Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • നാഗനന്ദിനി നാഗയക്ഷി – 1
  • ഉണ്ണിയേശുവിന്റെ ചിരി
  • കൃതജ്ഞതയോടെ
  • സ്നേഹത്തിന്റെ ശേഷിപ്പുകൾ
  • എന്താണ് കുറവ്?
  • ഇണക്കത്തിലേക്കുള്ള ദൂരം
  • ദീപങ്ങളുടെ ഉത്സവം : ചരിത്രവും ഐതിഹ്യങ്ങളും
  • അതിരപ്പിള്ളി – മലക്കപ്പാറ:
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, November 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൃതജ്ഞതയോടെ
അനുഭവം ഓർമ്മകൾ ജീവിതം വീട്

കൃതജ്ഞതയോടെ

By Sujatha SurendranNovember 9, 20262 Comments8 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

“സുജാമേ… ഒന്നിങ്ങോട്ട് വാ.. ഈ പാത്രങ്ങൾ ഒന്ന് കഴുകി വെയ്ക്ക്.. ”

അടുക്കളയിൽ നിന്നുള്ള അമ്മയുടെ ഹൈപ്പിച്ച് അശരീരി കേട്ടില്ലെന്ന് നടിച്ചുള്ള ഒരു ഇരിപ്പുണ്ട് പണ്ട്, കുട്ടിക്കാലത്ത്. വീട്ടിലെ കഴിഞ്ഞകാല സന്ദർഭങ്ങളോട് സാമ്യമുള്ള പല രംഗങ്ങളും സംഭാഷണങ്ങളും പിൽക്കാലത്ത് സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ തീയേറ്ററിലെ ഇരുട്ടിൽ ഇരുന്ന് ഊറിചിരിക്കാറുമുണ്ട്.

പണികൾ തരാനായിട്ടുള്ള അമ്മയുടെ വിളികൾക്ക് ഏറെക്കുറെ ‘കമ്പിളിപ്പൊതപ്പ് കമ്പിളിപ്പൊതപ്പ്’ ലൈനിൽ തന്നെയാണ് അന്നത്തെ എന്റെ പതിവ് പ്രതികരണം. ഗോപാലകൃഷ്‌ണനെപ്പോലെ ‘കേൾക്കുന്നില്ലാ കേൾക്കുന്നില്ലാ’ എന്ന് പറയാൻ എന്റെ നാവ് തരിക്കാറുണ്ടെങ്കിലും ഈ മേട്രന്റെ വിളി കൈ എത്തും ദൂരെ നിന്നായത് കൊണ്ട് ആ ഉദ്യമം ബുദ്ധിപൂർവ്വം വേണ്ടെന്ന് വച്ചു. ഓടി വന്ന് കമ്പിളി പുതപ്പും ചേർത്ത് വച്ച് എന്നെ പഞ്ഞിക്കിടുമെന്ന് എനിക്കറിയാം. ചെയ്യുവാൻ ഞാൻ ഒട്ടും ഉദ്ദേശിച്ചിട്ടില്ലാത്ത ആ ജോലിയും പറഞ്ഞ് അമ്മ കൂവി വിളിക്കുമ്പോൾ അതുവരെയില്ലാത്ത പഠിപ്പിസ്റ്റ് എങ്ങുനിന്നെന്നറിയാത്ത വിധം എന്നിൽ ആവേശിക്കും.

‘എനിക്ക് പഠിക്കാന്റ്’ എന്ന്‌ മീനത്തിൽ താലികെട്ടിലെ പന്ത്രണ്ടാം ക്ലാസ്സുകാരന്റെ സ്റ്റൈലിൽ അന്നത് പറയുമ്പോൾ അമ്മ അതിലെ തിലകനെപ്പോലെ കണ്ണിൽ ചോരയില്ലാത്ത രക്ഷിതാവായി മാറും.

“വീട്ടിലെ എന്തെങ്കിലും പണികൾ പറയുമ്പോ നിന്റെ ഈ വടി വിഴുങ്ങിയ പോലെയുള്ള ഈ ഇരിപ്പുണ്ടല്ലോ അതത്ര നന്നല്ല. നാളെ മറ്റൊരു വീട്ടിൽ ചെന്ന്‌ കയറാനുള്ള പെണ്ണാ… ”

ഓ..പിന്നേ.. ഞാൻ അവരുടെ വീട്ടിൽ പാത്രം കഴുകാൻ ആണോ പോണേ എന്ന ആത്‍മഗതത്തോടെ ചവിട്ടി മെതിച്ച് അടുക്കള ലക്ഷ്യമാക്കി നീങ്ങും. അന്ന് ആത്മഗതത്തിനും ചവിട്ടിക്കൂട്ടിയുള്ള നടപ്പിനും നല്ല ഡിമാൻഡ് ആയിരുന്നു എന്റെ കാര്യത്തിൽ. കാരണം പ്രതിഷേധ പ്രകടനത്തിന് അതിലും അപകടസാധ്യത കുറഞ്ഞ ഉപാധികൾ വേറെ ഇല്ലായിരുന്നു.

