“അതേയ്.. അറിഞ്ഞില്ലേ… നിങ്ങളുടെ കൂട്ടുകാരൻ കണ്ണൻ തൂങ്ങി മരിച്ചെന്ന്…”
ഞാനും ലക്ഷ്മിയും കൂടെ ബസിറങ്ങി നടന്ന് നിരത്തിലേക്ക് കേറുമ്പോഴായിരുന്നു പിറകെ നിന്ന് മീൻകാരൻ കുഞ്ഞുണ്ണിയേട്ടൻ വിളിച്ചു പറഞ്ഞത്.
ഞാൻ ഞെട്ടി അയാളെ നോക്കി… പിന്നെ പെട്ടെന്ന് തിരിഞ്ഞ് ലക്ഷ്മിയെയും.
അവളുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ആർക്കും അറിയില്ലെങ്കിലും ലക്ഷ്മി കണ്ണന്റെ കാമുകിയായിരുന്നു എന്ന സത്യം എനിക്ക് മാത്രം അറിയാമായിരുന്നു.
“എന്താ പറഞ്ഞത് കുഞ്ഞുണ്ണിയേട്ടാ…?”
എന്റെ ശബ്ദം വിറച്ചിരുന്നു.
“രാവിലെ കൂടി കണ്ടതാ മോളേ.. മുറിയിലെ ഫാനിൽ തൂങ്ങി…. പാവം ചെക്കൻ…”
ബാക്കി പറയാതെ അയാൾ നടന്നുപോയി.
ഞാൻ ലക്ഷ്മിയെ നോക്കി.
കരയും എന്ന് കരുതിയ മുഖത്ത് കണ്ണുനീർ ഉണ്ടായിരുന്നില്ല.
അവൾ വെറുതെ മുന്നോട്ട് നോക്കി നിൽക്കുകയായിരുന്നു.
ഒരു മനുഷ്യൻ മരിച്ച വാർത്ത കേൾക്കുമ്പോൾ ഉണ്ടാകുന്ന ഞെട്ടലോ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട വേദനയോ ഒന്നും ആ മുഖത്ത് ഞാൻ കണ്ടില്ല.
പക്ഷേ…
അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
സ്വന്തം ജീവൻ ശരീരത്തിൽ നിന്ന് അടർത്തിയെടുക്കാൻ ആരോ ശ്രമിക്കുന്നതുപോലെ അവൾ ശ്വാസം വലിച്ചു വിട്ടു.
“ലക്ഷ്മി…”
ഞാൻ പതിയെ വിളിച്ചു.
അവൾ എന്നെ നോക്കിയില്ല.
“നമുക്ക് പോകാം
ആ ശബ്ദം എനിക്ക് പരിചയമുള്ള ലക്ഷ്മിയുടേതായിരുന്നില്ല.
നടന്ന് പോകുന്നതിനിടയിൽ ഒരിക്കൽ പോലും അവൾ കണ്ണനെ കുറിച്ച് ചോദിച്ചില്ല.
എങ്ങനെ മരിച്ചു?
എന്തിനാണ് അങ്ങനെ ചെയ്തത്?
അവസാനം എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?
ഒന്നും.
അതാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്.
അവൾ വീട്ടിനകത്തേക്ക് കയറി പോകുമ്പോൾ ഒരിക്കൽ പോലുമെന്നെ തിരിഞ്ഞു നോക്കിയില്ല. ചായ്പിൽ ഇരുന്ന് ഓല മേടയുകയായിരുന്ന അമ്മമ്മ എന്തോ ചോദിച്ചതിന് മറുപടിയും പറഞ്ഞു അവൾ അകത്തേക്ക് മറഞ്ഞു.
എന്ത് ചെയ്യണമെന്ന് അറിയാതെ കുറേനേരം ഞാൻ അങ്ങനെ തന്നെ നിന്നു. അകത്ത് കയറി അവളെ നോക്കണോ, ആശ്വസിപ്പിക്കണോ… അതോ എന്റെ സങ്കടം ഞാൻ വീട്ടിൽ പോയി കരഞ്ഞുതീർക്കണോ എന്നറിയാതെ ഞാൻ നിസ്സഹായയായി.
അവസാനം ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു.
കണ്ണൻ മരിച്ചെന്ന വാർത്തയെക്കാൾ എന്നെ ഭയപ്പെടുത്തിയത് ലക്ഷ്മിയുടെ നിശ്ശബ്ദതയായിരുന്നു.
അവൾ കരഞ്ഞിരുന്നെങ്കിൽ എനിക്ക് സമാധാനമാകുമായിരുന്നു.
ഒച്ചയിട്ട് നിലവിളിച്ചിരുന്നെങ്കിൽ ഞാൻ അവളെ ചേർത്ത് പിടിച്ചേനെ.
പക്ഷേ അവൾ ഒന്നും ചെയ്തില്ല.
അതായിരുന്നു എന്നെ കൂടുതൽ ഭയപ്പെടുത്തിയത്.
രാത്രി പന്ത്രണ്ട് കഴിഞ്ഞപ്പോൾ ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചു.
റിംഗ് മുഴങ്ങി…
പിന്നെ കട്ട് ആയി.
അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു മെസേജ് വന്നു.
“ഉറങ്ങിയില്ലേ?”
ഞാൻ പെട്ടെന്ന് മറുപടി അയച്ചു.
“ഇല്ല.. നീ …?”
കുറച്ച് നേരം ടൈപ്പിംഗ് കാണിച്ചു.
“മരിക്കുന്നതിന് മുൻപ് അവൻ എന്നെ വിളിച്ചിരുന്നു.”
ആ വരി വായിച്ചതും എന്റെ ഹൃദയം ഒന്ന് നിലച്ചു.
“എന്നിട്ട്?”
അവൾ ഉടനെ മറുപടി തന്നില്ല.
ഏകദേശം പത്ത് മിനിറ്റിന് ശേഷം ഒരു മെസേജ് കൂടി വന്നു.
“ഞാൻ ഫോൺ എടുത്തില്ല.”
ആ നിമിഷം എനിക്ക് ലക്ഷ്മിയുടെ കണ്ണുനീർ കാണാൻ കഴിഞ്ഞില്ല.
പക്ഷേ അവളുടെ കുറ്റബോധത്തിന്റെ ഭാരം എന്റെ നെഞ്ചിലേക്ക് വരെ വീണു.
സ്ക്രീനിലേക്ക് നോക്കി ഞാൻ കുറേനേരം ഇരുന്നു.
പിന്നെ ധൈര്യം സംഭരിച്ച് ചോദിച്ചു.
” എന്തിനാ കണ്ണേട്ടൻ വിളിച്ചത്?”
മെസേജ് അയച്ച ഉടനെ തന്നെ അത് ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.
പക്ഷേ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവളുടെ മറുപടി വന്നു.
“അറിയില്ല..ഞാൻ ഫോൺ എടുത്തില്ലല്ലോ…”
വീണ്ടും കുറേനേരം നിശ്ശബ്ദത.
പിന്നെ അവൾ ഓരോ മെസേജായി അയക്കാൻ തുടങ്ങി.
“മൂന്ന് തവണ വിളിച്ചു.”
“ആദ്യം കട്ട് ചെയ്തു.”
“രണ്ടാമത്തെ തവണ റിംഗ് തീരുന്നത് വരെ നോക്കിയിരുന്നു.”
“മൂന്നാമത്തെ തവണ ഫോൺ സൈലന്റിലാക്കി.”
എന്റെ നെഞ്ച് മുറുകി.
“എന്തിന്?”
ഞാൻ ചോദിച്ചു.
അവൾ ഉടനെ മറുപടി തന്നില്ല.
പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാണ് അടുത്ത മെസേജ് വന്നത്.
” ഏട്ടനോട് ദേഷ്യം ആയിരുന്നു.”
“എന്തിന്?”
” കുറേനാളുകളായി എന്നോട് അകൽച്ച കാണിച്ചത് പോലെ.. എനിക്ക് പരിഗണന തരുന്നില്ലെന്ന് തോന്നിയത് കൊണ്ട്..”
ആ മറുപടി വായിച്ചപ്പോൾ എന്റെ മനസ്സിൽ പല കാര്യങ്ങളും തെളിഞ്ഞു.
കഴിഞ്ഞ മാസം മുതൽ കണ്ണൻ ലക്ഷ്മിയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു.
ഫോൺ കോളുകൾ കുറഞ്ഞു.
മെസേജുകൾക്ക് മറുപടി വൈകി.
കാണാമെന്ന് പറഞ്ഞ ദിവസങ്ങളിൽ പോലും വന്നില്ല.
പക്ഷേ അതിന്റെ പിന്നിൽ എന്താണെന്ന് ലക്ഷ്മിക്കോ എനിക്കോ അറിയില്ലായിരുന്നു.
“കണ്ണേട്ടൻ നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ?”
ഞാൻ ചോദിച്ചു.
