ബാല്യത്തിലെ ഓർമകളിൽ എപ്പോഴും ഓടിയെത്തുന്ന ദൂരദർശൻ കാലം.
സീരിയലുകളും, ചിത്രഗീതവും, ഞായറാഴ്ച സിനിമകളും അരങ്ങു തകർത്തിരുന്ന കാലത്ത്, വാർത്തകൾ കേൾക്കാൻ താല്പര്യമില്ലാത്തവരെ പോലും പിടിച്ചിരുത്തുന്നവയായിരുന്നു അന്നത്തെ വാർത്തകളും, അതോടൊപ്പം വാർത്താ അവതാരകരും. സ്വതസിദ്ധമായ അവതരണ ശൈലിയും, വേറിട്ട ശബ്ദവും, മായം ചേർക്കാത്ത വാർത്തകളും, പ്രൊഫഷണൽ വസ്ത്രധാരണവും അവരെ തികച്ചും വ്യത്യസ്തരാക്കിയിരുന്നു. അവരെ ഒരു നോക്ക് കാണുവാൻ, അവരുടെ വേഷം ശ്രദ്ധിക്കുവാൻ വെറുതെ ഒന്ന് ടിവി എത്തി നോക്കി പോകുമായിരുന്നു.
’തടസം നേരിട്ടതിൽ ഖേദിക്കുന്നു’എന്ന് കാണുമ്പോഴും, പുഞ്ചിരിതൂകുന്ന ആ മുഖം ഇടയ്ക്ക് കാണുമ്പോൾ ഒരാശ്വാസമായിരുന്നു. തികച്ചും താരപരിവേഷം ഉണ്ടായിരുന്നവർ. വാർത്താ ശേഖരണവും വായനയും അവതരണവും ഒരു പാഷൻ ആക്കിയവർ. ടെലിവിഷൻ കൾച്ചറും തനതായ വാർത്ത അവതരണവും യാതൊരു മുൻ റെഫറൻസും ഇല്ലാതെ വാർത്തകൾ വളച്ചൊടിക്കാതെ ലോകത്തിനു മുൻപിൽ പരിചയപെടുത്തിയവർ. മാത്സര്യ ബുദ്ധിയും തന്നെക്കാൾ മുന്നേ ഓടുന്നവന്റെ കുതികാൽ വെട്ടണമെന്ന ചിന്തയുമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ സുകൃതവും മുഖശ്രീയും തന്നെയായിരുന്നു അവർ. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ മുതൽക്കൂട്ടുകൾ. പുതു തലമുറയുടെ റോൾമോഡലുകൾ.
ഇന്നത്തെ പോലെ നൂതന സാങ്കേതികവിദ്യകളൊന്നുമില്ലാതിരുന്ന കാലത്തു, പരിമിതികൾക്കുള്ളിൽ നിന്ന് അശ്രാന്ത പരിശ്രമം കൊണ്ട് ഉച്ചാരണശുദ്ധിയോടെ തികച്ചും സ്വാഭാവികമായി വാർത്ത വായിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്തവർ. ഡിബേറ്റുകളും പ്രൈം ടൈമുകളും മാറ്റുരയ്ക്കപ്പെടാതിരുന്ന കാലത്ത് മാധ്യമ പ്രവർത്തനത്തിന്റെ നല്ല മാതൃകകൾ കാട്ടി തന്ന, ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിച്ച, അറിവിന്റെ വെളിച്ചത്തിലേക്കുള്ള തിരി ആളിച്ചു കത്തിച്ചു തന്ന നേരിന്റെ മാധ്യമപ്രവർത്തകർക്ക് നന്മകൾ ആശംസിക്കുന്നു.
5 Comments
Beautifully written in a very dignified and matured manner.
Thank you ma’m
Nostalgic memories 💓
Thank you
പഴയ ഓർമ്മകളിലേക്കു കൊണ്ടുപോയി. ഞാനും വാർത്തകൾ മുടങ്ങാതെ കണ്ടിരുന്നു. ഒഴുക്കുള്ള ഭാഷ. 👌👌👌👏👏👏