“ഷോ യുവർ ബോർഡിംഗ്പാസ്സ്. ” എയർഹോസ്റ്റസിൻ്റെ നീട്ടിയ കൈകളിലേക്ക് ബോർഡിംഗ്പാസ്സ് വച്ചുകൊടുത്തിട്ട്, അമ്മ അടുത്ത ചോദ്യത്തിന്നായി കാതോർത്തു. “യുവർ നെയിം ?” “അയാം ശ്രീല, ശ്രീലാ പണിക്കർ.” പരിചിതമല്ലാത്ത പേര് കേട്ടതു പോലെയുണ്ട് അവരുടെ മുഖഭാവം. അമ്മ, അമ്മമ്മ എന്നതിനപ്പുറം അമ്മയുടെ സ്വന്തം പേരു പറഞ്ഞുകേട്ട നാൾ താനും മറന്നു. “വിച്ച് ഫുഡ് യു വാണ്ട്, വെജ് ഓർ നോൺ വെജ് ?” ” നത്തിംഗ്. ഐ വാണ്ട് ഒൺലി വൺ കപ്പ് ഓഫ് കോഫി .” കാപ്പിയെടുക്കാനായി അവർ തിരിയുമ്പോൾ അമ്മ വീണ്ടും വിൻഡോയിലൂടെ ആകാശക്കാഴ്ചയിലേക്ക് കണ്ണു പാകി. ഏതായാലും അമ്മയ്ക്ക് വിൻഡോ സീറ്റ് തന്നെ കിട്ടിയത് നന്നായി. കയറിയപ്പോൾ മുതൽ ഇതുവരെയ്ക്കും കാഴ്ചകൾ ആസ്വദിക്കയാണമ്മ. എന്തൊരു മാറ്റമാണ് ഈ യാത്ര വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ, വർഷങ്ങളോളം ഒതുങ്ങി ജീവിച്ച അമ്മയ്ക്ക് നൽകിയത്? കാശ്മീരിലേയ്ക്കുള്ള ഈ യാത്രയിൽ ഭാമയെക്കാളും ഭദ്രയെക്കാളും കാഴ്ചകൾ ആസ്വദിച്ചതമ്മയാണ്. ഒരു പക്ഷേ തന്നെക്കാളും, വിവേകിനെക്കാളും കൂടുതൽ.…
Author: Dr Venus V. V
“ ചേച്ചിയമ്മേ, ഇന്നലെ വന്ന കുട്ടി, നികിത ഒരു വക കഴിക്കണില്ല, കരച്ചിലോട് കരച്ചില്. പാവം തോന്നണുണ്ട്. എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിയണില്ല. ” സുഗന്ധി വീണ്ടും എൻറെയരികിൽ വന്നുപറഞ്ഞത് കേട്ടിട്ടാകണം അടുക്കളയിൽ സഹായത്തിന് നിൽക്കുന്ന വൽസലച്ചേച്ചി ശബ്ദമടക്കി മുറുമുറുത്തത്. എങ്കിലും ഞാനത് കേട്ടു. “ പെമ്പിള്ളേര് മര്യാദയ്ക്ക് നടക്കണം. അച്ഛനേം അമ്മേം അനുസരിക്കാതെ കണ്ടവന്മാര് വന്ന് കണ്ണും കലാശോം കാണിക്കുമ്പോൾ വീട്ടിൽ നിന്നിറങ്ങിപ്പോയാൽ ഇതല്ല, ഇതിലും വലുതു വരും. ഇനി കരഞ്ഞിട്ട് ആര് കാണാനാണ്?” വൽസലചേച്ചിയോട് പറയാനുള്ള മറുപടി നാവിൻതുമ്പിലെത്തിയെങ്കിലും മനസ്സിനെ ശാസിച്ച് അടക്കി നിർത്തി.. ചേച്ചിക്ക് ഉത്തരം പറഞ്ഞു കൊടുക്കണം, ഇപ്പോഴല്ല; വഴക്കിൻ്റെ രൂപത്തിലുമല്ല. അത് ഉപദേശമാണ്. തെറ്റു തിരുത്തലാണ്. തെറ്റുതിരുത്തലുകൾ മറ്റുള്ളവർ കേൾക്കുന്ന തരത്തിലാകരുത് എന്നത് എൻ്റെ നയമാണ്. മറിച്ച് പ്രശംസയാകുമ്പോൾ മറ്റുള്ളവർ കേൾക്കേ പറയാൻ ശ്രദ്ധിക്കാറുമുണ്ട്. അടുക്കളയിലെ കാര്യങ്ങൾ നോക്കുന്നതിൽ പ്രധാനി ശ്യാമളച്ചേച്ചിയാണ്. പുറം പണിക്കു നിൽക്കുന്ന ഗംഗയും ശ്യാമളചേച്ചിയും കൂടെ നിൽക്കുന്നതുകൊണ്ടാണ്…
