ഒൻപതുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാനിന്നു വീണ്ടും വർഷയുടെ വീട്ടിലെത്തുന്നത്. ആഴ്ചകളിൽ നിന്ന് മാസത്തിലേയ്ക്ക് നീളുന്ന ഇടവേള ഞങ്ങൾ തമ്മിൽ ഉണ്ടാകേണ്ടിയിരുന്ന അടുപ്പിച്ചടുപ്പിച്ചുള്ള കൂടിക്കാഴ്ച്ചകളിൽ സംഭവിച്ചത് ജഗദീഷിൻ്റെ അപ്രതീക്ഷിതമായ മരണത്തിനു ശേഷമാണ്. അതുവരെ മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടുവട്ടം ഒത്തുകൂടിയിരുന്ന കൂട്ടുകാരായിരുന്നു ഞാനും വർഷയും ഞങ്ങളുടെ കുടുംബങ്ങളും. എൻ്റെയും വർഷയുടെയും സൗഹൃദം ഞങ്ങളുടെ കുടുംബങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നു പറയുകയാവും നന്ന്. അങ്ങനെ വർഷയുടെ ജഗദീഷും എൻ്റെ വിപിനും ഞങ്ങളേക്കാൾ വലിയ സുഹൃത്തുക്കളായി.
ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് നഗരത്തിൽ നടന്ന ഒരാക്സിഡൻ്റിൽ ജഗദീഷിന് ജീവൻ നഷ്ടപ്പെട്ടത്. പക്ഷേ അതിനു ശേഷം ജീവിച്ചിരിക്കുമ്പോൾതന്നെ മരിച്ചതിനുതുല്യം ഒരു ജഡമായിത്തീർന്നത് വർഷയാണ്. ആരോടും സംസാരിക്കാതെ, വീടിനു പുറത്തിറങ്ങാതെ, ചിരിക്കാതെയുള്ള ജീവിതം. അവളെ അതിൽ നിന്ന് മോചിപ്പിക്കാൻ പഴയ വർഷയാക്കാൻ ഞങ്ങളേറെ ശ്രമിച്ചു, ഓരോ കൂടിക്കാഴ്ച്ചയിലും, വിഫലശ്രമങ്ങളായിരുന്നു അവയെന്നു മാത്രം.
പിന്നീട് ഞാനവളെ കാണാനെത്തിയാലും അവൾക്ക് സംസാരിക്കാൻ വിഷയങ്ങളില്ലാതായി.
ഒരിക്കൽ ഞാൻ നേരിട്ടു ചോദിക്കയും ചെയ്തു, എന്തിനിങ്ങനെ തടവുപുള്ളിയെപ്പോലെ വീടിനകത്ത് ഒതുങ്ങിക്കൂടുന്നുവെന്ന്. അവളുടെ ദു:ഖം മനസ്സിലാക്കാതെയല്ല, അവളുടെ മോചനം അത്യന്താപേക്ഷിതമായി തോന്നിയതുകൊണ്ട്. അതിൻ്റെ മറുപടി എൻ്റെ വാക്കുകളെത്തന്നെയാണ് നഷ്ടപ്പെടുത്തിയത്.
“ശ്രുതിക്കറിയോ, ഇത് ഞാനെനിക്കു വിധിച്ച ശിക്ഷയാണ്, ഏകാന്തതടവ്. കാരണം അന്ന് പുറത്ത് പോകാൻ ഇഷ്ടമില്ലാതിരുന്ന ജഗദീഷിനെ പ്രേരിപ്പിച്ച് കാറിൽ കയറ്റിയത് ഞാനാണ്. മൂഡില്ല എന്നു പറഞ്ഞ് ജഗദീഷ് ചടഞ്ഞുകൂടിയിരുന്നിട്ടും ഞാനന്ന് നിർബ്ബന്ധിച്ച് കൂടെക്കൂട്ടിയില്ലായിരുന്നുവെങ്കിൽ അവനിപ്പൊഴും ഇവിടെയുണ്ടാകുമായിരുന്നു. കാലം മുറിവ് മായ്ക്കുമെന്ന് പറയുന്നത് വെറുതെയാണ്, ഓരോ ദിവസവും ഓർമ്മകൾക്ക് തെളിച്ചം കൂടുകയാണ്. ”
ഞാനിന്ന് അവൾക്കൊപ്പം ഒരു രാത്രിയും പകലും പിന്നിടും, അവളെ തടവിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്. കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ അവൾക്കരികിലിരിക്കാമല്ലോ, കൂട്ടായിട്ട്.
ഡോക്ടർ വീനസ്