‘എന്താടോ വാര്യരെ ഞാൻ നന്നാവാത്തെ? ഞാൻ നന്നാവില്യ, എന്താന്ന് ചോദിച്ചാൽ ഞാൻ ഇങ്ങനന്യ..’

മംഗലശ്ശേരിക്കാരൻ താന്തോന്നിക്ക്, സന്തതസഹചാരിയായ വാര്യരോട് അത് പറയാനുണ്ടായ ചങ്കൂറ്റം അന്നെനിക്കില്ല. കാരണം ഉത്തരത്തിൽ തിരുകിയ ചൂരൽ എന്നൊരു സാധനം അന്ന് മംഗലശ്ശേരിയിൽ ഇല്ല, പക്ഷേ എന്റെ വീട്ടിൽ ഉണ്ടായിരുന്നു!

ദീർഘദർശിയായ അമ്മ പണ്ട് ഉത്സവപ്പറമ്പിൽ നിന്നും വാങ്ങി തെക്കേ ഇറയത്തിന്റെ ചായ്ച്ചിറക്കിയ ഉത്തരത്തിൽ തിരുകി വയ്ക്കുന്നത് കണ്ടപ്പോൾ ഞാൻ ഈർഷ്യയോടെ ചിന്തിച്ചു. മാല,വള,കമ്മൽ,പൊട്ട്, ചാന്ത്, ചീപ്പ്,സ്ലൈഡ്,കണ്ണാടി, കളിപ്പാട്ടങ്ങൾ, പൊരി, ഈത്തപ്പഴം തുടങ്ങിയവ മാത്രം വിൽക്കേണ്ട ആ സ്ഥലത്ത് എന്തിനീ സാധനം വിൽക്കുന്നു? അന്യായമല്ലേ അത്!മനസ്സിൽ പൊന്തിവന്ന ആ ന്യായമായ ചോദ്യത്തിന് മാത്രം ഉത്തരമില്ല.

ഉത്തരമില്ലാത്ത ആ സാധനത്തിന്റെ ഉത്തരത്തിലെ ഇരിപ്പിന്റെ ഒരു ഗമ..!

മംഗലശ്ശേരിയിലെ പൂമുഖത്തെ ഉത്തരത്തിലും പണ്ട് അങ്ങനെയൊന്ന്  ഉണ്ടായിരുന്നെങ്കിൽ, ആ നീലകണ്ഠൻ ഇത്രക്ക് ഗജപോക്കിരി ആവില്ലായിരുന്നു..

എന്നേ നന്നായേനെ എന്നെപ്പോലെ !

മടിയുടെ കമ്പിളിപ്പുതപ്പ് നീക്കി പുറത്ത് വന്ന് നേരെ അടുക്കളയിലെത്തി പാത്രങ്ങളോട് മല്ലിട്ട് അരിശം തീർക്കുകയല്ലാതെ മറ്റ് പോംവഴികൾ ഒന്നുമില്ല. ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന് മനസ്സിൽ പറഞ്ഞ് പാത്രങ്ങൾ ഇട്ട് കുത്തിയും ഞെണക്കിയും ശബ്ദമുണ്ടാക്കുമ്പോൾ വീണ്ടും അമ്മയുടെ ഭീഷണി.

“സുജേ.. ഞാൻ വരണോ അങ്ങോട്ട്?

‘ഇത് ഞാനല്ല..’ എന്ന മട്ടിൽ തന്നിൽ അടിച്ചേല്പിച്ച ജോലി വേഗം ചെയ്ത് തീർത്ത് തിരിഞ്ഞ് നടക്കുമ്പോൾ അടുക്കളയിലെ സ്ഫടികജാറിന്റെ വിൻഡോസീറ്റിൽ ഇരുന്ന് പെരിങ്ങാവ്സ്വാമിയുടെ കൈപ്പുണ്യമായ ലഡ്ഡു എന്നെ നോക്കി അവളുടെ മുന്തിരി കണ്ണുകൾ അടച്ച് മിഴിച്ചു, കൽക്കണ്ടപ്പല്ല് കാട്ടി ചിരിച്ചു.

