അമ്മയെ ഓർക്കാൻ പ്രത്യേക ദിവസം വേണ്ടെന്ന് എല്ലാവർക്കുമറിയാം. എങ്കിലും അമ്മയെക്കുറിച്ച് എപ്പോഴോ കുറിച്ചിട്ട വരികൾ ഇന്നിവിടെ പോസ്റ്റ് ചെയ്യുന്നു.
എല്ലാവർക്കും അവരവരുടെ അമ്മമാരെക്കുറിച്ച് പറയുമ്പോൾ നാക്കിന് നീളം കൂടും. ക്ഷമയുടെ പ്രതിരൂപം, സഹനശീല, സ്നേഹമയി, ദയാശീല, കൈപ്പുണ്യത്താൽ അനുഗ്രഹിക്കപ്പെട്ടവൾ അങ്ങിനെ പലതും. ഞങ്ങളുടെ അമ്മയ്ക്കും ഇങ്ങനെയുള്ള ഗുണങ്ങളൊക്കെ ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളൂ. പക്ഷെ അമ്മയുടെ ക്ഷമയും സ്നേഹവും മക്കളായ ഞങ്ങൾ അഞ്ചു പേർക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരുടെയും ഉത്തരം ഇല്ലെന്നുതന്നെ.
എന്നാലും, ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തെ മറ്റുള്ള അമ്മമാർക്കില്ലാത്ത ഒരു പ്രത്യേകത ഞങ്ങളുടെ അമ്മയ്ക്കുണ്ടായിരുന്നു. അതിൽ മക്കളെ പട്ടിണിക്കിടാതെ വളർത്താനുള്ള കഴിവ് മുന്നിൽത്തന്നെ. തപ്പിപ്പിടിച്ച് മാത്രമേ വായിക്കാൻ അറിവുണ്ടായിരുന്നുള്ളുവെങ്കിലും ഒരു സർവകലാവല്ലഭ ആയിരുന്നു.
അമ്മയുടെ പഴയ സാരികൾ, മീൻ മുറിക്കുന്ന കത്തികൊണ്ട് മുറിച്ച് കൈകൊണ്ടു തുന്നിയ പാവാടയായിരുന്നു ഞങ്ങളുടെ വസ്ത്രങ്ങളിൽ അധികവും. അതുപോലെ ഞങ്ങളുടെ അച്ഛനുടുക്കുന്ന വെള്ളമുണ്ടുകൾ പഴകിയാൽ ഞങ്ങൾക്ക് ഷമ്മീസ് ആയി.
ഓലമേഞ്ഞ വീട്ടിലേക്ക് കൊല്ലാകൊല്ലം വേണ്ടുന്ന ഓല മുഴുവനും മടയുന്നത് അമ്മയായിരുന്നു. വീട്ടിൽ ആവശ്യത്തിന് മാത്രം പൊളിക്കുന്ന തേങ്ങയുടെ ചകരി, ഓല കിണൻറ്റിൻകരയിലിട്ട് കുതിർക്കുന്നതിന്റെ കൂടെയിട്ട് കുതിർത്തു മയം വരുത്തി, വടി കൊണ്ട് തച്ചുടച്ചു ചകരിനാരാക്കി, കൈവെള്ളയിൽ വെച്ച് കയർ പിരിക്കും. അക്കാലത്ത് കയറുകൊണ്ട് റിങ്ങുകളുണ്ടാക്കി, അത് വള്ളത്തിന്റെ ഇരുവശങ്ങളിലും കെട്ടി, അതിൽക്കൂടി കണയിട്ടിട്ടായിരുന്നു വള്ളം തുഴഞ്ഞിരുന്നത്. അമ്മ പിരിക്കുന്ന കയർ ചിലവാകുന്നത് ആ വഴിക്കായിരുന്നു.
നീറ്റ് കക്ക വാങ്ങിക്കൊണ്ടുവന്ന് നീറ്റിയെടുത്ത്, ചകരികൊണ്ട് ബ്രഷ് ഉണ്ടാക്കി വീട്ടിലെ വെള്ളവലി അമ്മതന്നെ നിർവഹിക്കും. മറ്റുള്ളവർ ചെയ്യുന്നതുപോലെ ചിട്ടി വെപ്പും, നറുക്കെടുക്കലും അന്യമല്ലായിരുന്നു അമ്മയ്ക്കും. എല്ലാ ഞായറാഴ്ചയും വീട്ടിന്റെ തിണ്ണയിൽ ആൾക്കാർ വന്നിരുന്നത് നറുക്കെടുക്കാനായിരുന്നു.
