുടകീഴിൽനിന്ന് മാറ്റിനിർത്തുന്നത് ആങ്ങള ആയിരിക്കുമെന്ന് എപ്പോഴും മനസ്സിലുണ്ടായിരുന്നു. ഞാൻ കുടക്കീഴിൽ വത്സലയെ തൊട്ടുരുമ്മി നടക്കുമ്പോൾ ആ ആങ്ങളയുടെ തുറിച്ചു നോട്ടം എന്നെ വല്ലാതെ പേടിപ്പിച്ചു… ഒന്നിനും മടിക്കാത്ത പ്രകൃതം.. വലിയ നേതാവാണെന്ന് ഭാവിക്കും, അവസരം കിട്ടുമ്പോഴെല്ലാം എന്നെ വിഷമിപ്പിക്കും.. വത്സലയുടെ കൂടെ പോകുന്നത് ആങ്ങള കാണരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കും..
അവസാനം ഒരു ദിവസം ഞാൻ കുടക്കീഴിൽ നില്ക്കാൻ ചെല്ലുമ്പോൾ, അവളുടെ ആങ്ങള എന്നെ അങ്ങോട്ട് മാറ്റിനിർത്തിയിട്ട് എന്തോ പറയുന്നുണ്ടായിരുന്നു. എന്റെ പേടി മുഴുവൻ പൊട്ടിക്കരച്ചിലായി… ഇനി ഒരിക്കലും വത്സലയുടെ കുടക്കീഴിൽ നിൽക്കാൻ പറ്റില്ലല്ലോ… വിചാരിച്ചതുപോലെ തന്നെ വത്സല അവളുടെ കൊച്ചാട്ടൻ പറഞ്ഞതനുസരിച്ച് എന്നെ ആ കുടക്കീഴിൽ നിർത്തിയില്ല. എനിക്കാണെങ്കിൽ കുട വാങ്ങിത്തരാനോ അവനോട് പകരം ചോദിക്കാനോ ഒരു ബേബിച്ചായനും ഇല്ല. കുടയില്ലാത്ത എന്റെ കഥ ഇവിടെ അവസാനിക്കുന്നു.
ഇനി കഥയിലേക്ക് ഒന്നെത്തത്തിനോക്കാം. ഈ നോവൽ നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെയും നിഷ്ക്കളങ്കഭാവങ്ങളെയും ഊതിയുണര്ത്തുന്നതുകൊണ്ടാവാം, ഒടുവില്‍ നമ്മുടെ തന്നെ ജീവിതങ്ങളിലേക്ക് ചെന്നെത്തുന്നത്.
ഈ നോവല്‍ എഴുതപ്പെട്ട കാലഘട്ടത്തിൽ സാമ്പത്തിക മേൽകോയ്മകൊണ്ട് ദരിദ്രരെ അടിച്ചമർത്തുകയും അപമാനിക്കുകയും ചെയ്തെങ്കിൽ ഇന്നത്തെ സ്ഥിതി വ്യത്യസതമാണ്. ഇന്ന് ഇങ്ങനെ രണ്ടു കുട്ടികൾ വീട് വീട്ടിറങ്ങിപോകുകയാണെങ്കിൽ ഒന്നുകിൽ സ്വയം മയക്കുമരുന്നിനടിമയായി തെരുവുകളിൽ തെണ്ടിനടക്കുകയോ അല്ലെങ്കിൽ മയക്കുമരുന്നുകാരുടെ കയ്യിലകപ്പെട്ട് തെരുവിന്റെ ഏതെങ്കിലും ഒരു കോണില്‍ പിച്ചിച്ചീന്തപ്പെട്ട മാംസക്കഷ്ണങ്ങളായി മിക്കവാറും അവരുടെ ജീവിതങ്ങള്‍ അവസാനിക്കുമായിരുന്നു.
ചെറുപ്പത്തില്‍ നമുക്ക് കിട്ടാതെ പോകുന്നവ പ്രായമെത്തിയാലും എത്ര ഉയര്‍ന്ന പദവിയിലെത്തിയാലും പിന്നെയും നമ്മേ വേട്ടയാടിക്കൊണ്ടിരിക്കും എന്നതിനും ഇതൊരു ഉദാഹരണമാണ്. ഒരു കാലത്തിന്റെ, സാമൂഹ്യ വ്യവസ്ഥിതിയുടെ, നന്മയുടെ സ്നേഹത്തിന്റെ കഥ പറഞ്ഞ മുട്ടത്തു വർക്കിയെ വളരെയധികം ആദരവോടെ സ്മരിക്കുന്നു.
6 Comments
. വികാരങ്ങളും അനുഭവങ്ങളും ഉത്തേജിപ്പിക്കുക അക്ഷരങ്ങൾക്ക് ജീവൻ വയ്ക്കുന്നത് . നല്ല കയ്യടക്കത്തോടെ മനോഹരമായി അനുഭവത്തെ അടുക്കി പെറുക്കി വെച്ചിരിക്കുന്നു .ആശംസകൾ
ഒത്തിരി സന്തോഷം. ഈ നല്ല വാക്കുകൾക്ക് നന്ദി ❤❤❤
നന്നായി എഴുതി. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴും കുടയുള്ളവർ കുറവായിരുന്നു. പലരും വാഴയിലയും ചേമ്പിലയുമൊക്കെ ചൂടിയാണു മഴയത്തു വന്നിരുന്നത്. കുടയുള്ള ഭാഗ്യവതിയായ ഞാൻ എന്നും ആരെയെങ്കിലും എൻ്റെ കുടക്കീഴിൽ കൂട്ടിയിരുന്നു. സ്നേഹസമ്പന്നനായ എൻ്റെഅണ്ണൻ എപ്പോഴും അതിനെ സപ്പോർട്ടു ചെയ്തിരുന്നു❤️
സ്നേഹം നന്ദി ❤
നല്ല മനസ്സിനെ അഭിനന്ദിക്കുന്നു. ഒപ്പം സ്നേഹിക്കുന്നു. ❤
നന്മയുള്ള മനസ്സിന് നന്ദി ❤❤