കുറച്ച് നേരത്തിന് ശേഷം ഒരു ഫോട്ടോ വന്നു.
ഒരു വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട്.
അവസാന മെസേജ് കണ്ണന്റേതായിരുന്നു.
“എനിക്കൊന്ന് സംസാരിക്കണം ലക്ഷ്മി… അത്യാവശ്യമാ.”
അതിന് താഴെ…
“പ്ലീസ്..”
അതിനും താഴെ…
“ഫോൺ എടുക്കുമോ?”
അതിന് ശേഷം ഒന്നുമില്ല.
ഞാൻ ആ സ്ക്രീൻഷോട്ടിലേക്ക് നോക്കി നിന്നു.
പെട്ടെന്ന് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു.
മെസേജിന്റെ സമയം.
രാവിലെ 4:17.
കണ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത് 6 മണിയോടെയായിരുന്നു.
അതിനർത്ഥം…
മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വരെ അവൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചിരുന്നു.
അന്നേരം ലക്ഷ്മിയുടെ അടുത്ത മെസേജ് വന്നു.
“അവൻ മരിക്കുന്നതിന് മുമ്പ് എന്നോട് എന്താണ് പറയാൻ ശ്രമിച്ചതെന്ന് ഇനി ഒരിക്കലും അറിയില്ല അല്ലേ?”
ആ ചോദ്യത്തിന് എന്റെ കൈവശം ഉത്തരമുണ്ടായിരുന്നില്ല.
ഞാൻ ഒന്നും മിണ്ടാതെ ഫോൺ അരികിൽ വച്ച് കണ്ണടച്ച് കിടന്നു.
കണ്ണേട്ടനെ കാണാൻ പോകണമെന്ന് ഉണ്ടായിരുന്നു.
ലക്ഷ്മി വരില്ലെന്ന് ഉറപ്പാണ്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് പിറ്റേന്ന് ഉച്ചയ്ക്കേ കൊണ്ട് വരൂ എന്ന് അമ്മ രാത്രി തന്നെ പറഞ്ഞിരുന്നു.
ആ രാത്രി മുഴുവൻ എനിക്ക് ഉറക്കം വന്നില്ല.
കണ്ണടച്ചാൽ കണ്ണേട്ടന്റെ ചിരിച്ച മുഖമായിരുന്നു ഓർമ്മ വന്നത്.
അതിലും കൂടുതൽ മനസ്സിലേക്ക് കയറി വന്നത് ലക്ഷ്മിയുടെ മുഖമാണ്.
കരയാതെ…
തകർന്നുപോകാതെ…
ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ നിന്ന ആ മുഖം.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി.
മുറ്റത്ത് അമ്മമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ലക്ഷ്മി എവിടെ അമ്മമ്മേ?”
“മുറിയിലുണ്ട് മോളേ… ഇന്നലെ മുതൽ പുറത്തേക്ക് ഇറങ്ങിയിട്ടില്ല.”
ഞാൻ പതിയെ അകത്തേക്ക് നടന്നു.
മുറിയുടെ വാതിൽ പാതി തുറന്നുകിടക്കുകയായിരുന്നു.
അകത്തേക്ക് നോക്കിയപ്പോൾ ജനലരികിൽ ഇരിക്കുന്ന ലക്ഷ്മിയെ കണ്ടു.
ഒരേ ഇരിപ്പ്.
ഒരേ നോട്ടം.
രാത്രി മുഴുവൻ അവൾ അവിടെ തന്നെയായിരുന്നോ എന്ന് പോലും തോന്നി.
“ലക്ഷ്മി…”
ഞാൻ പതിയെ വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
കണ്ണുകൾ ചുവന്നിരുന്നു.
“ഞാൻ ഇന്ന് പോകുന്നുണ്ട് ”
ഞാൻ പറഞ്ഞു.
“എവിടെ?”
അവൾ ചോദിച്ചു.
“കണ്ണേട്ടനെ കാണാൻ.”
അവളുടെ മുഖം ഒന്ന് വലിഞ്ഞു.
വേദന മറയ്ക്കാൻ ശ്രമിക്കുന്നതുപോലെ.
“ഓ…”
“നീ വരുന്നില്ലേ?”
ഞാൻ മടിച്ചുമടിച്ച് ചോദിച്ചു.
അവൾ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
പിന്നെ ജനലിന് പുറത്തേക്ക് നോക്കിക്കൊണ്ട് പതിയെ പറഞ്ഞു.
“ജീവനോടെ ഇരിക്കുമ്പോൾ കാണാൻ പറ്റിയില്ല…”
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ തൊണ്ട വരണ്ടു.
