വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും അന്നൊന്നും ഞങ്ങൾക്ക് ചെരുപ്പ് പറഞ്ഞിരുന്നില്ല.
അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട് നാട്ടിൽ നിലേം വിലേം ണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങിത്തരാനുള്ള കഴിവും അവർക്കുണ്ടായിരുന്നു. എന്നിട്ടും മണ്ണറിഞ്ഞു ഭൂമിയിൽ കാലുറപ്പിച്ച് നടക്കാൻ ചെരുപ്പിന്റെ പവർ ആവശ്യമില്ലെന്നായിരുന്നു ടീച്ചറായിരുന്ന അമ്മയുടെ ഉപദേശം.
നിക്കറിന്റെ കുടുക്ക് പൊട്ടിയാൽ പിന്നു കുത്തി നടക്കണം. ഷർട്ടിന്റെ കുടുക്ക് പൊട്ടിയാലും സ്ഥിതി മറ്റൊന്നായിരുന്നില്ല. പുതിയതൊന്ന് വാങ്ങുന്നതിനു മുമ്പ് ഉള്ളതിനെ കഴിയുന്നത്ര ഉപയോഗിക്കണമെന്നൊരു ശീലം അവർ ഞങ്ങളിൽ വളർത്തിയിരുന്നു.
അതൊന്നും ഇല്ലായ്മയുടെ ശീലങ്ങളായിരുന്നില്ല…
ഉണ്ടായിട്ടും ആഡംബരങ്ങളോട് അടിമപ്പെടാതെ ജീവിക്കാൻ പഠിപ്പിച്ച അച്ഛനമ്മയുടെ മനഃപൂർവമായ തീരുമാനങ്ങളായിരുന്നു.
ഒരുപക്ഷേ…
അച്ഛനും അമ്മയും അന്ന് ഞങ്ങൾക്ക് പകർന്നുനൽകിയത് വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും വിലയല്ല ജീവിതത്തിന്റെ മൂല്യങ്ങളായിരുന്നു.
അതുകൊണ്ടാവാം, കാലം എത്ര മാറിയിട്ടും ആഡംബരങ്ങളോട് വലിയ ഭ്രമമില്ലാതെ ആവശ്യങ്ങൾക്കപ്പുറം ആഗ്രഹങ്ങളെ വളർത്താതെ, ഇന്നും ആ പഴയ കുട്ടിക്കാലത്തിന്റെ ലാളിത്യം നെഞ്ചിലേറ്റി ഈ ജീവിതം മുന്നോട്ടുപോകുന്നത്.
അച്ഛനും അമ്മയും എനിക്ക് കൈമാറിയത് സമ്പത്ത് മാത്രം ആയിരുന്നില്ല സമ്പത്തുണ്ടായാലും ലാളിത്യം കൈവിടരുതെന്ന വലിയൊരു ജീവിതപാഠം കൂടിയാണ് പകർന്നുനൽകുന്നത്.

