എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സ്റ്റാതം അണ്ണൻ വായിക്കുവാൻ ഇങ്ങ് കേരളത്തിലെ നീർമാതളത്തിന് പേര് കേട്ട പുന്നയൂർക്കുളത്തു നിന്നും ഞാൻ എഴുതുന്നത്…
സുഖമാണോ ചേട്ടാ… പണ്ടത്തെ പോലെ അങ്ങയുടെ സിനിമകൾ കണ്ട് ആ ശരീര, നടന സൗന്ദര്യത്തിൽ മയങ്ങിയ ഒരു ടീനേജ്കാരിയല്ലിന്ന് ഞാനെന്ന് അറിയാമോ? കാലമിത്ര കടന്ന് പോയിട്ടും കെട്ടിച്ചു വിട്ട വീട്ടിൽ ഞാനിത്ര പടർന്നു പന്തലിച്ചിട്ടും നിങ്ങളുടെ സൗന്ദര്യത്തിനും അഭിനയ മികവിനും ഒരു കോട്ടവും പറ്റിയില്ലല്ലോ എന്നോർത്തു സന്തോഷിക്കട്ടെ. ഞങ്ങളുടെ നാട്ടിലെ സൗന്ദര്യധാമം മമ്മുക്ക ആയിരുന്നിട്ടും എങ്ങനെ നിങ്ങളെന്റെ മനസ്സിൽ കയറിപ്പറ്റി എന്നത് ഇന്നും എനിക്കറിയില്ല. പാത്തും പതുങ്ങിയും മക്കൾ കാണുന്ന സിനിമകളിലെ ചേട്ടനെ നോക്കി ഇന്നും ഞാൻ നെടുവീർപ്പിടും. അല്ലെങ്കി പിള്ളാര് അവറ്റോൾടെ തന്തയോട് പറയൂലെ… എന്തൊക്കെ സഹിച്ചാലാ എന്റെ സ്റ്റാതം ചേട്ടാ ഒന്ന് കണ്ണ് നിറയെ കാണാൻ പറ്റുക..
ഉമ്മാക്ക് ക്രഷ് ഉണ്ടാർന്നോ ചോയ്ക്കുംമ്പോ “ഇപ്പോളും ഉണ്ടെടാ മക്കളെ”ന്നു പറയാൻ മനസ് വെമ്പും.. ചെലപ്പോ ഒക്കെ ഒളിപ്പിച്ചു വെച്ച ക്രഷ് സ്റ്റാർമൂവിസിൽ തട്ടി കണ്ണിൽ മിന്നുന്ന നക്ഷത്രങ്ങളായി പുറത്തു ചാടും. അപ്പോളൊക്കെയും അവന്മാർ എന്നെ കളിയാക്കും.. ഞാനൊരു മണവാട്ടിപെണ്ണിനെ പോൽ നാണിക്കും..
ആഹ്… അങ്ങ് ഹോളിവുഡിന്റെ പ്രാന്ത പ്രദേശങ്ങളിൽ ജനിച്ചിരുന്നെങ്കിലെന്ന് അപ്പോളൊക്കെ ചൂലും പിടിച്ചു നിന്ന് ഞാൻ വ്യാമോഹിക്കാറുണ്ട്. ഈ ഓണംകേറാമൂലയിലെന്നെ യെന്തിനു ജനിപ്പിച്ചു പടച്ചോനെ എന്ന് ആകാശത്തു നോക്കി ചോദിക്കും.. ചേട്ടനറിയാമോ… ഏറ്റോം ഇഷ്ടോള്ള നടന്മാരുടെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഇട്ടപ്പോ ഞാൻ നിങ്ങളുടെ ഏറ്റോം ഭംഗിയുള്ള കറുത്ത കണ്ണട വെച്ച മുടിഞ്ഞ ഗ്ലാമർ ഉള്ള ഫോട്ടോ ഇട്ടപോ അയ്യേ ഈ മൊട്ടയാണോ അന്റെ ക്രഷ് ചോദിച്ചു അവരെന്നെ അല്ല ചേട്ടനെ ഇൻസൾട്ട് ചെയ്ത്.. അതിലെ പൊ. ക ചോദ്യം ചെയ്യാൻ പോയ എന്നെ “മൊട്ട തല പോട്ടെ ഞളുങ്ങിയ ആ മോന്ത കണ്ടോ.. അയ്നെക്കാളും എത്ര മൊഞ്ചുണ്ട് അന്റെ ഷാജുക്ക” എന്ന് ചോദിച്ചു ഇരുത്തിക്കളഞ്ഞു. എന്റെ മനുഷ്യ… നിങ്ങളിത് വല്ലോം അറിയുന്നുണ്ടോ?
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എനിക്കിനി ഒറ്റ ആഗ്രഹമേയുള്ളു.. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ അങ്ങുന്ന് ഇങ്ങ് കേരളത്തിൽ ജനിക്കണം. ഞങ്ങടെ പെരുമ്പടപ്പിലോ പുന്നയൂർക്കുളത്തോ വളർന്നു വലുതാവണം. ജെയ്സൺ സ്റ്റാതം എന്നൊക്കെ മാറ്റി ജസീം സത്താർന്നോ ജാസിൽ സലീം എന്നൊക്കെയുള്ള പേരിടണം.. അങ്ങനെ അടുത്ത ജന്മത്തിലെങ്കിലും ഒരു നോക്ക് കാണണം…
#എന്റെരചന #ഫാൻമെയിൽ
6 Comments
ഒരു വ്യത്യസ്ത ക്രഷ് 👌
എങ്കിലേ എന്നോട് പറ ………..😂
എനിക്ക് ജനിക്കാതെ പോയ അളിയൻ….
🤣🤣മൂപ്പരിക്ക് ഇതൊന്നു അയച്ചാലോ
👏🏻👏🏻ന്നാലും ഷമ്മൂ😄
എഴുത്ത് കലക്കി♥️♥️
ൻ്റെ സ്റ്റാതം അണ്ണാ…. ഇജ്ജ് ഇത് വല്ലോം കേക്ക്ണ്ടാ…😁🙊എന്തായാലും എഴുത്ത് ഇക്ക് പുടിച്ചീക്ക്ണ്…🥰🤞