“ഡീ.. ന്തേലും ചില്ലറയുണ്ടാവോ കയ്യില്..?” ചെറുതായി നര കയറിയ കുഞ്ഞു താടിയിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞ് മുന്നിൽ വന്ന് നിന്ന് അവനെന്നോട് ചോദിച്ചപ്പോൾ പതിവ് പോലെ ഞാൻ കൂർത്ത നോട്ടം കൊണ്ട് മറു ചോദ്യം ചോദിച്ചു. ” എത്രാ വേണ്ടേ..?” ” നമ്മുടെ ബജറ്റ് അറിയില്ലേ മോളെ.. 500.. അതിൽ കൂടുതൽ നിന്റെ കയ്യിലും കാണില്ല. ഞാനൊട്ട് ചോദിക്കാറും ഇല്ലല്ലോ?” ക്ഷീണിച്ച ഇരുണ്ട മുഖത്ത് വരണ്ട ചിരി തെളിഞ്ഞു. വിധി ആവോളം തോൽപ്പിക്കാൻ ശ്രമിച്ചിട്ടും തോൽക്കില്ലെന്ന വാശിയോടെ പൊരുതുന്നവന്റെ ആത്മവിശ്വാസത്തിന്റെ നേർത്ത ചിരി. അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അവന്റെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവൻ ഒന്നൂടി വിളറി. ” ഇത്രേം വേണ്ട ടീ.. തിരിച്ചു തരാൻ പറ്റിയെന്ന് വരില്ല.” എളിക്ക് കൈ കുത്തി നിന്ന് അവനെ നോക്കി ഞാൻ പുച്ഛിച്ചു. ” അല്ലെങ്കിൽ തന്നെ നീ എന്നാ എനിക്ക് തിരിച്ചു തന്നിട്ടുള്ളത്. പറ്റ് എഴുതി എഴുതി എന്റെ 200 പേജിന്റെ നോട്ട് ബുക്ക്…
Author: Anju Ranjima
പള്ളിയുടെ പടവുകളിലേക്ക് വെയിൽ ഒരു അഗ്നിസ്തംഭം പോലെ ഇറങ്ങി വന്നു. ജെസബൽ വെയിലിലേക്ക് മുഖം നീട്ടി. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു. അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തു കൊള്ളട്ടെ. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെ തന്നെ കഴിഞ്ഞു കൊള്ളട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ. അസത്യത്തെ സ്നേഹിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്. ആകയാൽ, സൂര്യനെ അണിഞ്ഞു കഴിഞ്ഞ സ്ത്രീ ഇനി ഒരിക്കലും വിലപിക്കുകയില്ല. കബീർ മുഹമ്മദും ജോർജ് മരക്കാരനും ജെറോമും അവിനാശും സന്ദീപും നന്ദഗോപനും ബാലഗോപാലും സെബിനും ഭരിക്കുന്ന ഭൂമിയുടെ നീതി. ആണുങ്ങളുടെ വിചിന്തനത്തിന് മേൽ പ്രാണനും ജീവിതവും കൊണ്ട് കഥകൾ മെനയാൻ ശ്രമിച്ച് സ്വയം തോറ്റു അഴുകിയ പാഴ്മരം പോലെ മണ്ണിൽ അലിഞ്ഞു തുടങ്ങിയിട്ടും നേർത്ത സൂര്യരശ്മികളെ വലിച്ച് പിടിച്ച് ആവാഹിച്ച് കാലുകൾക്ക് ബലം കൊടുത്ത് എഴുന്നേറ്റ് നിന്ന ഒരുവൾ. അവളിനി വീഴരുത്. തട്ടി തടഞ്ഞു, വീണ് മൂക്കിൽ മണ്ണ് പറ്റരുത്. കാലം…
