🌷🌷🌷🌷🌷🌷🌷🌷🌷
ചിങ്ങ മാസം പിറക്കുന്നതോടെ കേരളക്കരയിലുള്ള സകല ജീവചരാചരങ്ങൾക്കും പുതുമേനി ലഭിക്കുന്നു. കാലവർഷം വൃക്ഷലതാദികളെ കുളിപ്പിച്ച് തിളങ്ങുന്ന പച്ചച്ചായം തേക്കുന്നതോടൊപ്പം മനുഷ്യർക്കും ആരോഗ്യവും ഉന്മേഷവും ഉത്സാഹവും നൽകുന്നു. ഈ മാസത്തിലെ മഴയെക്കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട് “വായു ആകുന്ന വെളുത്തേടൻ, മേഘങ്ങളാകുന്ന വസ്ത്രങ്ങൾ, ആകാശമാകുന്ന കല്ലിൽ കുത്തിത്തിരുംമ്പുമ്പോഴുണ്ടാകുന്ന ജലകണങ്ങൾ ആണെന്ന് തോന്നുമാറ്” ഭുമിയുടെ സൗന്ദര്യം കാത്തു സൂക്ഷിച്ചു കൊണ്ട് അവിടവിടെ അല്പാല്പമായി മഴ പെയ്യുന്നു. ഈ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വേണ്ടിയാവാം മഹാബലി നമ്മെ സന്ദർശിക്കാൻ ഈ മാസം തന്നെ തിരഞ്ഞെടുത്തത്.
മറ്റെല്ലാ തൊഴിൽ രംഗത്തെയും പോലെ മത്സ്യ ബന്ധനപ്രവർത്തകരും ഈ കാലത്ത് ഉത്സാഹഭരിതരാണ് കാരണം ഇടവപ്പാതി കോളുകഴിഞ്ഞാൽ ചാകരയായി. അപ്പോഴാണ് പണയപ്പെടുത്തിയ സാധങ്ങൾ തിരികെ എടുത്ത്, പുതിയ വസ്ത്രങ്ങളും മറ്റും വാങ്ങി ആഹ്ലാദത്തോടെ ഓണത്തെ വരവേൽക്കുവാൻ സാധിക്കുന്നത്.
ഞാൻ എൽ പി സ്കൂളിൽ പഠിക്കുന്ന സമയത്തെ എന്റെ ഒരു ഓണത്തിന്റെ ഓർമ്മ… അതിനെക്കുറിച്ച് പറയണമെങ്കിൽ എനിക്ക് മറ്റൊരാളെ പറ്റി പറയേണ്ടിയിരിക്കുന്നു … കടപ്പുറത്ത് ഇടക്കിടക്ക് വരുന്ന ബാർബർ റെജി ചേട്ടൻ. ചട്ടു കാലുള്ള ആ ചേട്ടൻ ഏതെങ്കിലും ഒരു തൈചോലയിലിരിക്കും. ആ പ്രദേശത്തുള്ള മിക്ക ആൾക്കാരും ഓരോരുത്തരായി വന്നു മുടി വെട്ടിപ്പിക്കും. ചേട്ടൻ ഒരു തുണി എപ്പോഴും തട്ടം മാതിരി തലയിൽ കെട്ടിയിട്ടുണ്ടാകും. ട്ടി എന്തിനാണെന്ന് അന്നെനിക്കറിയില്ലായിരുന്നു. ഞങ്ങൾ കുട്ടികൾ കൗതുകത്തോടെ അടുത്ത് ചെന്നിരിക്കും. ആ ചേട്ടൻ ജോലി ചെയ്യുന്നതിനിടയിൽ ഓരോരോ തമാശകൾ പറഞ്ഞും ചെറിയ ചെറിയ അറിവുകൾ പകർന്നുതന്നും ഞങ്ങളെ രസിപ്പിക്കുമായിരുന്നു. ഞാനൊഴികെ എല്ലാവരും ആ ചേട്ടനോടും തമാശ പറയും. എന്നെ ഞാൻ അന്ന് വിലയിരുത്തിയത് ഇങ്ങനെ:
എന്റെ വീട്ടിലുള്ളവരും പഠിപ്പിക്കുന്ന ടീച്ചർക്കും അല്ലാതെ വേറെ ആർക്കും എന്നെ ഇഷ്ടമല്ല. കാരണം, ചുറുചുറുക്ക്, ലീഡർഷിപ് ക്വാളിറ്റി, കാണാൻ ഭംഗി, ആൾക്കാരോട് സംസാരിക്കാനുള്ള ധൈര്യം, പാട്ട്, നൃത്തം, ഇത്യാദി, ആൾക്കാർ ഇഷ്ടപ്പെടുന്ന ഒരു ഗുണവും എന്റെ അരികെ കൂടി പോയിട്ടില്ല. ക്ലാസ്സിലെ കുട്ടികൾ കായിക വിനോദത്തിൽ ഏർപ്പെടുമ്പോൾ, അവരുടെ പെനൻസിലും മറ്റും കാത്തു സൂക്ഷിക്കുന്നവളായി, അവരുടെ കളി കണ്ടു രസിക്കും. എന്നാൽ ഇതെല്ലാം ആസ്വദിക്കാൻ ഇന്നത്തെപോലെ അന്നും ഞാൻ മുൻപന്തിയിലായിരുന്നു.
