കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഹൈവേയോട് ചേര്‍ന്ന് പുതിയ കോട്ട എന്ന സ്ഥലത്താണ് ഹൊസദുര്ഗ്ഗ സ്ഥിതി ചെയ്യുന്നത്.
പാണ്ടികശാലയായി തുടങ്ങി പടത്താവളമായി മാറിയ കോട്ടയുടെ ചരിത്രത്തിലൂടെ ഒരു യാത്ര.
തെക്കന്‍ കാനറ അഥവാ കര്‍ണാടകയിലെ ബദിനൂര്‍ ആസ്ഥാനമായി നാട് ഭരിച്ച ഇക്കേരി നായ്ക്കന്മാര് 18 ആം നൂറ്റാണ്ടില്‍ നേത്രാവതിയും കടന്ന് തങ്ങളുടെ രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു.
1713-ല്‍ സോമശേഖര നായ്ക്കെന്ന ബദിനൂര്‍ രാജാവ് നീലേശ്വരം കൊട്ടാരത്തിലെത്തി രാജാവിനെ കണ്ട് തങ്ങളുടെ ചരക്ക് സൂക്ഷിക്കാന്‍ ഒരു കോട്ട പണിയണമെന്നും അതിനുള്ള സ്ഥലവും അധികാരവും നല്‍കണമെന്നും അറിയിച്ചു.
മഹാരാജാവ് നീലേശ്വരത്ത് നിന്നും 10 കിലോമീറ്റര്‍ മാറി കാഞ്ഞങ്ങാടിനോട് ചേര്‍ന്നുള്ള ഇരുപത്തിയാറ് ഏക്കര്‍ ഭൂമി കോട്ട പണിയാന്‍ വിട്ടു കൊടുത്തു.
കര്‍ണാടകയില്‍ നിന്നും കൂലിക്കാരെ കൊണ്ട് വന്ന സോമശേഖര നായ്ക്ക് പാണ്ടികശാല എന്നതിന് പകരം ആയുധ സംഭരണത്തിനും പ്രതിരോധത്തിനും ഉതകുന്ന രീതിയിലാണ് കോട്ട നിര്‍മ്മിച്ചത്.
കോട്ട മധ്യത്തില്‍ ഉയര്‍ന്ന് നില്ക്കുന്ന കൂറ്റന്‍ നക്ഷത്ര ഗോപുരവും കൊത്തളങ്ങളും നായ്ക്കന്മാമാരുടെ നിര്‍മ്മാണ ശൈലി വിളിച്ചോതുന്നു.
ശത്രുക്കള്‍ കോട്ടയില്‍ കടന്നാല്‍ രക്ഷപ്പെടാനുള്ള രഹസ്യ തുരങ്കങ്ങളും, വാതിലുകളും, ആയുധസംഭരണ മാര്‍ഗങ്ങളും കോട്ടയിലുണ്ട്.
പാണ്ടികശാലയെന്ന പേരിലുയര്‍ന്ന കോട്ടയ്ക്ക് സോമശേഖര നായ്ക്ക് ഹൊസദുര്ഗ്ഗ എന്ന് പേരിട്ടു. കന്നഡ വാക്കായ ഹൊസദുര്ഗ്ഗ എന്നാല്‍ പുതിയകോട്ട എന്നാണ് അര്‍ത്ഥം.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യുദ്ധസന്നാഹങ്ങളോടെ വന്ന ഇക്കേരി സേനാപതി സൂറപ്പ നായ്ക്ക് ഹൊസദുര്ഗ്ഗയില് താവളമുറപ്പിച്ച ശേഷം നീലേശ്വരം കൊട്ടാരത്തിലേക്ക് പടനയിക്കുകയും രാജ്യം പിടിച്ചെടുക്കുകയും ചെയ്തു.
1776 ല്‍ കേരളത്തിലേക്ക് പടനയിച്ച മൈസൂര്‍ ഭരണാധികാരി ഹൈദരാലി ഇക്കേരി നായ്ക്കന്മാരെ പരാജയപ്പെടുത്തിയതോടെ ഹൊസദുര്ഗ്ഗ മൈസൂരിന്റെ ഇടത്താവളമായി. പിതാവിന് ശേഷം അധികാരമേറ്റ ടിപ്പു സുല്‍ത്താന്‍ കോട്ട കൈവശം വച്ചു.
ടിപ്പുവിന്റെ പതനത്തോടെ കോട്ടയുടെ അധികാരം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു.
സ്വാതന്ത്രാനന്തരം അധികാരികളുടെ അനാസ്ഥ കൊണ്ട് പുതിയകോട്ടയുടെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ഇന്ന് സര്‍വ്വനാശത്തിലേക്ക് അടുക്കുകയും ചെയ്തിരിക്കുന്നു.