മക്കളെപ്പോലെ വളർത്തുന്ന കോഴികളേയും ആടുകളേയും വീട്ടിന്റെ ചുറ്റുപാടും കാണാമായിരുന്നു. ആട്ടിൻ കുട്ടികൾക്ക് വയറ് നിറഞ്ഞാൽ മാത്രമേ കടയിലേക്ക് പാൽ കൊടുക്കൂ.
പ്രസവവേദന അനുഭവിക്കുന്നവർക്ക് അമ്മയുടെ സാമീപ്യം അനുഗ്രഹമായിരുന്നു. ആംബുലൻസ് വരാൻ താമസിച്ചാൽ, എത്രയോ തവണ കുട്ടികളെ പുറത്തെടുത്തിട്ടുണ്ട്. മനുഷ്യക്കുട്ടികളെ മാത്രമല്ല, നാൽക്കാലികൾക്കും അമ്മ വയ്യാറ്റാട്ടി ആയിട്ടുണ്ട്.
ആരെയും കൂസാത്ത പ്രകൃതം. അമ്മയുടെ അഭിമാനം കർമ്മത്തിൽ മാത്രം ഒതുങ്ങിയിരിന്നു. അടുത്ത വീട്ടിൽ ജോലിക്ക് പോയി വരുമ്പോൾ തലയിൽ വിറക്, മുണ്ടിന്റെ മടിയിൽ ആ വീട്ടിൽനിന്നും കൂലിയായി കൊടുക്കുന്ന ഉരിച്ച തേങ്ങമുറി, ഒരു കയ്യിൽ അവര് ബാക്കിവെച്ച ഭക്ഷണം ചിരട്ടയിൽ, അങ്ങനെ വരുന്ന അമ്മ വീട്ടിനടുത്തെത്താറായെന്ന് ഞങ്ങളെ അറിയിക്കുന്നത് വീട്ടിലെ കോഴികളാണ്. ഇരുന്നൂറ് മീറ്റർ ദൂരെനിന്ന് കോഴികൾക്കറിയാം അമ്മ വരുന്നുണ്ടെന്നും ചിരട്ടയിലെ ഭക്ഷണം അവർക്കാണെന്നും. അഞ്ചട്ടു കോഴികൾ ഒന്നിച്ച് ‘കൊക്കക്കൊ’ വിളച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടിചെല്ലും,
അടുത്തെത്തിയാൽ തിരിഞ്ഞ് നിന്ന് അതേ ശബ്ദത്തിൽ അമ്മയെ ആനയിച്ചു കൊണ്ടുവരുന്നതുപോലെ മുന്നേ നടക്കും. കൊക്കക്കോ മേളത്തോടെയുള്ള ഈ കാഴ്ച നാട്ടുകാർ ഒരു ഘോഷയാത്ര കാണുന്ന ആവേശത്തോടെ നോക്കിനിൽക്കുമ്പോൾ, ഞങ്ങൾ മക്കൾ, അതുവരെ കൂട്ടുകാരികളെയൊക്കെക്കൂട്ടി അമ്മയുടെ സാരികളുടുത്തു, ടീച്ചർമാരായും, അമ്മമാരായും കളിച്ച് നാശമാക്കിയിട്ടിരുന്ന വീട് വൃത്തിയാക്കാൻ തുടങ്ങും.
അമ്മയുടെ വസ്ത്രങ്ങൾ എപ്പോഴും മുഷിഞ്ഞതായിരുന്നുവെങ്കിലും ദിവസത്തിൽ പലതവണ കയ്യും കാലും മുഖവും സോപ്പിടാതെ കഴുകി, കാൽപാദങ്ങളും കൈവെള്ളകളും നഖങ്ങളും സിമെന്റിട്ട കിണൻറ്റിൻ കരയിൽ ഉരക്കുന്നത് കാണാം.