എല്ലാ ഓണത്തിനും ചോമ്പാൽ കടപ്പുറം വായനശാല ഒരുക്കുന്ന ഓണ പരിപാടികൾ ഉണ്ടാവും. വായനശാലയുടെ തൊട്ടടുത്തുള്ള ഞങ്ങളുടെ സ്കൂളിൽ നിന്ന് ഒരു കുട്ടി ഓണത്തെ കുറിച്ച് ഒരു ചെറിയ പ്രസംഗം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ ടീച്ചർ എന്നെ അതിനു തയ്യാർ ആക്കി. എന്റെ കാല് നിലത്തല്ലായിരുന്നു. ഒന്നിനും പോരാത്തവൾ സ്റ്റേജിൽ കയറാൻ പോകുന്നു… എഴുതിത്തന്ന പ്രസംഗം മനപ്പാടമാക്കി, ഓണ അവധിക്ക് സ്കൂൾ അടക്കുന്നതിനുമുന്നേ പ്രസംഗ ശൈലിയിൽ ടീച്ചറെ കേൾപ്പിച്ചു. എന്നിട്ടും, ഓണത്തിന്റെ അന്നുവരെയും ദിവസത്തിൽ നൂറ് തവണയെങ്കിലും ആരും കേൾക്കാതെ പ്രസംഗിക്കും.
അന്നത്തെ ഓണത്തിന് കോടിയുടുത്ത്, ഊണ് കഴിഞ്ഞ് (ആദ്യമായാണ് ഓണത്തിനു വയറു നിറയെ ആഹാരം കഴിക്കാഞ്ഞത്… കാരണം ഉന്മാദത്തൊടൊപ്പം വെപ്രാളം) കടപ്പുറത്ത് പോകാൻ മുറ്റത്തേക്കിറങ്ങി. അപ്പോൾ വീട്ടിന്റെ മുൻ വശത്തുള്ള പൊതു വഴിയിലൂടെ, തലയിൽ തുണി കെട്ടാതെ നടന്നു പോകുന്ന ബാർബർ റെജി ചേട്ടനെ കണ്ടു. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചേട്ടൻ നടന്നു. ആരും ഇഷ്ടപ്പെടാത്ത എന്നെ നോക്കി പുഞ്ചിരിച്ച ചേട്ടനോട് എന്തെങ്കിലും ഒരു തമാശ പറയണമെന്ന് തോന്നി. ആ പുഞ്ചിരി സമ്മാനിച്ച കരുത്തും സ്റ്റേജിൽ കയറാൻ പോകുന്ന ആത്മവിശ്വാസം ഉപയോഗിച്ചും ധൈര്യത്തോടെ ചോദിച്ചു
“ഏയ്, ഇങ്ങളെ തലേലെ തട്ടമെവിടെപ്പോയി?”
അയാൾ അത് കേട്ടോ എന്നെനിക്കറിയില്ല… പുറകിൽ നിന്ന് ഒരു ഗർജ്ജനം കേട്ടു,
“എന്താണെ ഇഞ്ഞ് പറഞ്ഞെ?”
തിരിഞ്ഞു നോക്കി, വലിയമ്മ. ആ ഗർജ്ജനം കേട്ട് അമ്മ അകത്തുനിന്ന് ഓടി വന്ന് ചോദിച്ചു:
” ഏടത്തി എന്താ ഇവള് പറഞ്ഞെ?”
വലിയമ്മ: ഇവളെ അച്ഛന്റെ വയസ്സില്ലെ അയാൾക്ക്, എന്നിറ്റു ഇവള് ചോദിക്ക്യാ “ഇങ്ങളെ കാലിലെ ചട്ട ഏടപ്പോയീന്നു”
വലിയമ്മയെക്കാൾ ശബ്ദത്തിൽ അമ്മ: ഇവള ഇങ്ങന വിട്ടാ പറ്റൂല, ഇത്തര ധൈര്യം പെണ്ണിന് പാടില്ല.
വലിയമ്മ അമ്മയോട് കല്പ്പിച്ചു, “നീ കായ് മുളകിങ്ങെടുക്ക്” എന്നിട്ട് വലിയമ്മയുടെ തോളിലുള്ള തോർത്തെടുത്ത് വീട്ടിന്റെ മുമ്പിലുള്ള തെങ്ങിനോട് ചേർത്ത് എന്നെ കെട്ടിയിടുന്നത് എനിക്കോർമയുണ്ട്.
ഭാരിച്ച കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞാൻ കൊലായിയിൽ കിടക്കുന്നു, കോടി ഉടുപ്പ് ആരോ അഴിച്ചു മാറ്റിയിട്ടുണ്ട് പകരം ഒരു തോർത്ത് ഉടുത്തിരിക്കുന്നു, ചീകിക്കെട്ടിയ മുടിക്കുപകരം കുളിച്ചിട്ടു നന്നായി തോർത്താത്ത മുടിയിൽനിന്ന് വെള്ളം ഒലിച്ചിട്ട് ചാണകം മെഴുകിയ കോലായി നനഞ്ഞിരിക്കുന്നു. പെട്ടന്ന് കടപ്പുറത്തെ പരിപാടി ഓർമ്മ വന്നു. ചാടി എഴുന്നേറ്റ് മുറ്റത്തേക്ക് നോക്കി… സൂര്യൻ ഉറങ്ങാൻ പോയതു പോലെ ആൾക്കാർ കടപ്പുറം ശൂന്യമാക്കി പിരിഞ്ഞു പോയിരിക്കുന്നു.