2018 ലെ പ്രളയം നമുക്ക് കാണിച്ചു തന്നത് നന്മയുള്ള കുറേ മനുഷ്യരെ കൂടിയാണ്. അന്ന് എല്ലാം നഷ്ടപ്പെട്ട മനുഷ്യരൊക്കെ സ്വരുക്കൂട്ടി വച്ചതും പ്രിയപ്പെട്ടവരെയും മലവെള്ളപാച്ചിൽ കൊണ്ട് പോകുന്നത് കണ്ട് നെഞ്ച് തകർന്ന് നിന്നത് കണ്മുന്നിൽ നിന്ന് മാഞ്ഞിട്ടില്ല. അവരൊക്കെ ഒരു തരത്തിൽ കരകയറി വരികയാണെന്നേ പറയാൻ പറ്റൂ. ഇപ്പോൾ മുണ്ടക്കൈ നടന്ന ദുരന്തത്തിന് മുന്നിലും അതേ നിസഹായതയോടെയാണ് നിൽക്കുന്നത്. 2019 നവംബർ 19 ന് ഞങ്ങളുടെ വീടിരുന്ന സ്ഥലത്തേക്ക് വെള്ളം ഇരച്ചു കയറി വന്നതും മുറ്റം വെള്ളം കയറിയിട്ടും അത് വലിഞ്ഞു പൊയ്ക്കോളും എന്ന് ചിന്തിച്ച് സിറ്റൗട്ടിലെ നനഞ്ഞ തറയിൽ വെള്ളത്തിലൂടെ പോകുന്ന ഇഴജന്തുക്കളെയും നോക്കി ഇരുന്നത് ഓർമയുണ്ട്. പടികളിൽ കൂടി വെള്ളം മുകളിലോട്ട് കയറിയപ്പോഴാണ് ആപത്താണെന്ന് മനസിലായി കുടുംബവീട്ടിലേക്ക് മാറാൻ വേണ്ടി ശ്രമിക്കുന്നത്. മുറ്റത്തെ വെള്ളത്തിലൂടെ നടക്കുമ്പോൾ നേരെത്തെ കണ്ട ഇഴജന്തുക്കൾ ആയിരുന്നു മനസ്സിൽ. ദൈവത്തെ വിളിച്ച് വഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് നെഞ്ചൊപ്പം വെള്ളമുണ്ടായിരുന്നെന്ന് മനസിലാകുന്നത്. ഉടുത്തിരുന്ന തുണി മാത്രം മിച്ചം…
എന്നെയൊന്ന് ചേർത്ത് പിടിക്കാനാണ് ഞാനാവശ്യപ്പെട്ടത്.. അയാൾ ഉള്ളം കയ്യോട് ചേർത്ത് വച്ചെന്നെ പുതപ്പിച്ചു! നെറുകയിലൊരു മഞ്ഞു കണം പോലൊരു ചുംബനം മാത്രമേ വേണ്ടിയിരുന്നുള്ളൂ.. മേലാസകലം മഞ്ഞുകാലമൊരുക്കി അയാളെന്നിൽ വസന്തമൊരുക്കി! വാടിത്തളർന്ന ചെഞ്ചീര തണ്ടിന് ഇടയ്ക്കിടെ വെള്ളം തളിച്ച് പൊലിമയേകുമ്പോലെ നേരം തെറ്റും നേരങ്ങളിൽ അവസ്ഥാന്തരങ്ങൾ പലവിധം ചിത്രങ്ങൾ വരയ്ക്കുന്ന എന്റെ ചിന്തകളെ പ്രേമം കൊണ്ട് ആഞ്ഞു പുൽകി അയാളെന്നിൽ പച്ച നിറച്ചു. അയാൾക്കെന്നോട് പ്രേമമായിരുന്നത്രേ! ചെന്നിറങ്ങളിൽ പൂക്കൾ വിരിക്കുന്ന കിടക്ക വിരിയിലെ ചുളിവ് നിവർത്താതെ അലങ്കോലമായി തിരിയുമ്പോൾ ആവി പറക്കുന്ന ചായക്കപ്പിനുമപ്പുറം ഞാനയാളെ കണി കണ്ടിരുന്നു! ആ വിരലുകൾ കൊണ്ട് കുത്തി വലിക്കുന്ന വേദനയുള്ള വയറുഭാഗങ്ങളിൽ അമർത്തി തടവി തല പിളരും പോലെ തോന്നുന്ന വേദനയിൽ നിശബ്ദമായി തഴുകി തലോടി അയാളെന്റെ ദിനങ്ങൾക്ക് കൂട്ടിരുന്നു! അപ്പോഴും അയാൾക്കെന്നോട് പ്രണയമായിരുന്നെന്ന്! കറുപ്പും വെളുപ്പും നിറഞ്ഞ പകൽ – രാത്രികളെ പിങ്കും പീച്ചും മഞ്ഞയും നീലയും നിറഞ്ഞ വിവിധ ഇളം ഷേഡുകളിൽ ക്യാൻവാസിൽ വർണങ്ങൾ…
പ്രായമേറുകയാണ്..! പ്രതീക്ഷകൾ വേരറ്റ് പോകുന്നു! എടുക്കാത്ത ഓരോ ഫോൺവിളികൾക്കുമപ്പുറം ആപത്ചിന്തകൾ ഉള്ളിൽ നിഴലിക്കുന്നു! മഴയ്ക്കിപ്പോ കുളിരല്ല! വിറയലും ജലദോഷവും.. ചൂട് കാപ്പി കുടിക്കാനല്ലപ്പോൾ തോന്നാ പുതച്ച് മൂടി ഉറങ്ങാനാണിഷ്ടം! തണുപ്പ് ബാധിച്ച സിരകളിൽ വാതത്തിന്റെ കയ്യൊപ്പുകൾ! ചെറു ചൂടിൽ പോലും ദേഹം തളരുന്നു! ദുർമേദസ്സ് ബാധിച്ച ശരീരം ഇഷ്ടത്തിനൊത്ത് വഴങ്ങുന്നില്ല! ഉപ്പൂറ്റി മുതൽ നെറുക വരെ പ്രണയത്തിന്റെ ജ്വരാഗ്നി ബാധിച്ചവൾക്ക് ഇന്ന് അതേ ഇടങ്ങളിൽ, സന്ധികളിൽ, പേശികളിൽ.. ത്വക്കിലും മാംസത്തിലും കൂരമ്പുകൾ തുളഞ്ഞിറങ്ങുമ്പോലെ വേദന! ഓർമകളെ മറവി കൊണ്ട് പോകുന്നു. എത്തിയേടത്ത് നിന്നും നിന്നിടത്ത് ഏങ്ങി വലിഞ്ഞും വലിയുന്നിടത്ത് നിദ്ര പ്രാപിച്ചും ഓരോരോ ഓർമകൾ പകുതിക്ക് വച്ച് പടിയിറങ്ങി പോകുന്നുണ്ട്! ശബ്ദങ്ങൾ അസഹനീയമെന്ന് കേൾവി അലറി കരയുമ്പോൾ ഒച്ചയുയർത്തി സംസാരിക്കാൻ തൊണ്ട പ്രലോഭിപ്പിക്കുന്നു! കവിതകളിലിപ്പോ പഴയ ഇമ്പവും കമ്പവുമില്ല! നിറങ്ങളെ സ്നേഹിക്കുമ്പോഴും അക്ഷരങ്ങൾ കണ്മുന്നിൽ വ്യക്തമല്ലാതെ തെളിയുന്നു! കണ്ണട തുരുത്തിലേക്ക് കണ്ണുകളുടെ തെളിച്ചം മറയുന്നു! കാലുകൾ തെറ്റി വീണ് പാഠങ്ങൾ പഠിക്കുമ്പോൾ…
