മുഖ മറയിലൊളിപ്പിച്ച മാനസത്താൽ,
മർത്ത്യർ വേഷങ്ങൾ പലതും അണിഞ്ഞിടുന്നു !
കശക്കിയെറിയുന്ന കുഞ്ഞിന്റെ രോദനം കാതിൽ തുളച്ചു കയറിയെന്നാകിലും
മൗനിയാകുന്നു !
വാർദ്ധക്യമെന്നൊരു ശാപത്തിൽ
തെരുവിലേക്കെറിയപ്പെടുന്ന ജന്മങ്ങളെ നിസംഗതയോടെ നോക്കിടുന്നു !
മതഭ്രാന്തിനാൽ തമ്മിൽ പടവെട്ടിയൊഴുക്കിയ
ചോരപ്പാടുകൾ കാണാതെ
തിരക്കിലേക്കാഴ്ന്നിറങ്ങുന്നു !
രാഷ്ട്രീയ കോമരങ്ങൾ വാഴുന്ന ലോകത്തിൽ
പിടഞ്ഞു വീഴുന്ന അണികളെ കാണാത്ത ഭാവം നടിച്ചിടുന്നു !
ഒട്ടിയ വയറിന്റെ പശിയൊന്നകറ്റാൻ
നേരമില്ലെങ്കിലും നിറയുന്ന
കാണിയ്ക്ക വഞ്ചികൾ കണ്ടു നില്ക്കുന്നു !
മാറാവ്യാധികളാൽ വലയുന്നവർ ക്കാശ്വാസമേകുവാൻ കഴിയാതെ തിരക്കിട്ടു പായുന്നു !
മദ്യത്തിൽ ലഹരിയിലെല്ലാം മറക്കുന്നു
ബന്ധങ്ങൾ കാറ്റിൽ പറക്കുന്നു !
സ്ത്രീയാണു ധനമെന്നു പാടിപ്പുകഴ്ത്തുമ്പോൾ
സ്ത്രീധന മരണങ്ങൾക്കു മുന്നിൽ അന്ധരായി മാറിടുന്നു!
നിഷാ സുരേഷ് കുറുപ്പ്✍️