“ഇനി അങ്ങനെ കിടക്കുന്നത് കാണാൻ എനിക്ക് പറ്റില്ല.”
ആദ്യമായിട്ടായിരുന്നു അവളുടെ ശബ്ദം ഒന്ന് ഇടറുന്നത്.
“എന്തിനായിരിക്കും കണ്ണേട്ടൻ ആത്മഹത്യ ചെയ്തത്…?”
ലക്ഷ്മി വീണ്ടും ചോദിച്ചു.
അവളുടെ ശബ്ദത്തിൽ ഉത്തരത്തേക്കാൾ കൂടുതൽ പ്രതീക്ഷയായിരുന്നു.
എവിടെയെങ്കിലും ഒരു കാരണം കിട്ടിയാൽ ഈ വേദന കുറയുമെന്ന പ്രതീക്ഷ.
“എനിക്കറിയില്ല ലക്ഷ്മി.” എൻ്റെ കണ്ണുകൾ നിറഞ്ഞു. കണ്ണേട്ടൻ്റെ ചിരിച്ച മുഖം മുന്നില് തെളിഞ്ഞു.
“ആർക്കും അറിയില്ല.”
“അറിയാമായിരുന്നെങ്കിൽ ഒരുപക്ഷേ അയാളെ രക്ഷിക്കാനും പറ്റുമായിരുന്നു.”
ലക്ഷ്മിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“പക്ഷേ ഏട്ടന് സന്തോഷമായിരുന്നല്ലോ…”
അവൾ സ്വയം പറയുന്നതുപോലെ മുറുമുറുത്തു.
“എന്നെ കാണുമ്പോൾ ചിരിക്കുമായിരുന്നു…”
“തമാശ പറയും..ഭാവിയെ കുറിച്ച് സംസാരിക്കുമായിരുന്നു…”
ഞാൻ നെടുവീർപ്പിട്ടു.
“ചിരിക്കുന്ന മനുഷ്യർക്കും സങ്കടം ഉണ്ട് ലക്ഷ്മി… ഒരുപക്ഷേ നമ്മളാരും അറിയാത്ത എന്തോ ഒന്ന് കണ്ണേട്ടൻ ഒറ്റയ്ക്ക് നേരിട്ടിട്ടുണ്ടാകും.”
അൽപ്പസമയം കഴിഞ്ഞ് ലക്ഷ്മി പതിയെ ചോദിച്ചു.
“അവന് എന്നെ ഇഷ്ടമില്ലാതായതുകൊണ്ടായിരിക്കുമോ അകന്നത്?”
ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
കാരണം മരിച്ചുപോയ ഒരാളുടെ മനസ്സിൽ അവസാന ദിവസങ്ങളിൽ എന്തായിരുന്നു നടന്നതെന്ന് ഒരിക്കലും ഉറപ്പിച്ച് പറയാനാവില്ല.
പക്ഷേ ഒരു കാര്യം മാത്രം വ്യക്തമായിരുന്നു.
മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ്…
അവൻ വിളിച്ചത് ലക്ഷ്മിയെയായിരുന്നു.
ഒരുതവണയല്ല.
മൂന്നുതവണ.
അവൾ അവന്റെ മനസ്സിൽ എപ്പോഴും പ്രധാനപ്പെട്ട ഒരാളായിരുന്നു എന്നത് നിഷേധിക്കാനും കഴിയില്ല.
ലക്ഷ്മി കണ്ണടച്ചു.
കവിളിലൂടെ ഒരു തുള്ളി കണ്ണുനീർ വീണു.
“ഇനി ഒരിക്കലും അറിയാൻ പറ്റില്ല അല്ലേ ദേവൂ…”
ഞാൻ മിണ്ടിയില്ല.
ലക്ഷ്മി ജനലരികിൽ നിന്ന് എഴുന്നേറ്റു.
“ഇനി…?”
അവൾ സ്വയം ചോദിക്കുന്നതുപോലെ പതിയെ പറഞ്ഞു.
“ഇനി ഞാൻ എന്ത് ചെയ്യും ദേവൂ…?”
ആ ചോദ്യത്തിന് എന്റെ കൈവശം ഉത്തരമുണ്ടായിരുന്നില്ല.
പുറത്ത് ഉച്ചവെയിൽ കത്തുന്നുണ്ടായിരുന്നു.
പക്ഷേ ആ മുറിക്കുള്ളിൽ തണുപ്പായിരുന്നു.
മരവിച്ച തണുപ്പ്.