‘പോരുന്നോ കൂടെ?’ എന്നൊന്ന് ചോദിക്കാതിരിക്കാൻ വയ്യ! അതൊന്ന് കേൾക്കാൻ കാത്തിരുന്ന പോലെയാണ്‌ അവളും! കട്ടുത്തീറ്റയുടെ രസമൊന്ന് വേറെയാണ്. പ്ലാസ്റ്റിക്ക് ഡബ്ബയിലിരുന്ന് എല്ലാം കാണുന്ന കാച്ചിയ പപ്പടം എന്നോട് ചോദിച്ചു.

“കള്ളീ.. കുറച്ച് കഞ്ഞി എടുക്കട്ടെ? കഞ്ഞീം പപ്പടോം നല്ല കോമ്പിനേഷനാ…”

എന്നെ കഞ്ഞീ എന്നാണോ കള്ളീ എന്നാണോ സംബോധന ചെയ്തത് എന്നുള്ള ആശയക്കുഴപ്പത്തിനിടയിലും ഞാൻ പറഞ്ഞു.

‘ഇപ്പോ വേണ്ട കുറച്ച് കഴിയട്ടെ..’

കലങ്ങാത്ത ഹോർലിക്‌സ് അടിയിൽ കട്ടപ്പിടിച്ച ഗ്ലാസ്സ്, കലങ്ങിയില്ലാ… എന്ന് പറഞ്ഞ് തിരികെ അമ്മക്ക് കൊടുക്കുന്ന അപ്പുക്കുട്ടനെപ്പോലെ നെടുവീർപ്പിട്ട് അടുക്കളയിൽ നിന്നും പുറത്ത് കടന്ന് പിന്നിലെ വരാന്തത്തിണ്ണയിൽ കീഴ്പ്പോട്ട് കാലിട്ടിരുന്ന് താളത്തിലാട്ടി കൊണ്ട് കട്ടെടുത്ത ലഡ്ഡു അകത്താക്കാൻ തുടങ്ങി.

എന്റെ വായ അനങ്ങുന്നത് നോക്കി നടക്കുന്ന ഒരുത്തിയുണ്ട് വീട്ടിൽ, എന്റെ അനുജത്തി.. ലഡ്ഡുവാണ് കൈയിൽ എന്ന് മനസ്സിലാക്കി ഞാനിരിക്കുന്ന തിണ്ണയുടെ തൂണിന്റെ മറവിലൂടെ ‘ഓർമ്മയുണ്ടോ ഈ മുഖം?’ എന്ന മട്ടിൽ എത്തി നോക്കി. വെളുക്കെ ചിരിച്ച് തലയാട്ടുന്ന അവളുടെ കുസൃതി നിറഞ്ഞ മുഖം. തൊണ്ടിമുതൽ ദൃക്സാക്ഷിക്ക് പങ്ക് വയ്ക്കാതിരിക്കാനുള്ള വെപ്രാളത്തിൽ തിണ്ണയും എടുത്ത് ചാടി മുറ്റത്തേക്ക്. ‘ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നിട്ടുള്ളവനാണീ…’
ദാ… കിടക്കുന്നു മുറ്റത്ത്‌ വിരിച്ചിട്ട ചരലിൽ മൂക്കുംകുത്തി. ലഡ്ഡു തന്ന എനർജിയിൽ എഴുന്നേറ്റ് നിന്ന്,
‘വീണതല്ല, സാഷ്ടാംഗം പ്രണമിച്ചതാ…’ എന്നും പറഞ്ഞ് എഴുന്നേറ്റ് പൊടിയും തട്ടി ഓടുമ്പോൾ,അവൾ ഓടി അകത്തേക്ക്, ഞാൻ ലഡ്ഡു തട്ടിയ കാര്യം വള്ളി പുള്ളി വിടാതെ അമ്മയോട് പറയാൻ..

വീണ്ടും അമ്മയുടെ നീട്ടിയുള്ള വിളി.

സുജേ……..

മൂന്ന് സീനിയർ സിറ്റിസൺസ്‌ മാറി മാറി വിളിക്കുമ്പോൾ വശക്കേടാവുന്ന ബാലാമണിയെ, ഞാൻ അന്നറിയുമെങ്കിൽ ഈ ഡയലോഗ് മനസ്സിലെങ്കിലും പറഞ്ഞേനേ…

“ബാലാമണി പോയി,ബാലാമണി കല്യാണം കഴിഞ്ഞ് ചെക്കന്റെ കൂടെ പോയി”

നന്നായി.. ഇതൊന്ന് ഉറക്കെ പറയേണ്ട താമസമേയുള്ളൂ, നെടുംപുറം എപ്പോൾ പള്ളിപ്പുറമായി എന്ന് മാത്രം ചോദിച്ചാൽ മതി.

