രാജ്യം ആണവ പരീക്ഷണം നടത്തിയ സ്ഥലം എന്നതൊഴിച്ചാൽ യാത്രികരെയോ വിനോദസഞ്ചാരികളെയോ അധികം ആകർഷിക്കാത്ത സ്ഥലങ്ങളിൽ ഒന്നാണ് പൊഖ്റാൻ. ജോധ്പൂർ -ജെയ്സാൽമിർ പാതയിൽ ജെയ്സൽമിറിനോട് 112 ഉം ജോദ്പുർൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്. അഞ്ച്ഉപ്പ്നിരകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് പൊഖ്റാൻ എന്ന വാക്കിന്റെ അർത്ഥം.
പ്രതീക്ഷിച്ച വാണിജ്യവിജയം നേടാതെ പോയെങ്കിലും മനോഹരമായ ഫ്രയിമുകൾ കൊണ്ട് കാഴ്ചസുഖം സമ്മാനിച്ച സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തു വന്ന മലൈകോട്ടെ വാലിബൻ. മണലും മണ്ണ് ചേർന്ന് കിടക്കുന്ന സ്വർണ്ണവർണ്ണമുള്ള ഭൂമിയും മേഘങ്ങൾ ഒട്ടുമില്ലാതെ കാണുന്ന നീലാകാശവും വാലിബൻ സിനിമയിൽ അങ്ങോളം ദൃശ്യവിസ്മയം തന്നെ ആയിരുന്നു.
ഈ രംഗങ്ങൾ എല്ലാം ചിത്രീകരിച്ചത് രാജസ്ഥാനിലെ മരുഭൂമിയിൽ ആയിരുന്നു എന്നത് പലർക്കും അറിയാമായിരിക്കും. അതിൽ തന്നെ സിംഹഭാഗവും ഒരുക്കിയത് സുവർണ്ണനഗരമായ ജയ്സാൽമീറും പരിസരങ്ങളിലും ആയാണ്.
പോർച്ചുഗീസ് പടയെ തോൽപിച്ചു വാലിബൻ കീഴടക്കുന്ന സിനിമയിലെ അമ്പത്തൂർ കോട്ട ചിത്രീകരിച്ചത് പൊഖ്റാൻ ഫോർട്ടിൽ വെച്ചാണ്.
പണ്ടത്തെ മാർവാഡ് രാജ്യത്തിന്റെ സാമന്തർ ആയിരുന്ന റാത്തോട് വംശത്തിലെ ചമ്പാവത് ഉപ വംശത്തിന്റെ കേന്ദ്രമായിരുന്നു പൊഖ്റാൻ. 14 ആം നൂറ്റാണ്ടിൽ അന്നത്തെ താക്കൂർ പണി കഴിപ്പിച്ച ബാലാഘർ എന്ന പൊഖ്റാൻ കോട്ട. തന്ത്രപ്രധാന സൈനിക കേന്ദ്രം എന്നതിനേക്കാൾ രാജകുടുംബത്തിന്റെ വാസകേന്ദ്രം ആയിരുന്നു ബാലാഘർ. അതിനാൽ തന്നെ ചുവന്ന ചുണ്ണാമ്പ് കല്ലിൽ പണി തീർത്ത മനോഹരമായ കൊട്ടാരങ്ങളാണ് കോട്ടയ്ക്ക് അകത്തു സ്ഥിതി ചെയ്യുന്നത്.
കോട്ടയുടെ ഇന്നത്തെ ഉടമസ്ഥരായ താക്കൂർ കുടുംബം അതിലൊരു കൊട്ടാരം ഫോർട്ട് പൊഖ്റാൻ എന്ന പേരിൽ ഹെറിറ്റേജ് ഹോട്ടൽ നടത്തുകയാണ്. വലിപ്പം കൊണ്ട് ചെറുതാണ് എങ്കിലും രാജസ്ഥാനിലെ ഏറ്റവും ഭംഗിയുള്ള കോട്ടകളിൽ ഒന്നാണ് ബാലാഘർ.
1 Comment
🥰🥰