“ഏട്ടൻ വരുമ്പോൾ… ഒരുപാട് ആളുകൾ ഉണ്ടാവും അല്ലേ?”
ലക്ഷ്മി പെട്ടെന്ന് ചോദിച്ചു.
“ഉണ്ടാവും.”
“ഞാൻ പോയാൽ എല്ലാവരും നോക്കും.”
അവൾ ഒരു കയ്പേറിയ ചിരി ചിരിച്ചു.
“കാമുകി കരയുന്നത് പോലെ എനിക്ക് കരയാൻ പോലും പറ്റില്ലല്ലോ.”
ആ വാക്കുകൾ എന്റെ നെഞ്ചിൽ തറഞ്ഞു.
അതാണ് അവരുടെ പ്രണയത്തിന്റെ ഏറ്റവും വലിയ ദുരന്തം.
സ്നേഹിച്ചിരുന്നു.
പക്ഷേ ലോകത്തോട് പറയാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ നഷ്ടപ്പെട്ടു.
പക്ഷേ ലോകത്തിന്റെ മുന്നിൽ കരയാനും കഴിയില്ല.
എനിക്ക് അവളോട് സഹതാപം തോന്നി.
ലക്ഷ്മി കണ്ണുനീർ തുടച്ചു.
“പക്ഷേ… കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ണേട്ടൻ ആകെ മാറിയിരുന്നു.”
ഞാൻ അവളെ നോക്കി.
“എന്നെ ഒഴിവാക്കുന്നത് പോലെ.. അല്ല, എല്ലാവരെയും ഒഴിവാക്കുന്നത് പോലെ.
ഒറ്റയ്ക്കിരിക്കാൻ തുടങ്ങിയിരുന്നു.”
ഞാൻ ഒന്നും മിണ്ടിയില്ല.
” എന്താ പറ്റിയതെന്ന് ഞാൻ കുത്തി കുത്തി ചോദിച്ചുകൊണ്ടേയിരുന്നു. പറയാതെ ഇരിക്കുമ്പോൾ ഞാൻ ദേഷ്യപ്പെട്ടു.. പിന്നെപ്പോഴോ കണ്ണേട്ടൻ പറഞ്ഞു…”
ലക്ഷ്മിയുടെ ശബ്ദം നേർത്തു.
‘ചില കടങ്ങളും പ്രശ്നങ്ങളും പണം കൊണ്ട് വീട്ടാൻ പറ്റില്ല ലക്ഷ്മി…”
“എന്ത് കടം?”
പക്ഷേ കണ്ണേട്ടൻ ചിരിച്ചു… എന്നിട്ട് പറഞ്ഞു.”അത് നീ അറിയണ്ട.”
“ലക്ഷ്മി…” ഞാൻ വിളിച്ചു
“ഉം?”
“അവരുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ?”
ലക്ഷ്മി പെട്ടെന്ന് എന്നെ നോക്കി.
“കഴിഞ്ഞ മാസം കണ്ണേട്ടന്റെ അച്ഛൻ ആശുപത്രിയിൽ ആയിരുന്നു.. ഹൃദയ ശസ്ത്രക്രിയ.. ഒരുപാട് പണം ചെലവായെന്ന് കേട്ടിരുന്നു.”
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല..
ലക്ഷ്മി ജനലിന് പുറത്തേക്ക് നോക്കി.
“പക്ഷേ…”
എന്നോട് കണ്ണേട്ടൻ ഒരിക്കൽ ചോദിച്ചിരുന്നു ദേവൂ….”
” എന്ത്?”
ലക്ഷ്മി ചുണ്ടുകൾ കടിച്ചു പിടിച്ചു.
“ഒരു മനുഷ്യൻ എല്ലാവർക്കും ഭാരമായി മാറിയാൽ എന്ത് ചെയ്യണം?”
എന്റെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞു.
ആ ചോദ്യം…
ഇപ്പോൾ കേൾക്കുമ്പോൾ അതൊരു സാധാരണ ചോദ്യം ആയിരുന്നില്ല. ഒരുപക്ഷേ ഒരു സൂചനയായിരുന്നു. സഹായത്തിനായുള്ള അവസാന ശ്രമം. ആരും മനസ്സിലാക്കാതെ പോയ ഒരു നിലവിളി.
“ഒരു മനുഷ്യൻ എല്ലാവർക്കും ഭാരമായി മാറിയാൽ എന്ത് ചെയ്യണം…?”
ആ ചോദ്യം എന്റെ മനസ്സിൽ കുടുങ്ങിക്കിടന്നു.