വായ കഴുകുന്ന വെള്ളം പോലും വെറുതെ തുപ്പിക്കളയില്ല. അത് ഒരു ചെടിയുടെ തടത്തിലായിരിക്കണം. അത്യാവശ്യം ചില പച്ചക്കറികൾ നട്ട്, തടം കൂട്ടിക്കൊടുക്കുമ്പോൾ, ചെടികളോടുള്ള അമ്മയുടെ സംസാരം, ഞങ്ങൾക്ക് അമ്മയെ പരിഹസിച്ചു ചിരിക്കാനുള്ള അവസരമായിരുന്നു; അമ്മ കാണാതെ.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജനിച്ച അമ്മ അന്നും പാഴായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളോ പ്ലാസ്റ്റിക് പേപ്പറുകളോ മണ്ണിലിടാൻ സമ്മതിക്കില്ലായിരുന്നു കാരണം അതിനെ മണ്ണിന് ഇഷ്ടമല്ലത്രേ, കൂട്ടത്തിൽ കൂട്ടില്ല. അമ്മയുടെ സംസാരം കേട്ടാൽ തോന്നും മണ്ണും വെള്ളവും ചെടികളും എല്ലാ മിണ്ടാപ്രാണികളും അമ്മയുടെ കൂട്ടുകാരണെന്ന്. ഈ കൂട്ടുകാരുടെ ഒരോ ചലനങ്ങളുടേയും ഉദ്ദേശവും ആവശ്യവും ശാസ്ത്രപരമായി അല്ലെങ്കിലും പ്രായോഗികമായി അമ്മയ്ക്കറിയാമായിരുന്നു. വാർപ്പിട്ട വീടും സ്റ്റീൽ പാത്രങ്ങളും ഇഷ്ടമല്ലാതിരുന്നത്, അത് രണ്ടും ഉപയോഗം കഴിഞ്ഞാൽ ഭൂമിക്ക് ഭാരമാവുമെന്ന് പറഞ്ഞുകൊണ്ടാണ്.
തെണ്ടിനടക്കുന്ന പൂച്ചയെ വീട്ടിൽ കണ്ടാൽ ഓടിച്ചുവിടുന്ന അമ്മ, അത് പ്രസവിച്ചെന്നറിഞ്ഞാൽ അതിന് വേണ്ടുന്ന ഭക്ഷണം കൊടുത്ത് പ്രസവ ശുശ്രുഷ ചെയ്യും
ആ കാലത്ത്, കടപ്പുറത്തുള്ള ആണുങ്ങൾ കടലിൽ പോകുന്നതിനുമുൻപ് കടയിൽനിന്നാണ് പ്രാതൽ കഴിച്ചിരുന്നത്. എന്റെ അച്ഛൻ മാത്രമായിരുന്നു വീട്ടിൽ നിന്ന് കഴിക്കുന്നത്. അത് അമ്മക്ക് നിർബന്ധമായിരുന്നു. കാലാവസ്ഥക്കനുസരിച്ചുള്ള പ്രഭാത ഭക്ഷണമാണ് അമ്മ അച്ഛനുവേണ്ടി തയ്യാറാക്കിയിരുന്നത്. മഴകാലത്തു മധുരക്കിച്ചടി, തണുപ്പുള്ളപ്പോൾ പശുവിൻ നെയ്യിൽ ചുട്ട പത്തിരി തേങ്ങാപ്പാൽ ചേർത്ത്, ചൂടുകാലത്ത് കഞ്ഞിയും പയറും ഇങ്ങനെ പോകുന്നു ഭർത്താവ് ശുശ്രുഷ. ഈ ഭക്ഷണരീതിയൊക്കെ ആ കാലത്ത് അമ്മ എങ്ങനെ പഠിച്ചു എന്നുള്ളത് ഇന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്.
ഒരു ദിവസം ഞാൻ വീട്ടിൽ തനിച്ചായിരുന്നപ്പോൾ അച്ഛന്റെ ബന്ധുവായ ചേട്ടൻ ഞങ്ങളുടെ ഒറ്റമുറിയും അടുക്കളയും വരാന്തയുമുള്ള ചെറ്റക്കുടിലിൽ വന്നിട്ട് ആ ഒറ്റമുറിയിലെ കട്ടിലിന്റെ ചോട്ടിലുണ്ടായിരുന്ന ചെറിയ മൺതൂത്തി പൊട്ടിച്ച് അതിനകത്തുള്ള എല്ലാ നാണയത്തുട്ടുകളും പെറുക്കിയെടുത്തു. ഞാൻ നോക്കിനിന്നു. അപ്പോൾ ഒരു ചെറിയ കുട്ടിയുടെ കളിപ്പാവ മറ്റൊരു വീട്ടിലെ കുട്ടി വന്ന് എടുത്തുകൊണ്ടുപോകുമ്പോഴുണ്ടാകുന്ന പ്രതീതി ആയിരുന്നു എന്റെ ഉള്ളിൽ. കാരണം അമ്മയും അച്ഛനും മാത്രമല്ല ഞാനും അതിനകത്ത് ചില്ലറയിടുമായിരുന്നു. ഞാൻ നോക്കിനിന്നു. അഞ്ചു പൈസയുടെ കോയിനിൽ തുടങ്ങി ഒരു രൂപ നാണയം വരെ ഉണ്ടായിരുന്നു. ഏട്ടനല്ലേ ഒന്നും ചോദിക്കാൻ പാടില്ല, പൊട്ടിയ മൺതൂത്തിയുടെ കഷണങ്ങൾ ഇട്ടിരുന്ന ഷമ്മീസിൽ വാരിയിട്ട് ഇറയത്തിരുന്ന്
ഏങ്ങലടിച്ചു കരയുന്ന എന്നെയാണ് അമ്മ വരുമ്പോൾ കണ്ടത്. വീട്ടിലെത്തിയാലും കാലും മുഖവും കഴുകാതെ കുടിലിൽ കയറാത്ത അമ്മ വിറകുകൊട്ട ഇറക്കിവെച്ചു കോഴികൾക്കുള്ള ഭക്ഷണം ഇട്ടുകൊടുത്ത്, നേരെ കരയുന്ന എന്റടുത്തുവന്ന്, അമ്മയുടെ മടിയിലുണ്ടായിരുന്ന ചക്കരപ്പൊടി വായിലിട്ട്തന്നിട്ട് കരയുന്നതിന്റെ കാരണം തിരക്കി. ഞങ്ങളുടെ കണ്ണ് നിറഞ്ഞുകാണുമ്പോഴാണ് അമ്മയെ കെട്ടിപ്പിടിക്കാനുള്ള അവസരം ഒരുക്കിത്തരുന്നത്. ആ അവസരം പാഴാക്കാതെ, അമ്മയെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞുകൊണ്ട് ഞാൻ ദാസേട്ടൻ ചെയ്ത സംഭവം വിവരിച്ചു.
