Author: Nithin Kumar J

എനിക്കായ് ഒരു താളുണ്ട്. ഒരാളുടെയും ശ്വാസം വീഴാത്ത, വിരലുകൾ പതിയാത്ത താള്. ഒരാളും ഒരിക്കൽപോലും നോക്കാതെ പഴകിതുടങ്ങിയ ഒടുവിലത്തെ താള്. ധൂളി നിറഞ്ഞ, ലൂത വലയം തീർത്ത, ചിതലുകൾ ജഠരം നിറച്ചു തുടങ്ങിയ പുസ്തകമിന്ന്, മച്ചിന്റെയെതോ കോണിൽ ചണച്ചാക്കിന്റെ ചൂടിലും കുളിരിലും മരിച്ചു ജീവിക്കുന്നുണ്ട്. ദശലക്ഷം പഴകിയ, ദുർഗന്ധം വമിക്കുന്ന അക്ഷരങ്ങൾക്കിടയിൽ നിന്നും മഷിപുരളാത്തയെന്റെ താളിന്നും തേങ്ങുന്നുണ്ടാകാം. ആരും തഴുകാതെ പോയ നൊമ്പരമുണ്ടാകാം. ഏകനായി കാലങ്ങൾ ഉന്തിനീക്കിയ നൊമ്പരയലകൾ ഉയരുന്നുണ്ടാകാം. ഇന്നുമാരെയോ കൊതിയോടെ കാത്തിരിക്കുന്നുണ്ടാകാം. തൂവെള്ള കടലാസ്സിൽ അക്ഷരങ്ങൾ കോറുന്ന തൂലികയെ കിനാവുകാണുന്നുണ്ടാകാം. ഒടുവിലത്തെ താളെന്ന മുദ്രണം ചാർത്തപ്പെട്ടതിനാലാവാം, വാക്കുകൾ ചേർക്കപ്പെടാതെ ഒഴിവാക്കപ്പെട്ടത്. ഒരാൾ ഒരിക്കൽ തേടി വരുമെന്ന് നിനയ്ക്കുന്നുണ്ടാകാം. ഒരു തൂവലിന്റെ സ്പർശനത്തിൽ അക്ഷരങ്ങൾ രചിക്കപ്പെടുമെന്ന് മോഹിക്കുന്നുണ്ടാകാം. ഒഴിവാക്കപ്പെട്ട താളിനൊപ്പം പിന്തള്ളിയ അനേകരിലൊരാൾ വന്നണയുമെന്ന് വിശ്വാസിക്കുന്നുണ്ടാകാം. അക്ഷരങ്ങൾ കൊണ്ടൊരു കാവ്യം രചിക്കുമെന്ന് ഓരോ രാവുകളിലും പകലുകളിലും, പഴകിയ അക്ഷരങ്ങളിക്കിടയിൽ നിന്നുമെന്റെ താള് കിനാവുകാണുന്നുണ്ടാകാം. അക്ഷരങ്ങളില്ലാത്ത താളിനാര് കാവൽ! വാക്കുകൾ കോറുവാനായി…

Read More