പണ്ടൊരു പാട്ട് പാടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. പാട്ട് ഭ്രാന്തിയായ എനിക്ക്, കേൾക്കുന്ന പാട്ടുകൾ ഇഷ്ടപ്പെട്ടാൽ എഴുതി വെയ്ക്കുകയും മൂളിനടക്കുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ട്. ഒരു ദിവസം വീടിന്റെ ഓരോ മുറികളും അടിച്ച് വാരി വൃത്തിയാക്കുമ്പോൾ ഞാൻ ഉള്ള് തുറന്ന് പാടി..

 

“ഒരു മുറി മാത്രം തുറക്കാതെ വയ്ക്കാം ഞാൻ
അതിഗൂഢമെന്നുടെ ആരാമത്തിൽ… ”

മുറി തൂത്തുവാരി വൃത്തിയാക്കുമ്പോൾ പാടാൻ പറ്റിയ ഇതിലും നല്ല പാട്ടുണ്ടോ? നിങ്ങൾ തന്നെ പറ..
ആ സന്ദർഭത്തിന് പറ്റിയൊരു പാട്ട്, അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളു.. മൂന്നാം തവണയും ഈ വരികൾ തന്നെ പാടിക്കഴിഞ്ഞ് തല ഉയർത്തി നോക്കുമ്പോൾ രണ്ട് ഒക്കത്തും കൈകൾ കുത്തി എന്നെ തുറിച്ച് നോക്കി നിൽക്കുന്ന അമ്മ.

“ഇനി മേലാൽ ഈ പാട്ട് ഇവിടെ പാടിപ്പോകരുത്” എന്ന ഉഗ്രശാസനവും!

‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്’ എന്നറിയാം. പക്ഷേ ഞാൻ പോളണ്ടിനെക്കുറിച്ച് ഒന്നുമല്ലല്ലോ പാടിയത്. എനിക്കൊന്നും പിടികിട്ടിയില്ല. ഈ വീട്ടിലൊരു പാട്ട് പാടാനുള്ള സ്വാതന്ത്ര്യവുമില്ലേ?പിന്നീട് കിരീടത്തിലെ പ്രായപൂർത്തി ആവാത്ത ഇളയ സന്തതി ഐബ്രോ പെൻസിൽ കൊണ്ട് മീശ വരച്ചപ്പോഴുണ്ടായ ഊണുമേശയിലെ വിമർശനങ്ങൾ കേട്ടപ്പോൾ അവന്റെ വ്യഥ മനസ്സിലാക്കിയ ഒരു അനുഭവസ്ഥ എന്ന നിലക്ക് ഞാൻ പറഞ്ഞു,

“സാരല്യഡോ.. സീനിയേഴ്‌സ് എന്ന കട്ടപ്പാരകൾ എല്ലാ വീട്ടിലും ഉള്ളതാ.. ”

കൈയ്യിലെ ചൂല് താഴെയിട്ട് ഓം:ശാന്തി ഓശാനയിലെ നസ്രിയ കണക്കെ താടിയിൽ ചൂണ്ടുവിരൽ ചേർത്ത് വച്ച് കുറെ നേരം ആലോചിച്ചു.. എന്തായിരിക്കും അമ്മയെ പ്രകോപിപ്പിച്ച ആ പാട്ടിലെ പ്രധാന ഘടകം?എന്തായിരിക്കും ആ ഭീഷണിക്ക് പിന്നിലെ ഹേതു? എന്തിനും ഏതിനും ഒരു കാരണം ഉണ്ടാവുമല്ലോ? ആ വരികൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എന്ന് ഒക്കെയുള്ള കുറെ ചോദ്യങ്ങൾ.

ഏറെ നാൾ കഴിഞ്ഞിട്ടായാലും ‘ഉണ്ട്.. ഉണ്ട്.. കൊഴപ്പമുണ്ട്’ എന്ന് ഉത്തരം. ഒരു ആന്തരാർത്ഥവും ചികയാതെ വെറുതെ പാട്ട് മാത്രം ആസ്വദിച്ചിരുന്ന ഏറെ നിഷ്‌ക്കളങ്കയായിരുന്ന ഈ ഞാൻ അതിന്റെ അർത്ഥം തിരഞ്ഞ് പോകാൻ നിർബന്ധിതയായി.

ങാഹാ.. കുഴപ്പമുണ്ടെങ്കിൽ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം. അറിഞ്ഞപ്പോൾ “അമ്പട ഞാനേ.. ” എന്നായിപ്പോയി. ഇനി ആ ശ്രുതിമധുരവും സമ്പുഷ്ടമായ അർത്ഥവ്യാപ്തിയും ഉള്ള ആ നിത്യഹരിത മനോഹരഗാനം
നിങ്ങൾ ഒന്നുകൂടി ശ്രദ്ധിക്കുമെന്ന് എനിക്കുറപ്പുണ്ട്. അന്നുകാലത്ത് പ്രായപൂർത്തി ആവാത്ത കുട്ടി പാടിയത് മാത്രമാണ് പ്രശ്നം എന്നോർക്കണം!

