ലോഹിതദാസ്… ജീവിതത്തിലെ ചില അനുഭവങ്ങൾ അതിശയിപ്പിക്കും.
അത്തരത്തിലൊന്നാണ് പ്രശസ്ത സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിനെ പരിചയപ്പെട്ട അനുഭവം. പരിചയപ്പെട്ട ദിവസങ്ങളിൽ അദ്ദേഹം എൻ്റെ വീട്ടിൽ വരികയും അതിന്റെ അടുത്തയാഴ്ചയിൽ ലോഹിതദാസ് മരിക്കുകയും ചെയ്തു.
ഞാൻ താമസിച്ചിരുന്ന തൃശൂർ കുട്ടനല്ലൂരിലെ ‘ഹിൽ ഗാർഡൻസ്’ ഹൗസിങ് കോളനിയുടെ അടുത്ത് 2009 ൽ ലോഹിതദാസ് ഒരു വീടെടുത്ത് താമസിക്കാനെത്തി. അങ്ങിനെയാണ് ലോഹിതദാസിനെ പരിചയപ്പെടാനും വീട്ടിൽ വരാനുമുള്ള സാഹചര്യമുണ്ടായത്. അദ്ദേഹം വീട്ടിൽ കുറെ സമയം ചിലവഴിക്കുകയും എൻ്റെ കയ്യിൽ നിന്നും രണ്ട് പുസ്തകങ്ങൾ വായിക്കാനായി കൊണ്ട് പോകുകയും ചെയ്തിരുന്നു. പിറ്റേ ആഴ്ചയിൽ ലോഹിതദാസ് ഹൃദയസ്തംഭനം മൂലം 54-ആം വയസിൽ മരണപ്പെട്ട നിർഭാഗ്യകരമായ സംഭവമുണ്ടായി.
ഇന്ന് 2024 ജൂൺ 28.എം.ടിക്കും പത്മരാജനും ശേഷം മലയാള സിനിമക്ക് മികച്ച തിരക്കഥകൾ സമ്മാനിച്ച ലോഹിതദാസ് വിട വാങ്ങിയിട്ട് ഇന്ന് 15 വർഷം. പ്രണാമം… 🙏 സെബി ജോസഫ്.