സൈനാ.. സൈ നാ. ഇനീം അന്റെ ആട് ന്റെ തൊടീല് കേറിയാ അയിന്റെ മുട്ടുംകാല് ഞാൻ തല്ലി ഓടിക്കും. ഉസ്റും പുളിയും ല്ലാത്ത സാധനം.. ന്റെ ഒരൊറ്റ വാഴേടേം കൂമ്പ് ബാക്കി ആക്കാണ്ട് അത് തിന്ന്ക്ക്ണ്..
ന്റെ റബ്ബേ. ഇനി ഈട്ന്ന് വരുമ്പോൾ തൊള്ളീന്ന് ഞാൻ കേൾക്കണല്ലോ..
വാഴ കൂമ്പ് മുഴുവൻ ആട് തിന്ന പരാതി സൈനത്താനോട് പറയുകയാണ് സൂറത.. കെട്ടിയോൻ വന്നാൽ വായിലുള്ള ചീത്ത മുഴുവൻ കേൾക്കണല്ലോ ന്ന് ആലോചിച്ചു താടിക്ക് കയ്യും കൊടുത്തു സൂറനെ നോക്കി സങ്കട പറയാ..
ചെമ്മീൻ വൃത്തിയാക്കി അതിന്റെ വെള്ളം തെങ്ങിൻ ചോട്ടിലൊഴിച്ചു ചെമ്മീൻ പാത്രവുമായി സൂറത്താടെ അടുത്തേക് വന്നു സൈനത്താ.
ന്റെ സൂറാ. ഇയ്യൊന്ന് ബെഷമിക്കല്ലേ അന്റെ കെട്ട്യോനോട് പറഞ്ഞേക്ക് ന്റെ ആട് തിന്നതാന്ന്.. ഒന്നൂല്ലേലും ഓളൊരു കെർപ്പക്കാരത്തി ആടല്ലേ. ആയിനും ണ്ടാവൂലെ കെർപ്പപൂതി..
“പൊയ്ക്കോ അവ്ട്ന്ന് ബലാലെ. ന്റെ വാഴകൂമ്പ് ന്നെ തിന്നണം ല്ലേ അന്റെ ആടിന് കെർപ്പപൂതി മാറാൻ.
വർത്തമാനം കുറേ നേരം നീണ്ടു പോയി സൈനേം സൂറെം നല്ല കൂട്ടാണ്.. വീടിന് ചുറ്റും മതില് കെട്ടുമ്പോൾ സൈനാന്റെ സൈഡിൽ മതിലിന്റെ ഉയരം അത്ര വേണ്ട യ്ക്ക് ഓളെ കാണാൻ പറ്റൂലാ ന്ന് പറേന്ന കൂട്ട്..
“”ലേശം കൊഞ്ചൻ കിട്ടീക്ക് ഇയ്യൊരു മുറി തേങ്ങ കൊണ്ടാ തേങ്ങ അരച്ച് കൊഞ്ചൻ ചാറ് ണ്ടേൽ ചോറിന് പിന്നെ വേറൊന്നും മാണ്ടാ. ഇയ്യ് കറി വെച്ച്ക്ക്ണില്ലേൽ അനക്കും എടുക്കാലോ..
“”ന്റെ റബ്ബേ.. ന്റെ ചോറ് കഞ്ഞിയായിണ്ടാവും ന്നും പറഞ്ഞു സൂറാതാ ഓരോട്ടമാണ് അകത്തേക്ക്. സൈനാതാ കറി ആയോ ന്ന് ചോയ്ച്ചപ്പോളാണ് സൂറത്താക്ക് ചോറ് അടുപ്പത്ത് ള്ളത് ഓർമായത്..
വൈകുന്നേരം അസർ നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോളാണ് സൈനാതാ വന്ന് വിളിക്കുന്നത്..
“സൂറാ. സൂറാ. ഞാൻ ഒന്ന് റേഷൻ പീടിയേൽ പോവാണ്. ന്റെ ആട് തേഞ്ഞു നിക്കാ അന്റൊരു കണ്ണ് ആട വേണം ട്ടാ.. ഞാൻ ബേം പോയി വരാ..
ആടിനേം സൂറാനെ ഏല്പിച്ചു സൈനാതാ റേഷൻ കടേൽ പോയി.. കെട്യോന് കട്ടൻ ഇട്ടോണ്ടിരിക്കുമ്പോൾ സൈനത്താന്റെ ആട്ടിൻ കൂട്ടിൽ ഒരു ബഹളം..പുറത്തിറങ്ങി നോക്കിയ സൂറാക്ക് ബേജാറ് തൊടങ്ങീ..
സൈനത്താടെ ആട് പ്രസവിക്കാൻ തൊടങ്ങീക്ക്ണ്.