“ആ! ഓൻ ഞാൻ പോകുന്ന വീട്ടിൽ, എന്നെ തിരക്കി വന്നിനേനും. എന്തോ അത്യാവശ്യത്തിനു കുറച്ച് പൈസ മേണൊന്നും, എന്റെടുത്ത് എന്തെങ്കിലും ഉണ്ടേ കൊടുക്കേനും. കയ്യിലൊന്നും ഇല്ലാഞ്ഞതുകൊണ്ട് ഞാൻ പറഞ്ഞതാ തൂത്തി പൊട്ടിച്ച് എടുക്കാൻ.”
ആ സംഭവത്തോടെ ഞങ്ങളോട് കർക്കശമായി പെരുമാറുന്ന, മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് ചെവികൊടുക്കാത്ത അമ്മയുടെ മനസ്സിന്റെ ആഴം അളക്കാൻ എന്റെ മനസ്സിന്ന് കഴിയാതായി.
അമ്മ സ്നേഹത്തോടെ ജീവിത തത്വങ്ങൾ പറഞ്ഞു തന്നിട്ടില്ല. നല്ലതും ചീത്തയും എന്താണെന്ന് പറഞ്ഞുതരാൻ അമ്മയ്ക്ക് സമയമുണ്ടായിരുന്നില്ലെങ്കിലും അമ്മയുടെ സ്വഭാവവും ദിനചര്യകളും സൂക്ഷ്മമായി നോക്കിനിന്ന് കണ്ടറിഞ്ഞ ഞങ്ങൾക്ക് അത് മതിയായിരുന്നു.
ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, അമ്മയുടെ ചില പ്രവർത്തികൾ/സ്വഭാവം എനിക്ക് ഇഷ്ടപ്പെടാറില്ലായിരുന്നു. അമ്മയ്ക്ക് ആ സംഭവം മറ്റൊരുതരത്തിൽ കൈകാര്യം ചെയ്യാമായിരുന്നു! അമ്മ ആ സംസാരത്തിന് പകരം, ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നു! അമ്മയുടെ വസ്ത്രധാരണ രീതി, ഇങ്ങനെയല്ലായിരുന്നു വേണ്ടത്! എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്.
എങ്കിലും, അമ്മേ! ഇന്ന് ഞാനും അതേ രീതിയിലാണ്, എനിക്ക് ശരിയെന്ന് തോന്നുന്നതാണ് എന്റെ സ്വഭാവം. അതിനേക്കാൾ ശരി ഉണ്ടാവാം. പക്ഷേ, എനിക്കതാണിഷ്ടം. കാലത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ള ജീവിതരീതിയാണ് എന്റേതെങ്കിലും, മനസ്സും സ്വഭാവവും പ്രവൃത്തിയും അമ്മയുടേത് തന്നെ. ഞാൻ തിരിച്ചറിഞ്ഞ സ്നേഹവും നന്മയും അമ്മയിൽ മാത്രമാണ് കണ്ടത്.
7 Comments
നന്നായിട്ടുണ്ട് ❤️❤️❤️
😍😍
അതേ …..അമ്മമാരേക്കുറിച്ചു പറയുമ്പോൾ എല്ലാവർക്കും നൂറു നാവാണ്
നല്ലെഴുത്ത്❤️
അഭിനന്ദനങ്ങൾ💐👌
സ്നേഹം ❤
🥰🥰
🥰🥰🥰
സ്നേഹം ❤❤