ബാലാമണിയെ ഞെട്ടിയെണീപ്പിക്കാൻ, ചിന്തകളുടെ കമ്പിളി വലിച്ച് നീക്കിക്കൊണ്ട് അമ്മയുടെ വിളി വീണ്ടും..

“സുജേ.. കഴുകി വച്ച തുണികൾ ഒക്കെ മുറ്റത്തെ അയയിൽ ഒന്ന് വിരിച്ചിട്ടേ… ഇതൊക്കെ എന്നും പറയണോ?”

“കഴീമ്പോ കഴീമ്പോ പണി തരാൻ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതം ആണോ?” അമ്മയുടെ ഇളയ കുട്ടിഭൂതം, കുഞ്ഞിമോളെന്ന ലേബലിൽ സുഖിച്ച് ഏഷണികുന്തമായി നടക്കുന്നത് കാണുമ്പോഴാണ് എനിക്ക് അതിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നാറുള്ളത്.

ആരോട് പറയാൻ,ആര് കേൾക്കാൻ?

അതുകൊണ്ട് അധികം തർക്കത്തിനും തകരാറിനും നിൽക്കാതെ തുണികൾ പിഴിഞ്ഞ് വച്ചിടത്തേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ആത്‍മഗതം രൂപാന്തരം പ്രാപിച്ച് കുറച്ച് ഉറക്കെ ആയിപ്പോയി.

“അറിയാൻ പാടില്ലാത്തോണ്ട് ചോദിക്ക്യാ.. രണ്ട് കൊല്ലായിട്ട് ഇവിടെ അലക്കും നനയും ഒന്നുമില്ലേ…?”

കേട്ടു വന്ന അമ്മയുടെ മുഖകമലം നിറയെ പരമപുച്ഛം!

“പിന്നെ പിന്നേ… നീയിപ്പോ ബിലായീന്ന് ലാൻഡ് ചെയ്തല്ലേ ഉള്ളൂ.. ഒന്നും അറിയാത്ത പോലെ.. അന്നന്നത്തെ തുണികൾ അവനവൻ അലക്കിയാൽ ആകെയുള്ള ഒരു അവധിദിവസം ഇങ്ങനെ ഞാൻ കഷ്ടപ്പെടണോ?”

 

‘മതീ.. തിർപ്പ്തി ആയി..’ കിട്ടേണ്ടത് കിട്ടി.. ഇനി ‘ഒന്നും അറിയാത്ത പോലെ നിൽക്കാം..’

ഇനിയെന്താണാവോ അടുത്ത ജോലി ഈ ട്രെയിനിങ് സെന്ററിൽ എന്ന് പിറുപിറുത്ത് ഏൽപ്പിച്ച ജോലി ഭംഗിയാക്കി. തരുന്ന ജോലിയെല്ലാം മറ്റൊരു വീട്ടിലേക്കുള്ള ട്രെയിനിങ് ആണെന്നാണല്ലോ വെപ്പ്. ആ ട്രെയിനിങ്ങിന്റെ ഭാഗമായി പണിയെടുത്ത് ക്ഷീണിച്ച ഞാൻ ‘വിശ്രമവേളകൾ വിനോദകരമാക്കാം’ എന്ന ഉദ്ദേശത്തോടെ കുറച്ച് പാട്ട് കേൾക്കാം എന്ന് ചിന്തിച്ച് തളത്തിലേക്ക് ചെന്നപ്പോൾ അനിയത്തി സജിത, ആസ്ഥാന പഠിപ്പിസ്റ്റ് ഊണുമേശയിൽ സ്ഥാനം പിടിച്ച് പുസ്തകവും തുറന്ന് വച്ച് അയൽപ്പക്കക്കാരെ കൂടി ജ്ഞാനികൾ ആക്കുവാനുള്ള പുറപ്പാടിലാണ്. ഉച്ചത്തിലുള്ള വായിച്ച് പഠിത്തം. ഭരണപക്ഷവുമായി സ്വാധീനമുള്ള രാഷ്ട്രീയക്കാരെപ്പോലെ അഹന്തയുടെ പര്യായമായി അവൾ എനിക്ക് മുന്നിൽ നാൾക്കുനാൾ പടർന്ന്‌ പന്തലിച്ചു.
എന്നെയൊന്ന് കൊച്ചാക്കാനുള്ള ആസൂത്രിതപരിപാടിയും കൂടിയാണ് അവിടെ അന്ന് നടന്നത്. മുൻപും ഇത്തരം രംഗങ്ങൾ അരങ്ങേറിയിട്ടുണ്ട്.

