“ഷോ യുവർ ബോർഡിംഗ്പാസ്സ്. ”
എയർഹോസ്റ്റസിൻ്റെ നീട്ടിയ കൈകളിലേക്ക് ബോർഡിംഗ്പാസ്സ് വച്ചുകൊടുത്തിട്ട്, അമ്മ അടുത്ത ചോദ്യത്തിന്നായി കാതോർത്തു.
“യുവർ നെയിം ?”
“അയാം ശ്രീല, ശ്രീലാ പണിക്കർ.”
പരിചിതമല്ലാത്ത പേര് കേട്ടതു പോലെയുണ്ട് അവരുടെ മുഖഭാവം.
അമ്മ, അമ്മമ്മ എന്നതിനപ്പുറം അമ്മയുടെ സ്വന്തം പേരു പറഞ്ഞുകേട്ട നാൾ താനും മറന്നു.
“വിച്ച് ഫുഡ് യു വാണ്ട്, വെജ് ഓർ നോൺ വെജ് ?”
” നത്തിംഗ്. ഐ വാണ്ട് ഒൺലി വൺ കപ്പ് ഓഫ് കോഫി .”
കാപ്പിയെടുക്കാനായി അവർ തിരിയുമ്പോൾ അമ്മ വീണ്ടും വിൻഡോയിലൂടെ ആകാശക്കാഴ്ചയിലേക്ക് കണ്ണു പാകി. ഏതായാലും അമ്മയ്ക്ക് വിൻഡോ സീറ്റ് തന്നെ കിട്ടിയത് നന്നായി. കയറിയപ്പോൾ മുതൽ ഇതുവരെയ്ക്കും കാഴ്ചകൾ ആസ്വദിക്കയാണമ്മ. എന്തൊരു മാറ്റമാണ് ഈ യാത്ര വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ, വർഷങ്ങളോളം ഒതുങ്ങി ജീവിച്ച അമ്മയ്ക്ക് നൽകിയത്?
കാശ്മീരിലേയ്ക്കുള്ള ഈ യാത്രയിൽ ഭാമയെക്കാളും ഭദ്രയെക്കാളും കാഴ്ചകൾ ആസ്വദിച്ചതമ്മയാണ്. ഒരു പക്ഷേ തന്നെക്കാളും, വിവേകിനെക്കാളും കൂടുതൽ.
കാശ്മീർ യാത്ര തൻ്റെയൊരു സ്വപ്നമായിരുന്നു, ഏറെ നാളുകളായി. വർഷങ്ങളായിട്ട് എന്നും തന്നെ പറയാം. ഒടുവിൽ ഒരു സർപ്രൈസ് പോലെയാണ് ഈ യാത്ര തരപ്പെട്ടത്.
വിവാഹവാർഷികദിനം വിവേക് മറന്നു പോയിരുന്നു. തിരക്കിനിടയിൽ അത് പതിവായതുകൊണ്ട് തനിക്കൊന്നും തോന്നിയില്ല. പക്ഷേ പത്താം വിവാഹ വാർഷികം കേമമായി ആഘോഷിക്കണം എന്ന് താൻ പറയാറുണ്ടായിരുന്നത് നടത്തിത്തരാനാകാത്തതിൽ വിവേകിന് വിഷമമുണ്ടെന്ന് മനസ്സിലായത്, താൻ സമ്മാനമായി വാങ്ങി നൽകിയ മൊബൈൽ ഫോൺ കയ്യിലെടുക്കുമ്പോൾ മുഖത്തു തെളിഞ്ഞ വിഷാദഛായയാണ്.
പക്ഷേ പിറ്റേന്ന് വൈകിട്ട് വിവേക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തനിക്കു നേരേ നീട്ടിയ കവറിൽ ഫ്ലൈറ്റ് റ്റിക്കറ്റായിരുന്നു.
” അങ്ങനെ നമ്മൾ സൺഡേ കാശ്മീരിന് പറക്കുന്നു. ഒരാഴ്ച നീളുന്ന യാത്ര. ട്രാവൽഏജൻസിയെ കോൺടാക്റ്റ് ചെയ്തപ്പോൾ നമ്മൾക്കു വേണ്ടി കരുതിവച്ചതു പോലെ കൃത്യം സീറ്റ് ബാക്കിയുണ്ട്. വേഗം ഒരുക്കങ്ങൾ തുടങ്ങിക്കോളൂ.”
