നീണ്ട ഒമ്പത് വർഷങ്ങൾ…
അവളുടെ സ്വപ്നങ്ങൾക്ക് മുകളിൽ മറ്റൊരാളുടെയും അയാളുടെ കുടുംബത്തിന്റെയും ആഗ്രഹങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒമ്പത് വർഷങ്ങൾ.
പുലർച്ചെ കണ്ണുതുറക്കുന്നതു മുതൽ രാത്രി കിടക്കുന്നതു വരെ ഒരു യന്ത്രം പോലെ ജീവിക്കുകയായിരുന്നു അവൾ. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ, തനിക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കാൻ പോലും ഞാൻ മറന്നുപോയി.
“ഇനി എങ്കിലും എനിക്കൊന്ന് വിശ്രമിക്കണ്ടേ…?”
ആ ചോദ്യം കുറേ നാളുകളായി മീരയുടെ ഉള്ളിൽ അലഞ്ഞുനടക്കുകയായിരുന്നു.
മനസ്സിലെ ആശങ്കകളെ ഓരോന്നായി പെറുക്കിക്കൂട്ടി, ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെച്ച് അവൾ ഒരു ദീർഘനിശ്വാസമെടുത്തു. ജനലഴികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, ആകാശം പോലും സ്വാതന്ത്ര്യത്തിന്റെ നിറം പൂശിയതുപോലെ അവൾക്ക് തോന്നി.
ഡിഗ്രി കഴിഞ്ഞ് അധികം വൈകാതെയായിരുന്നു വിവാഹം.
അന്യജാതിയിൽപ്പെട്ട ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ച മൂത്ത സഹോദരി വീട്ടുകാർക്ക് ഇന്നും മറക്കാനാകാത്തൊരു മുറിവായിരുന്നു. ആ ചരിത്രം ആവർത്തിക്കരുതെന്ന ഭയത്തിൽ, മകളുടെ നല്ല ഭാവി എന്ന പേരിൽ അവർ മീരയുടെ ജീവിതം സ്വന്തം കൈകളിൽ എടുത്തു. അങ്ങനെ, സ്വന്തം ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും മുകളിൽ ഒരു കല്ലിട്ടുമൂടിക്കൊണ്ട് മീര വിവാഹജീവിതത്തിലേക്ക് നടന്നു കയറി.
ആദ്യ ദിവസങ്ങളിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ, ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും മാറിയപ്പോൾ…
ആ വീട്ടിൽ അവൾക്ക് ഒരു മരുമകളുടെ സ്ഥാനമുണ്ടായിരുന്നു…
ഒരു ഭാര്യയുടെ ഉത്തരവാദിത്വവുമുണ്ടായിരുന്നു…
ഒരു അമ്മയുടെ കടമയുമുണ്ടായിരുന്നു.
പക്ഷേ…
‘മീര’ എന്ന വ്യക്തിക്ക് മാത്രം അവിടെ ഒരു സ്ഥാനവുമില്ലായിരുന്നു.
അവളുടെ ചിരി പോലും മറ്റുള്ളവരുടെ അനുമതിയെ ആശ്രയിച്ചായിരുന്നു.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ളിടത്തേക്ക് പോകാനും, ഒരു പുസ്തകം വായിച്ച് കുറച്ച് സമയം തനിക്കായി മാറ്റിവെക്കാനും പോലും അവൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ഒമ്പത് വർഷങ്ങൾ…
സ്വപ്നങ്ങൾ മാറ്റിവെച്ച വർഷങ്ങൾ.
സ്വന്തം ശബ്ദം അടക്കിപ്പിടിച്ച വർഷങ്ങൾ.
കരയാൻ പോലും അനുവാദം ചോദിക്കേണ്ടി വന്ന വർഷങ്ങൾ.
എന്നത്തേയും പോലെ ആ രാത്രിയും മീരയ്ക്ക് ഉറങ്ങാനായില്ല.
അടുത്ത് കിടക്കുന്ന ഭർത്താവിന്റെ കൂർക്കംവലി മുറിയിൽ നിറഞ്ഞുനിന്നു.
ഭിത്തിയിലെ ക്ലോക്ക് മൂന്ന് അടിച്ചു.
ഉറക്കം വരാതെ അവൾ പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റ് ജനലരികിൽ ചെന്നുനിന്നു.
മഴ പെയ്യുന്നുണ്ടായിരുന്നു.
ഇരുണ്ട ആകാശത്തിൽ നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളിയും അവൾക്ക് സ്വന്തം ജീവിതം പോലെ തോന്നി.