അവിചാരിതമായി കയറിവന്ന്, ഓളങ്ങളില്ലാത്ത തടാകംപോലെ ശാന്തമായി ശയിക്കുകയായിരുന്ന എൻ്റെ കുടുംബത്തിൻ്റെ സമാധാനത്തിൽ അസ്വസ്ഥതകളുടെ ചുഴികളുണ്ടാക്കിയ സ്ഥലംമാറ്റത്തോട് സമരസപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു എന്ന് ബോദ്ധ്യപ്പെടുത്തുകയാണ്, മാസം രണ്ടു കഴിഞ്ഞിട്ടും അസ്വസ്ഥമായിരിക്കുന്ന എൻ്റെ മനസ്സ്. നാലുമണിക്കൂർ ട്രെയിൻ യാത്ര, ഒന്നേകാൽ മണിക്കൂർ നീളുന്ന ബസ് യാത്ര – ഇത്രയും വേണ്ടിവരും വീട്ടിൽ നിന്ന് പുതിയ എൻ്റെ താവളത്തിൽ എത്തിപ്പെടാൻ. മെട്രോ സിറ്റിയുടെ സൗകര്യങ്ങളിൽ അഭിരമിച്ചിരുന്ന മനസ്സിന് എന്തുകൊണ്ടോ ഗ്രാമാന്തരീക്ഷത്തിൻ്റെ രീതികളോട് പൊരുത്തപ്പെടാനൊരു വിമുഖത. നൈർമല്യം നിറഞ്ഞ മനസ്സുള്ളവരാണ് ഇവിടത്തുകാർ എന്ന് പലവിധത്തിൽ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും സന്തോഷം കണ്ടെത്താനാകാത്തത് എൻ്റെ ജീവിതപങ്കാളിയായ ജിതേഷിനേയും ഏകമകൾ കാവ്യയേയും പിരിഞ്ഞിരിക്കുന്നതിൻ്റെ സങ്കടം കൊണ്ടാണെന്ന് എനിക്ക് നന്നായറിയാം. “ഗോപികാ, നീ വെറുതേ ടെൻഷനടിക്കേണ്ട. എൻ്റെ ചെറുപ്പം മുതലേ എനിക്ക് വീട്ടുജോലികൾ ശീലമാണ്. ഉദ്യോഗസ്ഥയായ അമ്മയ്ക്ക് കിട്ടിയ സ്ഥലം മാറ്റങ്ങളാണ് എന്നെയങ്ങനെ പരുവപ്പെടുത്തിയെടുത്തത്. കാവ്യ പത്തുവയസ്സുള്ള കുട്ടിയാണ്. അവൾക്ക് സ്വന്തം കാര്യം നന്നായിത്തന്നെ നോക്കാനറിയാം. പിന്നെ ഞാനില്ലേ ഇവിടെ, അമ്മയുടേയും അച്ഛൻ്റേയും…
കട്ടിലിന്നടിയിലേയ്ക്ക് നീക്കിവച്ചിരിക്കുന്ന പെട്ടിയിൽ ഒരു സാരിയുണ്ട്. കസവു സാരി, കല്യാണ സാരി. ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൻ്റെ ഓർമ്മപ്പെടുത്തൽപോലെ അതങ്ങനെയിരിപ്പുണ്ട്, ഒരിക്കലും തുറക്കാത്ത പെട്ടിയിൽ. “നിന്നെക്കാളും എനിക്കിഷ്ടം ചാരുവിനെയാണ്. നിന്നെ താലിയണിയിച്ചത് എൻ്റെ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ട്. അമ്മയ്ക്ക് അമ്മയുടെ ഏട്ടനോടും കുടുംബത്തിനോടുമുള്ള കടപ്പാട് തീർക്കാൻ വേണ്ടിയാണ് ഒരു കാലിൻ്റെ നീളക്കുറവുകൊണ്ട് ഏന്തി വലിച്ച് നടക്കുന്ന നിൻ്റെകഴുത്തിൽ താലിചാർത്തേണ്ടി വന്നത്. സുജയേ, ഞാൻ നിന്നെ ഇഷ്ടപ്പെടാൻ ശ്രമിച്ചുനോക്കിയെങ്കിലും പരാജയപ്പെട്ടു. ഞാനിറങ്ങുന്നു, ചാരുവുമൊത്തുള്ള ജീവിതത്തിന്…” ഗിരീഷേട്ടൻ പടിയിറങ്ങുമ്പോൾ സുജയ കരഞ്ഞില്ല, പോകല്ലേ എന്ന് പറഞ്ഞുമില്ല. ദിവസങ്ങൾക്കുള്ളിലറിഞ്ഞു, അമ്മയാകാൻ ഒരുങ്ങുന്ന കാര്യം. എന്നിട്ടും ഗിരീഷേട്ടനെ ജീവിതത്തിൽ കൂടെ കൂട്ടണമെന്നു തോന്നിയില്ല, ഉറ്റവർ ഏറെ നിർബ്ബന്ധിച്ചിട്ടും. നീളത്തിൽ ഏറ്റക്കുറവുള്ള കാലുവച്ചുതന്നെയാണ് മകളെ വളർത്തിയത്, സ്വയം പണിയെടുത്ത് ജീവിക്കാനുള്ളത് സ്വരുക്കൂട്ടി. “അമ്മേ, പിറന്നാളായിട്ട് എനിക്ക് ഒരു പട്ടുപാവാട വാങ്ങിത്തരാമോ?” മോളുടെ വാക്കു കേട്ട് പെട്ടി തുറന്ന് കസവുസാരി കയ്യിൽ എടുക്കുമ്പോൾഅതിന് പട്ടുപാവാടയാക്കിയാലുള്ള രൂപമാറ്റം…
പാനിപൂരി ഒരെണ്ണം ഒറ്റയടിക്ക് മുഴുവനും വായ്ക്കകത്താക്കി ചുണ്ടുകൾ ചേർത്തുവയ്ക്കുന്നതിൻ്റെ തത്രപ്പാടിലായിരുന്നു ഞാനപ്പോൾ. റോഡരികിൽ പാനി പൂരി ആരാധകരുടെ മദ്ധ്യത്തിലായിരുന്നിട്ടും വഴിയരികിൽ നിന്ന് കഴിക്കുന്നതിൻ്റെ വിമ്മിഷ്ടം കണ്ണുപൂട്ടി നിന്നുകൊണ്ടാണ് ഞാനൽപ്പം ശമിപ്പിച്ചത്. സത്യത്തിൽ ഇതെൻ്റെ ആദ്യാനുഭവം. എൻ്റെ സഹപ്രവർത്തകയും ആത്മസുഹൃത്തുമായ രേവതിയാകട്ടെ ജംഗ്ഷനിൽ വിൽപ്പന നടത്തുന്ന പാനി പൂരിക്കാരൻ്റെ സ്ഥിരം കസ്റ്റമറാണ്. അവൾ ഇടയ്ക്കിടെ അവിടെ നിന്നു കിട്ടുന്ന വിഭവങ്ങളുടെ രുചിയെക്കുറിച്ച് വാചാലയാകും. ഞാനൊരിക്കൽ അബദ്ധത്തിന് പറഞ്ഞുപോയി, ഞാനിതുവരെ അത് രുചിച്ചിട്ടില്ലയെന്ന്. അവൾ എന്നെയും കൂടെക്കൂട്ടാൻ പതിനെട്ടടവും പയറ്റിയിട്ടും ഞാൻ വഴങ്ങിയില്ല. പക്ഷേ ഇന്ന് എൻ്റെ പ്രതിരോധമെല്ലാം തകർന്നേ പോയ്. പിറന്നാളുകാരിക്ക് അവൾക്കിഷ്ടപ്പെട്ട സമ്മാനം വാങ്ങി നൽകാനായിരുന്നു ഓഫീസ് ടൈമിനുശേഷം ഞങ്ങൾ ഒരുമിച്ചിറങ്ങിയത്.ടെക്സ്റ്റയിൽ ഷോപ്പിൻ്റെ മുന്നിൽ വരെയെത്തിയതാണ്.പെട്ടെന്നാണ് അവൾ സ്കൂട്ടിയുടെ ദിശ മാറ്റിയതും പാനിപൂരിക്കാരൻ്റെ അരികിലെത്തിയതും. “എനിക്കിതുമതി. ഇന്നെൻ്റെ ഇഷ്ടത്തിനാണ് പ്രാധാന്യമെന്നല്ലേ പറഞ്ഞത് ?” – വാക്കുകൾ കൊണ്ട് അവളെന്നെ താഴിട്ടുപൂട്ടി. എൻ്റെ വിലക്കുകളെ മറികടന്ന് രണ്ടുപേർക്കും പാനി പൂരി വാങ്ങുകയും ചെയ്തു.…
