അഞ്ച് കിലോമീറ്റർ അകലെയുള്ള സിബിഎസ്ഇ സ്കൂളിലെ ഭാരിച്ച പണികളെല്ലാം തീർത്ത് വീട്ടിലെത്തിയ അവളെ ഉമ്മറത്തെ കസേരയിലിരുന്ന് തീ പാറുന്ന മുഖത്തോടെയാണ് വല്യേട്ടൻ വരവേറ്റത്.
ഇന്നിനി എന്താണാവോ കോപിക്കാൻ എന്ന് ചിന്തിക്കുമ്പോളേക്കും ചോദ്യമെത്തി.
“ആരാ… ഈ വിനു?”
അവളും ആലോചിച്ചു..
“ഏത് വിനു?
“ഈ കത്തയച്ച വിനു ആരാന്ന്.?””ഏട്ടൻ അമറുന്നുണ്ട്. ഒപ്പം ഒരു ഇൻലാൻഡ് ലെറ്റർ നീട്ടി. അവളാ ലെറ്റർ വിറക്കുന്ന കയ്യോടെ വാങ്ങി. ഇന്നത്തെ തപാലിൽ വന്നതായിരിക്കണം. അവളൂഹിച്ചു. പൊട്ടിക്കേണ്ടി വന്നില്ല. ഏട്ടൻ തന്നെ കത്ത് പൊട്ടിച്ചിരിക്കുന്നു. അവൾക്കാകെ അങ്കലാപ്പായി. അവളുടെ കണ്ണുകൾ വരികളിലൂടെ ഉഴറിനടന്നു.
“എത്രയും പ്രിയപ്പെട്ട സന്ധ്യയ്ക്ക്, ഓർക്കുന്നുണ്ടോ എന്നെ?വിനുവാണ്. ബി എഡ്ന് ഒപ്പം പഠിച്ച വിനോദ്. ഓർക്കാൻ ഇഷ്ടമുണ്ടാവില്ല. എനിക്ക് മറക്കാനും… ”
“അതുപോട്ടെ… ജോലിക്ക് ശ്രമിക്കുന്നുണ്ടോ? ഞാൻ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട്.പ്രതീക്ഷയിലാണ്. അമ്മ നിന്നെ അന്വേഷിക്കാറുണ്ട്. നിനക്കൊരു കത്തെഴുതണമെന്ന് വിചാരിക്കുമ്പോഴെല്ലാം ഒരു മറുപടിക്കായി യുഗങ്ങൾ കാത്തിരിക്കേണ്ടി വരുമല്ലോ എന്ന ശങ്കയിൽ എറിഞ്ഞു കളഞ്ഞ പേനകൾക്കും ചുരുട്ടിക്കൂട്ടിയ പേപ്പറുകൾക്കും ഒടുവിൽ ഒരു സുഹൃത്തായി ഞാൻ നിന്നിൽ ഇടം തേടുകയാണ്…………………………………………. ”
തുടർന്നുള്ള വരികൾ അവൾ വായിച്ചില്ല. കത്ത് ഏട്ടന് തിരിച്ചുകൊടുത്തവൾ പറഞ്ഞു.
“ഈ കത്തിലുള്ള വിനു എന്റെ ആരുമല്ല. കൂടെ പഠിച്ചിരുന്നു…”
ഉറച്ച കാലുകളോടെ അവൾ അകത്തേക്ക് നടന്നു.