പിറന്ന വീട്ടിൽ അച്ഛന്റെയും അമ്മയുടെയും തീരുമാനങ്ങൾ…
വിവാഹത്തിന് ശേഷം ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും തീരുമാനങ്ങൾ…
ഇതിനിടയിൽ ഒരിക്കൽപ്പോലും ആരും ചോദിച്ചിട്ടില്ല…
“മീരയ്ക്ക് എന്താണ് വേണ്ടത്?”
ആ ചോദ്യം അവളെ ഉള്ളിൽ നിന്ന് തകർത്തു.
പെട്ടെന്ന് അവളുടെ കണ്ണുകൾ പുസ്തക അലമാരയിലേക്ക് പതിഞ്ഞു.
പൊടി പിടിച്ച് കിടക്കുന്ന ഒരു ഫയൽ.
അവൾ പതിയെ അതെടുത്ത് തുറന്നു.
ഡിഗ്രി സർട്ടിഫിക്കറ്റ്…
കോളേജ് മാഗസിനിൽ അച്ചടിച്ചിരുന്ന അവളുടെ കഥ…
പ്രസംഗ മത്സരത്തിൽ നേടിയ ഒന്നാം സമ്മാനത്തിന്റെ സർട്ടിഫിക്കറ്റ്…
ഓരോ കടലാസും അവളെ പഴയ മീരയിലേക്ക് തിരികെ കൊണ്ടുപോയി.
സ്വപ്നങ്ങൾ കണ്ടിരുന്ന…
ഉറക്കെ ചിരിച്ചിരുന്ന…
എഴുതണമെന്ന് ആഗ്രഹിച്ചിരുന്ന…
ലോകം കാണണമെന്ന് കൊതിച്ചിരുന്ന ആ പെൺകുട്ടിയിലേക്ക്.
അറിയാതെ ഒരു കണ്ണുനീർത്തുള്ളി സർട്ടിഫിക്കറ്റിന് മുകളിലേക്ക് വീണു.
“നീ ഇപ്പോഴും ഇവിടെ തന്നെയുണ്ടല്ലേ…”
സ്വയം പറഞ്ഞ ആ വാക്കുകൾ കേട്ട് അവൾ മെല്ലെ ചിരിച്ചു.
ഒമ്പത് വർഷത്തിനിടയിൽ ആദ്യമായി…
പിറ്റേന്ന് രാവിലെ…
പതിവുപോലെ അടുക്കളയിൽ തിരക്കിലായിരുന്നെങ്കിലും മീരയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.
ചായ തിളയ്ക്കുന്നതിനിടയിൽ, ഇന്നലെ രാത്രി കണ്ട ആ ഫയലിലെ ഓരോ കടലാസും വീണ്ടും വീണ്ടും അവളുടെ മനസ്സിലൂടെ കടന്നുപോയി.
“ഞാൻ എപ്പോഴാണ് എന്നെ തന്നെ ഇത്രയധികം മറന്നുപോയത്?”
പ്രഭാതഭക്ഷണം കഴിച്ച് എല്ലാവരും ഓരോ വഴിക്ക് പോയി. മക്കൾ സ്കൂളിലേക്കും ഭർത്താവ് ഓഫീസിലേക്കും അമ്മായി അച്ഛൻ കൂട്ടുകാരോട് കൂടാൻ കവലയിലേക്കും അമ്മായിയമ്മ ക്ഷേത്രദർശനം എന്ന പേരിൽ തന്റെ കൂട്ടുകാരുടെ അടുത്തേക്കും.
ആ പകലിൻ്റെ നിശ്ശബ്ദതയിൽ അവൾ അലമാര തുറന്ന് പഴയൊരു ഡയറി എടുത്തു.
അവൾ പതിയെ ഒരു പേന എടുത്തു.
കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
വെളുത്ത പേജിലേക്ക് കുറച്ചുനേരം നോക്കിയിരുന്നു.
പിന്നെ, വളരെ പതുക്കെ അവൾ എഴുതി.
“പ്രിയപ്പെട്ട മീരയ്ക്ക്…”
അത്രയും വർഷങ്ങൾക്ക് ശേഷം, സ്വന്തം പേരെഴുതുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
മറ്റുള്ളവർക്ക് വേണ്ടി നൂറുകണക്കിന് കാര്യങ്ങൾ ചെയ്ത കൈകൾ…
ഇന്ന് ആദ്യമായി…
സ്വന്തം ജീവിതത്തെ തൊട്ടു.
മീര ഒരിക്കലും ഒരു വലിയ തീരുമാനമെടുത്തില്ല.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോയില്ല.
ആരോടും കലഹിച്ചില്ല.
പക്ഷേ…
ആ വെളുത്ത കടലാസിൽ എഴുതിയ ആ രണ്ട് വാക്കുകൾ…
“പ്രിയപ്പെട്ട മീരയ്ക്ക്…”
അതവളെ പൊട്ടിക്കരയിച്ചു.