രാവിലെ മുതൽ ആരതി എന്തൊക്കെയോ പെറുക്കി കൂട്ടി ഒതുക്കി വയ്ക്കുന്നുണ്ട്. കുഞ്ഞന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഉപയോഗിക്കാത്ത നിറക്കൂട്ടുകളുമൊക്കെ. എന്തിനെന്ന് ചോദിച്ചിട്ട് അവളൊട്ട് മിണ്ടുന്നുമില്ല. സഹികെട്ട് അവളുടെ കൈ പിടിച്ചു വലിച്ചു തന്റെ മുഖത്തിനുനേരെ അവളെ നിർത്തി അരവിന്ദ് ചോദിച്ചു. “എന്താ ആരതി? നീ കുഞ്ഞന്റെ സാധനങ്ങളൊക്കെ എവിടെ കൊണ്ട് കളയാൻ പോവ്വാ..?” ആരതി അവനെ നോക്കി നിശ്ചലമായി നിന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ അവളുടെ മിഴികൾ തുളുമ്പി നിന്നു. അവളുടെ മാനസികാവസ്ഥയെ പറ്റി ബോധമുണ്ടായിരുന്ന അരവിന്ദ് ശബ്ദം മയപ്പെടുത്തി അവളുടെ ചുമലിൽ കൈ വച്ചു. “എന്താടാ… ആരൊക്കെ പോയാലും നിനക്ക് ഞാനില്ലേ? ഇത്രേം നാളും നമ്മൾ അങ്ങനല്ലേ ജീവിച്ചത്? പാതി വഴിയിൽ കേറി വന്നോരൊക്കെ പാതി വഴിയിൽ തന്നെ ഇറങ്ങി പോയെന്ന് കരുതിയാൽ മതി.” ആ വാക്കുകൾ തനിക്ക് കൂടി ആശ്വസിക്കാനാണെന്ന് അരവിന്ദ് ഓർത്തു. ആരതി ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് അവനെ ഇറുകെ ചുറ്റിപ്പിടിച്ച്…
‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..മനസ്സിലൊരു..’ സൈക്കിളിൽ ബെല്ലടിച്ചോണ്ട് വരുന്നുണ്ട് തൊട്ടപ്പുറത്തെ വീട്ടിലെ ശാരദാമ്മയുടെ മോൻ അപ്പുവേട്ടൻ. അല്ലേലും അങ്ങേർക്കുള്ളതാ എന്നെ കാണുമ്പോ ഒരു പാട്ടും ആക്കിയൊരു നോട്ടവും. ഇന്നാണെങ്കിൽ ഞാനൊരു മഞ്ഞ നിറത്തിലുള്ള ചുരിദാർ ആണ് ഇട്ടേക്കുന്നത്. അതിന്റെ പാട്ടാണ് ആ കേട്ടത്. ഇടുന്ന ഡ്രെസ്സിന്റെ നിറത്തിനനുസരിച്ചും നിൽക്കുന്ന ചുറ്റുപാട് അനുസരിച്ചും പാട്ടുകൾ പാടാനും പുതിയത് ഉണ്ടാക്കി പാടാനും ഒരു കഴിവ് തന്നെയാണ് അപ്പുവേട്ടന്. പക്ഷേ അങ്ങേരെ കാണുമ്പോ വല്ലാതെ ദേഷ്യം തോന്നും.എന്താണെന്നറിയില്ല. ആ ദേഷ്യം ശാരദാമ്മയോടും ശങ്കരൻ അച്ഛനോടും തോന്നാറില്ല എന്നത് മറ്റൊരു സത്യം. സ്നേഹിച്ച പെണ്ണിനേയും കൂട്ടി രായ്ക്കുരാമാനം നാട് വിടുമ്പോൾ അച്ഛന് ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല. ഈ നാട്ടിൽ എത്തി ശങ്കരനച്ഛന്റെ മുന്നിലെത്തും വരെ എങ്ങനെ ജീവിക്കുമെന്നോ എങ്ങനെ മുന്നോട്ട് പോകുമെന്നോ അച്ഛന് അറിയില്ലാരുന്നത്രേ. ഗർഭിണിയായിരുന്ന ശാരദാമ്മ നിറഞ്ഞ മനസ്സോടെയാണ് അമ്മയെ വീട്ടിലേക്ക് വിളിച്ചു കയറ്റിയത്.കഠിനധ്വാനി യായിരുന്ന അച്ഛൻ നിരന്തര പരിശ്രമത്തിനൊടുവിൽ ഒരു കുഞ്ഞ് വീടും അതിനോട് ചേർന്ന് കിടക്കുന്ന…