ഭാര്യവീടെന്ന് കേൾക്കുമ്പോൾ തന്നെ ശിവേട്ടന് ദേഷ്യം വരും. എനിക്കൊപ്പം ഒരു രാത്രി അവിടെ താമസിക്കാമെന്ന് പറഞ്ഞാൽ ദേഷ്യം കൊണ്ട് മുഖം ചുമക്കും.” നിൻ്റെയൊരു വീടും വീട്ടുകാരും, “ഥൂ… ” കാർക്കിച്ചു തുപ്പൽ അകമ്പടി സേവിക്കും. ശിവേട്ടൻ്റെ ചീത്ത കൂട്ടുകെട്ടും കള്ളുകുടീം വേണ്ടെന്നു വയ്ക്കാൻ അച്ഛൻ ഉപദേശിച്ചപ്പൊഴാണ് പിണക്കം തുടങ്ങിയത്. എൻ്റെ ആഭരണങ്ങളൊക്കെ വിറ്റുതുലയ്ക്കാൻ തുടങ്ങിയപ്പോൾ അമ്മ സ്നേഹസ്വരത്തിൽ വിലക്കിയതും ഇഷ്ടപ്പെട്ടില്ല. ജോലി ദിവസത്തേക്കാൾ കൂടുതൽ അവധിയെടുത്തപ്പോൾ ഉള്ള ജോലിയും പോയിക്കിട്ടി. വാടക കൊടുക്കേണ്ടല്ലോ, വീട്ടിൽ വന്ന് താമസിക്കൂന്ന് അച്ഛൻ പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും ഇപ്പോൾ ഭാര്യവീട് പിടിച്ചൂന്ന് തോന്നണ് ണ്ട്. ചീത്ത കൂട്ടുകെട്ടൊക്കെ മാറി, നല്ല കുട്ടിയായിട്ടുണ്ട്. പുതിയ ജോലീം, ശമ്പളോം. സമാധാനം തിരിച്ചു കിട്ടിയതുകൊണ്ടാകാം, എന്നോട് സ്നേഹേം കൂടിയത്. ഒരു രഹസ്യം പറയാം. ആരോടും പറയേണ്ടട്ടോ, ഇപ്പോഴ് ഞങ്ങടെ ഹണീ മൂണാണ്. രണ്ടാമത്തേത്. അതും ഭാര്യവീട്ടില് വച്ച്. ഡോക്ടർ വീനസ്
ഈ വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയുടെ ചുമതല വല്ലാത്ത തൊന്തരവ് പിടിച്ച പണി തന്നെയാണ്. അതറിഞ്ഞിട്ടുതന്നെയാകാം വർഷം നാലു കഴിഞ്ഞിട്ടും എൻ്റെ കയ്യിൽ നിന്ന് ഈ പുലിവാല് കയ്യേൽക്കാൻ ആരും തയ്യാറാകാത്തത്. എൺപത്തിയേഴു പേരുണ്ട് എൻ്റെ ഓഫീസിൽ. മുൻപാണ് ജൂനിയർ സൂപ്രണ്ട് വേലായുധൻസാർ പുതിയ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ഇന്ദുവേണുഗോപാലാണെന്ന് പ്രഖ്യാപിച്ചത്. അതിനെ പിൻതാങ്ങിക്കൊണ്ടെന്നവണ്ണം കനത്ത കയ്യടിയുയർന്നു.. ഞാനന്ന് ഈ ഓഫീസിൽ ജോയിൻ ചെയ്തിട്ട് ആറുമാസം മാത്രം. അസോസിയേഷനെക്കുറിച്ച് ഒന്നുമെനിക്കറിയില്ല, അതുകൊണ്ട് എന്നെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ആരും സമ്മതിച്ചുതന്നില്ല. ഒടുവിൽ വെൽഫെയർ അസോസിയേഷൻസെക്രട്ടറിയെന്ന പദവി ഏറ്റെടുത്തു. അസ്സോസിയേഷൻ്റെ കൂടുതൽ ഡീറ്റയിൽസ് അന്വേഷിച്ചറിഞ്ഞപ്പോഴാണ് ആരും സെക്രട്ടറിയാകാൻ തയ്യാറാകാഞ്ഞതിൻ്റെ കാരണം പിടി കിട്ടിയത്. അസോസിയേഷൻ്റെ പേരിലുള്ള ഫണ്ട് നാമമാത്രം. എന്തെങ്കിലും ഒരു പ്രോഗ്രാം സംഘടിപ്പിക്കണമെങ്കിൽ പിരിവിനിറങ്ങണം. പക്ഷേ അതൊരു ചടങ്ങാണ്, മുഖം തിരിക്കുന്നവരുടെ കയ്യിൽ നിന്ന് പിരിവു വാങ്ങണമെങ്കിൽ പതിനെട്ടല്ല, പത്തൊൻപത് അടവും പഠിച്ചെടുക്കണം. ഏതായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം എന്ന് തീരുമാനമെടുത്തു.…
കിരണിൻ്റെ വിവാഹാലോചന വന്നപ്പോൾ മറ്റൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല. അച്ഛന് നൂറുവട്ടം സമ്മതം. അമ്മയും പറഞ്ഞു, “നല്ല ആലോചന. വിദ്യാഭ്യാസമുള്ള പയ്യൻ. നല്ല ജോലി. സാമാന്യം സമ്പത്തുണ്ട്. നല്ല വീട്. ഒരമ്മ മാത്രം. അമ്മ അദ്ധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനിയും അഞ്ചു വർഷം കാണും. അവരെപ്പറ്റി നാട്ടിലും സ്ക്കൂളിലും നല്ല പേരുണ്ട്.” അമ്മയുടെ വാക്കുകൾ കേട്ടതും മണിയപ്പച്ചി എടുത്തടിച്ചതുപോലെ പറഞ്ഞു. “അച്ഛനില്ലാത്ത പയ്യനല്ലേ? അമ്മ സ്വന്തം സാരിത്തുമ്പിൽ കെട്ടിയിട്ടായിരിക്കും വളർത്തിയെടുത്തത്. ഇക്കൂട്ടർക്ക് ഒരു സ്വഭാവമുണ്ട്. കല്യാണം കഴിഞ്ഞാലും മകനെ മറ്റാർക്കും വിട്ടുകൊടുക്കില്ല; അവൻ്റെ ഭാര്യയ്ക്കു പോലും. വധുവായി വന്നുകയറുന്ന പെൺകുട്ടിക്കാകും കണ്ണീരിൻ്റെ പെരുമഴക്കാലം. ചിലർ അവിടെത്തന്നെ എല്ലാം സഹിച്ചു നിൽക്കും. അല്ലെങ്കിൽ എന്നെപ്പോലെ ശക്തമായ തീരുമാനമെടുക്കാൻ കഴിയണം. രണ്ടു മാസം തികച്ചു ജീവിച്ചില്ല ഞാനവിടെ. എല്ലാം അവസാനിപ്പിച്ച്, സതീശിൻ്റെ മുന്നിൽ താലിയും അഴിച്ചുവച്ചിട്ടാണ് അവിടെ നിന്നിറങ്ങിയത്. എന്നിട്ടെന്താ, ജോലി ചെയ്ത്, സുഖമായി അഭിമാനപൂർവ്വം ജീവിക്കുന്നു.” അച്ഛൻ്റെ മുഖമൊന്നു വിളറി. രണ്ടു മാസം കൊണ്ട് ദാമ്പത്യജീവിതം അവസാനിപ്പിച്ചു…
മുറ്റത്ത് പൂത്തു നിൽക്കുന്ന ചെമന്ന ചെത്തിയിലെ പൂങ്കുലകൾക്കുമേലേ മഞ്ഞ മേലാട ചാർത്തിയിരുന്ന ഉച്ച വെയിൽ മാഞ്ഞത് ഞൊടിയിടയിലാണ്. ആകാശത്ത് ചാരനിറമുള്ള മഴ മേഘങ്ങൾ അങ്ങിങ്ങായി പാറി നടന്നു, വിവിധ രൂപമാർന്ന മഴ മേഘങ്ങൾ. നോക്കിയിരിക്കേ ആകാശം കറുപ്പണിഞ്ഞു. കൺമഷിയെഴുതിയ മഴ മേഘങ്ങൾ ആകാശത്ത് ആനക്കൂട്ടം പോലെ നിറഞ്ഞു. മഴത്തുള്ളികൾ ചറു പിറെ പൊഴിഞ്ഞു