അന്ന് വൈകുന്നേരം, മകളെ ട്യൂഷനിൽ വിട്ട് മടങ്ങുമ്പോൾ റോഡരികിലെ ഒരു പുസ്തകശാലയുടെ മുന്നിൽ അവൾ അറിയാതെ നിന്നുപോയി.
ഷോക്കേസിൽ നിരത്തിവെച്ചിരുന്ന പുസ്തകങ്ങൾ അവളെ നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നി.
ഒരുകാലത്ത് അവളും സ്വപ്നം കണ്ടിരുന്നു…
ഒരു ദിവസം തന്റെ പേരുള്ള ഒരു പുസ്തകം ആ ഷെൽഫിൽ ഇരിക്കുന്നതായി.
അവൾ മെല്ലെ കൈ നീട്ടി ഗ്ലാസിൽ വിരൽ ചേർത്തു.
ഒരു നിമിഷം…
കണ്ണുകൾ അടച്ചു.
“ആ സ്വപ്നം മരിച്ചുപോയോ…? അതോ…
ഞാനാണോ അതിനെ ജീവനോടെ കുഴിച്ചുമൂടിയത്?”
ആ ചോദ്യത്തിന് മറുപടി പറയാൻ അവൾക്കായില്ല.
മടങ്ങിപ്പോകുന്നതിന് മുമ്പ് മൊബൈൽ എടുത്ത് അവൾ ആ പുസ്തകശാലയുടെ ചിത്രം പകർത്തി.
കാരണമൊന്നുമില്ല…
അല്ല…
ഒരു കാരണമുണ്ടായിരുന്നു.
വളരെ വർഷങ്ങൾക്ക് ശേഷം…
വീണ്ടും ഒരു സ്വപ്നം കാണാൻ വേണ്ടി മാത്രം..
ആ രാത്രി പുസ്തകശാലയുടെ ചിത്രം മീര പലതവണ തുറന്ന് നോക്കി.
ഒരു ചിത്രത്തിന് ഇത്രയും ഓർമ്മകൾ ഉണർത്താൻ കഴിയുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.
ഫോൺ ലോക്ക് ചെയ്ത് കിടന്നെങ്കിലും ഉറക്കം വീണ്ടും അവളെ തേടിയെത്തിയില്ല.
പുലർച്ചെ അഞ്ചുമണിക്ക് അലാറം മുഴങ്ങുന്നതിന് മുമ്പേ അവൾ എഴുന്നേറ്റു.
അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു.
ഗ്യാസ് സ്റ്റൗവിൽ ചായ തിളച്ചു.
കറിയിൽ ഉപ്പ് ശരിയാണോ എന്ന് നോക്കി.
കുട്ടികളുടെ ടിഫിൻ തയ്യാറാക്കി.
ഭർത്താവിന്റെ ഷർട്ട് ഇസ്തിരിയിട്ടു.
അമ്മായിയമ്മയുടെ മരുന്നുകൾ മേശപ്പുറത്ത് എടുത്തുവച്ചു.
എല്ലാം പതിവുപോലെ…
പക്ഷേ, മീരയുടെ മാത്രം മനസ്സിന്റെ ഏതോ കോണിൽ ഇന്നലെ കണ്ട പുസ്തകശാല ഇപ്പോഴും തുറന്നുകിടക്കുന്നുണ്ടായിരുന്നു.
“അമ്മേ… എന്റെ പ്രൊജക്ടിനായി ഒരു കഥ വേണം.”
സ്കൂളിലേക്ക് പോകുന്നതിന് മുന്നേ മകൾ അവളുടെ മുന്നിൽ വന്ന് സ്കൂൾ ബാഗ് തോളിൽ ഏറ്റി കൊണ്ട് പറഞ്ഞു.
“ഇന്റർനെറ്റിൽ നോക്കാം മോളേ…”
പതിവ് മറുപടിയാണ് മീര പറഞ്ഞത്.
പക്ഷേ, മകൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അമ്മയല്ലേ കഥകൾ എഴുതിയിരുന്നത്… ടീച്ചർ പറഞ്ഞിട്ടുണ്ട്; ടീച്ചർ അമ്മയുടെ ജൂനിയർ ആയിരുന്നെന്ന്. ഇഷ്ടംപോലെ കഥകളും കവിതകളും എഴുതി അമ്മ ഫസ്റ്റ് വാങ്ങിയിട്ടുണ്ടെന്ന്; ടീച്ചർ അമ്മയുടെ ആരാധിക ആയിരുന്നെന്ന്. അമ്മ ഒന്ന് എഴുതി നോക്ക്”
ആ വാക്കുകൾ കേട്ട് മീര നിശ്ചലയായി.