“എന്താ വിവേക് മുൻകൂട്ടി പറയാഞ്ഞത്? ഭാമയുടെയും ഭദ്രയുടെയും ക്ലാസ്സുകൾ എത്രയാണ് നഷ്ടപ്പെടുക? പിന്നെ അമ്മയ്ക്ക് കൂട്ടുകിടക്കാൻ ശെൽവിയെ കിട്ടുമോയെന്നു നോക്കണം.”
“ഓ, ക്ലാസ് നഷ്ടപ്പെടുന്ന കാര്യം പറയുമ്പോൾ ഭദ്രയും ഭാമയും പത്താം ക്ലാസ്സിലാണെന്ന് തോന്നിപ്പോകും. യു.കെ.ജിക്കാർക്ക് എന്ത് ക്ലാസ് നഷ്ടമാകാനാണ്?
പിന്നെ അമ്മ. അമ്മ നമ്മുടെകൂടെ വരുന്നു. രജിതാ, നീ ടിക്കറ്റ് നോക്കിയില്ലേ? അത് അഞ്ചെണ്ണമുണ്ട്.”
“അമ്മ നമുക്കൊപ്പം വന്നാലെങ്ങനെ? വീട് അടച്ചിടേണ്ടി വരും. നായ്ക്കുട്ടിയെ ആരു നോക്കും? റോസ് ചെടികൾ ആരു നനയ്ക്കും?”
“ഉടമസ്ഥർ യാത്ര പോകുമ്പോൾ പട്ടിക്കുട്ടികളെ സംരക്ഷിക്കുന്ന സ്ഥലമൊക്കെ ഇപ്പോൾ അവയ്ലബിൾ ആണ്. അവരുടെ സഹായം തേടും. ചെടി നനയ്ക്കാൻ ഡ്രിപ്പ് ഇറിഗേഷൻ ശരിയാക്കാൻ നാളെ ആളെത്തും. ഏതായാലും ഒന്നുറപ്പാണ്, അമ്മ നമ്മൾക്കൊപ്പം വരുന്നു.”
പതിവില്ലാത്തതു കൊണ്ടാകാം തീരുമാനം കേട്ട് അമ്മയും അമ്പരന്നത്. വരുന്നില്ലെന്നു പറഞ്ഞു നോക്കി. അമ്മ വന്നാൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്നായിരുന്നു അമ്മയുടെ പേടി. പിന്നെ വീട്, ചെടികൾ, നായ്ക്കുട്ടി.
പക്ഷേ വിവേക് പിടിച്ച പിടിയാലെനിന്നു. അമ്മയ്ക്കു വേണ്ടി പുതിയ കുർത്തികളും തെർമ്മൽവെയറും വാങ്ങിക്കൊണ്ടാണ് പിറ്റേന്ന് എത്തിയത്.
“സാരിയൊന്നും ദൂരയാത്രക്ക് പറ്റില്ല. പിന്നെ നിങ്ങൾക്ക് രണ്ടു പേർക്കും ഏകദേശം ഒരേ സൈസ് മതിയെന്നു കരുതി വാങ്ങി. അമ്മ ലേശം മെലിഞ്ഞാണെന്ന് ഇപ്പോൾ തോന്നുന്നു. ”
“അമ്മയ്ക്ക് കുർത്തിയോ?”
“എന്താ കുഴപ്പം? അമ്മയ്ക്ക് രജിതയെക്കാൾ ഇരുപത്തൊന്നു വയസ്സു കൂടുതൽ കാണും. കണ്ടാൽ ചേച്ചിയെന്നേ കരുതൂ.”
അങ്ങനെയാണ് അമ്മ ഞങ്ങൾക്കൊപ്പം ഒരുങ്ങിയിറങ്ങിയത്. ടീമംഗങ്ങളിൽ യാദൃശ്ചികമായി കണ്ടെത്തിയ പഴയ ഫ്രണ്ടും കൂടിയായപ്പോൾ അമ്മയുടെ മൂഡ് ആകെ മാറിയതു പോലെ.
രാത്രി ഉറങ്ങാറായപ്പോൾ വിവേക് പറഞ്ഞു.
