ഇവിടെ, ഇവിടെയാണ് എല്ലാം അവസാനിച്ചത്….
തൊഴിലിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി യുവതലമുറ നാടും കടലും വിട്ട് പോകുന്ന കാലം.
അന്ന് മറ്റാരും ചിന്തിക്കാൻ പോലും സാധ്യത ഇല്ലാത്ത ഒരു മേഖലയിൽ കടന്നു ചെന്ന് സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയ മനുഷ്യൻ.
തൊഴിലിലെ ആത്മാർത്ഥതയും പ്രതിബദ്ധയും അനന്തൻ നമ്പ്യാരെ പോലെയുള്ള ഉന്നതരുമായി കൂട്ടുകെട്ട് ഉണ്ടാക്കാൻ ആയാളെ സഹായിച്ചു.
മറ്റു പലർക്കും ആ പാത പിന്തുടരാൻ പ്രചോദനം ആയ അഗ്രഗാമി.
പ്രൊഫഷണൽ കില്ലിംഗ് എന്നത് വെറും കൊല നടത്തി പോകൽ മാത്രമല്ല, അത് തന്റെ ഇരകൾക്ക് കൊല്ലപ്പെടേണ്ട മാർഗ്ഗം സ്വയം തെരെഞ്ഞെടുക്കാനുള്ള അവസരം കൊടുത്തു കൊണ്ട് തൊഴിലിലെ നൈതികത കാത്തുസൂക്ഷിച്ച് അതൊരു കലയും സപര്യയും ഒക്കെയാണ് എന്ന് തെളിയിച്ചവൻ പിവി നാരായണൻ.
ഏറ്റെടുത്ത ജോലി പൂർത്തീകരിക്കാനുള്ള പ്രതിബദ്ധത ആയിരിക്കാം പിവി നാരായണൻ എന്ന ആ മനുഷ്യന്റെ ഏറ്റവും മികച്ച ഗുണം, അത് തന്നെ അയാളുടെ അന്ത്യത്തിലേക്കുള്ള വഴി കൂടെയായി എന്നത് കർമ്മയോഗമോ വിധിവൈപരീത്യമോ ആയിരിക്കാം.
കേവലം ഒരു പൊട്ടാസ് കൊണ്ട് തീർക്കാമായിരുന്ന ഒരു അസൈൻമെന്റ് അമിതമായ ആത്മവിശ്വാസം കൊണ്ടോ ശ്രദ്ധക്കുറവ് കൊണ്ടോ ഒരു പ്രൊഫഷണൽ കില്ലറുടെ സൽപ്പേരും വിശ്വാസ്യതയും തകർക്കുന്ന നിലയിൽ എത്തി. നാരായണന് പിഴച്ചത് അത് പേർസണൽ ആയി എടുത്തു എന്നതിലാകും.
വികാരാധീനൻ ആകുക എന്നത് ഒരു പ്രൊഫഷണലിനു പാടില്ലാത്തതാണ്. മുൻപേ നടന്ന ആരും ഗുരു ആയി ഇല്ലാതിരുന്നതിനാൽ ആകണം, ഉപദേശിക്കാൻ നാരായണന് ആരും ഉണ്ടായില്ല. അത് കൊണ്ട് തന്നെ വിവേകം വികാരത്തിനു വഴി മാറിയ ആ നിർഭാഗ്യവേളയിൽ പിവി നാരായണന് പിഴച്ചു, അടി തെറ്റി താഴെ വീണു.
ഇവിടെയാണ് പിവി നാരായണൻ എന്ന പവനായി ശവമായത്….
1 Comment
ശവത്തിൽ കുത്താതെ ബ്രോ 🤣