വർഷങ്ങൾക്കിപ്പുറം…
ആദ്യമായാണ് അവളെ ഒരാൾ “എഴുത്തുകാരി” ആയിരുന്നെന്ന് ഓർമ്മിപ്പിക്കുന്നത്.
“എഴുതാമോ…?”
മകൾ വീണ്ടും ചോദിച്ചു.
“എഴുതാം…”
ആ മറുപടി പറയുമ്പോൾ അവളുടെ ശബ്ദം ചെറുതായി വിറച്ചിരുന്നു.
എല്ലാവരും പോയതിന് ശേഷം അവൾ വെള്ളക്കടലാസുകൾ നാലഞ്ച് എണ്ണം അടുക്കി വച്ച് , ഒരു പേനയുടെ ക്യാപ് ഊരി അവൾ പേന ത്തുമ്പ് കടലാസിൽ മുട്ടിച്ചു.
കൈകളും മനസും വിറയ്ക്കുന്നുണ്ടായിരുന്നു.
ശേഷം.. അവൾ എഴുതി തുടങ്ങി.
വൈകുന്നേരം മകളെ ട്യൂഷനിൽ വിട്ടശേഷം അവൾ വീണ്ടും ആ പുസ്തകശാലയുടെ മുന്നിലെത്തി.
ഇത്തവണ അവൾ പുറത്തുനിന്ന് നോക്കിനിന്നില്ല.
ധൈര്യം സംഭരിച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറി.
പുതിയ പുസ്തകങ്ങളുടെ മണം അവളെ പൊതിഞ്ഞു.
ഓരോ ഷെൽഫിലും വിരലോടിച്ചുകൊണ്ട് അവൾ പതുക്കെ നടന്നു.
“മാഡം… എന്ത് പുസ്തകമാണ് വേണ്ടത്?”
കടയുടമയുടെ ചോദ്യം കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.
“വേണ്ട പുസ്തകം… ഇതുവരെ എഴുതപ്പെട്ടിട്ടില്ല.”
അയാൾ അതിന്റെ അർത്ഥം മനസ്സിലാകാതെ നോക്കി.
പക്ഷേ…
മീരയ്ക്ക് അതിന്റെ അർത്ഥം വ്യക്തമായിരുന്നു.
അവൾ എഴുതാൻ പോകുന്ന പുസ്തകത്തെക്കുറിച്ചാണ് അവൾ പറഞ്ഞത്.
അന്ന് അവൾ ഒരു പുസ്തകവും വാങ്ങിയില്ല.
എന്നാൽ…
വീട്ടിലേക്ക് മടങ്ങുമ്പോൾ അവളുടെ ഉള്ളിൽ ഒരു എഴുത്തുകാരി പതിയെ ഉണരുകയായിരുന്നു.
മാസങ്ങൾക്ക് ശേഷം…
ഒരു ചെറിയ വേദിയിൽ കുറച്ച് മാത്രം ആളുകൾ. മേശപ്പുറത്ത് ഒരു പുസ്തകം.
” മീരയുടെ കഥകൾ ”
കവറിൽ അവളുടെ പേര്.
മീര ആ പുസ്തകം കൈയിൽ എടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
ആദ്യ പേജിൽ അവൾ ഒരു വരി എഴുതി:
“ഒമ്പത് വർഷം നഷ്ടപ്പെട്ടില്ല…
അത് എന്നെ കണ്ടെത്താൻ എടുത്ത സമയം മാത്രമായിരുന്നു.”
അവൾ ചുറ്റും നോക്കി.
അവളുടെ മകൾ അഭിമാനത്തോടെ കൈയടിക്കുന്നു. ഭർത്താവ് ചിരിച്ചു കൊണ്ട് നിൽക്കുന്നു.
അകലെയായി നിന്ന അമ്മയും അച്ഛനും കണ്ണുനിറച്ച് നോക്കുന്നു.
ചില സ്വപ്നങ്ങൾ വൈകിയെത്തും.
പക്ഷേ…
അവ എത്തുമ്പോൾ നമ്മൾ ആരാണെന്ന് നമ്മളെ തന്നെ ഓർമ്മിപ്പിക്കും.അന്ന് പുസ്തകപ്രകാശന വേദിയിൽ നിന്നത് ഒരു എഴുത്തുകാരി മാത്രമായിരുന്നില്ല.
ഒമ്പത് വർഷം നിശ്ശബ്ദമായിരുന്ന… പക്ഷേ ഒരിക്കലും സ്വപ്നങ്ങൾ മരിക്കാത്ത ഒരു സ്ത്രീയായിരുന്നു. അങ്ങനെ അനേകമനേകം പെണ്ണുങ്ങളുടെ പ്രതിബിംബമായിരുന്നു.

