ചൂടായിത്തുടങ്ങി.
അന്വേഷണത്തിന് ഇനിയും ഒരു തുമ്പായിട്ടില്ല.
ഒരാൾ പറയുന്നു ഇവിടെ കണ്ടതാണല്ലോ..
അല്ലല്ല, ഇവിടെയല്ല അവിടെയാണെന്ന് മറ്റൊരാളും.
എത്ര നേരമെന്നു വച്ചാണ് അന്വേഷിക്കുക?
കാണാവുന്നിടത്തെല്ലാം തിരഞ്ഞു.
അല്ല, എന്നോട് ചൂടായിട്ട് എന്താ കാര്യം?
ചൂടാവുകയല്ല തിളയ്ക്കുകയാണ്.
ഇനിയും നോക്കി നിന്നാൽ പണി പാളും.
വേഗം തന്നെ കിച്ചൺ ഡ്രോവർ തുറന്ന് നല്ല മുനയുള്ളൊരു കത്തിയെടുത്തു. ഇതെങ്കിൽ ഇത്..
സ്റ്റൗവിന്റെ ഫ്ലെയിം കുറച്ച് വച്ച് പപ്പടങ്ങൾ ഓരോന്നായി ആ തിളച്ചവെളിച്ചെണ്ണയിലേക്ക് ഇടാൻ തുടങ്ങി. പോളച്ച് വരുന്ന ഓരോന്നിനേയും കത്തിത്തുമ്പാൽ കുത്തിക്കോർത്തെടുത്തു. അല്ലെങ്കിലും പപ്പടം വറുക്കാൻ പപ്പടംകുത്തി തന്നെ വേണമെന്നാരാ പറഞ്ഞത്? അരിച്ച് പെറുക്കിയിട്ടും കണ്ടെത്താനാവാത്ത സ്ഥിതിക്ക് പുള്ളിയെ പിടികിട്ടാപ്പുള്ളിയായി ഞാനങ്ങ് പ്രഖ്യാപിച്ചു. അല്ലാതെ എന്റെ കൂട്ടുപ്രതിയും കൂടപ്പിറപ്പുമായ മറവിയെ ശിക്ഷിക്കണോ?😌
✍️ഫാബി നിസാർ