മഴ നനഞ്ഞ് മനസ്സ് നിറഞ്ഞ് മനമുരുകി പ്രാർത്ഥിച്ച് അക്കരെ കൊട്ടിയൂരിലേക്ക് ഒരു യാത്ര. വടക്കേ മലബാറിലെ മഹാദേവ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവും. മനോഹരമായ പ്രകൃതിയും ബാവലി പുഴയും ക്ഷേത്ര അനുഷ്ഠാനങ്ങളും ചടങ്ങുകളും വിശിഷ്ടമാക്കുന്ന ഒരു ഉത്സവം. കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂവാണെന്ന് വിശ്വസിക്കുന്നു. വലിയൊരു തടാകത്തിന്റെ മധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗം ഉള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരുത്തറയിലാണ് അമ്മാറക്കല്ലിൽ ആണ് ആദിപരാശക്തിയായ ‘ ശ്രീപാർവ്വതിയെ ആരാധിക്കുന്നത്. അമ്മാറക്കല്ല് അമ്മ മറഞ്ഞ കല്ല്. ആദിപരാശക്തി ജീവത്യാഗം ചെയ്ത പ്രദേ’ശം.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്ര നക്ഷത്രം വരെയുള്ള നാളുകളിലാണ് പ്രസിദ്ധമായ വൈശാഖ മഹോത്സവം നടക്കുന്നത്.പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. വടക്കുംകാവ് ,വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകൾ ഈ ക്ഷേത്രത്തിനുണ്ട്. ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവൻ, മഴ മൂർത്തി, ദക്ഷയാഗ ഭൂമി, കയ്യാലകൾ, ഓടപ്പൂക്കൾ എന്തെല്ലാം അത്ഭുതങ്ങൾ.
ഒരിക്കൽ കൊട്ടിയൂർ ഉത്സവത്തിൽ പങ്കെടുത്താൽ അടുത്ത ഉത്സവത്തിനായി നമ്മൾ കാത്തിരിക്കും. അത്ര വിശിഷ്ടമാണ് ഓരോ ചടങ്ങുകളും ആചാരങ്ങളും. കൊട്ടിയൂരപ്പന്റെയും ഭഗവതിയുടെയും ശിവേലി ഒന്ന് കാണേണ്ടത് തന്നെയാണ്. രാജകുടുംബത്തിനും എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും .ദക്ഷയാഗത്തിന് സമാനമാണ് കൊട്ടിയൂർ ഉത്സവം എന്ന വിശ്വസിക്കപ്പെടുന്നു. പ്രധാന ചടങ്ങുകൾ നെയ്യാട്ടവും ഇളനീരാട്ടവും ആണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ക്ഷേത്രവും കാഴ്ചകളും ശിവേലിയും ഒരു ദിവസത്തെ യാത്രയിൽ പറ്റുന്ന പോലെ പകർത്താൻ മഹാദേവൻ അനുഗ്രഹിച്ചു. അടുത്ത കൊല്ലത്തെ വൈശാഖ മഹോത്സവത്തിനായി കണ്ണും മനസ്സും നിറഞ്ഞു കാത്തിരിക്കുന്നു.
1 Comment
പോകണം.. 🙏