“എന്ത് പ്രഹസനമാണ് സജി?”എന്ന് ചോദിച്ച് തിരിഞ്ഞപ്പോഴതാ വലിയമ്മയുടെ രംഗപ്രവേശം.

പഷ്ട്ട്! ഈ ഒരു അവതാരത്തിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ക്വാറം ഫുൾ!ആളും കട്ടപ്പാരയാണ്‌ എനിക്ക്. പരീക്ഷയുടെ തലേന്ന് പോലും റേഡിയോയിലെ ‘നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ’ എന്ന വൈകുന്നേരത്തെ പരിപാടിയുടെ സ്ഥിരം ശ്രോതാവായ എന്നെ ഫ്യൂസ് ഊരി കരണ്ട് പോയതായി പറഞ്ഞ് പറ്റിച്ച മൂവർ സംഘത്തിലെ മുഖ്യപ്രതിയാണ് ഈ വലിയമ്മ. മറ്റ് രണ്ട് കൂട്ടുപ്രതികൾ ആരൊക്കെ ആയിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ? അന്നത്തെ ഏകവിനോദോപാധി ആയ റേഡിയോയിലെ പാട്ടിന്റെ നേരം ആകുമ്പോഴുള്ള ആ സ്ഥിരം വൈദ്യുതി നിലയ്ക്കലിൽ എന്തോ പന്തികേട് മണത്ത എന്നിലെ സി ബി ഐ അഞ്ചാം ദിവസമായപ്പോൾ ഉണർന്നെണീറ്റു.

അരസികജന്മങ്ങളായ ആ വില്ലത്തികൾ മൂന്നും മുറ്റത്തെ മെയിൻ സ്വിച്ചിന് താഴെ നിന്ന് പരുങ്ങുന്നതും ഫ്യൂസ് ഊരുന്നതും കൈയ്യോടെ പിടിച്ചു. കറന്റ്‌ പോയാലും മെഴുകുതിരി കത്തിച്ച് വച്ച് കുട്ടികളെ പഠിക്കുവാൻ നിർബന്ധിക്കുന്ന ഒരു കാടൻ സമ്പ്രദായം അന്ന് നിലവിൽ ഉണ്ടായിരുന്നു.

‘ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി’
എന്ന ഈ നയം ഒട്ടും ശരിയല്ല എന്ന് ഞാൻ ശക്തമായിത്തന്നെ വാദിച്ചു. അച്ഛൻ എന്റെ ഒപ്പം നിന്നു. ന്യായത്തിന്റെ ഭാഗത്ത്‌.

രംഗപ്രവേശം ചെയ്ത വല്യമ്മക്ക് ഡയലോഗ് ഒന്നുമില്ലേ എന്ന് നോട്ടം കൊണ്ട് ആരാഞ്ഞ് നിന്നപ്പോഴുണ്ട് പതിവ് തെറ്റിക്കാതെ അതാ വരുന്നു, മുഴുനീളൻ സുരേഷ് ഗോപി ഡയലോഗ് പോലെ ഒന്ന്..

“കടോടി നടക്കുന്ന നിനക്കൊന്നും പഠിക്കാനില്ലെന്ന് വച്ച് നിന്നെക്കാൾ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന അവൾക്ക് പഠിക്കണ്ടേ, നിനക്ക് കഷ്ടിച്ച് ജയിച്ചാൽ മതിയല്ലോ കിണ്ണത്തിന്റെ വക്കത്തെ കടുകുമണി പോലെ, പക്ഷേ അവളുടെ ലക്ഷ്യം ഒന്നാം റാങ്കാ… നീ ശല്യം ചെയ്യണ്ട അവളെ.. ” ഉപമയും ഉൽപ്രേക്ഷയും വച്ചുള്ള ആ ശകാരവർഷം കേട്ട് കഴിഞ്ഞപ്പോൾ ഭരത് ചന്ദ്രൻ ഐ പി എസ് നെപ്പോലെ വെട്ടിതിരിഞ്ഞ് ചവിട്ടിക്കുത്തി നടന്ന് ഒരു ഷിറ്റ് കൊണ്ട് അമർഷം ഒതുക്കി. ഇംഗ്ലീഷ് പരിജ്ഞാനം വലിയമ്മക്ക് ലേശം കുറവായത് കൊണ്ട് രക്ഷ! എല്ലാം കേട്ടിരുന്ന ആ കുഞ്ഞിപ്പാരയെ ആയിരുന്നു എനിക്ക് പേടി. ആ പറഞ്ഞതിന്റെ സ്പെല്ലിങ്ങും അർത്ഥവും ഒക്കെ പറഞ്ഞ് കൊടുക്കുമോ എന്ന്. എന്തായാലും അതുണ്ടായില്ല.. ഭാഗ്യം!