ഉച്ചയ്ക്ക് കണ്ണേട്ടന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഞാൻ പോയിരുന്നു.
ഗ്രാമം മുഴുവൻ അവിടെയുണ്ടായിരുന്നു.
മുറ്റം നിറയെ ആളുകൾ.
കരച്ചിലുകൾ.
അടക്കിപ്പിടിച്ച തേങ്ങലുകൾ.
പക്ഷേ ആ തിരക്കിനിടയിൽ എന്റെ കണ്ണുകൾ തിരഞ്ഞത് ഒരാളെ മാത്രമായിരുന്നു.
ലക്ഷ്മിയെ.
അവൾ വന്നിരുന്നില്ല.
വരില്ലെന്ന് എനിക്കറിയാമായിരുന്നു.
വെള്ള തുണിയിൽ പൊതിഞ്ഞ് കിടന്ന കണ്ണേട്ടനെ കണ്ടപ്പോൾ എന്റെ തൊണ്ട വരണ്ടു.
ഇന്നലെ വരെ നടന്ന് സംസാരിച്ചിരുന്ന ഒരാൾ.
ഇന്ന് ഈ ലോകത്തില്ല.
ഞാൻ പതിയെ അടുത്തേക്ക് ചെന്നു.
അപ്പോഴാണ് കണ്ണേട്ടന്റെ അമ്മയുടെ കരച്ചിൽ കേട്ടത്.
“എന്തിനാടാ മോനേ… ഞങ്ങളോട് പറഞ്ഞാ പോരായിരുന്നോ എന്തുണ്ടെങ്കിലും…?”
ആ വാക്കുകൾ കേട്ടപ്പോൾ ചുറ്റുമുണ്ടായിരുന്ന പലരും കണ്ണുകൾ തുടയ്ക്കുന്നത് ഞാൻ കണ്ടു.
അതിനിടയിലാണ് മുറിയുടെ മൂലയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കണ്ണേട്ടന്റെ അച്ഛനെ ഞാൻ ശ്രദ്ധിച്ചത്.
അദ്ദേഹം കരയുന്നുണ്ടായിരുന്നില്ല.
പക്ഷേ ആ മുഖത്ത് കരച്ചിലിനേക്കാൾ ഭയപ്പെടുത്തുന്ന എന്തോ ഉണ്ടായിരുന്നു.
തോൽവി.
പൂർണ്ണമായ തോൽവി.
ഞാൻ അവിടുന്ന് മടങ്ങാൻ തുടങ്ങുമ്പോഴാണ് കണ്ണേട്ടൻ്റെ അച്ഛൻ എന്നെ വിളിച്ചത്
“ദേവിക…”
കൈയിൽ ഒരു ചെറിയ കവർ.
“ഇത് നിനക്ക് തരാൻ കണ്ണൻ പറഞ്ഞിരുന്നു.”
ഞാൻ ഞെട്ടി.
“എനിക്ക്?”
“അതെ.”
എന്റെ ഹൃദയം വേഗത്തിൽ മിടിച്ചു.
വിറയ്ക്കുന്ന കൈകളോടെ ഞാൻ കവർ വാങ്ങി.
വീട്ടിലെത്തുന്നതുവരെ അത് തുറക്കാൻ പോലും ധൈര്യം വന്നില്ല.
മുറിയിൽ കയറി വാതിൽ അടച്ച ശേഷമാണ് ഞാൻ അത് തുറന്നത്.
ഒരു കത്തായിരുന്നു അത്
കത്ത് തുറന്നപ്പോൾ ആദ്യ വരി തന്നെ എന്നെ ഞെട്ടിച്ചു.
“ദേവൂ, ഇത് നീ വായിക്കുന്നുണ്ടെങ്കിൽ ഞാൻ ജീവനോടെ ഇല്ലെന്ന് ആണ് അർത്ഥം.”
എന്റെ കൈകൾ വിറച്ചു.
“ലക്ഷ്മിയോട് നേരിട്ട് പറയാൻ എനിക്ക് ധൈര്യമില്ല. അതുകൊണ്ടാണ് നിന്നെ ഏൽപ്പിക്കുന്നത്.”
“ഞാൻ അവളെ സ്നേഹിച്ചിരുന്നു. ഒരുപാട്… എൻ്റെ അവസാനം വരെയും അവൾ മാത്രമായിരുന്നു എൻ്റെ ഉള്ളിൽ.”
കണ്ണുകൾ കണ്ണുനീർ നിറഞ്ഞ് മങ്ങിപ്പോയി.