“ഇന്നു മുതൽ ഭദ്രയും ഭാമയും നമുക്കൊപ്പം ഈ മുറിയിൽ ഉറങ്ങും. അടുത്ത മുറിയിൽ അമ്മ തനിയെ. തനിച്ചല്ല അച്ഛനൊപ്പം. അച്ഛൻ്റെ ഓർമ്മകൾക്കൊപ്പം.
തനിക്കറിയോ, അമ്മയുടെ ഫ്രണ്ടു പറഞ്ഞാണറിഞ്ഞത്. അച്ഛൻ്റെ ആകസ്മിക മരണത്തിന് ആറുമാസം മുൻപ് അച്ഛനുമമ്മയും ചേർന്നു നടത്തിയ ടൂറിനൊടുവിൽ അച്ഛൻ പറഞ്ഞത്രേ, അടുത്തയാത്ര കാശ്മീരിലേക്കാണെന്ന്. പക്ഷേ, അത് നടക്കാതെ പോയി. അച്ഛനുവേണ്ടി അത് യാഥാർത്ഥ്യമാക്കേണ്ടത് നമ്മൾ മക്കളല്ലേ? ഓർമ്മകൾ അമ്മയെ വേദനിപ്പിക്കുമായിരിക്കും. പക്ഷേ ഇവിടെ അമ്മയ്ക്കൊപ്പം ഉറങ്ങാൻ അച്ഛൻ മതി. ഇതൊന്നുമറിയാതെ സംഭവിച്ചതാണീ യാത്ര. ഏറെ സന്തോഷം തോന്നുന്നു, പറഞ്ഞു കേട്ടു മാത്രം പരിചയമുള്ള അച്ഛൻ്റെ മോഹം സാക്ഷാത്ക്കരിക്കാനായതിൽ.
പിന്നെ അമ്മയ്ക്കും വേണം സ്വാതന്ത്ര്യം. അമ്മയുടെ ദിവസങ്ങൾ വീടിനു വേണ്ടി, വീട്ടുകാര്യങ്ങൾക്കു വേണ്ടി, നമുക്കു വേണ്ടി മാത്രം ഹോമിക്കാനുള്ളതല്ല. അമ്മയുടെ മനസ്സിലുമുണ്ടാകും, മോഹങ്ങൾ. സ്വപ്നങ്ങളും.”
ശരിയാകാം. അമ്മ ഇക്കാലമത്രയും ജീവിച്ചത് തനിക്കു വേണ്ടിയാണ്. അച്ഛൻ്റെ മരണശേഷം ഒറ്റയ്ക്കു തുഴഞ്ഞ ജീവിതം. ഔദ്യോഗിക ജീവിതത്തിനിടയിലും ഇരട്ടക്കുട്ടികളുടെ ശാഠ്യങ്ങളും അസുഖങ്ങളും ഒന്നും തന്നെ കാര്യമായി അലട്ടിയിട്ടില്ല. എല്ലാറ്റിനും അവർക്ക് അമ്മമ്മയുണ്ടായിരുന്നു.
ഓരോ ദിവസത്തെയും യാത്രയിലെ കാഴ്ച്ചകൾ അമ്മ കണ്ടത്, തങ്ങൾ കാണാത്ത കണ്ണുകളിലൂടെയാണെന്ന് തോന്നി അമ്മ ഓരോ ദിവസവുമെഴുതിയ യാത്രാവിവരണത്തിൽ നിന്ന്. ഓരോ കാഴ്ചയും അമ്മയുടെ മുഖത്തും കണ്ണുകളിലും വിരിയിച്ച അത്ഭുതഭാവം, അമ്മ ഈ യാത്ര ഏറെ ആസ്വദിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
പ്രായത്തിനുമപ്പുറം ഏറ്റവും പ്രസരിപ്പോടെ ഓടിനടന്നത് അമ്മയാണ്.