പാട്ട് കേൾക്കൽ സ്വാഹാ.. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’
എന്ന് സ്വയം സമാധാനിപ്പിച്ചു. നാളെയുടെ ഒരു ഫസ്റ്റ് റാങ്ക് ഹോൾഡർക്ക് വേണ്ടി നമ്മുടെ ഇഷ്ടങ്ങളൊക്കെ വേണ്ടെന്ന്‌ വയ്ക്കുന്ന ത്യാഗം ചെയ്തല്ലേ ഒക്കൂ. ‘നിനക്ക് പറ്റും,നിനക്കേ അത് പറ്റൂ’ എന്ന് ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിച്ചു. ചേച്ചി ആയി പോയില്ലേ..? തന്നെയുമല്ല,

‘മ്മള് ജയിക്കാത്തിടത്ത് വേറൊരാൾ ജയിക്കാൻ മ്മള് കാരണമാകുന്നതും മ്മടെ ജയം തന്നെയാ….’

‘എങ്ങനേണ്ട് എങ്ങനേണ്ട്?’

നേരെ പോയി മുറിയിൽ കയറി. ‘ഞാനായിട്ട് ആരേം ബുദ്ധിമുട്ടിക്കില്യ..’ പഠിക്കുന്നവർ പഠിക്കട്ടെ..നമ്മൾക്ക് നൂറിൽ അമ്പത് മാർക്ക്‌ കിട്ടിയാൽ നമ്മൾ ഹാപ്പി. അതിനുള്ളത് മാത്രം പഠിച്ച് ബാക്കി സമയം മുറ്റത്തെ റോസാപ്പൂ വിരിഞ്ഞോ, വീടിന്റെ വരാന്തയ്ക്ക് മൂലയിലെ കിളിക്കൂട്ടിൽ മുട്ട വിരിഞ്ഞ് കുഞ്ഞു ശബ്ദത്തിൽ കരയുന്ന തൊപ്പിക്കിളിക്കുഞ്ഞുങ്ങൾ പറക്കാറായോ, അതോ പറന്നുപോയോ, കിണറ്റിലെ ബ്രാൽ കുട്ടൻ ഇന്ന് എന്തെടുക്കുന്നു, ചക്കയിലും, മാങ്ങയിലും, പപ്പായയിലും സ്വന്തം പേര് കൊത്തിവച്ച് ഇന്നലെ പറന്നു പോയ ചിന്നകുട്ട്രീവൻ എന്ന പച്ചക്കിളി ഇന്നും വന്നോ, കിഴക്കേപ്പുറത്തെ ചുവന്ന ആറുമാസപ്പൂവിലെ തേനുണ്ണാൻ ചിത്രശലഭങ്ങൾ എത്രയെണ്ണം വന്നു എന്നൊക്കെ പിന്നെ ആരുനോക്കും, ഞാനും അവളെപ്പോലെ പുസ്തകപ്പുഴു ആയാൽ!

എങ്കിലും കഥാപുസ്തകവായന, അതെനിക്ക് ഇഷ്ടാണ്. ആർക്കും ചേതമില്ലാത്ത ശല്യമില്ലാത്ത കാര്യമല്ലേ? ഒരു കഥാപുസ്തകം കൈയ്യിലെടുത്ത്,കിടന്ന് വായന തുടങ്ങി.. എന്താണാവോ പുസ്തകം എടുത്താൽ അപ്പോൾ വരും ഉറക്കം! എന്നേക്കാൾ മുന്നേ നിദ്രാദേവിയാണ്‌ പുസ്തകത്തിലേക്ക് എത്തിനോക്കുക. പുസ്തകം നെഞ്ചോട് കമിഴ്ത്തി വച്ച് സുഖനിദ്ര..

“നേരെ മനസ്സിലേക്ക് ബുക്കിന്റെ പ്രിന്റ് എടുക്കുകയാണോ മോളെ”

അച്ഛനാണ്!

ഞാൻ കിടന്ന് പഠിക്കുമ്പോൾ ഉറങ്ങി പോയെന്നാണ് ധാരണ. അച്ഛന്റെ ഒരു ‘ക്വാമഡി ക്വാമഡി.’ ബാക്കി അമ്മയുടെ വകയാണ്, “അതിന് അവൾ പഠിക്കുന്ന പുസ്തകത്തിൽ നിന്നൊന്നുമല്ലന്നേ പരീക്ഷക്ക്‌ ചോദ്യങ്ങൾ വരുന്നത്. പ്രിന്റ് ഒക്കെ വേസ്റ്റ്!”

