ഇന്ന് രാവിലെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഞാൻ കണി കണ്ട കാക്ക ഇരിക്കുന്ന തൈത്തെങ്ങിലെ ഓലയിൽനിന്ന് ഈർക്കിൽ എടുത്തുകൊണ്ടിരിക്കുന്നു. എന്തൊര് സ്പീഡിലാണ് എടുക്കുന്നത്. നമ്മൾ വിരലുകൾ ഉപയോഗിച്ചെടുക്കുന്നതിന്റെ ഇരട്ടി വേഗതത്തിലാണ് കാക്ക കൊക്കുകൊണ്ട് എടുക്കുന്നത്. എടുത്ത ഈർക്കിൽ എല്ലാം കൊക്കിൽത്തന്നെ വെച്ചിരിക്കുന്നു. മനുഷ്യർപോലും അത്രയും ഈർക്കലികൾ ഒരു കൈയിൽ അടുക്കിവെക്കുമ്പോൾ ഒന്നോ രണ്ടോ താഴേക്കു വീഴാം. അങ്ങിനെ ഒരു ഓല മുഴുവനും ഈർക്കിൽ ഇല്ലാതെ താഴോട്ട് തൂങ്ങിയപ്പോൾ അടുത്ത തേങ്ങിലേക്ക് പറന്നു.
പറക്കുമ്പോഴും എന്താ ശ്രദ്ധ? ഒരു ഈർക്കൽ പോലും താഴെ വീണില്ല. ആ തെങ്ങിൽ വേറൊരു കാക്ക ഇരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ഒരു ഓലയിൽ അടുത്തടുത്ത് ഇരുന്നു എന്തോ ആശയവിനിമയം നടത്തിയതുപോലെ തോന്നുമാറ് ഒന്നിച്ച് ഒരേ സ്പീഡിൽ പറന്ന്, കുറച്ച് ദൂരെയുള്ള ഒരു തെങ്ങിന്റെ മണ്ടയിലോട്ട് പോയി.
തേങ്ങയും ഓലയും നിറഞ്ഞ തേങ്ങായത് കാരണം പിന്നെ അവിടെ നടക്കുന്നത് ശരിക്ക് കാണാൻ എനിക്ക് സാധിച്ചില്ല. എങ്കിലും രണ്ടുപേരും കൂടി കൂട് കെട്ടിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി.
കുറച്ച് സമയം കഴിഞ്ഞപ്പോൾ രണ്ടുപേരും ഒരേ സ്പീഡിൽ ഒരേ ദിക്കിലേക്ക് പറന്നകന്നു. അപ്പോൾ നേരം തെളിഞ്ഞു വരുന്നതേയുള്ളൂ.
ആഹാരം തേടിപ്പോകുന്നതിന് മുൻപ് കുറച്ച് നേരത്തെ ഉറക്കം മതിയാക്കി സ്വന്തം പാർപ്പിടം ഭദ്രമാക്കിവെക്കുന്ന കാക്കകളെ ഞാനിന്ന് സ്നേഹിക്കുന്നു.
യാശോദ