ജനുവരിയിൽ പെണ്ണ് കണ്ട്, ജനുവരിയിൽ തന്നെ മനസമ്മതവും കല്യാണവും കഴിഞ്ഞ് കല്യാണിയായ പെൺകുട്ടി കെട്ടുകല്യാണത്തിന് ശേഷം വിരുന്നു കല്യാണത്തിന് (ഇന്നൊക്ക റിസപ്ഷൻ ന്നാണ് പറയാ… ) ആദ്യമായി പയ്യന്റെ കൂടെ റോസപ്പൂവൊക്കെ ഒട്ടിച്ചു അലങ്കരിച്ച ടാറ്റാ സുമോയിൽ ഡ്രൈവറിനടുത്തുള്ള സീറ്റിൽ ഞെങ്ങി ഞെരുങ്ങിയിരുന്ന് ജീവിതയാത്ര തുടങ്ങുകയാണ്.
വിൻഡോ സീറ്റിനോട് ചേർന്നിരിക്കുന്ന പെൺകുട്ടിയോട് കൂടുതൽ ഞെങ്ങി ഞെരുങ്ങുന്നത് പയ്യൻ ആസ്വദിക്കുന്നുണ്ട് എന്ന് ശരീര ഭാഷയിൽ നിന്നും വ്യക്തമാണ്. എന്നാൽ, അതാസ്വദിക്കാൻ പെൺകുട്ടിയുടെ ശരീരത്തിനും മനസ്സിനും ഒട്ടും കെൽപില്ലായിരുന്നു. വിശപ്പ് സഹിക്കാനാകാതെയും കെട്ട്യോന്റെ ഞെരുക്കൽ ഒതുക്കാനാകാതെയും വിന്ഡോ ഗ്ലാസിലൂടെ പുറത്തേക്കു തെറിച്ചു പോകുമോ എന്നവൾ പലതവണ ഭയന്നു.
പന്തലിൽ വച്ചു അവളുടെ ചേട്ടൻ ചൂടുള്ള മലബാർ ചിക്കൻ ദം ബിരിയാണി വിളമ്പിക്കൊടുത്തെങ്കിലും സഭാകമ്പവും കെട്ടിയോൻ തൊട്ടടുത്തുണ്ട് എന്ന നാണവും ഒരുമിച്ചു മുക്രയിട്ട് വന്നതിനാൽ ഒരു വറ്റു പോലും അവൾക്ക് ഇറങ്ങിയില്ല. രാവിലെ മുതൽ വായു മാത്രം കുടിയിരിക്കുന്ന വയറുമായി കുടിയിരിപ്പിനു പോകുന്ന അവൾക്ക് കെട്ട്യോന്റെ സുമോ റൊമാൻസ് പുടിച്ചില്ല എന്ന് മാത്രമല്ല, എല്ലാ പെൺകുട്ടികളെയും പോലെ സ്വന്തം വീട് വിട്ട് പരിചയം പോലുമില്ലാത്ത ദേശത്തേക്ക്, സംസ്കാരത്തിലേക്ക്, വീട്ടിലേക്ക് പറിച്ചു നടപ്പെടുന്നതിന്റെ വേദന, ഉൾഭയം എല്ലാം അവളെ വേവലാതിപ്പെടുത്തി. അതിനൊക്കെ പുറമെ, മിന്നുകെട്ടിനു ബ്യൂട്ടിഷ്യൻ ഒരുക്കുമ്പോൾ അത് കണ്ടുനിന്ന വകയിലെ അമ്മായീടെ അമ്മായി തൊട്ടടുത്തു നിന്നിരുന്ന കുഞ്ഞമ്മായിയോട് നടത്തിയ പരസ്യ പ്രസ്താവനയാണ് അവളിൽ കൂടുതൽ വേവലാതി കുടഞ്ഞിട്ടത്.
“ന്റെ ചേച്ച്യേ… അമ്മായിയമ്മ ഭയങ്കര സാധനാണത്രെ… ചെക്കന്റെ വീടിനടുത്തുള്ള മ്മടെ നാത്തൂൻ പറഞ്ഞതാ….”
അപ്പോൾതൊട്ട് അടിവയറ്റിൽ നിന്ന് ഉരുണ്ടുകയറിയ ആധി പൊതുവെ ഇരുണ്ട അവളുടെ മുഖത്തെ കൂടുതൽ ഇരുണ്ടതാക്കി.
ആകെ കൂടിയൊരു ആശ്വാസം തോന്നിയത് ‘കെട്ട് കഴിഞ്ഞല്ലോ’ എന്ന മട്ടിലൊരു തെളിച്ചം അമ്മേടെ മുഖത്ത് കണ്ടപ്പോളാണ്. ഇനിയിപ്പോ ചായ ഒരുക്കലും ട്യൂബ്ലൈറ്റ് ഇടലുമൊന്നും വേണ്ടല്ലോ… ഒന്നോ രണ്ടോ പേറു നോക്കണം. പിന്നെ അവളായി.. അവളുടെ പാടായി…ഇ തായിരുന്നു അമ്മേടെ ലൈൻ. അമ്മ പിന്നെ വരച്ച ലൈനുകളെല്ലാം ആൺമക്കൾക്ക് വേണ്ടിയായിരുന്നു.
വീതി കുറഞ്ഞ റോഡിനിരുവശവും തിങ്ങി നിൽക്കുന്ന തീവണ്ടിയുടെ ബോഗികളെപ്പോലെ തോന്നിപ്പിക്കുന്ന കുറെ വീടുകൾ. വീടിന്റെ പടികളിൽ നിന്ന് റോഡിലേക്കിറങ്ങാം. മുറ്റം റോഡ് തന്നെയാണ്. റോഡിന് ഇരുവശവും ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന ഇത്തരം പ്രദേശങ്ങൾ അങ്ങാടികൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. നടുവിൽ ഒരു പള്ളിയും പള്ളിയുടെ ഇടതും വലതും കിഴക്കും പടിഞ്ഞാറുമായി അങ്ങാടികളും. തെക്കങ്ങാടി, വടക്കേ അങ്ങാടി, പടിഞ്ഞാറേങ്ങാടി, കിഴക്കേ അങ്ങാടി എന്ന് ഇവ അറിയപ്പെട്ടു. ( ഇതെല്ലാം പെൺകുട്ടി അവിടെ മരുമകളായി ചെന്നതിനുശേഷം മനസ്സിലാക്കിയെടുത്ത കാര്യങ്ങളാണ്) ഇരുവശത്തും തിങ്ങി നിൽക്കുന്ന വീടുകളുടെ കോലായോട് ചേർന്ന് പീടികകളുമുണ്ട്. അവിടെയെല്ലാം പലതരം കച്ചവടങ്ങളും ഉണ്ട്. അങ്ങനെയാണ് ആ വീടുകൾക്ക് അങ്ങാടി വീടുകൾ എന്ന പേര് വന്നത്. അത്തരത്തിലുള്ള ഒരു വീടിനുമുന്നിൽ സുമോ ബ്രേക്കിട്ടു നിന്നു.