 

‘ജാങ്കോ.. നീയറിഞ്ഞാ,ഞാൻ പെട്ടു..’

തുല്യശക്തികളുടെ ഒത്ത നടുക്കാണ് പെട്ടിരിക്കുന്നത്. എളുപ്പമല്ല ഊരിപ്പോരൽ.. നെറ്റിയിൽ മുഷ്ടി ചുരുട്ടി വച്ച് ആകെ വലഞ്ഞ എക്സ്പ്രഷൻ ഒക്കെ ഇട്ട് ഞാൻ പറഞ്ഞു

“ഹോ.. പണിയെടുത്തെന്റെ നടു ഒടിഞ്ഞു. അതാ എനിക്ക് ഉറക്കം വന്നത്. എന്റെ ജീവനെടുക്കും എല്ലാരുംകൂടെ.. ”
എന്റെ ഭാവാഭിനയം കണ്ട് അവർ രണ്ടുപേരും കുലുങ്ങിച്ചിരിച്ചു.

അമ്മയുടെ ഒരു ഭാവികാലപ്രവചനം.
“പിന്നേ… ജീവൻ പണയം വച്ചല്ലേ എല്ലാരും വീട്ടിലെ ജോലികൾ ചെയ്യണേ?
ഒന്ന് പോ പെണ്ണേ… ഈ ചെയ്യുന്നതൊക്കെ നിന്റെ സ്വയംപര്യാപ്തതക്ക് ഉപകരിച്ചെന്ന് നീ തന്നെ നാളെ പറയും. ”

അന്നെനിക്ക് അങ്ങനെയൊന്നുമല്ല തോന്നിയത് എങ്കിലും, ഇന്ന് ആലോചിക്കുമ്പോൾ തോന്നുന്നു ആ പറഞ്ഞതിൽ ഒട്ടും പതിരില്ലെന്ന്!

‘മൂത്തവർ ചൊല്ലും മുതുനെല്ലിക്കയും മുൻപേ കൈയ്ക്കും പിന്നെ മധുരിക്കും.’

പാതി ചെയ്ത് വച്ച ജോലികൾ മുഴുവനാക്കാൻ അവർക്ക് അറിയാതെയല്ല, കെല്പില്ലാഞ്ഞുമല്ല. നാളെ ഒരു കാര്യവും ചെയ്യാൻ അറിയാതെ കുഞ്ഞുങ്ങൾ വലയരുത് എന്ന് ചിന്തിച്ചിട്ട് തന്നെയാണ്. പറക്കമുറ്റിയാൽ പക്ഷികൾ വരെ കുഞ്ഞുങ്ങളെ സ്വയം ഭക്ഷണം തേടാൻ കൊത്തിയാട്ടുന്നു ആൺപെൺ വ്യത്യാസമില്ലാതെ. കാഴ്ചക്ക് അതൊരു ദാക്ഷിണ്യമില്ലാത്ത പെരുമാറ്റമായി തോന്നിയാലും പ്രകൃതിയുടെ സ്ഥായിയായ ചിട്ടപ്പെടുത്തലുകളാണ് എല്ലാം. അന്ന് ശീലിപ്പിച്ചെടുത്തത് ഒന്നും പാഴായില്ല എന്ന് നന്ദിയോടെ ഓർക്കുകയാണിന്ന്.. നമ്മൾ ശീലിപ്പിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും നമ്മുടെ മക്കളും നാളെ നമ്മെ കൃതജ്ഞതയോടെ ഓർക്കുമാറാകട്ടെ…

#പണ്ട് ഞാനൊരു കുട്ടിയായിരുന്നപ്പോൾ

(>✍🏻സുജാത നായർ✍🏻<)

4
Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

2 Comments

  1. Nikson on November 9, 2026 9:10 PM

    👍👍👌👌

    Reply
  2. Joyce Varghese on November 9, 2026 8:37 PM

    ഒന്നാന്തരം ബ്ലോഗ്. രസിപ്പിച്ചു, 😀
    എന്റെ ബാല്യകാലത്തിലേക്ക് എന്നെ പറപ്പിച്ചു. പുട്ടിന് നാളികേരം പോലെയിട്ട കോമഡികൾ, സിനിമ ഡയലോഗിനൊപ്പം അടർത്തി വായിലിട്ട് നുണഞ്ഞ് ചിരിച്ചു.
    ഹമ്പോ എന്തൊരെഴുത്ത്.👌

    എഴുത്തിന് 😀😀👏👏
    എഴുത്താൾക്ക് 🫂🫂❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.