ഗുൽമാർഗ്ഗ് യാത്രയിൽ കുത്തനെയുള്ള മഞ്ഞുമലയുടെ നിറുകയിലേക്ക് പാറക്കൂട്ടങ്ങളുടെ ഇടുക്കിലൂടെ സാഹസികയാത്ര നടത്തുമ്പോൾ പോലും അമ്മ ആവേശഭരിതയായിരുന്നു. മഞ്ഞിൽ അമർന്നിരുന്ന് മഞ്ഞുവാരിക്കളിക്കുമ്പോൾ മോഹസാഫല്യത്തിൻ്റെ നനുത്ത ചിരി ചുണ്ടിണയിലുണ്ടായിരുന്നു.
ഓളക്കൈകൾ തേച്ചുമിനുക്കി ഉരുട്ടിയെടുത്ത, ആകൃതിയൊത്ത പാറക്കല്ലുകൾ നിറഞ്ഞ പുഴയുടെ നെഞ്ചിലൂടെ ഒഴുകിയ മഞ്ഞു തോൽക്കുന്ന തണുത്തവെള്ളത്തിൽ കാൽനനച്ചു നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകളിൽ ബാല്യത്തിൻ്റെ കുസൃതിയുണ്ടായിരുന്നു. ദാൽ തടാകത്തിൽ ഒഴുകി നീങ്ങുന്ന ശിക്കാരകളിലൊന്നിൽ കാഴ്ചകൾ കണ്ടുകണ്ട് തുഴക്കാരൻ്റെ പാട്ടിലലിഞ്ഞു യാത്രചെയ്യുമ്പോൾ അമ്മ ആഹ്ലാദത്തിമിർപ്പിലായിരുന്നു. കാശ്മീരിൻ്റെ വലിയ ക്യാൻവാസിൽ പ്രകൃതി കോരിയൊഴിച്ചവർണ്ണ വിസ്മയം കണ്ടുനിന്ന അമ്മയുടെ കണ്ണുകളിൽ നിർവൃതിയുടെ പൂക്കൾ വിരിഞ്ഞു നിന്നിരുന്നു.
വിമാനം താണിറങ്ങുന്നു എന്ന് അറിയിപ്പുയർന്നു. അത് സമ്മാനിക്കുന്ന ആകാശക്കാഴ്ചയുടെ മനോഹാരിതയുടെ വൈപുല്യം മനസ്സിലായതും അമ്മയുടെ എഴുത്തിൽ നിന്ന്. കാശ്മീരിലേക്ക് പറന്നിറങ്ങിയ വിമാനക്കാഴ്ചയിൽ കണ്ട ദൃശ്യചാരുത എത്ര ഭംഗിയായാണ് അമ്മ ട്രാവലോഗിൽ എഴുതി വച്ചത്! ഇതിനു മുൻപ് താനെത്ര തവണ വിമാനയാത്ര നടത്തിയിരിക്കുന്നു. ആകാശത്ത് ചിതറിയോടുന്ന ആട്ടിൻപറ്റം പോലുള്ള മേഘങ്ങൾ അൽപ്പസമയത്തിനുള്ളിൽ പുതിയ രൂപമണിയുന്നതൊന്നും തൻ്റെ ദൃഷ്ടിപഥത്തിലെത്തിയിട്ടില്ല.
ബാക്ക് പാക്കെടുത്ത് അമ്മയ്ക്കൊപ്പം വിമാനമിറങ്ങുമ്പോൾ സംശയങ്ങളുടെ അമ്പൊഴിയാത്ത ആവനാഴിയുമായി ഭദ്രയും ഭാമയും അമ്മമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി .
ബാഗേജ് കളക്റ്റ് ചെയ്ത് ട്രോളിയിൽ വയ്ക്കുമ്പോൾ ഒരുനിമിഷം വിവേക് അപ്രത്യക്ഷനായി. പിന്നെ തിരിച്ചെത്തുമ്പോൾ വിവേകിൻ്റെ കൈകളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കവറുണ്ടായിരുന്നു.
“ഓ, കൂട്ടുകാർക്ക് കൊടുക്കാനുള്ള ചോക്കലേറ്റായിരിക്കും. അല്ലേ വിവേക്?”
ഒരു കണ്ണിറുക്കിച്ചിരിയിലൂടെ, അല്ലയെന്ന് വിവേക് എന്നെ ബോദ്ധ്യപ്പെടുത്തി.
പിന്നെ, അമ്മയ്ക്കരികിലെത്തി പൊതി നീട്ടി.
