അഞ്ഞൂറ് രൂപയും പിള്ളേരുമായി ഹോട്ടലിൽ ഫുഡ് കഴിക്കാൻ കേറിയ ജുബതിക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും…
കഴിഞ്ഞൊരൂസം പൊന്നൂനേം കൊണ്ട് പറവൂര് പോയതാരുന്നു ഞാൻ. അവിടെ ഒരു ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോ അവൾക്ക് അവിടെ കേറി എന്തെങ്കിലും കഴിക്കണം. ഇതിന് മുന്നൊരു ദിവസം ആന്റീടേം അനിയത്തീടേം കൂടെ ആ വഴി പോയപ്പോ അവിടെ കൊണ്ട് പോയി ഫുഡ് വാങ്ങി തന്നിട്ടുണ്ടായിരുന്നു. അതാണ് അവൾക്കിത്ര ഇളക്കം.
ആരെങ്കിലും കാശ് കൊടുക്കാൻ ഉണ്ടെങ്കിൽ കൂടെ പോയി ഓസിനു ഫുഡ് കഴിക്കും ന്നല്ലാതെ ഞാൻ ഹോട്ടലിലൊന്നും അങ്ങനെ കേറാറില്ല. അതോണ്ട് വിലവിവരപട്ടിക ഒന്നും വല്യ പിടിപാടില്ല. എന്റെ കയ്യിൽ ആകെ ഉള്ളത് അഞ്ഞൂറ് രൂപ ആണ്. അതിന് അതിന്റെതായ ആവശ്യങ്ങളും ഉണ്ട് എന്ന് അവളോട് പറഞ്ഞിട്ട് അവളത് കേട്ട മട്ടില്ല.
വേണ്ട ന്ന് ഞാൻ പറയലും ഒരു പെരുമഴ വന്നതും ഒന്നിച്ചായിരുന്നു. ന്നാപ്പിന്നെ മഴ തീരും വരേ അവിടെ ഇരിക്കേം ചെയ്യാം, അവൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കേം ചെയ്യാം ന്ന് കരുതി ഞങ്ങൾ അവിടെ കേറി.
ജപ്പാൻകാരിയോ ചൈനാക്കാരിയോ ആണെന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി ഓർഡർ എടുക്കാൻ വന്നു. കുറച്ച് ദിവസമായി യൂ ട്യൂബ് അമ്മായീടെ സഹായത്തോടെ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്നതിന്റെ അഹങ്കാരത്തിൽ എന്തൊക്കെയാ ഉള്ളത് എന്ന് ഇംഗ്ലീഷിൽ ചോദിച്ചു എന്നൊരു തെറ്റ് ഞാൻ ചെയ്തു പോയി. ചട്ടിയിൽ കിടന്ന് കടുക് പൊട്ടിത്തെറിക്കുന്ന പോലെ ചറ പറ ഇംഗ്ലീഷ്.
സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയുന്ന ഒരേ ഒരു വീട്ടമ്മ ഞാൻ ആണെന്ന് ആ കുട്ടി തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. അയോഗ്യനായെ എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞു തീർത്ത് നാഗവല്ലി നിക്കുന്ന പോലെ എന്നെ നോക്കിയ അവളുടെ മുഖത്തേക്ക് നകുലൻ നോക്കിയ അതേ പകച്ച ഭാവത്തോടെ ഞാനും നോക്കി.
കക്ഷിക്ക് കാര്യം മനസ്സിലായി.
മുറിമലയാളത്തിൽ എന്താ വേണ്ടേ ന്ന് ചോദിച്ചു.
മുഴു മലയാളത്തിൽ എന്തൊക്കെ ഉണ്ടെന്ന് ഞാൻ ചോദിച്ചു.
തിരിച്ചു കടിക്കാത്ത എന്തും വെട്ടി വിഴുങ്ങുമെങ്കിലും അതിന്റെയൊന്നും പേര് ഞാൻ ശ്രദ്ധിക്കാറില്ല.
അതോണ്ട് പറഞ്ഞ സാധനങ്ങൾ ഒന്നും എനിക്ക് മനസ്സിലായില്ല.
പന്ത് ഞാൻ പൊന്നൂന് കൈ മാറി.
അവൾക്കും വല്യ പിടിപാട് ഒന്നും ഇല്ലെങ്കിലും പൊറോട്ടയും ടിക്കി ടാക്ക ലുട്ടാപ്പി ചിക്കൻ ന്നോ എന്തോ കടിച്ചാ പൊട്ടാത്ത പേരുള്ള ചിക്കനും അവൾ പറഞ്ഞു.
സാധനങ്ങൾ വന്നു.
ചില്ല് ചുമരീക്കൂടെ പുറത്തെ മഴയും കണ്ടിരുന്ന് ഞങ്ങൾ കഴിച്ചു.
ഒരു മുന്നൂറ് രൂപയിൽ കൂടുതൽ എന്തായാലും ആവില്ലെന്ന് ഞാൻ കണക്ക് കൂട്ടി.
അങ്ങനെ പൈസ കൊടുക്കാൻ ചെന്നപ്പോ നാനൂറ്റി തൊണ്ണൂറ്റഞ്ചു രൂപ.
ഇച്ചിരീം കൂടി കൂടുതൽ ആയിരുന്നെങ്കിൽ ഞാൻ അവിടെ പൊറോട്ട അടിക്കേണ്ട വന്നേനെ.
ആകെ കയ്യിലുള്ള പൈസ കൊടുത്ത് ഞങ്ങൾ ഇറങ്ങി.
ബസ്സിൽ കൊടുക്കാൻ പിന്നെ പൈസേമില്ല,
അവസാനം മുപ്പത് രൂപക്ക് വീട്ടിലെത്തേണ്ടിയിരുന്ന ഞങ്ങൾ ഓട്ടോ വിളിച്ച് വീട്ടിലെത്തി. 220രൂപ ഓട്ടോ പൈസേം കൊടുത്ത്.
വീട്ടിലെത്തിയ പാടെ ക്ഷീണം തീർക്കാൻ ഒരു കട്ടൻ വെച്ചിട്ട്, ഇനി മേലിൽ കാശു കൊടുക്കാൻ കൂടെ ആരേലും ഉണ്ടെങ്കിലേ ഞാൻ ഹോട്ടലിൽ ഫുഡ് കഴിക്കാൻ കേറൂ എന്ന് പിള്ളേരെ സാക്ഷിയാക്കി ഞാൻ ദൃഢപ്രതിജ്ഞ ചെയ്തു.
3 Comments
😄😄😄കിടുക്കി
👍
🤣🤣