വീണു. മഴത്തുള്ളികൾ ദാഹിച്ചുണങ്ങിയ മണ്ണിൽ അലിഞ്ഞു ചേർന്നു;നനഞ്ഞ മണ്ണിൽ നിന്ന് മണ്ണിൻ്റെ മണം പൊങ്ങി. ” സിതാരാ, നിനക്കിഷ്ടമാണോ മണ്ണിൻ്റെ മണം? എനിക്കിഷ്ടമാണ്, മഴനൂൽ നീട്ടി ഭൂമിയെ തൊടുന്ന മഴയെ, മണ്ണടരുകൾക്കുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന മഴയെ. ഈ മഴയിൽ വിജനമായ വഴികളിൽക്കൂടി നനഞ്ഞു നടക്കണം, നെറ്റിയിൽ നിന്ന് കവിളും തലോടി നെഞ്ചു നനയ്ക്കുന്ന മഴയിൽ കുതിർന്ന്.” സഞ്ജു എന്നും അങ്ങനെയായിരുന്നു, മഴയെ പ്രണയിച്ച്, മഴയെ കിനാവു കണ്ട് . ഹണിമൂൺ ട്രിപ്പ് എവിടെ വേണമെന്ന്, വിവാഹത്തിൻ്റെ പിറ്റേന്ന് അച്ഛൻ ചോദിച്ചപ്പോൾ സഞ്ജുവിന് തെല്ലും ആലോചിക്കാനുണ്ടായിരുന്നില്ല, ” ആസ്സാം, ചിറാപുഞ്ചി.…
ഒൻപതുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാനിന്നു വീണ്ടും വർഷയുടെ വീട്ടിലെത്തുന്നത്. ആഴ്ചകളിൽ നിന്ന് മാസത്തിലേയ്ക്ക് നീളുന്ന ഇടവേള ഞങ്ങൾ തമ്മിൽ ഉണ്ടാകേണ്ടിയിരുന്ന അടുപ്പിച്ചടുപ്പിച്ചുള്ള കൂടിക്കാഴ്ച്ചകളിൽ സംഭവിച്ചത് ജഗദീഷിൻ്റെ അപ്രതീക്ഷിതമായ മരണത്തിനു ശേഷമാണ്. അതുവരെ മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടുവട്ടം ഒത്തുകൂടിയിരുന്ന കൂട്ടുകാരായിരുന്നു ഞാനും വർഷയും ഞങ്ങളുടെ കുടുംബങ്ങളും. എൻ്റെയും വർഷയുടെയും സൗഹൃദം ഞങ്ങളുടെ കുടുംബങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നു പറയുകയാവും നന്ന്. അങ്ങനെ വർഷയുടെ ജഗദീഷും എൻ്റെ വിപിനും ഞങ്ങളേക്കാൾ വലിയ സുഹൃത്തുക്കളായി. ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് നഗരത്തിൽ നടന്ന ഒരാക്സിഡൻ്റിൽ ജഗദീഷിന് ജീവൻ നഷ്ടപ്പെട്ടത്. പക്ഷേ അതിനു ശേഷം ജീവിച്ചിരിക്കുമ്പോൾതന്നെ മരിച്ചതിനുതുല്യം ഒരു ജഡമായിത്തീർന്നത് വർഷയാണ്. ആരോടും സംസാരിക്കാതെ, വീടിനു പുറത്തിറങ്ങാതെ, ചിരിക്കാതെയുള്ള ജീവിതം. അവളെ അതിൽ നിന്ന് മോചിപ്പിക്കാൻ പഴയ വർഷയാക്കാൻ ഞങ്ങളേറെ ശ്രമിച്ചു, ഓരോ കൂടിക്കാഴ്ച്ചയിലും, വിഫലശ്രമങ്ങളായിരുന്നു അവയെന്നു മാത്രം. പിന്നീട് ഞാനവളെ കാണാനെത്തിയാലും അവൾക്ക് സംസാരിക്കാൻ വിഷയങ്ങളില്ലാതായി. ഒരിക്കൽ ഞാൻ നേരിട്ടു ചോദിക്കയും ചെയ്തു, എന്തിനിങ്ങനെ തടവുപുള്ളിയെപ്പോലെ…