ന്റെ പടച്ചോനെ ഓള് ഇല്ലാത്ത നേരം നോക്കി തന്നെ ഈ ബലാല് പണി പറ്റിച്ച്ക്ക്ണല്ലോ ന്നും പറഞ്ഞോണ്ട് ആട്ടിൻ കൂടിന് ചുറ്റും വെപ്രാളപെട്ടുകൊണ്ട് രണ്ട് വട്ടം നടന്നു. പിന്നൊരു നീട്ടി വിളിയാണ്.
മാധുവേടത്തീ.. ഒന്ന് ഓടി വരീൻ. സൈനാന്റെ ആട് പ്രസവിക്ക്ണ്.. ഓളാണെൽ ഇവിടില്ല.. യ്ക്ക് കണ്ടിട്ട് കയ്യും കാലും ബെറക്കുന്നു.. ഇങ്ങളൊന്ന് ബേഗം വരീൻ..
വൈകുന്നേരം വെയിൽ താണ നേരത്ത് മുറ്റത് ഓല മടയാൻ ഇരുന്ന മാധുവേടത്തി സൂറാന്റെ നെലോളി കേട്ട് ഒരു മടഞ്ഞ ഓലയുമായി വന്നു.
ഇയ്യൊരു ചാക്ക് എടുത്തോണ്ട് വാ. ന്നും പറഞ്ഞു മാധുവേടത്തി മൂന്ന് സുന്ദരി ആട്ടിൻ കുട്ടികളെ പുറത്തെടുത്തു. ചാക്ക് കൊണ്ട് തുടച്ചു മടഞ്ഞ ഓലയിൽ കിടത്തി ആടിന്റെ മുന്നിലേക്ക് വെച്ചപ്പോളാണ് സൂറാക്ക് ശ്വാസം നേരെ വീണത് .
തലയിൽ അരിയും ഒരു കയ്യിൽ മണ്ണെണ്ണയും പിടിച്ചു വരുന്ന സൈനത്ത കാണുന്നത് തന്റെ ആട്ടിൻ കൂട്ടിന് ചുറ്റും അയൽവാസികളെയാണ്.
ന്റെ റബ്ബേ. ന്റെ ആട് ന്നും പറഞ്ഞു അരിയും അവിടെ ട്ട് ഓടി വന്ന് നോക്കിയപ്പോ കാണുന്നത് മൂന്ന് കുട്ടികളെയും മാറി മാറി നക്കി വൃത്തിയാക്കുന്ന ആടിനെയാണ്. സന്തോഷം കൊണ്ട് സൈനാന്റ കണ്ണുകൾ നിറഞ്ഞു.
അന്ന് മുതൽ സൂറാതാകും മാധുവേടത്തിക്കും ആട്ടിൻ പാല് ഫ്രീ ആണ്..
“”സൂറാ ന്റെ ആടിന്റെ പാല് നല്ല കൊഴുപ്പുണ്ട് ലെ..
അത് പിന്നെല്ലാണ്ട് നിക്കുവോ. ന്റെ വാഴ കൂമ്പ് അല്ലെ അയിന്റെ ഭക്ഷണം..
രണ്ടാളും കുശലങ്ങൾ പറഞ്ഞു ചിരിച്ചു പിരിഞ്ഞതാണ്..
കുറച്ചു നേരം കഴിഞ്ഞപ്പോ.
സൂറാ.. സൂറാ.. അന്റെ ബിലാത്തീലെ കോഴി ന്റെ ചീര മുഴുമനും ചിക്കി പെറുകീക്ക്ണ്. ഇനി അയിനെ ന്റെ തൊടീല് കണ്ട കല്ലെടുത്തു ഞാൻ ഏറിയും ട്ടാ..
സൈനത്താന്റെ ചീര മുളച്ചു വരുന്നേ ഉള്ളൂ. അത് മുഴുവൻ സൂറാത്താന്റെ കോഴികൾ ചിക്കി ചികഞ്ഞു ഒരു പരുവമാക്കിയ സങ്കടം ആണ് ആ കേട്ടത്..
വീടിനെക്കാൾ വലിയ മതിലുകൾ തീർക്കുംമ്പോൾ ഇന്നത്തെ കാലത്ത് നഷ്ടമാകുന്നത് ഇതുപോലെ ഉള്ള അയല്പക്ക ബന്ധങ്ങൾ കൂടിയാണ്..
എഴുതാൻ ഒന്നൂല്ല ന്നാ പിന്നെ ന്തേലും എഴുതാലോ ന്ന് വെച്ച് എഴുതിയതാ. ഇങ്ങള് ക്ഷമിച്ചാളീ…
കെർപ്പകാരി.=ഗർഭിണി
കെർപ്പപൂതി =ഗർഭകാലത്തെ ആഗ്രഹം
3 Comments
സ്നേഹം നിറഞ്ഞ അയൽപ്പക്കങ്ങൾ
ഹൃദയബന്ധങ്ങൾ ❤️❤️
കോട്ട മതിലുകൾ കെട്ടി സ്വയം ശിക്ഷ ഏറ്റു വാങ്ങുകയാണ് ഇപ്പോൾ എല്ലാരും..
നല്ല മെസ്സേജ് 👌