സ്നേഹിക്കപ്പെടുന്നു എന്ന തോന്നലിൽ പോലും സ്വയം കുരുതി കൊടുക്കുന്ന സ്ത്രീകളുണ്ട്. ആയിരം അവഗണനകൾക്കിടയിൽ കിട്ടുന്ന ഒരൊറ്റ കരുതലിന് വേണ്ടി വെറുതെ കാതോർത്ത് ഇരിക്കുന്നവർ! എല്ലിൻകഷ്ണം പോലെ ചെറിയ ചെറിയ സ്നേഹത്തുണ്ടുകൾ ഇട്ട് കൊടുത്ത് അവരെ വിലയ്ക്ക് വാങ്ങി, ഏതെങ്കിലും ഒരു സമയത്ത് നേരംപോക്കുകൾ എല്ലാമവസാനിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ഈ പരിഗണന നിന്ന് പോകും! അപ്പോഴാണ് ശരിക്കും ഒരുവൾ അനാഥയാകുന്നത്. അത്രയും നാൾ കൂടെ നടന്നിരുന്ന ഒരാൾ കൂടെ ഇല്ലാതെയാകുമ്പോൾ ആ പെണ്ണ് ഇല്ലാതെയാകും… പതിയെ അവൾ ഒരു ശവകുടീരമായി മാറും. ചിന്തകളും അവളുടെ സ്വപ്നങ്ങളും ചിതയിലെരിഞ്ഞ ഒരു പാഴ്ശ്മശാനം!
മൗനം ഒരു മൂർച്ചയില്ലാത്ത കത്തി പോലെയാണ്.. കൊള്ളും.. പക്ഷെ മുറിവേൽക്കില്ല.. വാക്കുകൾ കൊണ്ട് കീറി മുറിക്കുന്നതിനേക്കാൾ, നിലവിളിച്ച് സ്വയം നന്നാകുന്നതിനേക്കാൾ നല്ലതാണ് മൗനം ആലോചിക്കാൻ ടൈം കിട്ടും രണ്ട് വശത്ത് ഉള്ളവർക്കും! എന്നിട്ടും തേടി വരാത്ത ബന്ധങ്ങൾ ഉണ്ടെങ്കിൽ അതിന് വലിയ വിലയൊന്നും കൊടുക്കണ്ട നിശബ്ദത ഏറ്റവും കടുപ്പമേറിയ ആയുധമാണ്!
എനിക്കൊരു മഴയാവണം… വിയർത്ത് കുളിച്ച് അവൻ വരുമ്പോൾ, കുളിരണിഞ്ഞ് വിയർപ്പാറ്റാൻ…. എനിക്കൊരു കാറ്റാവണം… വെയിലേറ്റ് പൊള്ളിയ കരുവാളിപ്പിൻ മേൽ തണൽ പോലെ ആഞ്ഞ് വീശാൻ…. പൂന്തോട്ടമാകണം… ഇടയ്ക്കൊന്ന് മഴച്ചാറ്റലേറ്റ് മയങ്ങി കിടക്കുവാൻ… ഇനിയൊരു നക്ഷത്രമാവണം… എങ്ങോട്ടെന്നറിയാതെ ഇരുളിൽ നീ നിൽക്കുമ്പോൾ കൈവിരൽ തുമ്പിൽ പിടിച്ച് വെളിച്ചമായ് മാറുവാൻ… കല്ലുകൾ പാകിയ ഇടവരമ്പിൽ തട്ടി കാലുകൾ നോവാതെയിരിക്കൻ നീ പോകും വഴിയെല്ലാം പടരുന്ന പുൽനാമ്പുകളാവണം… മറ്റൊരു ജന്മമുണ്ടെങ്കിൽ എനിക്ക് അവനാവണം… അവനെ ഞാനെങ്ങനെ സ്നേഹിച്ചെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം… 😊