സുമേഷേ ഞാൻ പറയുന്നത് കേൾക്കു, ആ രശ്മി നല്ല കറുത്തിട്ടല്ലേ ? നിനക്ക് കെട്ടാൻ വേറെ ഒരുത്തിയേയും കിട്ടിയില്ലേ?
ബിബിനെ നീ എന്താ അങ്ങിനെ പറഞ്ഞത്? ഞാൻ ആദ്യമായി കണ്ട പെൺകുട്ടിയല്ലേ അവൾ. സംസാരിച്ചപ്പോൾ എനിക്ക് അവളുടെ പെരുമാറ്റവും ഇഷ്ടമായി. അവൾക്കും എന്നെ ഇഷ്ടമായിട്ടുണ്ടാകും.
അവൾ അല്ല ആർക്കായാലും നിന്നെ ഇഷ്ടപ്പെടും. പിന്നെ നീ ആകെ ഒരു വീട്ടിൽ അല്ലേ പെണ്ണ് കാണാൻ പോയുള്ളൂ. ഉടനെ അങ്ങ് ചാടിക്കേറി തീരുമാനം എടുക്കണ്ട എന്നാ ഞാൻ പറയുന്നത്.
അതല്ല ബിബിൻ. ഇക്കാലത്തു നല്ല സ്വഭാവം ഉള്ള കുട്ടികളെ കിട്ടാൻ അല്ലേ പാട്.
ഡേയ്, നിനക്ക് നല്ല സ്വഭാവവും നല്ല സൗന്ദര്യവുമുള്ള വേറെ എത്ര പിള്ളേരെ കിട്ടും. ഞാൻ കാണിച്ചു തരാം നല്ല കുട്ടികളെ. നീ ഈ മാട്രിമോണിയൽ പ്രൊഫൈൽ ഒന്ന് നോക്ക്.. അശ്വതി, നല്ല വെളുത്തു തുടുത്തു മൊഞ്ചത്തി. ഇവളൊക്കെ നിനക്ക് നന്നായി ചേരും.
ഞാൻ അമ്മയോട് രശ്മി ഓക്കേ ആണെന്ന് പറഞ്ഞെടെ.
അത് സാരമില്ല. അമ്മയോട് ഞാൻ പറഞ്ഞോളാം. ഒന്നുമില്ലേലും ഞാൻ നിന്റെ ആത്മാർത്ഥ സുഹൃത്ത് അല്ലേടാ.
പറ്റിയാൽ നമുക്ക് അടുത്ത ഞായറാഴ്ച ഈ അശ്വതിയുടെ വീട്ടിൽ ഒന്ന് പോകാം. (ഒന്ന് നിർത്തിയ ശേഷം ബിബിൻ പറഞ്ഞു )
രണ്ടു വർഷങ്ങൾക്ക് ശേഷം..
ഹെലോ സുമേഷേ.
അല്ല ബിബിനോ? നിന്റെ വിവരം ഒന്നും ഇല്ലല്ലോ. ഇപ്പോഴും ബാംഗ്ളൂർ തന്നേ?
അതെ അളിയാ. ഈയിടെ ജോലിത്തിരക്ക് ഒക്കെ കൂടുതലാ പിന്നെ ഓൺ സൈറ്റ് പോകാൻ ഒരു ചാൻസും വന്നിട്ടുണ്ട്. ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ
എന്താടാ പറ.
എന്റെ കല്യാണം ആയി അളിയാ. അടുത്ത മാസം ആണ്.
ഓഹോ കൺഗ്രാറ്റ്സ്. പെണ്ണ് എവിടുന്നാ?
പെണ്ണിനെ നീ അറിയും. നീ ആദ്യമായി പെണ്ണ് കാണാൻ പോയില്ലേ? രശ്മി.. അവളാ
ങേ? അവളോ?
അതെ അളിയാ. അവൾ ഇവിടെ ബാംഗ്ളൂർ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്. നല്ല സ്വഭാവം, നല്ല കുട്ടി.
ഫാ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്. നീ അന്ന് എന്തൊക്കെയാ അവളെപ്പറ്റി പറഞ്ഞത് കറുപ്പാണ് അതാണ് ഇതാണ് എന്നിട്ടിപ്പോ… കൊള്ളാം എന്തായാലും (സുമേഷ് ദേഷ്യം കടിച്ചമർത്തി)
സുമേഷേ കാര്യം ഒക്കെ ശെരിയാ അന്ന് എനിക്ക് അങ്ങിനെയൊക്കെ തോന്നി. നീ അതൊന്നും മനസ്സിൽ വച്ച് കല്യാണത്തിന് വരാതെ ഇരിക്കരുത്. കുടുംബസമേതം അങ്ങ് എത്തിയേക്കണം.
ഇയാൾക്ക് എപ്പോഴും ഫോൺ വിളി ആണല്ലോ? ഒന്ന് ഇങ്ങോട്ട് വന്നു കൊച്ചിനെ എടുത്താൽ എന്താ കൈ ഒടിഞ്ഞു പോകുമോ? അത് കിടന്ന് കരയുന്നത് കണ്ടില്ലേ? ഡോ.. തന്നെയാ വിളിച്ചത്. ആ ഫോൺ വച്ചിട്ട് ഇങ്ങോട്ട് വാടോ..
(ഫോണിലൂടെ ഒരു സ്ത്രീ ശബ്ദം ബിബിൻ കേട്ടു )
സുമേഷേ നിന്നെ അശ്വതി വിളിക്കുന്നു എന്ന് തോന്നുന്നു. അപ്പൊ ശെരി കല്യാണത്തിന് കാണാം.
ബിബിൻ ഒരു കള്ളച്ചിരിയോടെ ഫോൺ വച്ചു.
എടാ കള്ളാ.. ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിച്ച നിന്നെ ഞാൻ എങ്ങിനെ വിശ്വസിക്കും. ബിബിന്റെ അടുത്തിരുന്ന രശ്മി കണ്ണുരുട്ടി. എന്നിട്ട് അവർ ഒരുമിച്ച് പൊട്ടിച്ചിരിച്ചു.