ഞാൻ കത്ത് നെഞ്ചോട് ചേർത്തുപിടിച്ചു.
“അച്ഛൻ്റെ ചികിത്സയ്ക്ക് വേണ്ടി എടുത്ത കടം ഞങ്ങളുടെ കുടുംബത്തെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് ദേവൂ. ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് കുറച്ചധികം പണം മറിച്ചു. തിരികെ വയ്ക്കാമെന്നു കരുതിയാണ്.. പക്ഷേ പറ്റിയില്ല.. ഒരുപാട് പേരോട് ചോദിച്ചു. കാല് പിടിച്ചു. ആരും സഹായിച്ചില്ല.. ഒന്നും എന്നെ കൊണ്ട് ആയില്ല. കമ്പനിയിൽ അറിയും എന്നുള്ള ഘട്ടം ആയിട്ടുണ്ട്.. പിടിച്ചു നിൽക്കാൻ പറ്റില്ല.. കേസ് വരും.. ജയിലിലാകും.. ചിലപ്പോൾ കിടപ്പാടം പോലും നഷ്ടമാകും… അപ്പോൾ എന്റെ കുടുംബവും ലക്ഷ്മിയും ജീവിതകാലം മുഴുവൻ ഒരു കള്ളന്റെ പേരിൽ ഉരുകി ജീവിക്കേണ്ടി വരും.”
ഞാൻ ശ്വാസം എടുക്കാൻ പോലും മറന്നുപോയി.
“ഞാൻ ചെയ്തത് ശരിയാണെന്ന് പറയുന്നില്ല.
പക്ഷേ ഞാൻ ജീവിച്ചാൽ എല്ലാവരുടെയും ജീവിതം നശിക്കുമെന്ന് എനിക്ക് തോന്നി.
ഒരുപക്ഷേ എനിക്ക് തെറ്റിയിരിക്കാം…
പക്ഷേ ഇപ്പോൾ മറ്റൊരു വഴി എനിക്ക് മുന്നിൽ കാണുന്നില്ല. പിടിച്ചു നിൽക്കാൻ ആയതും ശ്രമിച്ചു. നടന്നില്ല…”
“ലക്ഷ്മിയോട് പറയണം…”
അവളുടെ ശബ്ദം കേൾക്കാൻ തോന്നിയതുകൊണ്ടാണ് ഞാൻ അവസാനമായി വിളിച്ചത്.”
“അവൾ സ്വയം കുറ്റപ്പെടുത്താൻ സമ്മതിക്കരുത് നീ… ഞാൻ അവളെ സ്നേഹിച്ചിരുന്നു ന്ന് പറയണം അവളോട്… ഒരുപാട്..”
കത്ത് എന്റെ കൈകളിൽ നിന്ന് താഴേക്ക് വഴുതി വീണു.
കണ്ണേട്ടനെ കൊന്നത് പ്രണയനഷ്ടമല്ല.
കടവും അല്ല.
അദ്ദേഹം ഒറ്റയ്ക്ക് ചുമന്ന ഭയമായിരുന്നു. താൻ കാരണം മറ്റുള്ളവർ ബുദ്ധിമുട്ടുമല്ലോ, അപഹാസ്യരായി നിൽക്കേണ്ടി വരുമല്ലോ എന്ന ഭയം.
അതെ..
കണ്ണേട്ടൻ മരിച്ചതിലൂടെ തന്റെ വേദനയും ഭയവും അവസാനിപ്പിച്ചിരിക്കാം.
പക്ഷേ ബാക്കിയുള്ളവർ?
അവർക്കാണ് യഥാർത്ഥ ശിക്ഷ.
അച്ഛൻ ഓരോ ദിവസവും ചിന്തിക്കും:
“എന്റെ ഓപ്പറേഷൻ വേണ്ടായിരുന്നു…”
അമ്മ ഓരോ രാത്രിയും ഉറങ്ങാതെ കിടക്കും:
“അവൻ ഇത്രയും വിഷമത്തിലായിരുന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ?”
ലക്ഷ്മി ജീവിതകാലം മുഴുവൻ ഒരു ഫോൺ കോളിന്റെ റിംഗ്‌ടോൺ മനസ്സിൽ കേട്ടുകൊണ്ടിരിക്കും:
“അന്ന് ഞാൻ എടുത്തിരുന്നെങ്കിൽ…”
അവന്റെ സുഹൃത്തുക്കൾ ചിന്തിക്കും:
“ഒരു തവണ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ…”
പക്ഷേ ഏറ്റവും കഠിനമായ സത്യം മറ്റൊന്നാണ്.