” ഇത് അമ്മയ്ക്കുള്ളതാണ്. കുറച്ച് ബ്രഷും ചായങ്ങളും. യാത്രയിൽ കണ്ട കാഴ്ച്ചകൾ വർണ്ണമണിഞ്ഞ് ഉയിരാർന്ന് ക്യാൻവാസിൽ പുനർജ്ജനിക്കേണ്ടത്, അമ്മയുടെ വിരലുകളിലൂടെയാണ്.”
അമ്മയുടെ കണ്ണു നിറഞ്ഞു. പറയാതെ തന്നെ സ്വന്തം മനസ്സറിയുന്ന വിവേകിൻ്റെ സാമീപ്യം അമ്മയുടെ ഹൃദയവും നിറച്ചു കാണും. ഒരു പക്ഷേ അമ്മയുടെ മനസ്സറിയാതെ പോയത് ഞാനല്ലേ? അമ്മയുടെ സ്വന്തം മകൾ?
ശരിയാണ് അങ്ങനെ ചിലരുണ്ട്. നമ്മുടെ മനസ്സിൻ്റെ ഉള്ളറയിൽ ഒളിപ്പിച്ചുവച്ച കുഞ്ഞുമോഹങ്ങളും സ്വപ്നങ്ങളും സ്നേഹത്തിൻ്റെ ഒപ്പുകടലാസുകൊണ്ട് ഒപ്പിയെടുത്ത് സാധിച്ചു തരുന്നവർ. അവർ തന്നെയാണ് സ്നേഹസാമ്രാജ്യത്തിൻ്റെ താക്കോലേന്തുന്നവർ!
(അവസാനിച്ചു)
ഡോക്ടർ. വീനസ്


17 Comments
മനോഹരം.
ശരിയാണ് ഞാനും ഓർത്തു മോൻ്റെ ഭാര്യയായിരിക്കുമെന്ന് ശരിയാണ് ചിലപ്പോൾ മരുമകൾമകളും മകൾ മരുമകളുടെയും സ്വഭാവം കാണിക്കാറുണ്ടല്ലോ. ഹൃദയ സ്പർശിയായ കഥ. എല്ലാ മക്കളും മരുമക്കളും ഇങ്ങനെയായിരുന്നെങ്കിൽ !!
Super 👌
വായിച്ചു തുടങ്ങിയത് മരുമകൾ ആണെന്നു കരുതിയാണ് . സ്വന്തം മകൾക്ക് ഇങ്ങനെ പെരുമാറാൻ പറ്റുമോ ? കഥ അസ്സലായി , മകൾ ആണെന്നു കേട്ടപ്പോ ഏറെ വിഷമമായി💕
As always , സൂപ്പർ
മനസ്സിന്റെ ആഴങ്ങളെ സ്പർശിച്ച ഹൃദയഹാരിയായ രചന. അഭിനന്ദനങ്ങൾ.
ശരിയാണ് ഞാനും ഓർത്ത|
താങ്ക് യൂ
ഇങ്ങനെ മനസ്സറിയുന്ന ഒരാൾ കൂടെയുണ്ടാവുക……. എത്ര ഭാഗ്യമാണ്……. ഹൃദ്യമായ കഥ ……..👍❤️
താങ്ക് യൂ
എഴുത്ത് വായിച്ചു. ഞാനും നിങ്ങളുടെ കൂടെ യാത്രചെയ്യാൻ ഉണ്ടായിരുന്നു. യാത്രയിൽ കൂടെ കൂട്ടിയതിന് നന്ദി.
താങ്ക് യൂ
അമ്മയുടെ ആഗ്രഹങ്ങൾ അറിയാൻ ശ്രമിച്ച വിവേക്, മനോഹര ചിത്രം.❤
മനോഹരം ഈ എഴുത്തു
താങ്ക് യൂ
അച്ഛനോടൊപ്പമുള്ള ആ കാഷ്മീർ യാത്രയേക്കുറിച്ച് അമ്മ എത്ര സ്വപ്നങ്ങൾ കണ്ടിരിക്കും.
സ്നേഹിക്കാനും മനസ്സറിയാനും മക്കൾ തന്നെ വേണമെന്നില്ലല്ലോ
ഹൃദ്യമായ എഴുത്ത്❤️🌹👌
നന്നായി എഴുതി