കണ്ണേട്ടൻ ഉത്തരവാദിത്വങ്ങളിൽ നിന്നും രക്ഷപ്പെട്ടില്ല.
ആ ഉത്തരവാദിത്വങ്ങൾ എല്ലാം ജീവിച്ചിരിക്കുന്നവരുടെ ചുമലിലേക്ക് മാറ്റിവെച്ചു.
കടം അവിടെ തന്നെ ഉണ്ട്.
ചീത്തപ്പേര് അവിടെ തന്നെ ഉണ്ട്.
നിയമപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയും അവിടെ തന്നെ ഉണ്ട്.
വ്യത്യാസം ഒന്ന് മാത്രം.
അവയെ നേരിടേണ്ട മനുഷ്യൻ ഇനി ഇല്ല.
അതുകൊണ്ടാണ് ആത്മഹത്യയ്ക്ക് ശേഷമുള്ള കഥ പലപ്പോഴും മരിച്ചവന്റെ മാത്രം കഥയല്ല.
ജീവിച്ചിരിക്കുന്നവരുടെ കഥയാണ്.
ഓരോ ദിവസവും അവർ ഒരേ ചോദ്യവുമായി എഴുന്നേൽക്കും.
“അവൻ ഇവിടെ തന്നെ നിന്നിരുന്നെങ്കിൽ നമുക്ക് ഒരുമിച്ച് നേരിടാമായിരുന്നില്ലേ?”
കാരണം ജയിലിൽ പോകുന്നതും, അപമാനം നേരിടുന്നതും, കടം വീട്ടുന്നതും, തെറ്റ് സമ്മതിക്കുന്നതും ഒക്കെ കഠിനമാണ്.
പക്ഷേ മരണം അതിനേക്കാൾ നല്ല പരിഹാരമാണെന്ന് ഒരു ഉറപ്പുമില്ല.
ഞാൻ എൻ്റെ ഡയറിയിൽ കുറിച്ചു.
“കണ്ണേട്ടൻ മരിച്ചതുകൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചില്ല.
ഏട്ടൻ്റെ വേദന മാത്രം അവസാനിച്ചു.
ജീവിച്ചിരുന്നപ്പോൾ ഒറ്റയ്ക്ക് പേറിയ ഭാരങ്ങൾ, അയാൾ പോയ നിമിഷം മുതൽ അയാളെ ഒരുപാട് സ്നേഹിച്ചിരുന്ന കുറെയേറെ മനുഷ്യരുടെ ചുമലുകളിലേക്ക് വീണു.
അച്ഛന്റെ കുറ്റബോധമായി…
അമ്മയുടെ കണ്ണുനീരായി…
ലക്ഷ്മിയുടെ ഉറക്കമില്ലാത്ത രാത്രികളായി…
സുഹൃത്തുക്കളുടെ പറയാതെ പോയ വാക്കുകളായി…
ബാക്കിയാക്കിയത് ഓർമ്മകൾ മാത്രമല്ല, ഒരിക്കലും പൂർണമായി മായാത്ത മുറിവുകളും കൂടിയാണ്.
അതുകൊണ്ടാവാം ചില മരണങ്ങൾക്ക് യഥാർത്ഥത്തിൽ അവസാനമില്ലാത്തത്.
ഒരു മനുഷ്യന്റെ ജീവിതം അവിടെ അവസാനിക്കുമ്പോൾ, അവനെ സ്നേഹിച്ചിരുന്ന പലരുടെയും ഉള്ളിൽ മറ്റൊരു ജീവിതം തുടങ്ങുന്നു…
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെയും, തീരാത്ത കുറ്റബോധങ്ങളുടെയും, മടങ്ങിവരാത്ത ഓർമ്മകളുടെയും ഒരു നീണ്ട യാത്ര.
ചില മരണങ്ങൾ കല്ലറയിൽ അവസാനിക്കില്ല… അവ ജീവിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളിൽ വർഷങ്ങളോളം തുടർന്നുകൊണ്ടിരിക്കും.”


3 Comments
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ആരും മനസ്സിലാക്കുന്നില്ല. മനസ്സിൻ്റെ ഭാരം ഒന്നിറക്കി വെയ്ക്കാൻ പറ്റാത്തതുകൊണ്ടാവും അല്ലേ
കണ്ണനെപ്പോലെയാണ് ചിലർ. സ്വയം ഹോമിച്ചും കത്തിതീർന്നും മറ്റുള്ളവർക്ക് വെളിച്ചമാകുന്നവർ
❤️❤️❤️❤️thanks hariyettaa for comment